'Life is not what you expect.It is made up of the most unexpected twists and turns '
Ilayaraja
ആകസ്മികതയാണ് ജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഒപ്പം തന്നെ സാധ്യതയും. അടുത്തനിമിഷത്തില്‍ എന്തു സംഭവിക്കുമെന്നുറപ്പില്ലാത്ത മനുഷ്യന്‍ ദീര്‍ഘ കാലത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കും. പക്ഷേ ഭാവി നമുക്കുവേണ്ടി എന്താണ് കാത്തുവെച്ചിട്ടുള്ളതെന്ന് ആര്‍ക്കറിയാം? അവിചാരിതമായ പലതും നമ്മുടെ ജീവിതത്തെ നിര്‍ണയിക്കാറുണ്ട്. അത്തരം അവിചാരിതകളിലേക്ക്, അവയുണ്ടാക്കുന്ന അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളിലേക്ക് വായനക്കാരന്റെ ശ്രദ്ധ തിരിക്കുന്ന കഥകളുടെ സമാഹാരമാണ് തോട്ടുങ്കരപ്പോതി. എഴുത്ത് എന്നത് ഒരു സമര പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരന്റെ ജീവിതബോധ്യവും, ദര്‍ശനങ്ങളും സമ്മേളിക്കുന്ന മനോഹരമായ കഥകളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തോട്ടുങ്കരപ്പോതിയിലുള്ളത്.
ഭാവനയുടെ ഒരു ഫ്രെയിമിലേക്ക് ജീവിതത്തെ ചേര്‍ത്തുവെച്ചതുപോലെയുള്ള പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കഥയും കാലവും തമ്മിലുള്ള പൊരുത്തവും, കഥപറച്ചിലിന്റെ തെളിമയും, ദേശപ്പൊരുളിന്റെ ഉണ്‍മയും, പ്രകൃതിയോടുള്ള കരുതലും ചേര്‍ന്നതാണ് എന്നും അംബികാസുതന്‍ മാങ്ങാടിന്റെ വാക്കുകളുടെ തേജസ്സായിരുന്നത്. പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവരും പുസ്തകങ്ങള്‍ ഇഷ്ടപ്പെടാത്തവരുമായി രണ്ടേ രണ്ടു വിഭാഗം ജനങ്ങളാണ് ഭൂമിയിലുള്ളത് എന്ന ചിന്തയോടെ തുടങ്ങുന്ന പുസ്തകവീട് എന്ന കഥ അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നു. പുസ്തകവീട്ടിലെ അധ്യാപകന്‍ വിശാലമായ ലോകത്തിലേക്കുള്ള പ്രവേശനവും അതിലേക്കുള്ള വഴി ചെലവും നല്‍കിയാണ് ശിഷ്യനെ വിടുന്നതെങ്കില്‍, മാമ്പൂമണത്തിലെ അധ്യാപിക തെറ്റുകളില്‍ നിന്ന് ശരികളുടെ വലിയ ലോകത്തിലേക്ക് അക്രമികളെ പോലും സ്‌നേഹത്തോടെ വഴി നടത്തുന്നു.
എല്ലാക്കാലത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗുരുശിഷ്യബന്ധം. കാലത്തിനനുസരിച്ച് കോലം കെട്ടാത്ത ഗുരുക്കന്മാര്‍ ഇന്ന് അപഹസിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അധ്യാപനം എന്നത് കേവലം വിദ്യാദാനത്തിനപ്പുറമായി ഒരു വിദ്യാര്‍ത്ഥിയെ കണ്ടെത്തലാണ് എന്ന ഒരു ഉള്‍ബോധം ഏതു തലമുറക്കും പകര്‍ന്നുനല്‍കാനായി ഈ കഥകള്‍ക്ക് സാധിക്കും. മനസ്സിലും പുറത്തും പച്ചപ്പില്ലാത്ത ഒരാള്‍ക്കുമാത്രമേ കുറ്റവാളിയാകാനാകൂ എന്ന് തിരിച്ചറിവു പോലെയാണ് വിത്തുകള്‍ എന്ന കഥ രാമഭദ്രന്റെ ജീവിതത്തെ നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. കാസര്‍ഗോഡിന്റെ ജനനന്മയും, ഹരിതകാന്തിയും, കലാപാരമ്പര്യവും, ഭാഷസൗകുമാര്യവും എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു വിശദീകരിക്കുകയാണ് കാസ്രോട്ടിലൂടെ. ചോര പൊടിയുന്ന സത്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ കഥയുടെ പ്രത്യേകത.
എഴുത്തില്‍ ക്ലാസിക് സ്വഭാവം പ്രകടിപ്പിക്കുന്ന കഥയാണ് റാഫേല്‍. വിജയികളുടെയും പരാജിതരുടെയും ചരിത്രം സൃഷ്ടിക്കപ്പെടുന്നത് എങ്ങനെ എന്ന് ഈ കഥ വിശദീകരിക്കുന്നു. ഓരോ വാക്കിന്റെ ഉള്ളിലും സത്യത്തിന്റെ ചോരയുണ്ട് എന്ന് എഴുത്തുകാരന്‍ തന്നെ ഉറപ്പിച്ചുപറയുന്ന നിറഭേദങ്ങള്‍ കഥയല്ല ജീവിതമാണത്രേ. തോട്ടുങ്കരപ്പോതി എന്ന കഥ പ്രമേയത്തിലും ആഖ്യാനത്തിലും ഏറ്റവും മികച്ചുനില്‍ക്കുന്ന ഒന്നാണ്. പലകാലങ്ങളിലായി പെണ്ണ് അനുഭവിക്കുന്ന / അനുഭവിക്കേണ്ടിവരുന്ന അടിച്ചമര്‍ത്തലുകളെ, അവളുടെ നെഞ്ചിലെ ആളിപ്പടരുന്ന തീയെ, അവളുടെ അവകാശനിഷേധങ്ങളെ ഫോക് ലോറിന്റെ സാധ്യതകളുമായി ചേര്‍ത്തുവരച്ചിരിക്കുന്ന ഈ രചന മിത്തിന്റെ സഹായത്തോടെ നടത്തുന്ന മനഃശാസ്ത്രാപഗ്രഥനമാണ്.'
തോട്ടുങ്കരപ്പോതിയെ പോലെ തന്നെ ദാമ്പത്യത്തിലെ വിള്ളലുകള്‍ ആണ് ജീവിച്ചുപോകുന്നവര്‍ക്കും ആധാരമാകുന്നത്. പക്ഷേ വൈദഗ്ധ്യം ഉള്ള ഒരു എഴുത്തുകാരന്റെ മുന്നില്‍ ഒരേ പ്രമേയം തന്നെ പലതായി മാറും. മരിച്ചുപോയ അമ്മ തിരിച്ചുവന്ന്, പണ്ട് മരുമകളെ ശത്രുവായി കണ്ട് പെരുമാറിയതിനെക്കുറിച്ച് പറയുകയും സ്വയം തിരുത്തുകയും ചെയ്യുന്നു. മരിച്ചപ്പോള്‍ ബോധ്യമായ ഒരു കാര്യം മകനെയും മരുമകളെയും പറഞ്ഞറിയിക്കുവാനാണ് അവര്‍ വരുന്നത്. 'നല്ലത്‌ണ്ടെങ്കില് ജീവിച്ചിരിക്കുമ്പോന്നെ ഓരോരാളും പറഞ്ഞോള്‍ണം. അപ്പളേ ഒരാള് മനുഷ്യനാകൂ' ജീവിതത്തെ കുറിച്ചുള്ള ഏറ്റവും മികച്ച ദര്‍ശനം എന്ന് കരുതാവുന്ന ഈ വാചകമാണ് ഈ കഥയുടെ കാതല്‍. പലകാലമായി നമ്മള്‍ കേട്ടുവരുന്ന ചതിയുടെ കുടുംബത്തിലെ ചതിയുടെ കഥയാണ് സൂചിയും നൂലും. ജനശ്രദ്ധയാകര്‍ഷിക്കാന്‍ എന്തും ചെയ്യുന്നവരുടെ മുന്നില്‍ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ കാവലാവുകയാണ് ദിയ എന്ന പെണ്‍കുട്ടി.
അംബികാസുതന്‍ മങ്ങാടിന്റെ സര്‍ഗപ്രപഞ്ചത്തില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുണ്ട്. പണക്കാരും പാവപ്പെട്ടവരുമുണ്ട്. ദുഷ്ടരും പരോഗികളും അപമാനിതരുമുണ്ട്. എന്തിന് പാമ്പും തവളയും അടങ്ങുന്ന ജന്തുലോകത്തിന്റെ പ്രതിനിധികളുമുണ്ട്. കണ്ണ് തുറന്നുനോക്കുമ്പോള്‍ നമ്മള്‍ ചുറ്റും കാണുന്നവരെ എല്ലാവരും ഈ കഥകളിലും കാണാനുണ്ട്. നമ്മളെ നിലനിര്‍ത്തുന്ന സംസ്‌കൃതിയുടെ പാരമ്പര്യമുണ്ട്. നമ്മള്‍ കാണാതിരിക്കുന്ന ചരിത്രസംഭവങ്ങള്‍ ഉണ്ട്. മിത്തുകള്‍ രൂപപ്പെടുത്തുന്ന മനുഷ്യരുടെ ഊര്‍ജ്ജവും ഓജസ്സും ഈ കഥകള്‍ക്കുണ്ട്.
Content Highlights: ambikasuthan mangad collected story thottunkarappothi reviews swapna c kombath
Published: 19 Apr 2025, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented