കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഹാര്‍മോണിയം' എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍, സംഗീതസംവിധായകന്‍ വി.ടി. മുരളിക്ക് നല്‍കി പ്രകാശനംചെയ്തു. രാത്രികളിലെ ചന്ദ്രനെ സ്‌നേഹിക്കുന്നതുപോലെയാണ് ഓരോ മലയാളിയും സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നതെന്നും പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ക്കെല്ലാം 'ബാബുക്കമയം' ആണെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

To advertise here,

'ഹാര്‍മോണിയം' ബാബുരാജിന്റെ ജീവിതത്തിന്റെ നേര്‍രേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവനാപരമായി ബാബുരാജിനെ പുനഃസൃഷ്ടിക്കുന്ന, അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ 'ഹാര്‍മോണിയം'. എം.എസ്. ബാബുരാജിനെപ്പറ്റിയുള്ള വിവരങ്ങള്‍ അപഗ്രഥിച്ച് ലേഖനങ്ങള്‍ എഴുതുന്നതിനുപകരം അദ്ദേഹത്തെക്കുറിച്ച് കാല്പനികമായി മാന്ത്രികയാഥാര്‍ഥ്യത്തിലൂടെ സഞ്ചരിച്ചാണ് നോവല്‍ എഴുതിയതെന്ന് ഹാഫിസ് മുഹമ്മദ് പറഞ്ഞു.

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട് അധ്യക്ഷനായി.

ബീക്കണ്‍ കാലിക്കറ്റ് സെക്രട്ടറി കെ.ജെ. തോമസ്, ഫാ. ജോണ്‍ മണ്ണാറത്തറ, മഴ എസ്. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.