
അന്‍വര്‍ അബ്ദുള്ള രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇന്നലെകള്‍ക്കപ്പുറം' എന്ന പുസ്തത്തിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം...
ഓര്‍മകളുടെ ആന്തരിക ജീവിതമല്ലാതെ മനുഷ്യന്റെ സങ്കീര്‍ണമായ ഹൃദയലോകത്തില്‍ ജീവിതസന്ദര്‍ഭങ്ങള്‍ ഉണ്ടോ? ഓര്‍മകളുടെ ന്യൂറോണുകള്‍കൊണ്ട് നിര്‍മിച്ച മനസ്സിനുള്ളില്‍ ഹിമപാതങ്ങളുടെ ഒരു തണുവു വന്നുറ്റുന്നതും ശിശിരം കത്തിയമരുന്നതും ഒരു കനല്‍തരിയെരിയുന്നതും ഉള്ളം നീറുന്നതും തിരശ്ശീലയിലും കടലാസിലും വരച്ചിടുന്നതുകൊണ്ടുകൂടിയാണ് എഴുത്തുകാരന്‍ കലാകാരനാവുന്നത്. ഇത്തരം ഭാവലോകങ്ങളിലെ അപരജീവിതമാണ് എഴുത്തുകാര്‍ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന സമ്മാനങ്ങള്‍. സാഹിത്യത്തിന്റെ പ്രയോജനങ്ങളില്‍ പ്രധാനം ഈ ആത്മീയ-അതിഭൗമ സൗഭാഗ്യം തന്നെ. മേല്‍ക്കുറിച്ച ആലോചനകള്‍ക്ക് കാരണം, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇന്നലെകള്‍ക്കപ്പുറം' എന്ന നോവല്‍ വായിച്ചതാണ്.
2021-ലെ ഗൃഹലക്ഷ്മി പ്രത്യേക പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ അന്‍വര്‍ അബ്ദുള്ളയുടെ 'ഇന്നലെകള്‍ക്കപ്പുറം' അക്കാലത്ത് തന്നെ വായിച്ചുതീര്‍ത്ത് ഇന്നലെയുടെ തുടര്‍ച്ച അനുഭവിച്ചിരുന്നു. ഇപ്പോഴത് പുസ്തകരൂപത്തില്‍ വീണ്ടും വായിക്കുകയായിരുന്നു.
പലതരം എഴുത്തുകള്‍ കൈവശമുള്ള അന്‍വര്‍ ഈയിടെ കൂടുതലും അറിയപ്പെടുന്നത് ഡിറ്റക്ടീവ് നോവലിസ്റ്റായാണ്. മാതൃഭൂമി ബുക്‌സ് തന്നെ പുറത്തിറക്കുന്ന ഡിറ്റക്ടീവ് പെരുമാള്‍ പരമ്പരയാണ് അതിനു കാരണം. സിറ്റി ഓഫ് എം, മരണത്തിന്റെ തിരക്കഥ, പ്രൈം വിറ്റ്‌നസ്, കംപാര്‍ട്‌മെന്റ്, 1980 എന്നിങ്ങനെ അഞ്ചുനോവലുകള്‍ ആ സീരീസില്‍ പല പതിപ്പുകള്‍ പിന്നിട്ട് ഒന്നര ദശാബ്ദമായി വന്നുകൊണ്ടിരിക്കുന്നു. അതേസമയം, മാതൃഭൂമി തന്നെ പ്രസിദ്ധീകരിച്ച ഡ്രാക്കുള, ഗതി, കപ്പല്‍ച്ചേതത്തിന്റെ രാത്രി തുടങ്ങിയ പോസ്റ്റ് മോഡേണ്‍ ആഖ്യാനങ്ങള്‍ അന്‍വറിന്റെ മറ്റൊരു രചനാരംഗം പ്രത്യക്ഷമാക്കുന്നു. സത്യത്തില്‍, 'ഇന്നലെകള്‍ക്കപ്പുറം' അതേ രചയിതാവിന്റെ മൂന്നാം മുഖപ്രദര്‍ശനം കൂടിയാണ്.
ഏകാന്തതയെയും സംയോഗവിയോഗങ്ങളെക്കുറിച്ചുമുള്ള കാര്യസുഭഗമായ പഠനമായിത്തീര്‍ന്നിട്ടുണ്ട് 'ഇന്നലെകള്‍ക്കപ്പുറം'. ''സായന്തനത്തിന്റെ അരുണരാശിയാര്‍ന്ന ആകാശത്തിനു കീഴെ, ഏകാന്തവിജനമായി നീണ്ടുകിടക്കുന്ന വഴിത്താരയിലൂടെ ഒഴുകിനീങ്ങുന്ന മായയുടെ വണ്ടി അകലേക്ക് മറഞ്ഞുതുടങ്ങി. അതിനുള്ളില്‍ അവള്‍ അപ്പുവിന്റെ മാറില്‍ കിടന്ന് ഏങ്ങിയടങ്ങിത്തുടങ്ങി. തിരിച്ചുപോകാനുള്ള വഴി ദൂരങ്ങളായി നീണ്ടുകിടന്നു..." എന്നാണ് 'ഇന്നലെകള്‍ക്കപ്പുറം' അവസാനിക്കുന്നത്.
അതെ; ഓര്‍മകളിലാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ഓര്‍മകളില്ലെങ്കില്‍ മനുഷ്യരുണ്ടോ? ഓര്‍മ നഷ്ടപ്പെട്ട മനുഷ്യര്‍ മറ്റേതോ ജീവിയാണ്. ഇന്നലെയിലെ മായ അങ്ങനെ ഒരു ശൂന്യജീവിയാണ്. പക്ഷേ, ശൂന്യതയില്‍ നില്‍ക്കുന്ന ഒരു മറവിരോഗിണിയല്ലവള്‍. അവള്‍ക്കു പുതിയ ഓര്‍മകള്‍ പുതിയ ജീവിതമാകുന്നു. കാലം കുറേ പിന്നിട്ട് പഴയ ഓര്‍മ തിരിച്ചുവന്നാലോ? അപ്പോള്‍ അവള്‍ എന്താവും? ഭാവശാസ്ത്രവും മനശ്ശാസ്ത്രവും വികാരശാസ്ത്രവും ഇഴചേരുന്ന ആ അപൂര്‍വസന്ദര്‍ഭത്തെയാണ് അന്‍വര്‍ ഇവിടെ ആനയിക്കുന്നത്.
ഒരു അപകടത്തില്‍പെട്ട് ഓര്‍മകളും അതിലെ ഭൂതകാലവും നഷ്ടമായ മായയുടെ കഥ പി. പത്മരാജന്‍ പറഞ്ഞത് 1990-ല്‍ പുറത്തിറങ്ങിയ 'ഇന്നലെ'യിലാണ്. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഈ നോവല്‍ 'ഇന്നലെ' എന്നപേരില്‍തന്നെ പിന്നീട് മലയാളത്തില്‍ വന്നിരുന്നു.
കേരളത്തിലെ ഒരു മലയോരഗ്രാമമായ തമ്പുരാന്‍കുന്നിലൂടെ സഞ്ചരിച്ചിരുന്ന ഒരു തീര്‍ത്ഥാടകസംഘത്തിന്റെ ബസ് അപകടത്തില്‍പ്പെടുകയും ചുരുക്കം ചിലരൊഴികെ എല്ലാവരും മരണമടയുകയും ചെയ്യുന്നു. മായ എന്ന വിളിപ്പേരിലറിയപ്പെടുന്ന കഥാപാത്രം, അപകടത്തില്‍നിന്നും രക്ഷപ്പെട്ടെങ്കിലും സ്വന്തം പേരടക്കം, ഓര്‍മ പൂര്‍ണമായി നഷ്ടപ്പെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നു.
ആശുപത്രിയധികൃതരും പോലീസും ശ്രമങ്ങള്‍ നടത്തിയെങ്കിലും മായയുടെ ബന്ധുക്കളെയോ പൂര്‍വചരിത്രമോ കണ്ടെത്താനാകുന്നില്ല. ഇന്നലെകള്‍ നഷ്ടപ്പെട്ട് ആ നാട്ടില്‍ ഒറ്റപ്പെട്ട മായക്ക് അഭയം നല്‍കിയ ആശുപത്രിയിലെ ഡോക്ടറായ ശരതുമായി പ്രണയത്തിലായ മായയുടെ കഥയാണ് ഇന്നലെ. മായയുടെ അഥവാ പൂര്‍വകാലത്തെ ഗൗരിയുടെ ഭര്‍ത്താവായ നരേന്ദ്രന്‍ അമേരിക്കയില്‍ നിന്ന് ഗൗരിയെ അന്വേഷിച്ചുവരികയും ചെയ്യുന്നതോടെ കഥ മറ്റൊരു ദിശയിലേക്ക് മാറുന്നു. ചലച്ചിത്രത്തിന്റെ അവസാനരംഗത്തില്‍ ശരത്തുമൊന്നിച്ച് നരേന്ദ്രന്‍ ഗൗരിയെ കണ്ടുമുട്ടുന്നുവെങ്കിലും ഗൗരിക്ക് അയാളെ തിരിച്ചറിയാനാവാത്തതിനെത്തുടര്‍ന്ന് നരേന്ദ്രന്‍ മടങ്ങുന്നുണ്ട്.
വിഷാദത്തിന്റെ ഒരു കുമിള അലിഞ്ഞിരട്ടിച്ചു പടര്‍ന്നുപിടിച്ച നരേന്ദ്രന്റെ ഹൃദയവ്യഥയുടെ വേദനയിലാണ് ഇന്നലെ അവസാനിച്ചത്. അവിടെനിന്നാണ് അന്‍വര്‍ അബ്ദുള്ളയുടെ ഇന്നലെകള്‍പ്പുറം ആരംഭിക്കുന്നത്. ഇന്നലെ നരേന്ദ്രന്‍ കുടിച്ച വിഷാദത്തിന്റെ കുമിളയിലാണ് അവസാനിക്കുന്നതെങ്കില്‍ 'ഇന്നലെകള്‍ക്കപ്പുറം' മായക്ക് കുടിച്ചിറക്കേണ്ടി വന്ന വിഷാദവിഷനീരിന്റെ വ്യഥയില്‍ വിജനതയില്‍ ചെന്ന് നില്‍ക്കുന്നു.
പത്മരാജന്‍ സ്ത്രീയുടെ വ്യഥ പറയുന്നുവെങ്കിലും അവളുടെ ആന്തര ജീവിതശ്രുതി 'ഇന്നലെകള്‍ക്കപ്പുറ'ത്തില്‍ കൂടുതല്‍ മുറുകുന്നുണ്ട്. പത്മരാജനെഴുതിയാല്‍ എങ്ങനെ വരുമോ അതായിത്തീരുക എന്ന പ്രതിഭാനിര്‍മലമായ ആഗ്രഹം അന്‍വര്‍ സഫലമാക്കിയിരിക്കുന്നു. നോവല്‍ അത്യന്തം ഭാവസാന്ദ്രവും അങ്ങനെ പത്മരാജന് ഒരു ഭവിഷ്യല്‍വന്ദനവും ആയിത്തീര്‍ന്നിരിക്കുന്നു.
ഈ നോവല്‍ എഴുതുമ്പോള്‍ താന്‍ പാതിയിലേറെയും സ്ത്രീ ആയിരുന്നു എന്ന് അന്‍വര്‍ ആമുഖത്തില്‍ പറയുന്നുണ്ട്. അങ്ങനെ പറയുന്ന ഈ എഴുത്തുകാരനെ സ്ത്രീകള്‍ക്കു വിശ്വാസത്തോടെ വായിക്കാം. അല്‍പമെങ്കിലും സ്ത്രീയായ ഏതു പുരുഷനും ഇതാസ്വദിക്കുകയും ചെയ്യാം. ചലച്ചിത്ര സ്വഭാവമുള്ളതും പ്രണയ-വിരഹഗാഥകളുമായ അന്‍വര്‍ അബ്ദുള്ളയുടെ, നോവല്‍ത്രയം നന്മകളാല്‍ സമൃദ്ധം/ സാമും റോസും ഒരു പഴയ പ്രേമകഥ/ 'ഇന്നലെകള്‍ക്കപ്പുറം' ഇവിടെ പൂര്‍ത്തിയാകുന്നതായും കരുതുന്നു.
പുരുഷനു പ്രേമം ട്രോഫിപോലെയാണെന്നും നേടുന്നതില്‍ത്തന്നെ അവസാനിക്കുന്ന ആവേശമേ അതിലുള്ളൂ എന്നും ഈ നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. എം.ടി. പറഞ്ഞതു പോലെ 'പര്‍വതാരോഹകന്‍ കൊടിനാട്ടുന്നതുപോലെ'. പ്രേമം, ദാമ്പത്യം എന്നിവയുടെ ഇഴകീറി പരിശോധിക്കുന്ന സൈക്കോഡ്രാമയാണ് 'ഇന്നലെകള്‍ക്കപ്പുറം' എന്ന് നിസ്സംശയം പറയാം.
Content Highlights: Book review of Anvar Abdullah's novel Innalekalkkappuram
Published: 31 Aug 2024, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented