ലഫ്.കേണല്‍ എ.കെ സുരേന്ദ്രന്റെ ആത്മകഥ 'ജീവിതം എന്ന തീക്കടല്‍' കെ.ആര്‍ രഘുനാഥന്റെ വായനയില്‍. 

To advertise here,

എന്ത് നിര്‍വചനങ്ങള്‍ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തണം എന്ന് ചിന്തിക്കുന്നവരുണ്ടങ്കില്‍ ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെയുടെ 'ജീവിതം എന്ന തീക്കടല്‍' വായിച്ചാല്‍ ഉത്തരം കിട്ടും.

ജനനത്തിന് മാത്രമേ സീനിയോറിറ്റി ഉള്ളൂവെന്നും മരണത്തിനത് ബാധകമല്ലന്നും ഈ പട്ടാളക്കാരന്‍ കുറിക്കുന്നു. താന്‍ കടന്നുപോയ ജീവിതത്തിന്റെ 
ആകെത്തുകയായ ഒരു സര്‍വ്വീസ് കാലമുണ്ടായിട്ടും ഈയൊരു പുസ്തകം കാലാതിവര്‍ത്തിയായി നിലനില്‍ക്കും എന്ന് എഴുതിത്തീര്‍ത്ത് മരണത്തിലേക്ക് നടന്നുപോയ ആ മനുഷ്യന് മുന്നില്‍ മരണം കാത്തുനിന്നു- തന്റെ ജീവിതം എഴുതിത്തീര്‍ക്കാന്‍. കാലം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കില്ലെന്നാണെങ്കിലും മരണം കാത്തുനിന്നു, അവസാന വരിയും എഴുതിത്തീരുന്നതുവരെ. 

പുസ്തകമിറങ്ങി ഒരു മാസമാകും മുമ്പേ രണ്ടാം പതിപ്പും വന്നു എന്നത് ആ സംഭവബഹുലമായ ജീവിതത്തിന്റെ മഹിമ അല്ലാതെ മറ്റൊന്നുമല്ല. 18-ാം വയസ്സില്‍ കുടുംബം പോറ്റാന്‍ പട്ടാളത്തില്‍ ചെന്ന ഒരു പയ്യന്‍ സര്‍വ്വീസിലിരിക്കെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി മുപ്പത്തഞ്ചാം വയസ്സില്‍ ടെസ്റ്റുകള്‍ എഴുതി ഓഫീസറാകുന്നു. ഉത്തരവാദിത്തപ്പെട്ട പോസ്റ്റിലിരിക്കേ ഓപ്പറേഷന്‍ മേഘദൂതില്‍ തനിക്ക് മാത്രം സ്വായത്തമായ ഒരു ഫയറിംഗ് വെപ്പണ്‍. ഒറ്റ ട്രിഗറില്‍ 40 ഷെല്ലുകള്‍ വര്‍ഷിക്കുന്നവന്‍!

18000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ഗ്ലേഷ്യറിലെ സീത എന്ന ബങ്കറില്‍ നിന്ന് മൈലുകള്‍ക്കപ്പുറമുള്ള പാക്കിസ്ഥാനുനേരെ ഉന്നം വെക്കുമ്പോള്‍ 
2 കിലോമീറ്റര്‍ അകലെ നിന്നൊരു സ്‌നൈപ്പര്‍ ഷോട്ട് എഴുത്തുകാരന്റെ നെഞ്ചിന്‍ കൂട് തുളച്ച് മറുകണ്ടം ചാടി പോകുന്നു. ബോധമറ്റു വീണ ഓഫീസര്‍ക്ക് എന്തെങ്കിലും ചികിത്സ കൊടുക്കണമെങ്കില്‍ 2000 അടി താഴയുള്ള ക്യാമ്പില്‍ എത്തിക്കണം. സഹപട്ടാളക്കാര്‍ വല്ലവിധവും താഴേക്കെത്തിക്കാന്‍ ശ്രമിക്കുന്നു.

 ഒറ്റയ്ക്കു പോലും നടക്കാന്‍ സാധ്യമാവാത്ത, ജീവവായു പോലുമില്ലാത്ത ചെങ്കുത്തായ മഞ്ഞ്മലയില്‍ കൂടി അവരദ്ദേഹത്തെ കെട്ടിവലിച്ച് ഏന്തിയും നിരങ്ങിയും തൂങ്ങിയും താഴേക്ക് ഇറങ്ങുന്നു. ഒന്ന് കാലിടറിയാല്‍ പിന്നെ ചിന്തിക്കേണ്ടതില്ല ഒരു ജീവനെപ്പറ്റിയും. 56 വര്‍ഷം മുമ്പെ മഞ്ഞുമലയില്‍ 
ആഴ്ന്നുപോയൊരു മലയാളി സൈനികനെ ഇക്കഴിഞ്ഞ ദിവസം കണ്ടെത്തിയത് നമ്മള്‍ വായിച്ചല്ലോ.

ഇടക്കെപ്പോളോ ബോധം വീണ്ടുകിട്ടിയ നിമിഷം എഴുത്തുകാരന്‍ തന്നെ പരിഹാരം കണ്ടെത്തുന്നു, സ്ലീപിംഗ് ബാഗില്‍ തന്നെ കെട്ടിവെച്ച് താഴേക്ക് വലിക്കാന്‍ പറയുന്നു. സ്ലീപിംഗ് ബാഗില്‍ പൊതിഞ്ഞ് കാലില്‍ കെട്ടി മഞ്ഞിന് മുകളിലൂടെ വലിച്ചിഴച്ച് 2000 അടി താണ്ടി ഡോക്ടറുടെ അടുത്തേക്ക്. വീണ്ടും 16000 അടി താണ്ടി മിലിറ്ററി ഹോസ്പിറ്റലില്‍ എത്തുമ്പോളേക്കും ഫ്രോസ്റ്റ് ബൈറ്റ് മൂലം ഒരു കൈയിലെ 3 വിരലുകള്‍ മുറിച്ച് കളയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വെടിയുണ്ട തുളച്ച് തളര്‍ത്തിയ ശേഷിയറ്റ കൈയും മറുകൈയുമായി വീണ്ടും യുദ്ധരംഗത്തേക്ക്.

 അതിനിടയില്‍ സ്റ്റേജ് 4 കാന്‍സര്‍. 5 വര്‍ഷം കൂടി തനിക്കിവിടെ ജീവിച്ചേ പറ്റൂ എന്ന തീരുമാനത്തിന് മുന്നില്‍ മരണം പകച്ചുനിന്നു. 5 വര്‍ഷം തികയുന്ന ദിവസം തന്റെ ജീവിതത്തെ ഒരു പുസ്തകത്തിന് പാകപ്പെടുത്തി മാതൃഭൂമിക്ക് അയച്ച് മരണത്തിന് കീഴടങ്ങിയ ഒരു കണ്ണൂരുകാരന്റെ സമാനതകളില്ലാത്ത ജീവിതം പറയുന്ന പുസ്തകമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച 'ജീവിതം എന്ന തീക്കടല്‍.'

വലിയ സാഹിത്യമൊന്നുമില്ലെങ്കിലും ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ ജീവിതം തെല്ലും വിരസതയില്ലാതെ ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ക്കാവുന്നൊരു നല്ല പുസ്തം ആണ് ജീവിതം എന്ന തീക്കടല്‍. ഈ അതിമാനുഷനെപ്പറ്റി  ലെഫ്റ്റനന്റ് കേണല്‍ സോണിയ ചെറിയാന്‍ തന്റെ ഇന്ത്യന്‍ റെയിന്‍ ബോ എന്ന വിശ്രുത ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ആ വായനയും ഇദ്ദേഹത്തെ കൂടുതലറിയാന്‍ സഹായിച്ചു.