ഡോ. ടി.പി മെഹ്‌റൂഫ് രാജിന്റെ ലേഖനസമാഹാരമായ 'ഡോക്ടര്‍ ഇന്‍/ ഔട്ട് ' സി. എസ് മീനാക്ഷിയുടെ വായനയില്‍...
മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് പല പടവുകളുണ്ട്. മനുഷ്യസമൂഹത്തിന്റെ ബൗദ്ധികവും ഭൗതികവുമായ വികാസത്തെ സൂചിപ്പിക്കുന്ന വിവിധ ഘട്ടങ്ങളുണ്ട്. തീ, ചക്രം, കല്ലുകൂര്‍പ്പിച്ചുണ്ടാക്കിയ ഉപകരണം ഒക്കെ ഇതില്‍ പെടും. ഭാഷ സ്വായത്തമാക്കിയതാണ് ബൗദ്ധികവിനിമയങ്ങളില്‍ നിര്‍ണ്ണായകമായത്. ഒരുമിച്ച് കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ അവന്‍/അവള്‍ ഒരു സാമൂഹിക/കുടുംബ ജീവിതം നയിക്കാന്‍ തുടങ്ങി. മനുഷ്യന്‍ ഒരു സാമൂഹ്യജീവി ആയി മാറിയതിന്റെ ഒരു നാഴികക്കല്‍ സംഭവമേത് എന്ന ചോദ്യത്തിന് നരവംശശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് മീഡ് ഉത്തരം പറഞ്ഞത് 15,000 കൊല്ലം മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ അസ്ഥികൂടത്തിനെ ചൂണ്ടിയാണ്. ആ അസ്ഥികൂടത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. അതിന്റെ തുടയെല്ല് (femur bone) പൊട്ടിയിട്ട് കൂടിയ നിലയിലായിരുന്നു. തുടയെല്ല് പൊട്ടിയാല്‍ കുറഞ്ഞത് ആറാഴച്ചയാവും ശരിയാവാന്‍ എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. അതിന്റെ അര്‍ത്ഥം ആ മനുഷ്യനെ നടക്കാറാവുന്നതുവരെ ശുശ്രൂഷിക്കാന്‍, അയാള്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാന്‍ ആരൊക്കെയോ കൂടെയുണ്ടായിരുന്നു എന്നാണ്. ഒരു കടുവയ്‌ക്കോ ആനയ്‌ക്കോ ആണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ അത് കിടന്നിടത്ത് തന്നെ ചാവുമായിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തമാക്കുന്നത് ഈ കരുതലും കരുണയും അന്‍പും അനുതാപവുമാണ്.
ഇതേ കരുതലും കരുണയും അന്‍പും അനുതാപവുമാണ് ഡോ. മെഹ്‌റൂഫ് രാജിന്റെ പുസ്തകത്തിലെ 49 കുറിപ്പുകളിലും പ്രതിഫലിക്കുന്നത്. ഇതില്‍ കല്‍മേയുമ്മയുടെ ചികിത്സയ്ക്ക് കൂട്ടുവരുന്ന സുബൈദ മുതല്‍ പെരുമണ്‍ ദുരന്തത്തില്‍ പുഴയില്‍ നിന്നും ബോഗികള്‍ പുറത്തേക്ക് വലിച്ചെടുക്കുന്ന ഖലാസികള്‍ വരെയും, കോഴിക്കോട്ടെ ബീച്ചാസ്പത്രിയിലെ അന്തരീക്ഷം പ്രസാദാത്മകമാക്കുന്ന ഗാന്ധിഖദീസുമ്മ മുതല്‍ മാജിക് ഷെഫ് ഉസ്മാനിക്ക വരെയുമുള്ളവര്‍ ഉണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന മനുഷ്യരുടെ ജീവിതം, ജീവിതവീക്ഷണം ഇതിലുണ്ട്. അധികം കുറിപ്പുകളിലും തന്റെ ചികിത്സാമുറിയിലെത്തുന്ന മനുഷ്യരുടെ ജീവിതത്തുടിപ്പുകളാണ് നിറഞ്ഞുനില്‍ക്കുന്നത്. തന്റെ മുറിയിലേക്ക് കടന്നുവരുന്ന ഒരു രോഗിയുടെ മുഖഭാവവും, കൂടെയുള്ളവരുടെ മനോഭാവവും നിരീക്ഷിച്ചുമനസ്സിലാക്കുന്ന ഡോക്ടര്‍ അവരുടെ കുടുംബപശ്ചാത്തലവും സാമ്പത്തികാവസ്ഥയും സാമൂഹികസ്ഥിതിയും ചോദിച്ചറിഞ്ഞതിനുശേഷമാണ് ചികിത്സിക്കുന്നത്. കണ്‍നോട്ടമില്ലാതെ, മുഖത്തുപോലും നോക്കാതെ നമ്മള്‍ മുന്‍പിലേക്ക് നീട്ടുന്ന ലാബ് റിസള്‍ട്ടുകള്‍ മാത്രം നോക്കി രോഗം നിര്‍ണ്ണയിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും വ്യത്യസ്തനാണ് കോഴിക്കോട്ടെ ഈ ജീവന്‍ മശായ്. ഒരു രോഗിയുടെ നെഞ്ചില്‍ സ്റ്റെതസ്‌കോപ് വെച്ചു നോക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ മിടിപ്പുകളാണ് ഈ ഡോക്ടര്‍ അളക്കുന്നത് എന്ന് പി കെ ഗോപി അവതാരികയില്‍ എഴുതിയിരിക്കുന്നത് ശരിയാണെന്ന് ഈ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും ബോദ്ധ്യപ്പെടും.
കാലത്തിന്‍ കാലടികള്‍ കടന്നുകടന്നു പോകും കോലാഹലസ്വരങ്ങള്‍ കേള്‍ക്കാം ഈ കുറിപ്പുകളില്‍. കഴിഞ്ഞ ആറേഴു പതിറ്റാണ്ടുകളില്‍ കേരളീയസമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ചില പഴയകാലദൃശ്യങ്ങള്‍ വരച്ചിടുന്നുണ്ട്. പണ്ട് നാട്ടിന്‍പുറങ്ങളിലെ ഒരു കല്യാണവീട്ടില്‍ അയല്പക്കക്കാരൊക്കെക്കൂടി ദിവസങ്ങളോളം നടത്തുന്ന ഒരുക്കങ്ങള്‍, പാചകം ചെയ്യാനും വീട്ടുകാര്യങ്ങള്‍ക്കും ഒന്നിച്ചുകൂടുന്ന അയലോക്കത്തെ പെണ്ണുങ്ങള്‍, പന്തലൊരുക്കാനും പുറംകാര്യത്തിനും സഹകരിക്കുന്ന പുരുഷന്മാര്‍, പണപ്പയറ്റിനായി തെങ്ങില്‍ കെട്ടിവച്ച ഉച്ചഭാഷിണികള്‍, ഗ്രാമഫോണിനു ചുറ്റും കൗതുകം പൂണ്ട കണ്ണുകളോടെ നില്‍ക്കുന്ന കൊച്ചുകുട്ടികള്‍ എന്നിങ്ങനെ ഒരു കാലത്തെത്തന്നെ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്നു വിവരണങ്ങളിലൂടെ. ഗന്ധരാജനോ ചെമ്പരത്തിയോ, തെച്ചിയോ കൂടിപ്പോയാല്‍ മുളങ്കമ്പുകളോ കൊണ്ട് വേലി കെട്ടിത്തിരിച്ചിരുന്ന, ആര്‍ക്കും എപ്പോഴും സഞ്ചരിക്കാവുന്ന പറമ്പുകളില്‍ നിന്നും, മതിലുകെട്ടിത്തിരിച്ച വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും നമ്മള്‍ മാറിയപ്പോള്‍, നമ്മുടെ മനസ്സുകളും കൂടി മതിലുകെട്ടിത്തിരിക്കപ്പെട്ടുവോ എന്നദ്ദേഹം ആശങ്കപ്പെടുന്നു. കേരളീയസമൂഹശീലയുടെ പഴയ ഇഴയടുപ്പം നിലനിറുത്തേണ്ടത് ആരോഗ്യകരമായ ഒരു കൂട്ടുമനസ്സിന് അത്യന്താപേക്ഷിതമാണെന്ന് ഈ കുറിപ്പുകളോരോന്നും പറഞ്ഞു വെക്കുന്നുണ്ട്.
കാര്‍ഷികസംസ്‌കൃതിയില്‍ നിന്നും മുതലാളിത്തത്തിലേക്കും ആഗോളവിപണിശീലങ്ങളിലേക്കും വികസിച്ച മലയാളിയുടെ ചില സ്വഭാവമുദ്രകള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ഉപഭോഗതൃഷ്ണ, ആഡംബരഭ്രമം, ദേഹാദ്ധ്വാനമില്ലായ്മ, അമിതാഹാരം ഇതുകൊണ്ടൊക്കെ ഉണ്ടാകുന്ന പൊണ്ണത്തടി, ജീവിതശൈലിരോഗങ്ങള്‍ എല്ലാം ആശങ്കയോടെ ഡോക്ടര്‍ നോക്കിക്കാണുന്നുണ്ട്. കുട്ടികളെ മല്‍സരിക്കാനും വിജയിക്കാനും മാത്രമല്ല, മണ്‍പറ്റുള്ളവരാക്കാനും പൂക്കളേയും പാട്ടിനേയും സ്‌നേഹിക്കുന്നവരാക്കാനും കൂടി നമ്മള്‍ ശീലിപ്പിക്കണം എന്നദ്ദേഹം പറയുന്നു.
തങ്ങള്‍ ആര്‍ജ്ജിച്ച വിദ്യാഭ്യാസവും സാമ്പത്തികാശ്രിതത്വവും മനോഭാവമാറ്റങ്ങളും കൊണ്ട് നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിവാഹം പോലുള്ള കാര്യങ്ങളില്‍ എങ്ങിനെ സ്വയനിര്‍ണ്ണയാവകാശം നേടിയെടുത്തു എന്നദ്ദേഹം സാകൂതം നിരീക്ഷിക്കുന്നുണ്ട്. ഈ പുസ്തകപ്രകാശനച്ചടങ്ങ് വേദിയില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങായി മാറുകയും പോസ്റ്ററില്‍ പോലും സ്വന്തം പടം വരാതെ നോക്കുകയും ചെയ്തതിലൂടെ ഡോക്ടര്‍ മെഹ്‌റൂഫ് രാജ് ഒരു രാഷ്ട്രീയപ്രസ്താവന നടത്തുകയായിരുന്നു, വിശേഷിച്ച് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലുയര്‍ത്തിവിട്ട പശ്ചാത്തലത്തില്‍.
കേരളത്തില്‍ അധികമായി വരുന്ന ഗുണ്ടാസംസ്‌കാരത്തെക്കുറിച്ചുള്ള കുറിപ്പാണ് 'ഗുണ്ടകള്‍ വിളയും കാലം.' രാഷ്ട്രീയഗുണ്ട, സദാചാരഗുണ്ട, ക്വട്ടേഷന്‍ ഗുണ്ട തുടങ്ങീ പലതരം ഗുണ്ടകളുണ്ടിപ്പോള്‍ നാട്ടിലെന്ന് ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ സമൂഹത്തില്‍ പൊതുവെ കാണപ്പെട്ടുവരുന്ന അക്രമണോത്സുകതയോടുള്ള സഹിഷ്ണുതയാണ് ഈ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്. ഒ.ടി.ടി കാലം മുതല്‍ കഴിഞ്ഞ മൂന്നാലുവര്‍ഷമായി മലയാളത്തിലിറങ്ങുന്ന സിനിമകളുടെ പേരുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. കുരുതി, ആവേശം, തല്ലുമാല, വൂള്‍ഫ് അങ്ങിനെ പോകുന്നു അവ.
പേരുപോലെത്തന്നെ വയലന്റാണ് പല സിനിമകളുടെയും പ്രമേയവും. ഇപ്പോള്‍ പാട്ടുകളിലേക്കും ആ വയലന്‍സ് പടര്‍ന്നുപിടിച്ചിരിക്കുന്നു.
പേനാക്കത്തി കൊണ്ട് വിദ്യാരംഭം കുത്ത് ഹരിശ്രീ
കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച് സോഡ സര്‍ബ്ബത്ത്
എന്ന വരികളിലൊക്കെയുള്ള വയലന്‍സ് ഒന്നാലോചിച്ചാല്‍ ഒരു വിറ ഉള്ളിലൂടെ കടന്നുപോകും. എന്നാല്‍ വളരെ ലാഘവത്തോടെയാണ് പുതിയ തലമുറ ഈ വരികളൊക്കെ മൂളി നടക്കുന്നത്. ക്യാമ്പസ്സുകളില്‍ ആഘോഷമാണീ ഗാനങ്ങള്‍. ഇങ്ങനെ വയലന്‍സിനെ ലഘൂകരിക്കുന്നു, സാധാരണവല്‍ക്കരിക്കുന്നു എന്നത് ആശങ്കാജനകമാണ്.
ബര്‍ണ്ണാഡ് ഷാ, മാര്‍ക് ടൈ്വന്‍, ഐന്‍സ്‌റ്റൈന്‍, ബഷീര്‍, സക്കറിയ, ഒ വി വിജയന്‍, ഗാന്ധി, ബുദ്ധന്‍, ഉള്ളൂര്‍, ഓസ്‌കര്‍ വൈല്‍ഡ്, ചാര്‍ളി ചാപ്‌ളിന്‍, മാമുക്കോയ തുടങ്ങീ തന്റെ വിപുലമായ വായനയില്‍ കണ്ടുമുട്ടിയ നിരവധി മഹത് വ്യക്തികളുടെ വചനങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന ഈ കുറിപ്പുകളില്‍ അവിടവിടെയായി മിന്നുന്നുണ്ട്. എഴുത്തുകാരന്റെ നര്‍മ്മബോധതിന്റെ ഒരു അടിയൊഴുക്ക് മിക്ക കുറിപ്പുകളിലും അനുഭവപ്പെടും. അടുക്കളയില്‍ വെച്ച മീന്‍ പൂച്ച തിന്നുപോവുക. എല്ലാ വീടുകളിലും എപ്പൊഴെങ്കിലുമൊക്കെ നടന്നിരിക്കാവുന്ന ഒരു വാചകത്തിലൊതുക്കാവുന്ന സംഭവം. അതിനെ രണ്ടു പേജുള്ള കുറിപ്പാക്കി മാറ്റുന്നതിന് ചില്ലറ നര്‍മ്മബോധമൊന്നും പോരാ. ഡോ. സണ്ണിയില്ലാക്കാലം എന്ന കുറിപ്പ് അയമോട്ടിമാസ്റ്ററെ ബാധിച്ച ജിന്നുകളെ തലശ്ശേരി പണിക്കര്‍ ഒഴിപ്പിക്കുന്ന സംഭവം ബീത്താത്ത കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിഭൗതികലോകത്തെ മതേതരത്വസഹകരണം കൗതുകമുളവാക്കുന്നതാണ്.
സ്വതേ ഗജരാജവിരാജിതമന്ദഗാമിയായ യമുനേട്ടത്തി ഒരുമ്പെട്ടോളായി കരകവിഞ്ഞൊഴുകിയപ്പോള്‍ ഡല്‍ഹിയിലെ കോട്ടകൊത്തളങ്ങളെല്ലാം വിറങ്ങലിച്ചതും നാട്ടിന്‍പുറത്തെ സമ്മേളനത്തില്‍ ഉദ്ഘാടനത്തിനു കിട്ടിയ പ്രോത്സാഹനസമ്മാനവും തുടങ്ങീ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ പ്രമേയമാകുന്ന ഈ കുറിപ്പുകളില്‍ സാധാരണക്കാര്‍ വെളിവാക്കുന്ന ചില ജീവിതദര്‍ശനങ്ങളുണ്ട്. നീണ്ട കയറില്‍ കെട്ടിയിട്ട സ്വാതന്ത്ര്യവും കരുതലുമുള്ള ദാമ്പത്യബന്ധങ്ങളുണ്ട്. രോഗം കൊണ്ട് വിഷാദമയിയായി മാറിയ സഹോദരിയുടെ മുഖത്ത് പ്രസാദവും പുഞ്ചിരിയും വിടര്‍ത്തുന്ന സഹോദരീസ്‌നേഹമുണ്ട്, പുതിയാപ്‌ളേന്റെ ചെരിപ്പു ചുമക്കുന്ന കഥാകാരനുണ്ട്. തന്റേതിനെ അമിതമായി സ്‌നേഹിക്കാതിരിക്കുകയും അപരത്വത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഗാന്ധിദര്‍ശനമുണ്ട്.
കോഴിക്കോട്ട് നടക്കുന്ന മിക്ക സംഗീതപരിപാടികളിലും ഡോ. മെഹ്‌റൂഫ് രാജിന്റെ സാന്നിദ്ധ്യമുണ്ടാകും. പതിനഞ്ചുകൊല്ലം മുന്‍പ് ടൗണ്‍ഹാളിലെ ഒരു സംഗീതവേദിയില്‍ വച്ചാണ് ഡോക്ടറെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം കല്യാണി(യമന്‍) രാഗാധിഷ്ടിതമായ ഒരു പാട്ടുപരിപാടി അവതരിപ്പിക്കുകയായിരുന്നു. ഒരു ഹാര്‍മോണിയവും തബലയും മാത്രം അകമ്പടി. അന്ന് ' കണ്മണി നീയെന്‍ കരം പിടിച്ചാല്‍' എന്ന ഗാനം കൂടെപ്പാടുവാനും എനിക്കവസരം കിട്ടി. പിന്നീട് പല വേദികളിലും അദ്ദേഹം അവതരിപ്പിക്കുന്ന പാട്ടുകള്‍ കേട്ടു. കോവിഡ് കാലത്ത് 'സംഗീതമേ ജീവിതം' എന്ന പാട്ടുഗ്രൂപ്പ് എല്ലാ ആഴ്ചയിലും രാത്രി ഓണ്‍ലൈനായി അവതരിപ്പിക്കുന്ന സംഗീതസദിരുകളില്‍ തന്റെ സംഗീതവും ഭാഷണവും കൊണ്ട് അദ്ദേഹം സാന്ത്വനമരുളി. മുഹമ്മദ് റഫി ഗാനങ്ങളെ ഗാഢമായി പ്രണയിക്കുന്ന ഡോക്ടര്‍ സ്വയമലിഞ്ഞാണ് റഫിഗാനങ്ങള്‍ പാടുക. അപൂര്‍വ്വഗാനങ്ങള്‍ പാടുകയും അവയെക്കുറിച്ച് അതീവചാരുതയോടെ പറയുകയും ചെയ്യുക എന്നത് ഡോക്ടറുടെ ഒരു സവിശേഷതയാണ്.' കല്പനാരാമത്തില്‍ കണിക്കൊന്ന പൂത്തപ്പോള്‍ സ്വപ്നമനോഹരി നീ വന്നു' എന്ന കൊച്ചിന്‍ ഇമ്രാഹിം- എല്‍ ആര്‍ അഞ്ജലി യുഗ്മഗാനം ഹൃദയഹാരിയായി അവതരിപ്പിച്ചത് ഓര്‍മ്മയിലുണ്ട്. ഈ പുസ്തകത്തില്‍ ബാബുരാജിനെക്കുറിച്ച് ഒരു കുറിപ്പുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന ഒരു ഗാനം ജാനകി പാടിയ 'ആടാനുമറിയാം കാമുകഹൃദയത്തെ അമ്മാനമാടാനുമറിയാം' ആണ്. കാറ്റത്താടുന്ന സാരിത്തുമ്പിന്റെ ഇളക്കങ്ങള്‍ പോലെയാണ് ഈ പാട്ടിലെ ഗമകസഞ്ചാരങ്ങള്‍ എന്നാണദ്ദേഹമെഴുതുന്നത്. ഇത്തരം മനോഹരമായ ഉപമകള്‍ കൊണ്ടും വര്‍ണ്ണനകള്‍ കൊണ്ടും പല പാട്ടുകളേയും മറക്കാനാവാത്ത വിധം വായനക്കാരുടെ മനസ്സിലുറപ്പിക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: cs meenakshi reviews dr mehroof raj book doctor in out
Published: 13 Sept 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented