മണ്ണിലൂടെ അരിച്ചുപോകുന്ന ഒരു ഉറുമ്പിനെ എത്ര നേരം നിങ്ങള്‍ നോക്കിയിരിക്കും? ആകാശത്തിലൂടെ പറന്നു പോകുന്ന കിളികളേയോ? ഒറ്റക്കു നില്‍ക്കുന്ന മരത്തെ?  ചിലപ്പോഴെല്ലാം കഴിയും. പിന്നെ ആ കൗതുകവും അവസാനിക്കും. ഇതാ, ഭൂമിയുടെ ഒരറ്റത്ത് നിന്ന് ഒരു മനുഷ്യന്‍ ആവേശത്തോടെ പ്രകൃതിയെ പകര്‍ത്തുന്നു. പേര് റസ്‌കിന്‍ ബോണ്ട്. പുസ്തകത്തിന്റെ പേര് 'ഹിമാലയത്തില്‍ നിന്നുള്ള കുറിപ്പുകള്‍'. ഹിമാലയന്‍ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈ കുറിപ്പുകള്‍ ചുറ്റുപാടിനെയും സകലചരാചരങ്ങളെയും സ്‌നേഹിക്കാനും പരിപാലിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു.റസ്‌കിന്‍ ബോണ്ട് എന്ന എഴുത്തുകാരനേക്കാള്‍ ഒരു പ്രപഞ്ചസ്‌നേഹിയെയാണ് ഈ കുറിപ്പുകളിലെല്ലാം കാണാനാവുക. 

To advertise here,

ഡയറിക്കുറിപ്പുകളും കവിതകളും ലേഖനങ്ങളും എല്ലാം ഇടകലര്‍ന്ന പുസ്തകം ആത്യന്തികമായി സംസാരിക്കുന്നത് ജീവിതത്തെപ്പറ്റി തന്നെയാണ്. ഹിമാലയതാഴ്‌വകരകളില്‍ ജീവിക്കുന്ന മനുഷ്യരും അവരുടെ നിസാഹായതകളും കഥ പോലെ കടന്നുവരുന്നു. ഒപ്പം മരങ്ങളും ജീവജാലങ്ങളും നദികളും മലകളും കഥാപാത്രങ്ങളായി വരുന്നു. ഇടക്ക് എഴുത്തുകാരന്‍ താന്‍ പിന്നിട്ട വഴികളും ഓര്‍ത്തെടുക്കുന്നു. ഓരോ കുറിപ്പും വായിച്ച് തീരുമ്പോള്‍ പുതിയ അനുഭൂതി വായനക്കാരില്‍ നിറയുന്നു. പ്രകൃതിയെ, മനുഷ്യനെ, ചലനമില്ലാത്ത വസ്തുക്കളെ, ജന്തുജാലങ്ങളെ നിഷ്‌കളങ്കതയോടെ വീക്ഷിക്കാന്‍ നാം പഠിക്കുന്നു. ഒരര്‍ത്ഥത്തില്‍ പ്രകൃതിയെ പഠിക്കാനുള്ള സാധ്യതകളാണ് ഈ കൃതി തുറന്നു തരുന്നത്.

''ഒരു അരുവിയുടെ തീരത്ത്, ജലകളകളം കേള്‍ക്കാവുന്ന ദൂരത്ത് ഒരാള്‍ ജീവിക്കുന്നു. അയാള്‍ ആകെ നഗരത്തിലേക്ക് പോകുന്നത്, പുസ്തകങ്ങള്‍ വാങ്ങാനും പോസ്റ്റല്‍ കത്തുകള്‍ സ്വീകരിക്കാനും അവശ്യവസ്തുക്കള്‍ വാങ്ങാനും മാത്രമാണ്. മറ്റെല്ലാ സമയവും അയാള്‍ അരുവിയുടെ തീരത്ത് തന്നെ. 'നിങ്ങള്‍ക്കിവിടം മടുക്കുന്നില്ലേ ', ഞാന്‍ ചോദിച്ചു: ' ഇവിടം വിടണമെന്ന് തോന്നാറില്ലേ? ' 
' ഇല്ല ', അയാള്‍ പറഞ്ഞു. (പേജ്: 74)

placeholder
പുസ്തകം വാങ്ങാം

ഒരു കുറിപ്പില്‍ റസ്‌കിന്‍ ബോണ്ട് എഴുതി. അനുഭവിച്ച് തീരാത്തതൊന്നും മടുക്കുകയില്ലെന്നും അതില്‍ നിന്ന് വിട്ടുപോരാന്‍ കഴിയില്ലെന്നും അത് ജീവിതം തന്നെയായി മാറുമെന്നും ഈ വാക്കുകളില്‍ വ്യക്തമാകുന്നു. വളരെക്കാലം പല തൊഴിലുകള്‍ ചെയ്ത് മനംമടുത്ത എഴുത്തുകാരന് ആകെ ആശ്വാസം വായനയും വല്ലപ്പോഴുമുള്ള എഴുത്തുമാണ്. ആദ്യകാലത്തെ എഴുത്തുകള്‍ നിരാശയാണ് സമ്മാനിച്ചത്. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെടാതെ ആരും വായിക്കാതെ കിടന്നു. പിന്നീട് ഹിമാലയന്‍ താഴ്‌വരകളും പരിസരപ്രദേശങ്ങളും പശ്ചാത്തലമാക്കി രചിച്ച നോവലുകളും കഥകളും ശ്രദ്ധിക്കപ്പെട്ടു. 

കുട്ടികള്‍ക്ക് വേണ്ടി ഒട്ടേറെ കൃതികള്‍ രചിച്ചു. ഒരു മുഴുവന്‍സമയ എഴുത്തുകാരനിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പുകളായി അതെല്ലാം മാറി. താമസം ഹിമാലയത്തിന്റെ പരിസരങ്ങളിലേക്ക് മാറ്റിയ എഴുത്തുകാരന് കഥ തിരഞ്ഞ് അധികം ദൂരങ്ങള്‍ പോകേണ്ടി വന്നില്ല. കഥയുള്ള കുറെ ജീവിതങ്ങള്‍ എഴുത്തുകാരനെ തേടി വന്നു. അത്തരം അനുഭവങ്ങള്‍ കൂടി പങ്കുവെക്കപ്പെടുന്നു ഈ കുറിപ്പുകളില്‍. എഴുത്തുകാരന്‍ കാണുന്ന കാഴ്ച്ചകള്‍ ഒന്നും വെറുതേ വായിച്ച് വിസ്മരിക്കാന്‍ കഴിയുന്നവയല്ല. ഓരോന്നും പലയാവര്‍ത്തി വായിച്ച് അനുഭവിക്കുക. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിനെ അടുത്തറിയാന്‍ കുറിപ്പുകളോരോന്നും സഹായിക്കും. വിരസത തോന്നുന്ന നിമിഷങ്ങളില്‍ റസ്‌കിന്‍ ബോണ്ടിനെ വായിക്കാനെടുക്കുക. ഒരു ദൂരയാത്ര ചെയ്ത അനുഭവം നമ്മുടെ മനസ്സില്‍ നിറയും.
  
എത്ര ദൂരം വേണമെങ്കിലും നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് റസ്‌കിന്‍ ബോണ്ട്. കുറിപ്പില്‍ ഒരിടത്ത് അത് തുറന്ന് സമ്മതിക്കാനും അദ്ദേഹം മറന്നില്ല. അത് ഇങ്ങനെയാണ്: '  ജീവിതത്തിലുടനീളം ഞാനൊരു നടത്തക്കാരനാണ്. ഈ ദിവസം വരെ ഞാന്‍ കാര്‍, ബസ്, ട്രാക്ടര്‍, മോട്ടോര്‍സൈക്കിള്‍ ഇവയിലൊന്നിന്റെയും ഉടമയായിട്ടില്ല. അവയൊന്നും ഓടിച്ചിട്ടുമില്ല...'( പേജ്: 176)

വഴിതെറ്റി, ലക്ഷ്യസ്ഥാനവും കടന്ന് സഞ്ചരിക്കാനാണ് എഴുത്തുകാരന്‍ ഇഷ്ടപ്പെട്ടിരുന്നത്. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഗന്ധങ്ങളും ശബ്ദങ്ങളും തേടിപ്പോകുന്ന ഒരു യാത്ര കൂടിയായി അത് മാറുന്നു. ആരുടെയും ശ്രദ്ധയില്‍ പെടാത്ത കാര്യങ്ങള്‍ കണ്ടെത്തുന്നതായ ചില അനുഭവങ്ങളും അദ്ദേഹം പകര്‍ത്തിവെക്കുന്നു. മരങ്ങളും പക്ഷികളും കാടും കവിതയുടെ രൂപത്തില്‍ കുറിപ്പുകളില്‍ വീണ്ടും വീണ്ടും തെളിയുന്നു. മനസ്സില്‍ സര്‍ഗാത്മകത നിറക്കുന്ന 'സിസ്റ്റേഴ്‌സ് ബസാറി 'നെപ്പറ്റി മനോഹരമായ ഒരു കുറിപ്പുണ്ട്. വളരെ വിചിത്രമായ അനുഭവം അത് വായനക്കാരില്‍ സൃഷ്ടിക്കുന്നു. 

അങ്ങനെ പരിധിയില്ലാത്ത കാഴ്ച്ചകള്‍ മനസ്സില്‍ സങ്കല്‍പിക്കാന്‍, പോസിറ്റീവായ കാര്യങ്ങള്‍ മാത്രം സ്വീകരിക്കാന്‍ പുസ്തകം വഴിയൊരുക്കുന്നു. വളരെ ചെറിയ വാചകങ്ങളില്‍ ഓരോ ദിവസത്തെയും ജീവിതത്തെ റസ്‌കിന്‍ ബോണ്ട് വിവരിച്ചു കാട്ടുന്നു. തളര്‍ന്നു പോകുന്ന ഘട്ടങ്ങളിലും അദ്ദേഹം ആരോ അടയാളപ്പെടുത്തി വെച്ച ഒരു വാചകം ഓര്‍ത്തുപോകുന്നുണ്ട്. '' ഒരിക്കലും നിരാശപ്പെടരുത്. കഴിയുമെങ്കില്‍ നിരാശയിലും ജോലി തുടരുക' (പേജ്: 210  ). സ്വന്തം ജീവിതത്തെ കൂടുതല്‍ ഉന്മേഷഭരിതമാക്കാന്‍ പല വഴികള്‍ അന്വേഷിച്ച് ഈ എഴുത്തുകാരന്‍ മുന്നേറുന്നു. സ്വന്തം എഴുത്തുകളെ ആത്മവിമര്‍ശനത്തിന് വിധേയമാക്കാനും ധൈര്യം കാട്ടുന്നുണ്ട്.

'കുട്ടികള്‍ക്ക് വേണ്ടി ഒരു ഇതിഹാസം എഴുതാനാണ് യഥാര്‍ത്ഥത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം. അങ്ങനെയെന്തെങ്കിലും മഹത്തരമായത് ഞാനെഴുതിയിട്ടുണ്ടോ? ചില നല്ല കഥകള്‍. എന്നാല്‍ അതെല്ലാം ലോകമാകെ തിരതല്ലുന്ന സാഹിത്യപ്രളയത്തില്‍ നഷ്ടപ്പെട്ടുപോകും (പേജ് 219).' ഈ എഴുത്തുകാരന്‍ അത്ര വേഗത്തിലൊന്നും വായനക്കാരന്റെ മനസ്സുകളെ വിട്ടുപോകില്ല. തീര്‍ത്തും സാധാരണമായ ജീവിതങ്ങളെ കണ്ടെടുത്ത് ആവിഷ്‌കരിച്ച എഴുത്തുകാരന്‍ എന്ന നിലയില്‍ റസ്‌കിന്‍ ബോണ്ട് വരും തലമുറകളെയും സ്വാധീനിക്കും. 

കേവലം ഓര്‍മ്മക്കുറിപ്പുകളുടെ ഒരു സമാഹാരമായി മാത്രം ഈ പുസ്തകത്തെ ചുരുക്കാന്‍ പറ്റില്ല. പല ജീവിതങ്ങളെക്കൂടി ഉള്‍ക്കൊളളുന്ന ഒന്നായി അത് മാറുന്നു. പ്രകൃതി വലിയ അത്ഭുതമായി പുസ്തകത്തില്‍ നിറയുന്നു. അവസാനത്തില്‍ എഴുത്തുകാരന്റെ സ്വയം വിശേഷണം ഇങ്ങനെയാണ്: 'എന്റെ ജീവിതത്തിലേറിയ കാലവും ഞാനെന്നെത്തന്നെ ചുറ്റുപാടുകള്‍ക്ക് നല്‍കി. വലിയ തോതില്‍ എനിക്ക് സ്‌നേഹം തിരികെ ലഭിച്ചു. ജീവിതം റോസാദലങ്ങളുടെ ഒരു ശയ്യയല്ല. എന്നിരുന്നാലും പലപ്പോഴും കാലം തെറ്റിയും എനിക്ക് റോസാപ്പൂക്കള്‍ ലഭിച്ചുകൊണ്ടിരുന്നു' (പേജ്: 303). 

ജീവിതത്തെ റസ്‌കിന്‍ ബോണ്ട് അതിരുകള്‍ നാട്ടാതെ സ്‌നേഹിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് ചുറ്റുപാടുള്ളതിനെയെല്ലാം സ്‌നേഹിക്കാന്‍ കഴിഞ്ഞത്. പ്രകൃതി ഒരു മനുഷ്യനെ ആവേശിക്കുന്നതും അയാളുടെ ജീവിതം പ്രകൃതിയുടെ നൈരന്തര്യത്തില്‍ നിന്ന് വേര്‍പ്പെടുത്താനാവാത്ത അനുഭവമായി മാറുന്നതും എങ്ങനെയെന്ന് അറിയാന്‍ ഈ പുസ്തകം തിരഞ്ഞെടുക്കുക. മനുഷ്യനെ, സാധാരണ ജീവിതത്തെ, ജീവജാലങ്ങളുടെ ജീവിതക്രമത്തെ, ഒച്ചകളെ, വളര്‍ച്ചകളെ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.  കെ.ബി. പ്രസന്നകുമാറാണ് പുസ്തകത്തിന്റെ പരിഭാഷ നടത്തിയിരിക്കുന്നത്.

ഹിമാലയത്തില്‍ നിന്നുള്ള കുറിപ്പുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Ruskin Bonds Rain in the Mountains: Notes from the Himalayas Book review