'Stories are a communal currency of humanity '
                                         - Tahir Shah

To advertise here,

ഒരു കഥാസമാഹാരത്തിന്റെ ആമുഖം സ്വപ്നംപോലെ സുന്ദരമാകുന്ന കാഴ്ചയാണ് 'വേട്ടാള' എന്ന കഥയുടെ ആമുഖമായ കണ്ണീരിനെ പൂക്കളാക്കിയ പെണ്‍കുട്ടിയുടെ കഥ എന്ന ചെറിയ ലേഖനം. അതില്‍ ലോകത്തിലെ ഏറ്റവും പ്രാചീനമായ കഥ ഏതായിരിക്കും എന്നു ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ കാണാം. അവള്‍ 9-ാം വയസ്സിലെ ഓര്‍മ്മകള്‍ വീണ്ടെടുക്കുമ്പോള്‍, നിശബ്ദതയാണ് തനിക്ക് ഒരു മായികലോകത്തിലേക്ക് യാത്രയാവാനുള്ള അവസരമൊരുക്കിയത് എന്നു വ്യക്തമാക്കുന്നുണ്ട്. ആ വാചകങ്ങളിലൂടെ തന്നിലേക്ക് കഥയൊഴുകിയെത്തിയ നിമിഷങ്ങളെ അടയാളപ്പെടുത്തുകയാണ് ഫര്‍സാന എന്ന എഴുത്തുകാരി. 'എന്നെ ഞാനാക്കാന്‍, എന്നെ നവീകരിക്കാന്‍ ഉപകരിച്ച ആ പതിനൊന്നു കഥകളാണിവ' എന്ന് പ്രഖ്യാപിച്ച് വേട്ടാള എന്ന കഥാസമാഹാരത്തെ ഫര്‍സാന തന്നെയാണ് അവതരിപ്പിക്കുന്നത്

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വേട്ടാളയിലെ എല്ലാ കഥകളും വിവിധ ആനുകാലികങ്ങളില്‍ പല സമയത്തായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. മലയാള ചെറുകഥകള്‍ കാലദേശഭേദമന്യേ അനേകം പരിസരങ്ങളെ പശ്ചാത്തലമായി സ്വീകരിച്ചിട്ടുണ്ട്. ദേശീയവും വിദേശീയവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയുമുണ്ടായിട്ടുണ്ട് പക്ഷേ ചെന്താരകം എന്ന കഥയുടെ പശ്ചാത്തലഭൂമികയായ പോളണ്ടും അതില്‍ പരാമര്‍ശിക്കപ്പെടുന്ന സാഹചര്യവും ഭൂരിഭാഗം വായനക്കാര്‍ക്കും നവീനമായ അനുഭവങ്ങളാണ്. നാലു ദൃഢബന്ധങ്ങളാണ് ഈ കഥയുടെ ഊടും പാവുമാകുന്നത്. ഇന്ത്യക്കാരിയായ ജാനകിയും പോളണ്ടുകാരനായ ബെഞ്ചമിനും തമ്മിലും, ബെഞ്ചമിന്‍ എനര്‍ജി ബോംബ് എന്ന് വിശേഷിപ്പിക്കുന്ന വൃദ്ധനായ മുത്തച്ഛനും അവനും തമ്മിലും, മുത്തച്ഛനും അദ്ദേഹത്തിന്റെ യൗവനകാലത്തില്‍ ആഴ്ന്നു മുങ്ങിയ പ്രത്യയശാസ്ത്രം തമ്മിലും, മുത്തച്ഛനും അദ്ദേഹത്തിന്റെ കൗമാരക്കാലം മുതല്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച പോപ്പി എന്ന പെണ്‍കുട്ടിയും തമ്മിലുമുള്ള ബന്ധം എന്നിവയാണ് കഥയ്ക്കാധാരമാകുന്നത്. ഇത്തരം പല ബന്ധങ്ങള്‍ ഇഴചേര്‍ത്ത് സൃഷ്ടിക്കപ്പെട്ട ഈ കഥ ശരിതെറ്റുകളുടെ ആപേക്ഷികതയെ ചൂണ്ടിക്കാണിക്കുന്നു. 'ഒടുങ്ങുമ്പോഴാണ് തുടക്കമെന്ന് ' കഥയിലെ മുത്തച്ഛന്‍ പറയുന്നതു പോലെ വായനക്കാരന് തുടരാനുള്ള ഒരിടത്താണ് കഥ അവസാനിക്കുന്നത്.

'ചൈനീസ് ബാര്‍ബി ക്യൂ 'വിലെ ജാവേദ് ഇന്നുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു നായകനാണ്. 'ചില ഉത്തരവാദിത്തങ്ങളൊക്ക തലകുത്തനെ ചെയ്തു നോക്കണം ഹേ' എന്നു ചിന്തിക്കുന്നൊരാള്‍. കൗച്ച് സര്‍ഫിങ്ങ് ആപ്പിലൂടെ മാത്രം വിദേശരാജ്യങ്ങളില്‍ താമസസൗകര്യം തെരഞ്ഞെടുക്കുന്ന ആ അതിസാഹസികന്‍ നാന്‍ഫങ്ങ് ദാഷയിലെ എക്‌സിബിഷനിലേക്ക് നടത്തുന്ന യാത്രയും അവിടുത്ത ഉദ്വേഗഭരിതമായ ഒരു രാത്രിയുമാണ് ഈ കഥയുടെ കാതല്‍. കിഴക്കന്‍ ചൈനയുടെ പ്രകൃതിഭംഗിയും ഒ.സി.ഡി രോഗമുള്ള ഗ്വാങ് ലിന്റെ ചേഷ്ടകളും നേരില്‍ കാണുന്നതുപോലെയുള്ള അനുഭവം. ശ്വാസമടക്കിപ്പിടിച്ചു മാത്രം വായിച്ചുതീര്‍ക്കേണ്ടിവരുന്ന ഉദ്വേഗവും സംഘര്‍ഷവും പ്രദാനം ചെയ്യുന്ന കഥയാണിത്. 'ഒരിക്കലും ശമനം കിട്ടാത്ത വിശപ്പെന്നെ ചങ്ങാതിക്കൊപ്പമാണ് ഹൈറുമ്മയുടെ മകളുടെ പൊറുതി എന്ന ഒറ്റ പ്രയോഗത്തില്‍ തന്നെ 'ആകാശവണ്ടി ' എന്ന കഥയിലെ ഓട്ടിസം ബാധിച്ച ആ പെണ്‍കുട്ടിയെ നമുക്ക് കാണാനാവും. ജീവിതത്തില്‍ നിന്ന് പറിച്ചുനട്ടതു പോലെയുള്ള ഒരു കഥയാണ് ആകാശവണ്ടി.

കൊറോണക്കാലത്തെ ഏകാന്തതതയെ ഏറ്റവും സുന്ദരമായി അടയാളപ്പെടുത്തിയ കഥയാണ് വേട്ടാള. സുസ്‌ന മാത്യൂസ് എന്ന എന്ന നായികയുടെ സഹായത്തോടെ  വട്ടാള എന്ന് സ്വന്തമായി ഒരു പെണ്‍പദം സൃഷ്ടിച്ചെടുക്കുകയാണ് കഥാകാരി. പ്രണയവും നിരാസവും ഉദ്വേഗവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ഒരു രചനയാണിത്. 'ചില നേരങ്ങളിലെങ്കിലും എല്ലാ മനുഷ്യരിലും ഒരു പ്രവാചകന്‍ പിറക്കും' എന്ന വാചകമാണ് ഈ കഥയിലെ ഹൈലൈറ്റ്. ഒരു ചൈനീസ് തെരുവ് എന്ന കഥ ചൈനയിലെ തെരുവിന്റെ ഒരു എണ്ണഛായ ചിത്രം പോലെയാണ്. യുദു താഴ് വരകളെ തലോടിയെത്തുന്ന ശരത്കാല കാറ്റില്‍ ഉണര്‍ന്നുവരുന്ന തെരുവിന്റെ വര്‍ണ്ണശബളമായ ചിത്രമാണ് ഒരു ചൈനീസ് തെരുവ് എന്ന കഥ. ഒരു ചൈനീസ് നാടോടിക്കഥ പോലെ അനുഭവപ്പെടുന്ന ഫാന്റസിയാണ് ഈ കഥയുടെ പ്രത്യേകത. ച്യേ എന്ന കഥയും ചൈനീസ് സംസ്‌കാരത്തിന്റഒരു വിവരണമാണ്. വാങ്‌ലങ്ങും അവന്റെ അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ കഥ. അമ്മയുടെ പുനര്‍വിവാഹം കുഞ്ഞില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ദീര്‍ഘകാലമായി എഴുതപ്പെട്ടിട്ടുള്ളതാണ് പക്ഷേ ചൈനീസ് പശ്ചാത്തലത്തില്‍, ച്യേ എന്ന പ്രത്യേകവംശത്തിന്റെ സാമൂഹിക പരിസരത്ത് നിന്ന് ഈ കഥ അവതരിപ്പിക്കപ്പെടുന്നു. ഈ സമാഹാരത്തിലെ എല്ലാ കഥകളിലും മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ കാണാം. ഇഫ്‌രീത്ത് എന്നു പേരുള്ള പെണ്‍ജിന്നിന്റെ കഥയിലെ നായിക നടത്തുന്ന പ്രേതഭാഷണങ്ങളും, 'ചില സ്വയം തോന്നലുകളില്‍ അഭിരമിച്ചാലല്ലാതെ ഒരു സ്ത്രീക്കും പ്രണയത്തില്‍ വിജയിക്കാനാവില്ല' എന്ന ചിന്തയും സ്വതന്ത്രമായ പെണ്‍ജീവിതവുമെല്ലാം സ്വപ്നസമാനമാണ്. 

ഒപ്പീസിനും തുരങ്കത്തിനും കേരളീയ പശ്ചാത്തലം ഉണ്ട്. ജോസഫിന്റെയും മീനമ്മയും പ്രണയവും തളര്‍ന്നുപോയ ഭാര്യയെ പരിചരിക്കുന്ന ജോസഫിന്റെ സൂക്ഷ്മതയും പ്രണയവും മീനമ്മയുടെ ജീവിതവുമെല്ലാം ചേര്‍ന്ന് സങ്കീര്‍ണ്ണമായ കഥ. പാവക്കൂട്ട് എന്ന കഥ ദാമ്പത്യബന്ധത്തിലെ മറ്റൊരധ്യായമാണ്. തുരങ്കം എന്ന കഥയും നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ നേര്‍ത്ത കരച്ചില്‍ തന്നെയാണ്. ഈ കഥകളുടെ കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് ഇരട്ടനാളങ്ങള്‍. ബന്ധങ്ങള്‍ക്കപ്പുറത്ത് വ്യക്തികളുടെ ജീവിതം സ്വാതന്ത്ര്യം പ്രാപിക്കുന്നതിന്റെ ബൗദ്ധികതയാണ് ഈ കഥയുടെ കാതല്‍. കൂട്ടത്തില്‍ ഏറ്റവും ഗാംഭീര്യത്തോടെ തലയുര്‍ത്തി നില്‍ക്കുന്ന കഥ.

ഫര്‍സാനയുടെ  കഥകള്‍ ജീവിതത്തിന്റ നേര്‍ചിത്രങ്ങളാണ്. കണ്ടതും കേട്ടതും അനുഭവിച്ചതുമായ നിരവധി കാര്യങ്ങള്‍ കഥയുടെ ഫ്രെയിമിലേക്ക് അടുക്കും ചിട്ടയോടും കൂടി ചേര്‍ത്തുവയ്ക്കാന്‍ ഫര്‍സാനക്ക് കഴിയുന്നു. ഒരു സമൂഹത്തിന്റെ  സ്വത്വത്തെ ഏറ്റവും ഭംഗിയായി അടയാളപ്പെടുത്താന്‍ സാധിക്കുന്ന സാഹിത്യശാഖയാണ് ചെറുകഥ. ചെറുകഥയുടെ സാധ്യതകളെ നന്നായി ഉപയോഗിക്കുവാന്‍ ഫര്‍സാനക്ക് സാധിച്ചിട്ടുണ്ട്. കണ്ടിട്ടില്ലാത്ത ഒരു രാജ്യത്തെ അതിന്റെ തനിമയോടുകൂടി, കാഴ്ചസുഖത്തോടുകൂടി, മികവുറ്റ ചിത്രങ്ങളായി എഴുത്തിലൂടെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഫര്‍സാനയുടെ ശൈലിയുടെ പ്രത്യേകത. ഫര്‍സാനയുടെ കഥകളിലെല്ലാം ജീവിതത്തിന്റെ താളമുണ്ട്. എല്ലായ്‌പ്പോഴും ചുറ്റുപാടുകളിലേക്ക് ശ്രദ്ധിക്കുന്ന ഒരു എഴുത്തുകാരി ഫര്‍സാനയുടെ ഉള്ളിലുള്ളതായിരിക്കാം അതിനു കാരണം. ചെന്താരകം എന്ന കഥയില്‍ ബെഞ്ചമിന്‍ തന്റെ  നെഞ്ചിലേക്ക് മുത്തച്ഛനെ ചാരുമ്പോള്‍ അതിലെ നായികയായ ജാനകിയുടെ പ്രതികരണം അടുത്ത വാചകത്തില്‍ ഉണ്ട്. 'കഥയ്ക്കായി കാതുകള്‍ കൂര്‍ത്തു.' അതുതന്നെയാണ് ഫര്‍സാനയുടെ കഥകള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നത്. എവിടെയും കഥ കണ്ടെത്തുന്ന ഒരു എഴുത്തുകാരിയുടെ കേള്‍വിയുടെ മികവ്.