മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജസീന റഹീമിന്റെ 'അത്രമേല്‍ ഒരു പെണ്ണില്‍' എന്ന പുസ്തകത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കാം...
പുസ്തക ശീര്ഷകത്തിലൂടെത്തന്നെ തന്റെ ലിംഗപരമായ സ്വത്വപ്രഖ്യാപനവും സര്ഗവൈഭവങ്ങളുടെ പ്രകാശനവും നടത്തുകയാണ് ജസീന. പുസ്തകത്തിലുടനീളം സ്ത്രൈണതയുടെ സ്വത്വബോധത്തെ തന്റെ സര്ഗകാമനകളുടെ കണ്ണിലൂടെ വിളക്കിച്ചേര്‍ക്കുമ്പോള്‍ വായനക്കാരന് ലഭിക്കുന്നത് അനുപമമായ ഒരു നവ്യാനുഭൂതിയാണ്. തന്നിലെ സ്ത്രൈണബോധത്തെ അവള് മറച്ചുവെക്കുന്നില്ലെന്ന് മാത്രമല്ല, തന്റെ സമസ്ത വികാരങ്ങളേയും, വിചാരങ്ങളേയും വ്യക്തമായും ചടുലമായും ആവിഷ്കരിക്കുകയാണ്.
തന്റെ സ്വപ്നങ്ങളുടെ തകര്ച്ചകള്ക്കിടയിലും അവള് അധീരയാവുന്നില്ല. തന്റേതായ ഒരിടം സ്ഥാപിച്ചെടുക്കുക എന്ന ദൗത്യം കൂടി അവള് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. തന്റെ മതബോധത്തെ, മാനവികതയുമായി ഇഴുകിച്ചേര്ക്കുമ്പോഴും, അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുക തന്റെ കടമയാണെന്നു കൂടി ജസീന തിരിച്ചറിയുന്നുണ്ട്.
തന്റെ സമസ്ത വികാരങ്ങളേയും, അത് സന്തോഷമാകട്ടെ, സന്താപമാകട്ടെ, ഭയമാകട്ടെ, വിഹ്വലതയാകട്ടെ, കാരുണ്യമാകട്ടെ, അനുതാപമാകട്ടെ, വെറുപ്പാകട്ടെ ഒന്നും അവള് മറച്ചുവെയ്ക്കുന്നില്ല. താനെന്താണെന്നും തനിക്കു പറയുവാനുള്ളതെന്താണെന്നും നിര്‍ഭയമായി പൊതുസമൂഹത്തിന്റെ മുമ്പില്‍ അനാവരണം ചെയ്യുകയാണ്, ജസീന.
അവള് ഒന്നിന്റേയും വിധികര്ത്താവാവുന്നില്ല; അതോടൊപ്പം വിധിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നുമില്ല. മാനവികതയുടെ ജൈവിക പരിസരങ്ങളില്‍ തന്നേയും തന്റെ കുടുംബത്തേയും അവതരിപ്പിച്ചുകൊണ്ട്, നൈതികതയുടെ, മൂല്യബോധത്തിന്റെ പൊതുബോധം സൃഷ്ടിക്കുക എന്ന ദൗത്യംകൂടി ജസീന നിര്‍വഹിക്കുന്നുവെന്നതാണ് വസ്തുത.
ജസീന, തന്നിലേക്കുമാത്രം തിരിക്കുന്ന കണ്ണാടിയാവുന്നില്ല. അവള് അത് സമഷ്ടിയിലേക്ക് തിരിച്ചുവെയ്ക്കുകയും അവയിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കുക കൂടി ചെയ്യുന്നുണ്ട്. തന്റെ അറിവുകളെ പുത്തന്‍ തിരിച്ചറിവുകളാക്കി അവള് പരിവര്‍ത്തിക്കുകയാണ്.
സാരിയില്‍ ഓടിത്തോറ്റ മത്സരം മുതല്‍ ഇന്ത്യന്‍ മെനുവിലെ പാറ്റ വരെയുള്ള 18 അധ്യായങ്ങളിലായി ജസീന വരച്ചുകാട്ടുന്നത് മലയാളിയുടെ സാമൂഹ്യജീവിതബോധത്തെ തന്നെയാണ്. പുസ്തകത്തിന്റെ തുടക്കത്തില്‍ത്തന്നെ തന്റെ നിസ്സഹായതയെ അവള് തിരിച്ചറിയുന്നു. പക്ഷേ അവള് തോല്ക്കാന് തയ്യാറാവുന്നില്ല. തന്റെ നിസ്സഹായതയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ അവള് അന്വേഷിക്കുകയാണ്. അവള്‍ക്ക് തന്റെ സ്വത്വബോധത്തെ സമൂഹത്തില്‍ അടയാളപ്പെടുത്തിയേ മതിയാവൂ.
തന്റെ കടുത്ത ഇച്ഛാശക്തികൊണ്ട് അവള് കീഴടക്കുന്നത് സാമൂഹ്യനിര്‍മിതിയിലെ അപഭ്രംശത്തെത്തന്നെയാണ്. അവള്‍ക്ക് ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടാന്‍ കഴിയുന്നില്ലായിരിക്കാം. അതിനേക്കാള്‍ തിളക്കമുള്ള വെള്ളി നേടുമ്പോള്‍ അവള് കാണുന്നത് തന്റെ ഭാവിജീവിത വിജയത്തിന്റെ രജതരേഖയെത്തന്നെയാണ്.
സ്കൂളില്‍ ഗണിതവിജ്ഞാനത്തിന്റെ വിജയിയായി അവള് അടയാളപ്പെടുത്തിന്നില്ലായിരിക്കാം. എങ്കിലും അതിനേക്കാള്‍ മഹത്തരമായ ജീവിതത്തിന്റെ കണക്കു പുസ്തകങ്ങളില്‍ അവള് പൊരുതിക്കയറുകയാണ്. ഗണിത ശാസ്ത്രാധ്യാപികയുടെ വിഷലിപ്തമനസ്സിന്റെ ആഴമറിയുമ്പോഴും അവള് തോറ്റുകൊടുക്കുന്നില്ല, ഒന്നിലും; ഒരിക്കലും!
പ്രകൃതിദുരന്തങ്ങളുടെ ഭീകരത അവളെ ഭയപ്പെടുത്തുമ്പോഴും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെയും ജൈവബന്ധത്തിന്റെയും സ്നേഹപാശങ്ങള്‍ അവളെ വലിച്ചുമുറുക്കുക തന്നെ ചെയ്യുന്നുണ്ട്. ഭൂമിക്ക് താഴെ മറ്റൊരു ഭൂമിയുണ്ടെന്നും, കടലിനു താഴെ മറ്റൊരു കടലുണ്ടെന്നും, മലകള്‍ക്കുമേലെ വേറെ മലകളുണ്ടെന്നും, ആകാശത്തിനു മേലെ ഏഴാകാശങ്ങളുണ്ടെന്നും ശുക്കൂര്‍ മാഷ് പറഞ്ഞത് പ്രപഞ്ച സത്യമാണെന്ന് അവള് വിശ്വസിക്കുമ്പോഴും, ദുരന്തങ്ങള്‍ പ്രകൃതിയുടെ രൗദ്രഭാവത്തിന്റെ പ്രതിഫലനമാണെന്ന് ജസീന നിരീക്ഷിക്കുന്നുണ്ട്.

ജസീനയുടെ രചനാവൈഭവം അടയാളപ്പെടുത്തുന്നത് അതിന്റെ ഭാഷാപരമായ പ്രയോഗശൈലി തന്നെയാണ്. എഴുത്തിലെ കാവ്യഭംഗി അന്യൂനവും പ്രതീക്ഷാനിര്‍ഭരവുമാണ്. ഓര്മക്കുറിപ്പിലുടനീളം പ്രത്യക്ഷപ്പെടുന്ന കാവ്യബിംബങ്ങള്‍ ഏതൊരു സഹൃദയനായ വായനക്കാരനേയും വിസ്മയഭരിതനാക്കുക തന്നെ ചെയ്യും. പ്രതീകങ്ങളുടെ ധാരാളിത്തംകൊണ്ട് ജസീനയെ കാലം അടയാളപ്പെടുത്തുക കവയിത്രിയായിട്ടായിരിക്കും എന്നാണ് എന്റെ വിശ്വാസം.
ഇരുട്ടു കെട്ടിക്കിടക്കുന്ന ക്ലാസ്മുറി (ജീവിതമെന്ന കണക്ക്), നിശ്ശബ്ദമായ നിലവിളി (പ്രകൃതിയും മനുഷ്യനും), ഓര്‍മ്മയുടെ കൊള്ളിക്കുമുമ്പില് തെളിഞ്ഞുവരുന്ന വെട്ടങ്ങള്‍ (ദേവി തീപ്പെട്ടിക്കമ്പനി), കാലത്തിന്റെ ഘടികാരത്തിലെ ചെറിയ സൂചിയെ തൊട്ടു കറങ്ങാന്‍ തുടങ്ങുന്നതുപോലെ ഞാന്‍ പതിയെ തുളുമ്പിപ്പരക്കാന് തുടങ്ങി ( അടി കിട്ടിയിട്ടും മോഷ്ടിച്ചു), അതേ അധ്യായത്തിലെ ആത്മീയതയുടെ കുന്തിരിക്കപ്പുക, കാറ്റില്ലാതെ ഊഞ്ഞാലാടുന്ന വന്മരം(പൂഞ്ച് ബീഗം), ആകാശം തുറന്നിട്ട വാതിലുകള്‍ (ട്രയിനിലെ പെണ്‍കുട്ടി), ഖേദം നിറഞ്ഞണഞ്ഞ ഒരൊറ്റ നക്ഷത്രം, മലത്തേക്കാള് മലിനമായ മനസ്സ് (എന്റെ പപ്പ), തീയുടെ ചിറകുള്ള പൂമ്പാറ്റകള്‍, കൂരയുടെ സ്വപ്നം എന്നീ ശീര്‍ഷകങ്ങളുള്ള അധ്യായങ്ങള്‍, നക്ഷത്ര ശോഭയുള്ള മുഖം (ജഗന്നാഥന്റെ റാണി), താമരമൊട്ടു പോലെ കൂമ്പി നില്ക്കുന്ന വെള്ളക്കൊക്കുകള്‍ (ഇന്ത്യന്‍ മെനുവിലെ പാറ്റ) തുടങ്ങിയ എത്രയെത്ര മനോഹരവും അനിര്വചീനയവുമായ ബിംബകല്പനകളാല് സമൃദ്ധമാണ് ജസീനയുടെ ഓര്‍മക്കുറിപ്പുകള്‍.
പുസ്തകം വായിച്ചു തീരുമ്പോള്‍ ആമിന ഒരു തീരാനോവായി ഓരോ വായനക്കാരെന്റെ ഹൃദയത്തിലും നിറഞ്ഞു നില്ക്കും. അസുലഭവും അനിര്‍വചനീയവുമായ വായനാനുഭവമാണ് ജസീനയുടെ 'അത്രമേല്‍ ഒരു പെണ്ണിന്'- എന്ന ഓര്മപ്പുസ്കം. സഹൃദയരുടെ ആര്‍ദ്ര ഹൃദയങ്ങളില്‍, ജസീനയുടെ സര്‍ഗവൈഭവത്തിന്റെ കൈയ്യൊപ്പ് എന്നെന്നും പതിഞ്ഞു കിടക്കുക തന്നെ ചെയ്യും, തീര്‍ച്ച.
Content Highlights: Book review of 'Athramel Oru Pennil'
Published: 01 Jun 2025, 08:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented