മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുതിയ നോവല്‍ ബി.സി 261ന്റെ രചയിതാക്കളില്‍ ഒരാളായ രഞ്ജു കിളിമാനൂര്‍ എഴുത്തനുഭവത്തെക്കുറിച്ചെഴുതുന്നു...

To advertise here,

സിനിമ സ്വപ്നം കണ്ടുനടക്കുന്ന രണ്ട് ഓണ്‍ലൈന്‍ എഴുത്തുകാരായിരുന്നു  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും ലിജിനും. ഒരു ദിവസം ഞാന്‍ ലിജിനോട് ചെന്ന് ചോദിച്ചു;
'നമുക്ക് ഒരുമിച്ചുചേര്‍ന്ന് ഒരു സിനിമയ്ക്ക് തിരക്കഥ ചെയ്താലോ...?'
'എന്റെ കയ്യില്‍ ഒന്നുരണ്ട് ഐറ്റംസ് ഉണ്ട്.. നീയൊന്ന് വായിച്ചു നോക്ക്...'
ഇതായിരുന്നു ആള്‍ തന്ന മറുപടി. തുടര്‍ന്ന് അവന്റെ രണ്ട് മൂന്ന് കഥകള്‍ എനിക്കയച്ചു തന്നു. എന്നാല്‍ ഞാനതിലൊന്നും സംതൃപ്തനായില്ല.

'എടാ ഞാനുദ്ദേശിക്കുന്നത് കുറച്ച് വൈഡ് ആയിട്ടുള്ള പ്ലോട്ട് ആണ്. 'ഡാവിഞ്ചി കോഡ്' ഒക്കെപോലെ തീവ്രരഹസ്യസ്വഭാവമുള്ളതും എന്നാല്‍ അതേസമയം തന്നെ കുറ്റാന്വേഷണം കൊണ്ട് ത്രില്ലടിപ്പിക്കുന്നതുമായ ഒരു വലിയ സബ്ജക്ട് ചെയ്യണമെന്നാണ് ആഗ്രഹം.'
ഞാനെന്റെ മനസ്സ് തുറന്നു. തുടര്‍ന്ന് അവനൊരു സബ്ജക്ട് എന്നോട് പറഞ്ഞു.

അതെന്നെ വല്ലാതെ സ്വാധീനിച്ചു. ഞാനതിലൊരു വില്ലന്‍ കഥാപാത്രത്തെ പ്ലെയ്‌സ് ചെയ്തിട്ട് അവനയച്ചുകൊടുത്തു. അവനത് വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതോടെ ഞങ്ങള്‍ തമ്മില്‍ ഒരു ബോണ്ടിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് വര്‍ഷങ്ങളോളം വിഷയത്തിലുള്ള ഗവേഷണങ്ങള്‍, ചര്‍ച്ചകള്‍ വെട്ടിത്തിരുത്തുകള്‍... ഒടുവില്‍ ഞങ്ങളുദ്ദേശിച്ച രീതിയിലുള്ളൊരു തിരക്കഥ റെഡിയായി. ആദ്യപകുതി കുറ്റാന്വേഷണവും രണ്ടാം പകുതി മിത്തോളജിയുമൊക്കെ നിറഞ്ഞ ആ തിരക്കഥ ഞങ്ങളുടെ സിനിമാ സ്വപ്നത്തിന്റെ ദൈര്‍ഘ്യം നാള്‍ക്കുനാള്‍ വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. പിന്നീട് സിനിമാക്കാരുടെ പുറകേ 112 സീനുള്ള ആ തിരക്കഥയുമായി അലഞ്ഞുതിരിയാന്‍ തുടങ്ങി.

യുദ്ധമുള്‍പ്പെടെയുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും നാലര മണിക്കൂറോളം വരുന്ന സിനിമയുടെ തിരക്കഥയില്‍ മുറിച്ച് കളയാന്‍ ഒന്നുമില്ലെന്ന അവസ്ഥയും സംവിധായകരും അസോസിയേറ്റുകളുമെല്ലാം ഒരുപോലെ 'നോ' പറയാന്‍ കാരണമായി. ചിലരെല്ലാം രാജമൗലിയെ പോയി കാണാനുള്ള നിര്‍ദേശം തരികയും ചെയ്തു.

ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ എങ്ങനെയാണ് രാജമൗലിയെപ്പോലുള്ള വലിയ ആള്‍ക്കാരുടെ അടുത്തെത്തുക. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണവും പഠനങ്ങളുമെല്ലാം വെറുതെയായതിന്റെ നിരാശ ഞങ്ങളെ ഒരുപാട് ബാധിച്ചു. ബി.സി 261 എന്ന ഞങ്ങളുടെ ആ സിനിമാസ്വപ്നം അതോടെ പല സംവിധായകരുടേയും പെട്ടിയില്‍ വലയും പൊടിയും പറ്റിക്കിടക്കാന്‍ തുടങ്ങി.

നിരാശ ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ ബാധിച്ചു. ഇനി എന്തുചെയ്യുമെന്ന ചോദ്യം ഞങ്ങളെ ഒരുപാട് സങ്കടപ്പെടുത്തി. 
ഞാനൊരു ദിവസം ലിജിനെ വിളിച്ചു.
'എടാ നമുക്കിത് നോവലാക്കിയാലോ?'
'എന്നിട്ട്?'
'നോവലാക്കുമ്പോള്‍ രണ്ടാണ് ഗുണം. ഒന്ന് ബഡ്ജറ്റ് ഒന്നും നോക്കേണ്ട കാര്യമില്ല. നമ്മള്‍ കണ്ട സിനിമയെ സിനിമയായിത്തന്നെ അവതരിപ്പിക്കാം. പിന്നെ മലയാളത്തിലെ നല്ലൊരു പ്രസാധകര്‍ വഴി പുസ്തകം പുറത്തിറങ്ങിയാല്‍ ദൃശ്യം സിനിമയില്‍ പറയുന്നത് പോലെ നമുക്കാണ് പിന്നെ ഈ കഥയുടെ അവകാശം. നമ്മള്‍ വാട്‌സാപ്പില്‍ ഈ സ്‌ക്രിപ്റ്റ് അയച്ചുകൊടുത്ത ഏതെങ്കിലുമൊരു സംവിധായകന്‍ ഈ സിനിമ നമ്മളറിയാതെ രഹസ്യമായി ഷൂട്ട് ചെയ്യുകയോ മറ്റോ ചെയ്താല്‍ കേസ് കൊടുക്കാനും പറ്റുമല്ലോ.'

പിന്നൊന്നും നോക്കിയില്ല രണ്ടുപേരും ചേര്‍ന്ന് തീരുമാനമുറപ്പിച്ചു. തുടര്‍ന്ന് സ്‌ക്രിപ്റ്റിനെ നോവലാക്കി മാറ്റിയശേഷം മാതൃഭൂമി ബുക്‌സിനെ സമീപിക്കുകയും എഡിറ്റിംഗ് പ്രോസസ്സുകള്‍ക്ക് ശേഷം പുസ്തകം പുറത്തിറങ്ങുകയും ചെയ്തു. 18 ദിവസം കൊണ്ട് തന്നെ ആദ്യ എഡിഷന്‍ വിറ്റു തീരുകയും നിരവധി മികച്ച അഭിപ്രായങ്ങള്‍ പുസ്തകത്തിന് വരികയും ചെയ്തു.

അന്ന് ഞങ്ങളാ തീരുമാനമെടുത്ത് ഈ കഥ മാതൃഭൂമി ബുക്‌സില്‍ അയക്കാതിരുന്നെങ്കില്‍ ചിലപ്പോള്‍ ഇതിനോടകം വല്ലവരുടെയും പെട്ടിയില്‍ ചിതലരിച്ച് അത് തീര്‍ന്നേനെ. എന്തായാലും ഇപ്പോള്‍ പുസ്തകത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട് ഞങ്ങള്‍ രണ്ടുപേരെയും... ഒരുപാട് പേര്‍ ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം ചോദിച്ചുവരുന്നുണ്ട് എന്നതുതന്നെ വലിയ സന്തോഷം തരുന്ന കാര്യമാണ്.