ഴുത്തുകാരന് കൈവരാത്ത ഭാഗ്യം എഴുതിയ പുസ്തകത്തിന് കൈവന്നാലോ? ചില്ലറ ഭാഗ്യമല്ല, അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഓരോ ആരാധകനും സ്വപ്നം കാണുന്ന ഭാഗ്യം.

To advertise here,

എന്നെങ്കിലുമൊരിക്കല്‍ റഫി മാന്‍ഷനില്‍ പോകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അവിടത്തെ കാറ്റില്‍ പോലുമുണ്ടാവുമല്ലോ തലമുറകളെ കോരിത്തരിപ്പിച്ച ശബ്ദമാധുരിയുടെ ഓര്‍മ്മകള്‍. ആ ഓര്‍മ്മകളുടെ സുഗന്ധം നുകരാന്‍ കൊതിക്കാത്ത ഏത് റഫി ഭക്തനുണ്ടാകും? നിര്‍ഭാഗ്യവശാല്‍ ഇന്നുവരെ പൂവണിഞ്ഞിട്ടില്ല ആ സ്വപ്നം. ഇപ്പോഴിതാ രചയിതാവിന് പകരം രചനയ്ക്ക് കൈവന്നിരിക്കുന്നു ആ ഭാഗ്യം. പ്രിയസുഹൃത്തും വായനക്കാരനുമായ ജാബിര്‍ പാട്ടില്ലത്തിന് നന്ദി. 

placeholder
റഫി ഉപയോഗിച്ച ഹാർമോണിയം

മാതൃഭൂമി ബുക്സ് പുറത്തിറക്കിയ 'യാദ് ന ജായേ', 'റഫിനാമ' എന്നീ പുസ്തകങ്ങള്‍ കയ്യിലേന്തി റഫി സാഹിബിന്റെ മരുമകന്‍ പര്‍വേസ് ഇരിക്കുന്ന ഈ മുറിക്കുമുണ്ട് ഒരു ചരിത്രം. പശ്ചിമ ബാന്ദ്രയിലെ റഫിയുടെ വസതിയായ റഫി മാന്‍ഷന്റെ ഒന്നാം നിലയിലെ ഈ മുറിയായിരുന്നു ഇതിഹാസഗായകന്റെ സംഗീത മുറി. റഫിയെക്കുറിച്ചുള്ള എല്ലാ ഓര്‍മ്മകളും നിറഞ്ഞുതുളുമ്പുന്നത് ഈ മുറിയിലാണ്. അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡുകള്‍, പാടിയ പാട്ടുകളുടെ റെക്കോര്‍ഡുകള്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന ഹാര്‍മോണിയം, സന്തൂര്‍, വീണ... എല്ലാമുണ്ട് ഇവിടെ. രാവും പകലും ആ സ്വരമാധുരി ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായ ഈ ചുമരുകളോട് പോലും അസൂയ തോന്നിപ്പോവില്ലേ ആര്‍ക്കും?

placeholder
റഫിയുടെ മകൾ യാസ്മിനും മരുമകൻ പർവേസും

ഫേസ് ബുക്ക് സുഹൃത്തും റഫിയുടെ അടിയുറച്ച ആരാധകനുമായ ജാബിര്‍ പാട്ടില്ലമാണ് എന്റെയും ജമാല്‍ക്ക (ജമാല്‍ കൊച്ചങ്ങാടി- റഫി നാമയുടെ രചയിതാവ്) യുടേയും റഫിപ്പുസ്തകങ്ങള്‍ പര്‍വേസിന് സമ്മാനിച്ചത്. റഫിയുടെ മകള്‍ യാസ്മിന്റെ ഭര്‍ത്താവാണ് പര്‍വേസ്. 

'ഇന്നും തീര്‍ത്ഥാടകരെപ്പോലെ റഫി ആരാധകര്‍ ഈ വീട് തേടിയെത്തുന്നു.'- ജാബിറിന്റെ വാക്കുകള്‍. 'നിറഞ്ഞ സ്‌നേഹത്തോടെ അവരെ സ്വീകരിക്കുന്നു പര്‍വേസും യാസ്മിനും ഷാഹിദുമെല്ലാം. ഈ പുസ്തകങ്ങള്‍ സമ്മാനിച്ചപ്പോള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു പര്‍വേസ്. റഫിയുടെ ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഊറിവന്നിരുന്ന നിര്‍മ്മലമായ ആ പുഞ്ചിരിയാണ് എനിക്കോര്‍മ്മവന്നത്.'