മുഹമ്മദ് അബ്ബാസിന്റെ നോവല്‍ അബുവിന്റെ ജാലകങ്ങള്‍ എം ശ്രീബയുടെ വായനയില്‍...
യാതൊരു തെറ്റും ചെയ്യാതെ പൊതിരെ അടിവാങ്ങിയ കുട്ടിയുടെ കണ്ണുനീരോടെ, ഒരിക്കലും ആറ്റിത്തണുപ്പിക്കാനാകാത്ത വേദനയോടെ അബു മുന്‍പില്‍ നില്‍ക്കുന്നു. ആഞ്ഞുപെയ്യുന്ന കരച്ചിലോളമെത്തിയിട്ടും തൊണ്ടക്കുഴിയില്‍ ഒതുങ്ങിനിന്ന അവന്റെ ആകുലതകള്‍ ആരുടെ ഉള്ളിലാണ് വേദനകള്‍ പോറിയിടാത്തത്.
അബ്ബാസിന്റെ അബു ആര്‍ക്കും പരിചിതനായ കുട്ടിയാണ്. ചിലപ്പോള്‍ സ്‌കൂളിന്റെ, വീടിനടുത്ത്, ചിലപ്പോള്‍ നമ്മിലൊക്കെതന്നെ പരുങ്ങിനില്‍ക്കുന്ന ഒരു കുട്ടി; ഇല്ലായ്മകള്‍ക്ക് തീറെഴുതിക്കൊടുത്ത ഒരു ആണ്‍കുട്ടി.
മുഹമ്മദ് അബ്ബാസിന്റെ എഴുത്തിലുടനീളം മനുഷ്യവേദന അലഞ്ഞുനടക്കുന്നതായി കാണാം. അബുവിന്റെ ജാലകങ്ങള്‍ എന്ന നോവലില്‍ അബു എന്ന പേരിലാണ് ആ ദുഃഖം അലയുന്നത്. അബു എന്നാല്‍ അറബിയില്‍ പിതാവ് എന്നൊരര്‍ത്ഥമുണ്ട്. പിതാവിനാല്‍ വേദനിക്കപ്പെട്ട, സ്വന്തം മകനിലേക്ക് അതേ വ്യാകുലത പകരേണ്ടി വന്ന ഒരുവന് അബു എന്ന പേരോളം അഭികാമ്യമെന്താണ്...
'അമ്മയില്ലാത്തവര്‍ക്കേത് വീട്?
ഇല്ല വീട്, എങ്ങെങ്ങുമേ വീട്...'
(ഡി. വിനയചന്ദ്രന്‍)
അബുവിന്റെ ജാലകങ്ങള്‍ എന്ന നോവലിലെ അബുവിന് അവന്റെ ഉമ്മയെ നഷ്ടപ്പട്ടുകഴിഞ്ഞിരുന്നു. വീടു മാത്രമല്ല, ലോകം പോലും അവനോട് നിരന്തരമായ അപരിചിതത്വഭാവം അനുവര്‍ത്തിച്ചു. ഉമ്മയുടെ കല്യാണം കൂടേണ്ടിവന്നവന്‍ എന്ന ആക്ഷേപത്തിന്റെ വടു അവന്റെ ബാല്യത്തെ പൊള്ളിച്ചുകളഞ്ഞിട്ടുണ്ട്. 'കറിവേപ്പില മണമുള്ള ഉമ്മ' എന്ന വിശേഷണത്തിലുണ്ട്, ആരുടെ ജീവിതത്തില്‍നിന്നും എളുപ്പത്തില്‍ എടുത്തുകളയാവുന്ന ഒന്നായിരുന്നു അവര്‍ എന്ന പൊരുള്‍. 'ഉമ്മയില്ലായ്മ' എന്ന വാക്കിലാണ് അബ്ബാസ് അബുവിനെ കുടിയിരുത്തുന്നത്. 'ഉമ്മയില്ലായ്മ' അത് ഒരു ജീവിതാവസ്ഥയാണ്; സ്നേഹമില്ലായ്മപോല്‍, ജീവനില്ലായ്മപോല്‍ എന്തോ ഒന്ന്.
'An absent father is better than toxic one' എന്ന് പറയാറുണ്ട്. അബുവിന്റെ കാര്യത്തില്‍ ഇത് രണ്ടും സംഭവിക്കുന്നുണ്ട്. ഉമ്മയെ നിരന്തരമായി ഉപദ്രവിക്കുന്ന പിതാവ്, ഏതൊരു കുഞ്ഞിനെയും തള്ളിയിടുന്നത് ഭീകരമായ അരക്ഷിതാവസ്ഥയിലേക്ക് ആയിരിക്കും. absent father നല്‍കുന്ന സുരക്ഷയില്ലായ്മയും toxic father നല്‍കുന്ന വ്യഥകളും അവന്റെ ബാല്യത്തെ ബാല്യം പോലുമല്ലാതാക്കി. സ്നേഹം അവനെ കൂടുതല്‍ പൊള്ളിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ഉമ്മ അവരുടെ കല്ല്യാണസമയത്ത് അവനേകിയ ചുംബനത്തില്‍ അവന്റെ ജീവിതകാലമത്രയും വെന്തുപോകുന്നത്.
ബാല്യകാലം കൊണ്ടാണ് പലപ്പോഴും ജീവിതം നിര്‍ണ്ണയിക്കപ്പെടാറുള്ളത്. അബുവിന്റെ ലൈംഗികതയും അവന്റെ പ്രണയവുമെല്ലാം ബാല്യത്തിന്റെ അതേ സ്വസ്ഥതക്കേടില്‍ വിമ്മിഷ്ടപ്പെടുന്നുണ്ട്.
ഉമ്മയും ആബിദയും മിന്‍ഹയുമെല്ലാം ഏകിയ ചുംബനങ്ങളില്‍ അയാള്‍ നീറിപ്പുകഞ്ഞിട്ടുണ്ടല്ലോ. പ്രണയത്തെയോ, കാമത്തെയും- അല്ലെങ്കില്‍ വേര്‍തിരിച്ച് കാണാനാകാത്ത, ഇവരണ്ടും കലര്‍ന്ന വികാരത്തേയോ അത്രമേല്‍ സുന്ദരമാക്കാന്‍ അയാളിലെ മുറിവേറ്റ കാലം അനുവദിച്ചിരിക്കില്ല.
'ഉമ്മ ചുംബിക്കുമ്പോള്‍ സന്തോഷിച്ചിരുന്ന ആ പഴയ കുട്ടി അബുവിന്റെ ഉള്ളിലിരുന്ന് വിതുമ്പി.' ആ പഴയ കുട്ടിയില്‍നിന്നും അയാള്‍ക്ക് മോചനം ലഭിക്കുന്നില്ല.
'മിന്‍ഹയെന്ന കടല്‍ വിശ്രമിച്ചു;' എഴുത്തിന്റെ രീതിയില്‍, വാക്ക് തിരഞ്ഞെടുക്കുന്ന വിദ്യയില്‍ അബ്ബാസ് എന്ന എഴുത്തുകാരന്റെ വൈദഗ്ധ്യം ഈ നോവലില്‍ എടുത്തുനില്‍ക്കുന്നുണ്ട്.
അബുവിന്റെ കഥ ഒരിക്കലും തീരാത്ത കഥയാണ്. 'ഉമ്മയില്ലായ്മയിലേക്ക് അയാളുടെ മകനും വീണുപോകുന്നുണ്ട്. തലമുറകളിലേക്ക് അനാഥത്വം കൈനീട്ടുന്ന വിധത്തില്‍ ജീവിതം മാറിമറിയുകയാണ് നോവലില്‍. നോവിന്റേയും ഇടര്‍ച്ചയുടേയും ജീവിതനിമിഷങ്ങള്‍ മാത്രം അയവിറക്കാനുള്ള, അരക്ഷിതാവസ്ഥകൊണ്ട് അലച്ചിലില്‍നിന്നും മോചനം കിട്ടാത്ത മനുഷ്യര്‍.
മനുഷ്യാവസ്ഥയുടെ ഏറ്റവും പരിതാപകരമായ സമയത്താണ് ആളുകള്‍ ഒറ്റപ്പെടുന്നത്. പിന്നീട് ആ ഒറ്റപ്പെടലിനൊപ്പം വളരേണ്ടിവന്ന ഒരു മനുഷ്യനെയാണ് അബുവിന്റെ ജാലകങ്ങളിലൂടെ കാണുന്നത്; ആത്മാവിന്റെ ഉടഞ്ഞ ജാലകത്തിലൂടെ അവന്റെ മുഖം വായനക്കാര്‍ കാണുന്നു.
Content Highlights: sreeba m reviews muhammed abbas novel abuvinte jalakam mathrubhumi books
Published: 10 Oct 2024, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented