ഷൗക്കത്ത് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്'. കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും ശരിയായ രീതിയില്‍ പരിപാലിക്കുവാന്‍ മാതാപിതാക്കളെ സജ്ജരാക്കുന്ന പ്രായോഗികരീതികള്‍ വിശദമാക്കുന്ന ഈ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം...

To advertise here,

'The soul is healed by being with children.'- Fyodor Dostoyevsky 

ഏതൊരു വേദനയേയും ആറ്റിത്തണുപ്പിക്കത്തക്ക ശേഷിയുള്ള ദിവ്യമായ ഔഷധമാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി. മുന്‍വിധികളില്ലാതെ മനുഷ്യാത്മാക്കളെ സ്വീകരിക്കുന്ന, നിഷ്‌കളങ്കതയോടെ അവരെ കേട്ടിരിക്കുന്ന കുഞ്ഞുങ്ങളിലാണ് ലോകത്തിലെ ഏറ്റവും വലിയ ആനന്ദം കുടികൊളളുന്നത്. എന്നാല്‍, നാം ചിന്തിക്കുന്നതിനെക്കാളും വിലയിരുത്തുന്നതിനെക്കാളും അപ്പുറമാണ് ഓരോ കുഞ്ഞും തന്റെ ഉള്ളില്‍ സൃഷ്ടിക്കുന്ന പ്രപഞ്ചം, അപാരമായ സാധ്യതകളും വൈവിധ്യങ്ങളുമുള്ള പ്രപഞ്ചങ്ങളാണ് ഓരോ കുഞ്ഞും എന്ന് പറയുന്നതാകാം കൂടുതല്‍ ശരി. അവരുടെ ആ ലോകത്തിലേക്ക് വെളിച്ചം വീശുകയാണ് ഷൗക്കത്ത് എഴുതിയ 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്' എന്ന പുസ്തകം.

കുട്ടികളിലേക്ക് കയറിച്ചെല്ലുകയെന്നാല്‍ ചെറിയ കാര്യമല്ല. അവരോളം വലുതാകാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കുഞ്ഞുങ്ങളോളം വളരാന്‍ സാധിക്കുന്നില്ല. ചില മുന്‍ധാരണകളുടെ പരുക്കന്‍ കുപ്പായങ്ങള്‍ അഴിച്ചുവെക്കാതെ അത് സാധ്യമല്ല. പക്വത ഒട്ടും കൈവിടാതെ, ഒരു കുഞ്ഞ് മറ്റൊരു കുഞ്ഞിനെ നോക്കിക്കാണുന്ന അത്രയും മനോഹരമായ സൗഹൃദഭാവത്തോടെ നാം കുട്ടികളെ കാണേണ്ടതുണ്ട്.

കുട്ടികള്‍, കുട്ടികളെക്കാള്‍ വ്യക്തികളാണ് എന്ന തിരിച്ചറിവാണ് ഈ പുസ്തകം പങ്കുവെയ്ക്കുന്നത്. പുതിയ കാലത്ത് ഇടം എന്ന വാക്കിനെ കുറിച്ച് നാം നിരന്തരം വാചാലരാകാറുണ്ട്. എന്നാല്‍ കുട്ടികളുടെ ഇടം എന്നതിനെ കുറിച്ച് നമ്മുടെ ധാരണ വളരെക്കുറവാണ്. അവരുടെ വ്യക്തിത്വം അങ്ങനെ നിസ്സാരവത്ക്കരിക്കേണ്ട ഒന്നല്ല. അത് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും നമ്മള്‍ തയ്യാറാവണമെന്നാണ് ഷൗക്കത്ത് പറഞ്ഞുവെക്കുന്നത്.

placeholder
.
പുസ്തകത്തിന്റെ കവര്‍ പേജ്‌

പുതിയകാലത്തെ പാരന്റിങ് പാഠങ്ങള്‍ വ്യത്യസ്തമാണ്. അതിനെ ഒരു കലയായി കാണാന്‍, മനസ്സിലാക്കാന്‍ ഷൗക്കത്തിന്റെ വാക്കുകളിലൂടെ കഴിയും. ഒരു കുട്ടി പത്താംക്ലാസ്സിനോട് അടുക്കുമ്പോഴാണ് നമ്മളില്‍ പലരും ആധിയും ശ്രദ്ധയും കാണിക്കുന്നത്. ഇത് വലിയൊരു വിരോധാഭാസമായിട്ടാണ് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നത്. ഒരു വിത്തിനെ ഭൂമിയുടെ അടരുകള്‍ എത്ര മനോഹരമായി സ്വീകരിക്കുന്നുവോ അതേപോലെ, മുന്‍വിധിയില്ലാതെ കുട്ടികളെ നാം സ്വീകരിക്കേണ്ടതുണ്ട്. അവരായി വളരാന്‍, അവരെ ശ്രദ്ധിച്ചു പരിപാലിക്കേണ്ടതുണ്ട്.

ജനിച്ചുകഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് വ്യക്തിത്വമുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് പരിചയമില്ലാത്തവര്‍ തൊടുമ്പോള്‍ അവര്‍ ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നത് എന്ന തരത്തിലുള്ള ഒരു ജൈവികമാറ്റത്തെ കുറിച്ച് പുസ്തകം സംസാരിക്കുന്നുണ്ട്. ഇത്തരം ജൈവികവും മാനസികവുമായ പരിണാമങ്ങള്‍ പലപ്പോഴും നമ്മുടെ ബോധ്യത്തിന് പുറത്താണ്. കുട്ടികളുടെ വ്യക്തിത്വവികാസങ്ങളെ കുറിച്ചുള്ള ഇത്തരം സൂക്ഷ്മമായ ധാരണകള്‍ ഷൗക്കത്ത് പുസ്തകത്തിലുടനീളം പങ്കുവെയ്ക്കുന്നുണ്ട്.

നമ്മള്‍ കുട്ടികളോട് നമ്മളെ പോലെ വളരാന്‍ ആവശ്യപ്പെടുന്നതിന് പകരം, ഒരു ചെടിയെ സംരക്ഷിക്കുന്ന ശ്രദ്ധയോടെ അവരെ അവരായി വളരാന്‍ നാം അനുവദിക്കണം എന്ന ദര്‍ശനത്തിലാണ് ഈ പുസ്തകം ഊന്നിനില്‍ക്കുന്നത്. 

പാരന്റിങിനെ പറ്റി പറയുമ്പോള്‍ ഉപയോഗിക്കപ്പെടുന്ന മനഃശാസ്ത്രത്തിന്റെ ഭാഷയില്‍ നിന്നും ഷൗക്കത്തിന്റെ പുസ്തകം വേറിട്ടുനില്‍ക്കുന്നു. അദ്ദേഹം ശ്രവിച്ച, അദ്ദേഹത്തെ ശ്രവിച്ച നിരവധി മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും ജീവിതകഥകളിലൂടെ പുസ്തകത്തിന്റെ ആഖ്യാനത്തെ ധന്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഖലീല്‍ ജിബ്രാനും യതിയുമെല്ലാം പറഞ്ഞ ജീവിതത്തിന്റെ മനോഹര ദര്‍ശനങ്ങളിലൂടെയാണ് ഷൗക്കത്ത് സംസാരിക്കുന്നത്.

മണ്ണും വിണ്ണും ഇലയും പൂക്കളുമെല്ലാം ഒരു കുഞ്ഞിനെ സ്വാധീനിക്കും എന്ന ജീവിതധ്യതയുടെ പാഠങ്ങള്‍ ഷൗക്കത്ത് പകരുന്നു. ആറ്റിക്കുറുക്കിയ വാക്കുകളിലൂടെ ജീവിതത്തിന്റെ സൗകുമാര്യത കവിഞ്ഞൊഴുകുന്ന രീതിയിലുള്ള ആഖ്യാനകല ഈ പുസ്തകത്തിനെ ഏറെ മനോഹരമാക്കുന്നു.

ഒരു ഹൃദ്യമായ കവിതപോലെ വായിക്കാവുന്ന 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്' എന്ന പുസ്തകം പുതിയ കാലത്തിന്റെ തന്നെ ആവശ്യകതയാണ്. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുഞ്ഞുങ്ങളുടെ നിറമുള്ള ലോകത്തിലേക്ക് പ്രവേശിക്കാന്‍ ഈ പുസ്തകം വഴിതുറക്കുന്നുണ്ട്.