ആശ കെ എഴുതിയ മാധവിക്കുട്ടിയുടെ ജീവചരിത്രം 'മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍ 'മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. ജീവചരിത്രത്തിന് ഡോ. ഷാജി ജേക്കബ് എഴുതിയ നിരൂപണം.

To advertise here,

സ്‌നേഹത്തിന്റെ നിറമെന്താണ്?

ശരീരവും ആത്മാവും തമ്മിലുള്ള സംഘര്‍ഷങ്ങളെക്കാള്‍ വലിയ സമവാക്യങ്ങളൊന്നും സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രത്തിലില്ല എന്ന് തന്റെ ജീവിതവും എഴുത്തും കൊണ്ട് തെളിയിച്ച മാധവിക്കുട്ടിയെപ്പോലെ ഇത്രയധികം ആത്മകഥകളെഴുതിയിട്ടുള്ള മറ്റൊരാള്‍ മലയാളത്തിലില്ല. ബാല്യകാല സ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ്, നീര്‍മാതളം പൂത്തകാലം, ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങള്‍ എന്നിങ്ങനെ ഓര്‍മ്മകളും സ്മൃതികളുമായെഴുതപ്പെട്ടിട്ടുള്ള അരഡസനോളം കൃതികള്‍; എന്റെ പാതകള്‍, ഈ ജീവിതംകൊണ്ട് ഇത്രമാത്രം, ഭയം എന്റെ നിശാവസ്ത്രം, ഡയറിക്കുറിപ്പുകള്‍ എന്നിങ്ങനെ ആത്മാനുഭവങ്ങള്‍ മുറ്റിനില്‍ക്കുന്ന കുറിപ്പുകളുടെ നാലഞ്ചു സമാഹാരങ്ങള്‍; മലയാളത്തില്‍ മറ്റൊരാള്‍ക്കും കഴിയാത്തവിധം, ആത്മത്തെയും അപരത്തെയും യാഥാര്‍ഥ്യങ്ങളുടെയും ഭാവനകളുടെയും മാന്ത്രികത്തൂവാലയില്‍ പൊതിഞ്ഞ് സ്ത്രീജീവിതത്തെ അനുഭൂതിവല്‍ക്കരിച്ചെഴുതിയ എന്റെ കഥ എന്ന രചന-മാധവിക്കുട്ടി എഴുതിയ ആത്മാഖ്യാനങ്ങളുടെ നീണ്ട നിരനോക്കുക. ഒരേസമയംതന്നെ മലയാള ചെറുകഥയിലും ഇംഗ്ലീഷ് കവിതയിലും സ്ത്രീജീവിതത്തിന്റെ അസമാനമായ ഭാവലോകങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ആധുനികതാവാദത്തിന്റെ ഏറ്റവും മികച്ച സാഹിതീയ മാതൃകകള്‍ മാധവിക്കുട്ടി (കമലാദാസ്) മുന്നോട്ടുവച്ചത്.

മുഖ്യമായും മേല്പറഞ്ഞ ആത്മകഥാരചനകളെയും ഇംഗ്ലീഷിലും മലയാളത്തിലും മാധവിക്കുട്ടിയെക്കുറിച്ചെഴുതപ്പെട്ട ചില രചനകളെയും അവരുടെ പ്രഖ്യാതങ്ങളായ ചില സാഹിത്യകൃതികളെയും മുന്‍നിര്‍ത്തി, മാധവിക്കുട്ടിയുടെ വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതങ്ങളുടെ ത്രിമാനതലത്തെ സാഹിത്യമെന്ന അച്ചുതണ്ടില്‍ കൊത്തിയെടുക്കുന്ന സൂക്ഷ്മഗ്രാഹിയും സംവേദനക്ഷമവുമായൊരു ലഘുജീവചരിത്രമാണ് ആശ കെ. രചിച്ച 'കടലിന്റെ നിറങ്ങള്‍'.

മാധവിക്കുട്ടിയെക്കുറിച്ച് ഇത്തരമൊരു രചന മലയാളത്തില്‍ മുന്‍പുണ്ടായിട്ടില്ല. എത്രയെങ്കിലും ലേഖനങ്ങളും അഭിമുഖങ്ങളും അനുഭവക്കുറിപ്പുകളും പ്രഭാഷണങ്ങളും വ്യക്തിചിത്രങ്ങളും ഫോട്ടോഫീച്ചറുകളും കഥകളും വിവാദങ്ങളും വഴി ജീവിച്ചിരിക്കുമ്പോള്‍തന്നെ അവര്‍ ഏതൊണ്ടൊരു ഫോക്​ലോറായി മാറിക്കഴിഞ്ഞിരുന്നു. എന്റെ കഥ സൃഷ്ടിച്ച പുകിലുകള്‍ പോലെ മറ്റൊന്ന് മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലുണ്ടായിട്ടില്ല. വായിച്ച കൃതികള്‍, എഴുതിയ ഭാഷകള്‍, ജീവിച്ച ദേശങ്ങള്‍, ഇടപെട്ട സാഹിത്യരൂപങ്ങള്‍, വെളിപ്പെടുത്തിയ സ്വത്വങ്ങള്‍, വിശ്വസിച്ച മതങ്ങള്‍.... എന്നിവയിലൊക്കെ മാധവിക്കുട്ടിക്ക് അനുപമമാംവിധം സര്‍ഗാത്മകവും സംവാദാത്മകവുമായ അനുഭവലോകങ്ങള്‍ കൈവന്നു. ഏറെക്കുറെ സമഗ്രതയോടെ, എന്നാല്‍ തികച്ചും സംക്ഷിപ്തമായി മാധവിക്കുട്ടി ജീവിച്ച നിരവധി ജീവിതങ്ങളുടെ കലയും കലാപങ്ങളും കടലിന്റെ നിറങ്ങളില്‍ കോറിയിടുകയാണ് ഈ പുസ്തകം.
'മാധവിക്കുട്ടിയുടെ ജീവിതവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആദ്യം മുന്നിലെത്തുന്നത് നാലപ്പാട്ടു വീടാണ്. കമല എന്ന പെണ്‍കുട്ടിയെ എഴുത്തുകാരിയാക്കി മാറ്റിയതില്‍ ഈ വീടും വീട്ടുകാരും ചെലുത്തിയ സ്വാധീനം ചെറുതല്ല എന്നു കാണാം. കാലം തന്റെ പാദുകങ്ങള്‍ ഊരിവച്ച് തെല്ലിട വിശ്രമിച്ച സ്ഥലമാണ് തന്റെ ജന്മഗൃഹത്തിനു ചുറ്റുമുള്ള പൂഴിമണ്ണെന്നും അവിടെ ആ വയോധികന്റെ പാദമുദ്രകള്‍ പ്രത്യക്ഷപ്പെടുകയില്ലെന്നും മാധവിക്കുട്ടി പറയുന്നു. തന്റെ ചേതനയിലെ വ്രണങ്ങള്‍ അവിടുത്തെ നിശ്ശബ്ദതയ്ക്ക് സുഖപ്പെടുത്താനാവുമെന്നും കാലം ഒരു കൊടുങ്കാറ്റായി തനിക്കു ചുറ്റും അതിന്റെ താണ്ഡവനൃത്തം നടത്തുമ്പോള്‍ അഭയത്തിനായി താന്‍ ഓടിയണയാറുള്ളത് നാലപ്പാട്ടു വീട്ടിലേക്കാണെന്നും എഴുത്തുകാരി പറയുന്നുണ്ട്. നാലപ്പാട്ടു വീട് ഒരു കാന്തശക്തിയായിരുന്നു. മാധവിക്കുട്ടിയെ ജീവിതാവസാനം വരെയും പിടിച്ചുനിര്‍ത്തിയ കാന്തശക്തി. ആ വീട്ടില്‍നിന്നു തുടങ്ങുന്നു ആമി എന്ന പെണ്‍കുട്ടി കമലാദാസും മാധവിക്കുട്ടിയും കമല സുരയ്യയുമൊക്കെ ആയിത്തീര്‍ന്ന ചരിത്രം'.

മൂന്നു ഭാഗമായി തിരിയുന്ന ഇരുപതധ്യായങ്ങളില്‍ നാലപ്പാട്ടും കല്‍ക്കത്തയിലുമായി ജീവിച്ച മാധവിക്കുട്ടിയുടെ ബാല്യം, വിവാഹാനന്തരമുള്ള ബോംബെ ജീവിതം, നാട്ടിലും പുണെയിലുമായി കഴിഞ്ഞ ശിഷ്ടജീവിതം എന്നിവ ആശ ഏറെക്കുറെ പിന്തുടരുന്നുവെങ്കിലും കാലാനുക്രമം പാലിച്ചെഴുതപ്പെട്ട ഒരു രേഖീയ ജീവചരിത്രമല്ല ഇത്. മാധവിക്കുട്ടിയുടെ എഴുത്തുകള്‍ക്കുള്ളതുപോലെതന്നെ, കാലത്തില്‍ ഒരു പെന്‍ഡുലം പോലെ ചലിക്കുന്ന രൂപഘടനയാണ് ഇതിനുമുള്ളത്. നാലപ്പാട്ടു നിന്നു തുടങ്ങി നാലപ്പാട്ടു തന്നെ തിരികെയെത്തുന്ന ഒന്ന്.

അതേസമയംതന്നെ ശ്രദ്ധേയമായ നാലഞ്ച് സാംസ്‌കാരിക സന്ദര്‍ഭങ്ങളെ/ധാരകളെ ഈ ജീവചരിത്രരചനയുടെ പശ്ചാത്തലമാക്കി മാറ്റാനും ആശ ശ്രമിക്കുന്നുണ്ട്. 'പാവങ്ങ'ളുടെ വിഖ്യാതമായ വിവര്‍ത്തനം തുടക്കമിട്ട നവോത്ഥാന സാഹിത്യത്തിന്റെയും നാലപ്പാട്ടു തറവാട് ആതിഥ്യം വഹിച്ച സാംസ്‌കാരിക ഉണര്‍വിന്റെയും സന്ദര്‍ഭമാണ് ഒന്ന്. വായനയുടെ ശാരദാകാശങ്ങളിലേക്ക് കമലയെ പറത്തിക്കൊണ്ടു പോയി നാലപ്പാട്ടെ പുസ്തകാലയം. നാരായണമേനോനും ബാലാമണിയമ്മയും തന്റെ (എഴുത്തു)ജീവിതത്തില്‍ സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ചുള്ള കമലയുടെ സ്മരണകളാണ് മറ്റൊന്ന്. മുത്തശ്ശിയോടും പുന്നയൂര്‍ക്കുളത്തെയും കല്‍ക്കത്തയിലെയും മറ്റു മനുഷ്യരോടുമൊന്നിച്ച് ജീവിച്ച ജീവിതങ്ങള്‍ തന്റെ ലോകാനുഭവങ്ങള്‍ രൂപപ്പെടുത്തിയതിനെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ എഴുത്തുകളാണ് ഇനിയുമൊന്ന്. പ്രശസ്തരും എഴുത്തുകാരുമായ സുഹൃത്തുക്കളും സഹോദരിമാരും മറ്റും മാധവിക്കുട്ടിയെക്കുറിച്ചെഴുതിയ കുറിപ്പുകളിലൂടെ തെളിയുന്ന അവരുടെ വ്യക്തിത്വത്തിന്റെ ദ്വന്ദ്വാത്മകഭാവങ്ങളാണ് മറ്റൊന്ന്. വീട്ടിലും പുറത്തും, ജീവിതത്തിലും എഴുത്തിലും, ദാമ്പത്യത്തിലും പ്രണയത്തിലും കമല കടന്നുപോയ യാഥാര്‍ഥ്യങ്ങളുടെയും ഭാവനകളുടെയും മഴവില്‍ലോകങ്ങളെ ആശ സൂക്ഷ്മസുന്ദരമായി പിന്തുടരുന്നു. മലയാള കഥാരചനകളെ കാര്യമായി ആശ്രയിക്കുന്നില്ലെങ്കിലും സ്ത്രീജീവിതത്തിന്റെ നിറങ്ങളും നിഴലുകളും ഒരുപോലെ പ്രശ്നഭരിതമാകുന്ന കമലദാസിന്റെ ഇംഗ്ലീഷ് കവിതകളില്‍ ചിലത് വിവര്‍ത്തനം ചെയ്തും ചെയ്യാതെയും വിശദീകരിച്ചു ചേര്‍ക്കുന്നുണ്ട് ജീവചരിത്രകാരി.

ഒരു നാടോടിക്കഥപോലെ മലയാളി വായനക്കാര്‍ ഏറ്റെടുത്ത മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും സാഹിത്യജീവിതത്തിന്റെയും സ്വപ്നലോകങ്ങളെ ഭാവാത്മകമായി പിന്തുടരുന്ന ഒന്നാണ് 'കടലിന്റെ നിറങ്ങള്‍'. സെന്‍സേഷണലിസം തീര്‍ത്തും കയ്യൊഴിയുന്ന, അന്തസ്സുറ്റ ഒരു ജീവിതചിത്രം ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നു. തിരകളടങ്ങിയ കടല്‍പോലെ, നീലാകാശത്തിനു താഴെ നിശ്ചലമായും സ്വച്ഛമായും വിശ്രമിച്ച ആ കാലനര്‍ത്തകിയുടെ കാമനാപാഠങ്ങള്‍ ആശ ഇങ്ങനെ സമാപിപ്പിക്കുന്നു:
'ഹംസഗാനം പാടി നാടകമവസാനിപ്പിച്ച് കമല അരങ്ങൊഴിഞ്ഞു. മുഖമമര്‍ത്തിത്തുടച്ച് തുടുപ്പിച്ച് ചുണ്ടിലൊരു പുഞ്ചിരി ഫിറ്റ് ചെയ്ത് പുരാതനമായ പുണെ നഗരത്തിലെ തണുത്ത കാറ്റില്‍ തലമുടി പറത്തി വീല്‍ചെയര്‍, വാക്കര്‍ എന്നീ ഉപാധികള്‍ വലിച്ചെറിഞ്ഞ് ആമിയോപ്പു ജഹാംഗീര്‍ ആശുപത്രിയുടെ പടിക്കെട്ടുകളിറങ്ങിനടന്നു. ആ കാല്‍വെപ്പുകള്‍ സുദൃഢമായിരുന്നു. പണ്ടേ മുന്നറിയിപ്പു തന്നതാണ്, 'പ്രേമം വേണ്ടെന്നു തോന്നുന്ന നിമിഷം ഞാനങ്ങു പോവും. ജീവിതവും അതിന്റെ പൊട്ടിച്ചിരികളും മടുത്താല്‍ ഞാനീ പടിയിറങ്ങും....' സഹോദരി ഈ ഭൂമിയില്‍നിന്ന് വിടവാങ്ങിയതിനെക്കുറിച്ച് സുലോചന നാലപ്പാട് എഴുതുന്നു. ആമിയായും കമലയായും മാധവിക്കുട്ടിയായും കമല സുരയ്യയായുമൊക്കെ സര്‍ഗ്ഗസൃഷ്ടിയുടെ വൈവിദ്ധ്യങ്ങളിലേക്കു വായനക്കാരെ ആനയിച്ച എഴുത്തുകാരി. യാഥാസ്ഥിതിക സമൂഹത്തിന്റെ നിയമാവലികളെ തകര്‍ത്തെറിഞ്ഞ് പുരുഷനെപ്പോലെ സ്ത്രീക്കും അവകാശങ്ങളുണ്ടെന്നു സ്ഥാപിച്ചവള്‍. താന്‍ ജീവിച്ച കാലത്തോട് നിരന്തരം കലഹിക്കുകയും സ്‌നേഹരാഹിത്യത്തിനും സ്‌നേഹനിഷേധത്തിനുമെതിരെ പ്രതിഷേധിക്കുകയും ചെയ്ത മാധവിക്കുട്ടി എന്ന എഴുത്തുകാരി ഓര്‍മ്മയായി. ഹൃദയത്തില്‍ തട്ടുന്ന ഒരു ചോദ്യം നമ്മളോട് ചോദിച്ചാണ് എഴുത്തുകാരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്: 'നിറവും മിനുസവും കാന്തിയും ചൂടുമുള്ള ഈ പാഴ്‌ത്തോടായ ശരീരത്തിനെ പ്രദര്‍ശിപ്പിക്കുവാനല്ല ഞാനാഗ്രഹിക്കുന്നത്. ഇതൊരു വെറും കൂത്തുപാവയാണ്. ഇതിന്റെ ചലനങ്ങള്‍ക്ക് ഒരു പാവയുടെ ചലനങ്ങളുടെ പ്രാധാന്യമേയുള്ളൂ. പക്ഷേ, അദൃശ്യങ്ങളായ എന്റെ ആത്മാവ് നിങ്ങളോട് ചോദിക്കുന്നു, എന്നെ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്കു സാധ്യമാവുമോ?' ഈ ചോദ്യമാണ് ജീവിതത്തിലുടനീളം മാധവിക്കുട്ടി നമ്മളോടു ചോദിച്ചതും'.  

മാധവിക്കുട്ടിയെ ഒരു നര്‍ത്തകിയായി ആശ സങ്കല്പിക്കുന്നു എന്നു കരുതാന്‍ ധാരാളം തെളിവുകള്‍ ഈ രചനയിലുടനീളമുണ്ട്. ഇസഡോറ ഡങ്കന്റെ ആത്മകഥയാണ് കമലയുടെ ഭാവജീവിതത്തിന്റെ അടിത്തറകളിലൊന്ന് എന്ന കാര്യം സൂചിപ്പിക്കുന്നില്ലെങ്കിലും ജീവിതനര്‍ത്തകി എന്നുതന്നെ കമലയെ സങ്കല്പിച്ചെടുക്കുന്ന ആഖ്യാനബോധം 'കടലിന്റെ നിറങ്ങ'ളിലുടനീളം ആശ പിന്തുടരുന്നുണ്ട്. കാലമാകുന്ന കടലിന്റെ കരയില്‍ നീല പോലെ തോന്നുന്ന നിറത്തിന്റെ നിറവില്‍ ജീവിതംകൊണ്ട് നൃത്തം ചെയ്ത ഒരു സ്ത്രീയുടെ കഥയാണ് ഈ കൃതി. ആ നൃത്തത്തില്‍ വിമോഹിതയായ ഒരു സ്ത്രീയുടെ ചുവടുവയ്പുകളായി ഈ ജീവചരിത്രരചനയെ കാണാം.

മലയാളം സൃഷ്ടിച്ച ഒരേയൊരു ഇന്ത്യന്‍ റൈറ്ററാണ് മാധവിക്കുട്ടി. ഇന്ത്യന്‍ മോഡേണിസത്തിന് മലയാളം നല്‍കിയ ഏറ്റവും മികച്ച സാഹിത്യപ്രതിഭ. ഇത്രമേല്‍ ബൗദ്ധികമായി മലയാളിയെ സ്വാധീനിച്ച മറ്റൊരെഴുത്തുകാരി നമുക്കു മുന്നിലില്ല. ഇത്രമേല്‍ കാമനാഭരിതമായി മലയാളി സ്ത്രീയെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച, ഇത്രമേല്‍ ധീരമായി മലയാളി സ്ത്രീയെ എഴുത്തു പഠിപ്പിച്ച മറ്റൊരാളും. നിശ്ചയമായും സംവാദാത്മകമായ സമീപനങ്ങള്‍ മുന്‍നിര്‍ത്തി നിരവധി ഭാവതലങ്ങളിലേക്ക് വികസിപ്പിക്കാവുന്ന, ആഖ്യാനത്തിലും ഉള്ളടക്കത്തിലും വിപുലീകരണ സാധ്യതകള്‍ ഏറെയുള്ള ഒരു ജീവചരിത്രപാഠമാണ് 'കടലിന്റെ നിറങ്ങള്‍'.

ഇന്ത്യന്‍-മലയാള ആധുനികതാവാദങ്ങളുടെ സൗന്ദര്യരാഷ്ട്രീയത്തിന്റെയും കേരളീയ നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍, മാധവിക്കുട്ടിയുടെ സ്ത്രീചിന്തകളുടെ രാഷ്ട്രീയവും കഥാസാഹിത്യത്തിന്റെ കലയും ആത്മാഖ്യാനങ്ങളുടെ ലാവണ്യവും ഇംഗ്ലീഷ് കവിതകളുടെ ലോകബോധവും 'എന്റെ കഥ'യുടെ സാംസ്‌കാരികതയും ഉഭയജീവിതങ്ങളിലൂടെ അവര്‍ നയിച്ച അപൂര്‍വസുന്ദരമായ ഭാവസഞ്ചാരങ്ങളുടെ കഥയും വിടര്‍ത്തിയെടുത്താല്‍ ഒരൊറ്റമരത്തിന്റെ സൂക്ഷ്മതയില്‍ നിന്ന് ഒരു ചെറുകാടിന്റെ വിശാലതയിലേക്ക് ഈ ജീവചരിത്രം വളര്‍ന്നു വരും.