അമ്മുഗുണ്ടർട്ടിന്റെ നിഘണ്ടു എന്നു പേരിട്ടു വിളിച്ചിരുന്ന ഒരു കുഞ്ഞ് എഴുത്തു പുസ്തകമുണ്ടായിരുന്നു അവൾക്ക്. പൊട്ടിച്ചിരിപ്പിക്കുന്ന, കൗതുകമേറ്റുന്ന, അലിഞ്ഞു പോകുന്ന, മധുരിപ്പിക്കുന്ന, പതുപതുപ്പുള്ള അനേകം വാക്കുകൾ നിറച്ച പുസ്തകം. ഷാഹിന ഇ.കെ.യുടെ യക്ഷിരാത്രി എന്ന കഥയിലെ മകളുടേതാണ് ആ പുസ്തകം. ആ പുസ്തകത്തിലുണ്ടായിരുന്ന ഒരു വാക്ക് ആയിരിക്കണം യക്ഷിരാത്രി. സ്വന്തമായ വാക്കുകളുടെ സൃഷ്ടിയും കൂട്ടിക്കെട്ടലും കുഞ്ഞിലേ ആ മകളുടെ സ്വഭാവമായിരുന്നു. പിന്നീടെപ്പോഴോ അമ്മു ഗുണ്ടർട്ടിന്റെ ആ നിഘണ്ടു ഏതേതോ മറവികളിൽ വീണൊതുങ്ങി. വാക്കുകളും വാക്കുകളുടെ കൂട്ടിക്കെട്ടലുകളും ജീവിതത്തിന്റെ സർഗാത്മകതയാണ്. ആ സർഗാത്മകത എവിടെയോ വീണു പോകുന്നതിന്റെ നൊമ്പരം ആ മകളും അമ്മയും തിരിച്ചറിയുന്നു. ഒരു തരത്തിൽ പറഞ്ഞാൽ വാക്കുപണികളുടെ ആ സർഗാത്മകത അപരിമേയമായ സ്വതന്ത്രജീവിതമാണ്. ആ വാക്കുകെട്ടൽ ജീവിതവഴിയിൽ വീണുപോകുന്നതിനു കാരണം സ്വതന്ത്രജീവിതത്തിന്റെ മരണമാണ്. പക്ഷേ, ആ മരണം ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തുവാൻ പോന്നതല്ല.
പിറന്നുവീണ കുഞ്ഞിനെ പരിചരിക്കാൻ മകളോടൊപ്പം വന്ന് വെളിച്ചമണയാറില്ലാത്ത ആ നഗരത്തിൽ താമസിക്കുകയാണ് അമ്മ. ഇപ്പോൾ അമ്മയായ ആ മകൾ മാതൃവാത്സല്യത്തിന്റെ ഇനിമ നുകർന്ന് തന്റെ അമ്മയോടൊപ്പം ഇരിക്കുകയാണ്. മുമ്പ്, നാട്ടിൽ തങ്ങൾ പങ്കുവെച്ച ഒരു പെണ്ണിറക്കത്തിന്റെ മധുരമാർന്ന ഓർമകൾ അവൾ അമ്മയോടു പങ്കുവെക്കുന്നു. അന്ന്, ആ മകൾ പ്ലസ് ടുവിൽ പഠിക്കുന്നു. അമ്മ ഗേൾസ് സ്കൂളിൽ പഠിപ്പിക്കുന്നു. പാലപ്പൂ മണത്ത ഒരു പാതിരാവിൽ അമ്മയും മകളും പാതിരാവിൽ പമ്മിയിറങ്ങി പാലമരച്ചോട്ടിലേക്കു സ്കൂട്ടറിൽ തിരിച്ചു. പാലമരച്ചോട്ടിൽ ലോലമായൊരു ചിലമ്പൊച്ചയുടെ കിലുക്കം കേട്ട് ഇരുവരും സ്കൂട്ടറിൽ തിരികെ പാഞ്ഞ് പിറ്റേന്ന് പനിപിടിച്ചു കിടന്നു പോയി. അച്ഛനറിയാത്ത ആ പെണ്ണിറക്കങ്ങളുടെ മധുരമാണ് യക്ഷിരാത്രി.
ആരെയുമറിയിക്കാതെ താലോലിക്കുന്ന ഊറ്റമാർന്ന ആ താൻപോരിമയുടെ പാതിരാ സഞ്ചാരങ്ങൾ മാറ്റി വെച്ച് അമ്മയും അമ്മുവും ഇപ്പോൾ തിരിഞ്ഞോടുകയാണ്. സാധാരണ ജീവിതത്തിലേക്ക്, ജീവിതത്തിന്റെ സാധാരണത്വങ്ങളിലേക്ക്... വിജിഗീഷുവായ പാരതന്ത്ര്യങ്ങളെ വാത്സല്യത്തോടെ കിടത്തിയുറക്കുകയാണ് ആ അമ്മയും മകളും. തങ്ങളുടെ മുലപ്പാലുണ്ടുറങ്ങുന്ന കുഞ്ഞിനു ചാരെ ഇരുന്ന് അവനു വേണ്ടി അവർ വരിച്ച പാരതന്ത്ര്യങ്ങളെക്കുറിച്ച് ഓർക്കുകയാണവർ. മാതൃത്വത്തിന്റെ, മനുഷ്യജീവിതത്തിന്റെ പുതിയൊരു വിവരണമായി, സാന്ദ്രമായ ഒരു ജീവിത സമീപനം അവതരിപ്പിക്കുന്ന ഗരിമയാർന്നൊരു കഥയായി, ഉജ്വലമായ ഒരു സ്നേഹാനുഭവമായി നിൽക്കുന്നു യക്ഷിരാത്രി. മിക്കപ്പോളും ലളിതമായ ആഖ്യാനങ്ങളാണ് ഷാഹിന ഇ.കെ.യുടെ കഥകൾ. എന്നാൽ ആ ലാളിത്യത്തിനുള്ളിൽ സാന്ദ്രമായൊരു ജീവിതക്കാഴ്ച തിടംവെച്ചു നിൽക്കുന്നുണ്ടാവും.
പുതിയ മലയാള കഥയെക്കുറിച്ചുള്ള ഒരു സൈദ്ധാന്തിക ചിന്തയിൽ ഡോ.കെ.എസ്. രവികുമാർ (കഥയും ഭാവുകത്വ പരിണാവും -123) അവതരിപ്പിച്ചിട്ടുള്ള നിരീക്ഷണം ഇങ്ങനെയാണ് - ആനുകാലികമായ പ്രമേയ വ്യതിയാനങ്ങളും വൈചിത്ര്യങ്ങളും സംഭവിക്കുമ്പോളും അന്തർഘടനയിൽ ചെറുകഥ ഏതെങ്കിലും ഒരനുഭവത്തെ സാന്ദ്രീകരിക്കുകയും നവമായ ഉൾക്കാഴ്ച കൊണ്ട് ജീവിതസത്യത്തെ സ്ഫുടീകരിക്കുകയും ചെയ്യുന്നു. ബാഹ്യതലത്തിൽ വിച്ഛിന്നവും സങ്കീർണവുമായ ജീവിത ചിത്രമായി ചെറുകഥ മാറുമ്പോളും അന്തർഘടനയിൽ പരോക്ഷമായി അതിനൊരു കേന്ദ്രീകരണമുണ്ടാകാതെ വയ്യ. മികവുറ്റ കഥയെക്കുറിച്ച് ഡോ.കെ.എസ്. രവികുമാർ അവതരിപ്പിക്കുന്ന സൈദ്ധാന്തിക നിരീക്ഷണത്തിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ഷാഹിനയുടെ യക്ഷിരാത്രി.
ഈ കഥ ഉൾപ്പെടെ ഒൻപതു ചെറുകഥകളുണ്ട് ഷാഹിന ഇ.കെ.യുടെ പുസ്തകങ്ങളുടെ വീട് എന്ന സമാഹാരത്തിൽ. സമകാല ജീവിതത്തിന്റെ സൂക്ഷ്മമായ ഇലയിടുക്കുകളിൽ നിന്ന് വർണശലഭത്തെപ്പോലെ മെല്ലെ പാറിയുയരുന്ന ആഖ്യാനം. ചില നീണ്ട കഥകളിലൊഴികെ മിക്കപ്പോളും നേരേവാ നേരേ പോ മട്ടിലുള്ള ഋജുവായ ആഖ്യാനവഴിയാണ് ഷാഹിന ഇ.കെ.യുടേത്. കാറ്റും വെയിലും ഇലയും പൂവും പോലെ എന്നാണ് ഒരു കഥാസമാഹാരത്തിന്റെ പേരു തന്നെ. കാറ്റും വെയിലും ഇലയും പൂവും പോലെ കഥ എന്ന് ഈ കഥാകൃത്തിന്റെ രചനാരീതിയുടെ ഉസാഘ പറയാം. എന്നാൽ സ്വപ്നങ്ങളുടെ പുസ്തകം പോലെ ചില സമാഹാരങ്ങളിൽ, ഘടനാപരമായി നേർവഴി പോകാത്ത കഥകളിൽ ഒക്കെ സങ്കീർണമായ ആഖ്യാനവഴക്കങ്ങളിലേക്ക് അനായാസം കടന്നു കയറുന്നുണ്ട്.
പുസ്തകങ്ങളുടെ വീട് എന്ന സമാഹാരത്തിലെ അലിഖിതം എന്ന കഥ അത്തരത്തിൽ ഒന്നാണ്. ഒറ്റ വരിയിൽ പറയാവുന്ന ഒരു കുഞ്ഞു കഥാംശമേയുള്ളൂ- തന്റെ മകൻ, 21 കാരനായ ജോയൽ ആഹ്ലാദപൂർണമായ ജീവിതത്തിനിടയിൽ പൊടുന്നനെ, ആത്മഹത്യ ചെയ്യുന്നു. എന്തിനാണ് അവൻ മരണം വരിച്ചതെന്ന് അറിയാനുള്ള അടക്കാനാകാത്ത ആധിയിലാണ് പിതാവ് ബാലരാമൻ. ആ ആധിയാണ് കഥ. എന്തിന്, ജോയൽ എന്തിന്? എന്ന ആധി ഒരു വ്യാധി പോലെ തീവ്രമായി ആഴ്ന്നു പരക്കുന്ന കഥ. അത്തരമൊരു കഥയ്ക്ക് ഇങ്ങനെ ഒടിഞ്ഞു മുറിയുന്ന ആഖ്യാനവഴി സവിശേഷമായൊരു തീത്തിളക്കം പകരുന്നു. പലഖണ്ഡങ്ങളായി മുറിഞ്ഞ ഒരു പ്രതിഷ്ഠാപനം പോലെയാണ് ഈ കഥ. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള മനുഷ്യരുടെ സമാനമായ ആധി പങ്കുവെക്കുന്നുണ്ട് കഥയിൽ. ഏറ്റവും അടുപ്പമുള്ള, ഏറ്റവും പ്രിയപ്പെട്ട ആളുകളുടെ മനസ്സിൽ അത്രനിഗൂഢമായി എന്തൊക്കെയോ ചിലത് ഒളിച്ചിരിക്കുന്നുണ്ടാവുമോ... എന്നാലും അതെന്താവും! പരിഹാരമില്ലാത്ത വേദനയുടെ സൂക്ഷ്മാണുക്കളെക്കൊണ്ട് ഒരു വാക്സിനേഷൻ നടത്തുന്നു ഈ കഥ.
പുസ്തകങ്ങളുടെ വീട് എന്ന സമാഹാരത്തിലെ കുറച്ചു നീണ്ട കഥയാണ് ലളിതം ചില ചോദ്യങ്ങൾ. ''നിങ്ങളുടെ സങ്കല്പം മാറിയാലുമില്ലെങ്കിലും എനിക്കൊരു പുല്ലുമില്ലെടോ മനുഷ്യരേ! നിങ്ങളു വരഞ്ഞിടുന്നതു പോലെ ജീവിക്കുന്ന ലളിതമാരൊക്കെ ഇങ്ങനെയിങ്ങനെ കഥകളുപേക്ഷിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന അല്പബോധമെങ്കിലും നിങ്ങൾക്കുണ്ടാകണം...എന്റെ കാര്യത്തിൽ വല്ലാത്തൊരതൃപ്തിയോടെ, കഷായം കുടിച്ച പോലൊരുതരം മുഖഭാവത്തോടെ നിൽക്കുന്ന എന്റെയീ കഥാകൃത്ത് കിണഞ്ഞു ശ്രമിച്ചാൽക്കൂടി ലളിതയെന്ന ഈ കഥാപാത്രം ഇനിയെന്തായാലും മാറാനുദ്ദേശിക്കുന്നില്ല. പിന്നെയല്ലേ, കഥ വായിച്ച് എങ്ങോ പോകാനായി മാത്രം വന്നുചേർന്ന വായനക്കാരാ നിങ്ങൾ? എന്ന് കഥാസാഹചര്യങ്ങളിൽ നിന്ന് സ്വയം വളർച്ച പ്രഖ്യാപിക്കുന്ന ലളിതയുടെ കഥയാണ് ലളിതം ചില ചോദ്യങ്ങൾ. ജാതീയവും ലിംഗപരവും സാമ്പത്തികവും സാമൂഹികവും ഒക്കെയായ പദവി മൂല്യങ്ങളെക്കുറിച്ചുള്ള അത്ര ലളിതമല്ലാത്ത ചില ചോദ്യങ്ങളാണ്, കാഴ്ചപ്പാടുകളാണ് ഈ കഥ അവതരിപ്പിക്കുന്നത്. പുതുരചനയിലെ പെൺവർത്തമാനങ്ങൾ എന്ന ലേഖനത്തിൽ(നവകഥാ ദർശനം - 87) പ്രൊഫ.കെ.ആർ. സജിത എഴുതുന്നു- ''സമൂഹം സ്ത്രീക്ക് നൽകുന്ന പദവികളെക്കുറിച്ചുള്ള നിരന്തരമായ അപഗ്രഥനമായിരുന്നു മുതിർന്ന കഥാകാരികളുടേത്. പുതിയവരാകട്ടെ സമൂഹത്തിൽ തങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നവരും.'' സമൂഹത്തിലെ പെൺപദവിയെക്കുറിച്ചും കാലം മാറുന്നതോടെ സ്വയം അടയാളപ്പെടുത്തുന്ന ആത്മബോധത്തെക്കുറിച്ചും തുറന്നു വിവരിക്കുന്നതാണ് ലളിതം ചില ചോദ്യങ്ങൾ.
ഞാൻ ലളിത എന്ന് സ്വയം പരിചയപ്പെടുത്തി ആത്മകഥ പറഞ്ഞു തുടങ്ങുകയാണ് ലളിത. ''എന്റെ സ്വന്തം പേര് മറ്റാരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ കുട്ടിക്കാലം തൊട്ടേ എനിക്ക് എന്നെയല്ല ഓർമവരിക. ഞങ്ങളുടെ അയൽപക്ക വീടായ മുല്ലയ്ക്കലെ ലളിതച്ചേച്ചിയെയാണ്''. മേനോക്ക്യാരുടെ വീട് എന്ന ആ പഴയ തറവാട്ടിലെ കുലമഹിമകളുള്ള ലളിതച്ചേച്ചിയെ. സ്വന്തം വ്യക്തിസ്വത്വത്തെ പോലും മേലാളരുടെ സ്വത്വങ്ങൾക്കടിയിലേക്കു പൂഴ്ത്തി സ്വയം അടിഞ്ഞുകൂടിയിരുന്ന മനുഷ്യരുടെ, കാലഘട്ടത്തിന്റെ പ്രതിനിധിയായാണ് ലളിതയുടെ ജീവിതം തുടങ്ങുന്നത്.
താണജാതിക്കാരിക്ക് മേൽജാതിക്കാരുടെ പേരിട്ടതിന് പല തരത്തിലുള്ള അവഹേളനങ്ങൾ അനുഭവിക്കേണ്ടിവരുന്നു ലളിത. പേരുകൾ കൊണ്ടുള്ള ഈ പോര് ഏതാണ്ട് 1960-70 കൾ വരെ കേരളീയ പൊതുസമൂഹത്തിൽ ശക്തമായിരുന്നതാണല്ലോ. വൈക്കം സത്യാഗ്രഹത്തിനു ശേഷം അര നൂറ്റാണ്ടു പിന്നിട്ടകാലത്ത് വൈക്കത്തും സമീപദേശങ്ങളിലും ഈഴവ, പുലയ തുടങ്ങിയ ജാതികളിൽ പെട്ട ഒട്ടേറെ പേർ മക്കൾക്ക് തമ്പുരാൻ എന്നും തിരുമേനി എന്നും ഈശ്വരൻ എന്നുമൊക്കെ പേരിട്ടിരുന്നു. സ്വന്തം പേരിനെക്കുറിച്ചു പോലും അപകർഷം മാത്രമുണ്ടായിരുന്നവളാണ് ഈ കഥയിലെ ലളിത. ജാതീയതയുടെയും പെണ്ണത്തത്തിന്റെയും അടിയാളത്തങ്ങൾ ഒരേ മട്ടിൽ അടിപ്പെടുത്തുന്നതാണെന്ന് അനുഭവിച്ചറിഞ്ഞവൾ. അവിടെ തളഞ്ഞുനിൽക്കാതെ ഉണർന്നുയരുന്നുകയാണ് ലളിത. എല്ലാത്തരം അടിയാളത്തങ്ങളെയും കുടഞ്ഞെറിയുന്ന ഉജ്വലമായൊരു തന്റേടത്തിലേക്ക് അവൾ എത്തുന്നു. എല്ലാ പരിമിതികൾക്കും അപ്പുറത്ത് കീഴാളസ്വത്വങ്ങളുടെ സാമൂഹികമുന്നേറ്റം വലിയൊരു യാഥാർഥ്യമാണെന്ന ചില സത്യങ്ങൾ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് ലളിതം ചില സത്യങ്ങൾ.
ഏതേതോ സരണികളിൽ സമാനമായൊരു ജീവിതപ്പകർച്ചയിലൂടെ കടന്നുപോകുന്നവളാണ് ഉയ്യാല ലൂഗവയ്യ എന്ന കഥയിലെ (കാറ്റും വെയിലും ഇലയും പൂവുംപോലെ എന്ന സമാഹാരത്തിലുള്ളത്) വസുന്ധരയും. ആൺചിരിയും പെൺചിരിയും തമ്മിലുള്ള ഭേദങ്ങളിൽ കുടുങ്ങി ഈ ലോകത്തെ 58 വർഷം നീണ്ട ജീവിതത്തിൽ സ്വയം ആവിഷ്കരിക്കാൻ സാധിക്കാതെ കുടുങ്ങിപ്പോയവളാണ് വസുന്ധര. മാലാഖമാരാൽ നയിക്കപ്പെട്ട് ദൈവത്തിനു മുന്നിലെത്തി വിചാരണ ചെയ്യപ്പെടുന്നു വസുന്ധര. സ്വയം ആവിഷ്കരിക്കാനുള്ള ശേഷി നൽകി അനുഗ്രഹിച്ചു വിട്ടിട്ടും അങ്ങനെ ചെയ്യാത്ത നിരവധി മനുഷ്യരെപ്പോലെ വസുന്ധരയും ദൈവത്തിൽ നിന്ന് അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നു. ''മാലാഖമാർക്കൊപ്പം നടന്നു പോകുമ്പോൾ നരകം എന്ന വാക്ക് വസുന്ധരയെ ബാധിച്ചതേയില്ല. പാട്ടൂറുന്ന ഹൃദയത്തിനുള്ളിൽ ആനന്ദമല്ലാതെ അപ്പോൾ മറ്റൊന്നുമുണ്ടായിരുന്നില്ല'' നരകത്തീയെ അവഗണിക്കാൻ സ്ത്രീക്കു കെല്പേകുന്ന വസുന്ധരയുടെ ആത്മവത്തയുടെ അതേ രാഗതാളങ്ങളിലാണ് ലളിതം ചില ചോദ്യങ്ങൾ എന്ന കഥയിലെ ലളിതയും.
ആഖ്യാനത്തിന്റെ പതിവു ചിട്ടകളിൽ നിന്നു കുതറിത്തെറിച്ചു മാറുന്നു ലളിത. കഥാകൃത്തിൽ നിന്നു തെറ്റിപ്പിരിഞ്ഞ് സ്വയം തയ്യാറാക്കിയ കഥവഴിപ്രകാരം ലളിത മാറി നടക്കാൻ തുടങ്ങുന്നു. അതോടെയാണ് ലളിത സാക്ഷാൽ ലളിതയായി മാറുന്നത്. ലളിതാ സഹസ്രനാമത്തിൽ പറയുന്നതു പോലെ ആത്മവിദ്യായയും ശക്ത്യൗഘവൃതായയും ഭണ്ഡപുത്ര വധോദ്യുക്ത ബാലാ വിക്രമയും ഒക്കെയായ സാക്ഷാൽ ലളിത. താൻ കഥയിൽ നിന്നും കഥാകൃത്തിന്റെ താത്പര്യങ്ങളിൽ നിന്നും വിട്ടുമാറുകയാണെന്ന് ലളിത പ്രഖ്യാപിക്കുന്നുണ്ട്. ''നിങ്ങളുടെ സങ്കല്പം മാറിയാലുമില്ലെങ്കിലും എനിക്കൊരു പുല്ലുമില്ലെടോ മനുഷ്യരേ'' എന്ന് മുഴുവൻ മനുഷ്യലോകത്തിനും എതിരേ ഒറ്റയ്ക്കു നിൽക്കാനുള്ള തന്റേടം നേടിയിരിക്കുന്നു ലളിത. ജീവിക്കുന്ന ലളിതമാരൊക്കെ കഥകളുപേക്ഷിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് ലളിത ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ വേറിടലിൽ കഷായം കുടിച്ച മുഖഭാവത്തോടെ നിൽക്കുന്ന കഥാകൃത്ത് കിണഞ്ഞു ശ്രമിച്ചാലും ലളിതയെന്ന കഥാപാത്രം ഇനിയെന്തായാലും മാറാനുദ്ദേശിക്കുന്നില്ല എന്നാണ് പ്രഖ്യാപനം.
കഥാപാത്രം കഥയിൽനിന്നു വിട്ടുമാറുന്നതും കഥാകൃത്തിനെ മറികടന്നു പോകുന്നതും ഒക്കെയായ ആഖ്യാനങ്ങൾ നാം കാണാറുണ്ട്. ചിലപ്പോൾ തമാശ നിറഞ്ഞ ഒരു കൗതുകം സൃഷ്ടിക്കലാണ് അത്തരം എഴുത്തുകളുടെ ലക്ഷ്യം. എന്നാൽ, ഇവിടെ അത് തികഞ്ഞ രാഷ്ട്രീയ-സൈദ്ധാന്തിക മാനങ്ങളോടെയുള്ള വേറിടലാണ്. കഥയും സാഹിത്യവുമെല്ലാം സമൂഹത്തിന്റെ പതിവുവഴികളിൽത്തന്നെ നീങ്ങുന്നവയാണ് എന്നും ആ വഴിയിൽ നിന്ന് താൻ കുതറി മാറുകയാണ് എന്നും ലളിത പ്രഖ്യാപിക്കുന്നു. കീഴ്ജാതിക്കാരിയും കീഴ്നിലക്കാരിയും ശരീരമായി ഉപയോഗിക്കപ്പെട്ടിരുന്നവളും ഒക്കെയായ പഴയലളിത ഇനിയില്ല. സമൂഹം കല്പിക്കുന്ന പതിവു വഴികളിൽ നിന്നുള്ള കുതറിമാറൽ. കഥാകൃത്തിന്റെ പതിവ് ആഖ്യാനവഴിയിൽനിന്നു വിട്ട് സ്വയം തയ്യാറാക്കിയ കഥവഴിപ്രകാരമുള്ള ആ മാറിനടപ്പ്. ഇവിടെ ആഖ്യാനം എന്ന കലാവിദ്യയെ, ഭാഷാസങ്കേതത്തെത്തന്നെ ചോദ്യം ചെയ്യുകയാണ് കഥ. ആഖ്യാനത്തിന്റെ പതിവുവഴക്കം എപ്പോളും സമൂഹത്തിന്റെ പതിവുവഴക്കത്തെ ബലപ്പെടുത്താനുള്ള ഒരുതരം ചിട്ടപ്പെടുത്തലാണെന്ന് ലളിത തിരിച്ചറിയുന്നു. സാഹിത്യവും ഒരു തരം പ്രത്യയശാസ്ത്രോപകരണം -ഐഡിയൊളജിക്കൽ അപ്പാരട്ടസ്- തന്നെ എന്ന പുത്തൻപുതുമയുടെ തിരിച്ചറിവാണത്. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ ആ മെരുക്കലിനു നിന്നുകൊടുക്കാൻ ഇനി മനസ്സില്ല എന്ന പെൺപ്രഖ്യാപനമാണ് കഥയെയും വായനക്കാരെയും മറികടന്നുള്ള ലളിതയുടെ ഇറങ്ങി നടപ്പ്.
കാലപ്പകർച്ചകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നവയാണ് ഷാഹിന ഇ.കെ.യുടെ കഥകൾ. പൊതുവേ എല്ലാ എഴുത്തുകാരെയും എന്നപോലെ ഷാഹിനയെയും ആഴത്തിൽ തൊടുകയും അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട് കാലപ്പകർച്ച. കഴിഞ്ഞ കാലങ്ങളിലെ മൂല്യങ്ങളെയും ജീവിത സമീപനങ്ങളെയും വെല്ലുവിളിച്ച് മൂല്യനിരാസത്തിലേക്കോ പുതിയൊരു മൂല്യപദ്ധതയിലേക്കോ മുന്നേറുന്ന മനുഷ്യസമീപനങ്ങളെക്കുറിച്ചുള്ള അങ്കലാപ്പുകൾ. എന്നാൽ ഈ അങ്കലാപ്പുകൾ ഒരു നടുക്കത്തിനപ്പുറം പുതിയൊരു കാലത്തേക്കും ലോകത്തേക്കും ആഖ്യാതാവിനെ കയറ്റി നിർത്തുന്നുമുണ്ട്. മുമ്പ് ഇങ്ങനെയായിരുന്നല്ലോ എന്ന് വേവലാതിയോടെ ഓർത്ത് ഒരു മാത്ര നിന്ന ശേഷം, അതിനെന്താ! ഇപ്പോൾ ഇങ്ങനെയാണ് കാലവും ലോകവും എന്ന് പുതിയ കാലദേശങ്ങളിലേക്കുള്ള കടന്നു നില്പ്. അങ്ങനെയൊരു കടന്നു നില്പാണ് അവനവൾ, ബർന്നബാസും പുള്ളിപ്പുലികളും തുടങ്ങിയ കഥകളിലൊക്കെയുള്ളത്.
ഞങ്ങളൊരുമിച്ചു ജീവിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ കടന്നുവരുന്ന മകനൊച്ചയിലാണ് അവനവൾ എന്ന കഥ തുടങ്ങുന്നത്. ട്രാൻസ്ജെൻഡർ യുവതിയാണ് മകന്റെ പങ്കാളിയായി വീട്ടിലേക്കു കടന്നു കയറിയിട്ടുള്ളത്. അതെ, അതൊരു കടന്നു കയറ്റം തന്നെയാണ്. ഭദ്രമൂല്യങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയിരുന്ന ലിംഗതയുടെ ക്രമങ്ങൾ വാണിരുന്ന വീടകങ്ങളിലേക്കുള്ള കടന്നു കയറ്റം. ടിവിയിൽ എപ്പൊഴോ അറപ്പോടെ കണ്ടുപോയിരുന്ന കൂട്ടങ്ങളായിരുന്നു അതുവരെ ആ അമ്മയ്ക്ക് ട്രാൻസ്ജെൻഡറുകൾ. അവർ ഇതാ തന്റെ വീടിന്റെ -തന്റെതന്നെയും- അവകാശികളായി വീടകത്തേക്ക് കടന്നുകയറിയിരിക്കുന്നു. പുതിയ കാലം മുന്നോട്ടുവെക്കുന്ന വലിയകുഴമറിച്ചിലാണത്. കാലപ്പകർച്ചയുടെ തീക്കാറ്റാണത്.
അത്രയ്ക്ക് തീവ്രമായ ഒന്നല്ല ബർന്നബാസും പുള്ളിപ്പുലികളും എന്ന കഥയിലുള്ളത്. നടുക്കുന്ന വിധത്തിൽ തെറിവാക്കുകൾ കൊണ്ട് പരസ്യമായി പോരടിക്കുന്ന രണ്ടു കുട്ടികളാണ് ബർന്നബാസിനെ ഭയാശങ്കകളിൽ ആഴ്ത്തിക്കളയുന്നത്. പരസ്യമായി പറയാനുള്ളവയല്ല തെറിവാക്കുകൾ. ഭാഷയിലെ ഒരുതരം ദുർമന്ത്രവാദമാണ് തെറിവാക്കുകൾ. മനുഷ്യന്റെ പ്രാകൃതവാസനകളിൽ ഒരു തരം വിരേചനമൂല്യം നിർവഹിക്കാൻ കഴിവുള്ളവ. മലയാളത്തിൽ തെറിവാക്കുകളുടെ ആ സവിശേഷതകളെക്കുറിച്ച് ആദ്യം ആഴത്തിൽ ആലോചിച്ചത് സി.ജെ.തോമസ് ആയിരിക്കും. ധിക്കാരിയുടെ കാതൽ എന്ന പുസ്തകത്തിൽ തെറിയുടെ ഭാഷാപരവും സാമൂഹികവുമായ ധർമങ്ങളെക്കുറിച്ച് പര്യാലോചനകളുണ്ട്. ഗ്രേസിയുടെ മന്ത്രവാദം എന്ന കഥയിൽ മൂന്നക്ഷരമുള്ള തെറിവാക്ക് മന്ത്രം പോലെ ഉച്ചരിച്ച് വേദനയിൽ നിന്ന് ആശ്വാസം തേടുന്ന ഒരു അമ്മയുണ്ട്. ഗ്രേസി ആ കഥയിൽ മൂന്നക്ഷരമുള്ള തെറിവാക്ക് എന്നേ പറയുന്നുള്ളൂ എങ്കിൽ ഷാഹിന ഇ.കെയുടെ കഥയിൽ തെറിവാക്കുകൾ മൂടിവെക്കുന്നില്ല.
ഗ്രേസിയെപ്പോലൊരു എഴുത്തുകാരി തുറക്കാതെ മാത്രം പറഞ്ഞ തെറിവാക്കുകൾ ഷാഹിന ഇ.കെയെപ്പോലെ തൊട്ടടുത്ത തലമുറയിലെ ഒരു എഴുത്തുകാരി തുറന്നുതന്നെ എഴുതുന്നു. അതും കാലപ്പകർച്ചയുടെ മൂല്യപ്പുതുക്കമാവാം. തെറി പറഞ്ഞതിന് അപ്പന്റെയടുത്തു നിന്ന് കൊടിയ ശിക്ഷ ഏറ്റുവാങ്ങി ഭയന്നമർന്നുപോയ ആളാണ് ബർന്നബാസ്. മതവും സമൂഹവും കുടുംബവുമൊക്കെ അവയുടെ ഭദ്രമൂല്യങ്ങളെ തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കുന്നത് ഏതൊക്കെ തരത്തിലുള്ള കൈയേറ്റങ്ങളിലൂടെയാണ് എന്നു കൂടി വെളിവാക്കുന്നുണ്ട് കഥ. വളരെ വേഗം ഈ കാലപ്പകർച്ചകളിലേക്കു സന്ധിയാകാൻ ബർന്നബാസിനു കഴിയുന്നു. വീടിന്റെ ഭദ്രമൂല്യങ്ങളുടെ ലംഘനം പോലെ നമ്മെ ഉൾത്തകർച്ചയിലാക്കുന്ന ഒന്നല്ല പൊതുസമൂഹത്തിലും ഭാഷയിലും ഉണ്ടാകുന്ന കാലപ്പകർച്ചകൾ. അതുകൊണ്ടാണ് അവനവളിലെ അമ്മയെപ്പോലെ ഭയാശങ്കകളിൽ ഉലഞ്ഞു പോകാതെ ബർന്നബാസ് വളരെ വേഗം മാറ്റങ്ങളോടു താദാത്മ്യപ്പെടുന്നത്.
പേലവമായ ഒരു ചൂളംവിളി പോലെ കാരുണ്യസ്നിഗ്ധമാണ് ചിന്നബുദ്ധൻ എന്ന കഥ. പക്ഷികളെ വെടിവെക്കാൻ തോക്കുമായി മലമുകളിലേക്കു പോകുന്ന മാമാഞ്ചിയും അവ വെടിയേറ്റു വീഴുന്നതു കാണാൻ ഒപ്പം കൂടിയ കുട്ടിക്കൂട്ടവുമാണ് കഥയിൽ. നമ്മള് പക്ഷികള്‍ കൊല്ലുവോ... എന്ന് വേവലാതിപ്പെടുന്നു കൂട്ടത്തിൽ കുഞ്ഞനായ ചിന്നൻ. മാമാഞ്ചി ലാക്കുനോക്കി ജാഗ്രതയോടെ കാഞ്ചിവലിക്കാനൊരുങ്ങുമ്പോൾ കാരുണ്യഭരിതമായ ഒരു കുഞ്ഞൊച്ച സൂത്രത്തിൽ ചിന്നന്റെ ചുണ്ടുകളിൽ നിന്ന് പാറിയുയരുന്നു. പക്ഷികൾ ജീവന്റെ ആകാശച്ചെരിവിലേക്ക് പറന്നുയരുന്നു. അവന്റെയുള്ളിൽ നിന്ന് പുറപ്പെട്ട വെളിച്ചത്തിന്റെ ഒരു കുഞ്ഞുറവ ഒരു മഹാപ്രവാഹമായി ഭൂമിയാകെ പടരുന്ന കിനാവിലാണ് ആഖ്യാതാവ്.
ബാബറി മസ്ജിദ് തകർത്തതും തുടർന്ന് ഉണ്ടായി(ക്കി)ക്കൊണ്ടേയിരിക്കുന്ന മതസംഘർഷങ്ങളും ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള മുഴുവൻ മനുഷ്യരെയും ബാധിക്കുന്നുണ്ടല്ലോ. എഴുത്തുകാരെ ആ സംഘർഷങ്ങൾ കൂടുതൽ തീവ്രമായി ബാധിക്കുക സ്വാഭാവികം മാത്രം. എൻ.എസ്.മാധവന്റെ തിരുത്ത്, കെ.ആർ.മീരയുടെ ഖബർ പോലുള്ള രചനകൾ ഏറെ പ്രശസ്തവുമാണ്. അത്തരമൊരു സംഘർഷത്തിന്റെ ഭൂമികയിലാണ് ചരിത്രാതീത കാലത്തെ അപ്പാപ്പൻ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും എന്ന കഥയുടെ സ്ഥാനം. ഒരു കുന്നിൻമുകളിലെ പാറയിൽ കണ്ടെത്തിയ വലിയ കാൽപ്പാദം പോലുള്ള അടയാളം ഭഗവാന്റെ കാൽപ്പാദമാണെന്നും തങ്ങളുപ്പാപ്പയുടെ കാലടയാളമാണെന്നുമുള്ള തർക്കത്തെക്കുറിച്ചാണ് കഥ.
ഈ കഥ ഉൾപ്പെടെ ഷാഹിന ഇ.കെയുടെ ഒട്ടേറെ കഥകളിൽ കുന്നിൻപുറമോ ഗ്രാമീണതയുടെ പച്ചപ്പാർന്ന ഭൂഭാഗങ്ങളാണ് കഥനടക്കുന്ന ഇടങ്ങൾ. ചിന്നബുദ്ധൻ എന്ന കഥയിൽ കുട്ടികൾ ചെങ്കുത്തിമലയുടെ മുകളിലേക്കാണ് പോകുന്നത്. തമാലം എന്ന കഥയിലെ പച്ചിലക്കാട് അങ്ങാടിയും തിരക്കുകളും ഒന്നുമില്ലാത്ത ഉൾനാട്ടിലാണ്. ലളിതം ചില സത്യങ്ങളിലെ ലളിത പാറനിലത്ത് പച്ച മുളപ്പിച്ചോരുടെ പിന്മുറക്കാരാണ്. ഇതരവൃത്താന്തങ്ങളിലെ ഹൗസിങ് കോളനി ഇനിയും സിസി ടിവി വെക്കേണ്ടതില്ല എന്നു തീരുമാനിക്കുന്ന ഏതോ പഴയ ഗ്രാമീണദേശത്താണ്. അന്തിവെയിലിൽ ഉങ്ങിലകൾ തിളങ്ങി നിൽക്കുന്ന നാട്ടുവഴിയിലൂടെയാണ് ബർന്നബാസിന്റെ സഞ്ചാരം. ഗ്രാമീണതയുടേതായി നമ്മുടെ സാഹിതീയ പൊതുബോധം പങ്കുവെക്കുന്ന നന്മമൂല്യങ്ങളുടെ വിശുദ്ധസ്ഥലം തന്നെയാണ് ഷാഹിന ഇ.കെയുടെ കഥകളുടെ സാംസ്കാരിക ഭൂമിശാസ്ത്രം.
ഈ ഭൂമിയിൽ താൻ നിക്ഷേപിക്കുന്ന തന്റെ തന്നെ നിഴലുകളാണ് രചനകൾ എന്ന് ഹരാകി മുറാകാമി പറഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക എഴുത്തുകാരും അക്ഷരങ്ങളിൽ ചമച്ച സ്വന്തം ആത്മവത്തയുടെ നിഴൽരൂപങ്ങൾ തന്നെയാകും നിക്ഷേപിച്ചു പോകുന്നത്. ഷാഹിന ഇ.കെ. എന്ന എഴുത്തുകാരി നിക്ഷേപിക്കുന്ന ആ നിഴലാത്മങ്ങളുടെ ഉസാഘ ആ മൂല്യബോധവും തന്റേടങ്ങളിലേക്ക് ഉറപ്പോടെ നടന്നുകയറുന്ന പെൺകരുത്തും സാധാരണ ജീവിതത്തിന്റെ മഹിമയെക്കുറിച്ചുള്ള വലിയ ബോധ്യങ്ങളും ശൈശവ നിഷ്കളങ്കതയിൽ ഉറവകൊണ്ട് ഭൂമിയിലാതെ പരക്കുന്ന വെളിച്ചത്തിന്റെ കാരുണ്യവും ഒക്കെയാണ്. ജീവിതസന്ദർഭങ്ങളുടെ സൂക്ഷ്മചിത്രീകരണങ്ങളും ഒറ്റയൊറ്റയായമനുഷ്യർ സാമൂഹികസാഹചര്യങ്ങളോട് സംഘർഷപ്പെടുന്നതിന്റെ വിവരണങ്ങളും ഷാഹിനയുടെ കഥകളെ ഹൃദ്യവായനയുടെ അക്ഷരാനുഭവങ്ങളാക്കുന്നു.
Content Highlights: In-depth exploration of Shahina E.K.'s short story collection 'Pusthakangalude Veedu'., Analysis of narrative techniques in stories like 'Yakshirathri' and 'Lalitham Chila Chodyangal'., Examination of themes including gender identity, caste-based social constructs, and generational shifts., Critical perspective on how characters break free from traditional literary archetypes.
Published: 15 May 2026, 11:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented