മലപ്പുറം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണന്‍ (81) അന്തരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഫെബ്രുവരിയിലാണ് അദ്ദേഹം സ്വീകരിച്ചത്. 1940-ല്‍ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച പാലക്കീഴ് നാരായണന്‍ ചെമ്മാണിയോടും മേലാറ്റൂരും മണ്ണാര്‍ക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്വാന്‍ പരീക്ഷ പാസായി ഒപ്പം എം.എ. ബിരുദവും നേടി.

പെരിന്തല്‍മണ്ണ ഗവ. കോളേജില്‍ അധ്യാപകനായിരിക്കെ 1995-ല്‍ വിരമിച്ചു. പ്രധാന കൃതികള്‍: വി.ടി. ഒരു ഇതിഹാസം, ആനന്ദമഠം, കാള്‍ മാര്‍ക്സ്, മത്തശ്ശിയുടെ അരനൂറ്റാണ്ട്, ചെറുകാട്-ഓര്‍മയും കാഴ്ചയും, ചെറുകാട്-പ്രതിഭയും സമൂഹവും, മഹാഭാരതകഥകള്‍. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പി.എന്‍. പണിക്കര്‍ പുരസ്‌കാരം, ഐ.വി. ദാസ് പുരസ്‌കാരം, അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവര്‍ത്തകനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറികൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights : prof. palakkeezh narayanan expired