രഞ്ജു കിളിമാനൂര്‍, ലിജിന്‍ ജോണ്‍ എന്നിവര്‍ രചിച്ച്‌ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ബി.സി. 261' എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം... 

To advertise here,

കഥ പറയുന്ന സാഹിത്യത്തിനോട് പരക്കെ ഒരു വിലക്കുറവുണ്ട്. സാഹിത്യം നിരന്തരം സമകാലികജീവിതാവസ്ഥകളും ദാര്‍ശനികസമസ്യകളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കണം എന്നാണ് ലിറ്റററി ഫിക്ഷന്‍കാരുടെ നില. എങ്കിലും വായിച്ചാസ്വദിക്കപ്പെടുന്ന കഥകളിലൂടെയാണ് സാഹിത്യം നിലനില്‍ക്കുന്നത്. രണ്ടായിരങ്ങളുടെ ആദ്യദശകത്തെ അപേക്ഷിച്ച് രണ്ടാം ദശകത്തില്‍ കഥ പറയുന്ന കഥകള്‍ മുഖ്യധാരാസാഹിത്യത്തിന്റെ ഒപ്പം തന്നെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നുമാത്രമല്ല അവ സാമാന്യം നന്നായി വില്‍ക്കപ്പെടുകയും ചെയ്യുന്നു. സത്യത്തില്‍ ഇനി ഇവിടെ സംഭവിക്കേണ്ടത് ഈ 'പുതിയ' ജനപ്രിയധാരയില്‍ നിന്ന് ഒരു രചന സിനിമയാകുകയും അത് കൊമേഴ്ഷ്യല്‍ വിജയം നേടുകയുമാണ്. അത് ഈ മേഖലയിലേയ്ക്ക് വിപണിയുടെ ശ്രദ്ധ വീഴ്ത്തും. സിഡ്‌നി ഷെല്‍ഡണ്‍, സ്റ്റീഫന്‍ കിംഗ്, വില്‍ബര്‍ സ്മിത്ത്, ഡിക്ക് ഫ്രാന്‍സിസ് എന്നിങ്ങനെ അമേരിക്കന്‍ ബെസ്റ്റ് സെല്ലര്‍ എഴുത്തും ഹോളിവുഡും പരസ്പരം സഹായിച്ചാണ് തഴച്ചുവളര്‍ന്നത്. 

ഇതിപ്പോള്‍ പറയാന്‍ കാര്യം രഞ്ജു കിളിമാനൂരും ലിജിന്‍ ജോണും ചേര്‍ന്നെഴുതിയ 'ബി.സി. 261' എന്ന നോവല്‍ വായിച്ചതുകൊണ്ടാണ്. വാരികകളില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന മലയാളം ജനപ്രിയ നോവലുകളുടെ ഘടനയില്‍ നിന്നും പ്രമേയങ്ങളില്‍ നിന്നും പുതിയ ജനപ്രിയ നോവലിനുണ്ടായ മാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട് ഈ നോവല്‍. പഴയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള രചനകളോട് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ലോകമെമ്പാടും നോവലുകളിലും സിനിമകളിലുമായി താല്‍പര്യം ഉയര്‍ന്ന് വന്നിട്ടുണ്ട്. പൂര്‍വകാലഘട്ടം സിനിമയില്‍ അവതരിപ്പിക്കുന്നതിലുള്ള ചലച്ചിത്രപരമായ വെല്ലുവിളി, ആക്ഷന്‍ ചിത്രീകരണത്തിന്റെ സാധ്യതകള്‍ ഇവയെല്ലാം പ്രേക്ഷകരെയും സിനിമാക്കാരെയും ആകര്‍ഷിച്ചിട്ടുണ്ട്. രഞ്ജു പറഞ്ഞപ്രകാരം ഈ രചനയും ഒരു സിനിമാപദ്ധതിയില്‍ നിന്നാണ് നോവല്‍ രൂപം കൈക്കൊണ്ടത് എന്ന് തോന്നുന്നു. 

രഞ്ജു എഴുതിയ കുറ്റാന്വേഷണകഥകളും ഒരു നോവലും മുന്‍പ് ഞാന്‍ വായിച്ചിട്ടുണ്ട്. കഥകള്‍ മെനഞ്ഞെടുക്കുന്നതില്‍ അദ്ദേഹത്തിനുള്ള ഒരു താല്‍പര്യം മനസിലാകുന്നത് ഒടുവില്‍ കുറ്റാന്വേഷകന്‍ ക്രൈമിന്റെ പിന്നിലെ ബാക്ക്‌സ്റ്റോറി പറയുന്ന ഭാഗങ്ങളിലാണ്. ലിജിന്റെ മുന്‍പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. മിത്തോളജിയിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും കുറ്റാന്വേഷണത്തിലുള്ള രഞ്ജുവിന്റെ താല്‍പര്യവും സംയോജിപ്പിക്കാവുന്ന ഒരു കഥയാണ് അവര്‍ നോവലിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ആമുഖത്തില്‍നിന്ന് മനസിലാകുന്നു. 

തികച്ചും ആസ്വാദ്യകരമായ ഒരു ആഖ്യാനമാണ് എഴുത്തുകാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പേരിന് ആധാരമായ ബി.സി. 261 ല്‍ കലിംഗയുദ്ധകാലത്തെ ഒരു സംഭവത്തില്‍ നിന്ന് ആരംഭിക്കുന്ന നോവല്‍ തുടര്‍ന്ന് സമകാലിക കേരളത്തില്‍ നടക്കുന്ന ഒരു കൊലപാതകപരമ്പരയുടെ അന്വേഷണത്തിലേയ്ക്ക് നീങ്ങുന്നു. അന്വേഷണത്തില്‍ ചരിത്രകാലത്തിന്റെ റഫറന്‍സുകള്‍ കടന്നുവരുന്നതോടെ നോവല്‍ ഉദ്വേഗം കൈവരിക്കുന്നു. തുടര്‍ന്ന് അനിവാര്യമായ കേന്ദ്രകഥാപാത്രങ്ങളുടെ പര്യവേക്ഷണയാത്രയാണ്!

ലോകജനപ്രിയ സാഹിത്യത്തിലും സിനിമയിലും വേരുകളുള്ള ഒരു നോവല്‍ വിഭാഗമാണ് ഇത്. റൈഡര്‍ ഹഗ്ഗാര്‍ഡിന്റെ വിഖ്യാതമായ ഷീ(She), അതിന്റെ തുടര്‍ച്ചയായ Ayesha, The Return of She, സിനിമയിലെ ഇന്‍ഡ്യാന ജോണ്‍സ് പരമ്പര, ഇങ്ങനെ വായനക്കാരെയും സിനിമാപ്രേമികളെയും ഉദ്വേഗം കൊള്ളിച്ചിട്ടുള്ള ഒരു ഉപവിഭാഗമാണിത്. വളരെ എന്‍ഗേജ് ചെയ്യുംവിധം ചരിത്രത്തെയും സമകാലികലോകത്തേയും ബന്ധിപ്പിക്കുന്ന ആഖ്യാനം രൂപപ്പെടുത്താന്‍ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഏറ്റവും വായനാസുഖം നല്‍കിയ ഭാഗം, കഥാപാത്രങ്ങള്‍ ഒരു വനാന്തര്‍ഭാഗത്തേയ്ക്ക് നടത്തുന്ന യാത്രയുടേയും അതിനിടയിലെ സാഹസികാനുഭവങ്ങളുടേയും വിവരണങ്ങളാണ്.

തിരക്കഥയില്‍ നിന്ന് നോവലിലേയ്ക്ക് വന്നതുകൊണ്ടാകാം, കഥ പറച്ചിലിനേക്കാള്‍ ദൃശ്യവല്‍ക്കരണത്തിന് പ്രാധാന്യമുള്ള ആഖ്യാനമാണ്. മിത്തോളജിക്കല്‍ കാലഘട്ടം പശ്ചാത്തലമായി വന്നിട്ടുള്ള സിനിമകള്‍-ബാഹുബലി പോലെയുള്ള സിനിമകളുടെ ഒരു മൈസ് ഓണ്‍ സീനും (mise-en-scene) പഴയകാലഘട്ടം വരുന്ന രംഗങ്ങളില്‍ കാണാം.  

കഥാപാത്രങ്ങള്‍ 'എടാ, പോടാ' എന്ന് പരസ്പരം  ഇടപെടുന്ന ഇടങ്ങളില്‍ മാത്രമാണ് വ്യക്തിഗതമായി എനിക്ക് പ്രമേയത്തിന്റെ ഗൗരവം ഭാഷണങ്ങളില്‍ നഷ്ടപ്പെടുന്നു എന്ന് തോന്നിയത്. അത് വ്യക്തിഗതമായൊരു പ്രിഫറന്‍സ് ആണ്. അത്തരം പ്രാദേശികതകള്‍ സംഭവങ്ങളെ കേരളത്തിലേയ്ക്ക് ചുരുക്കുന്നതുപോലെ തോന്നുന്നു. വായന ഒരു പതിവല്ലാത്ത ആളുകളേയും താല്‍പര്യപ്പെടുത്താന്‍ കഴിയുന്ന ഒരു ശൈലി ഉടനീളം നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നതും രണ്ടാം പതിപ്പിലേയ്ക്ക് വളരെ വേഗം എത്തിയിരിക്കുന്നു എന്നതും രഞ്ജുവിന്റേയും ലിജിന്റേയും ശ്രമം വെറുതെയായിട്ടില്ല എന്നതാണ് സൂചിപ്പിക്കുന്നത്.