കുമരനല്ലൂര്‍: രണ്ട് ജ്ഞാനപീഠ ജേതാക്കള്‍ പഠിച്ച രാജ്യത്തെ ഏക സ്‌കൂള്‍. പുരസ്‌കാരം കിട്ടിയശേഷം രണ്ടുപേരും ആദ്യമായി കുമരനല്ലൂര്‍ സ്‌കൂളിലെ പടി ചവിട്ടുന്നു. ഓര്‍മകള്‍ പുതുക്കുന്ന കൂട്ടത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ ഒരിക്കല്‍ക്കൂടി അന്നത്തെ ഹാജര്‍പട്ടികയുടെ പഴകിയ ഏടുകള്‍ കീറാതെ മറിച്ചുനോക്കി.

അച്യുതന്‍ നമ്പൂതിരി എ, വാസുദേവന്‍ എം.ടി-വിദ്യാര്‍ഥികളുടെ പേരുകള്‍ക്കിടയില്‍ ആ മഹാവ്യക്തികളുടെ പേരുകള്‍ അവര്‍ അഭിമാനത്തോടെ വായിച്ചു. അതിലെങ്ങും അന്ന് പഠിപ്പിച്ച അധ്യാപകരുടെ പേരുകള്‍ കണ്ടില്ല. ഹാജര്‍ പട്ടികയുടെ മഹത്വത്തെക്കുറിച്ച് വാചാലയായിരുന്ന ഒരു അധ്യാപിക പറഞ്ഞു: ''ഇനി ഹാജര്‍ പട്ടികയില്‍ സ്‌കെച്ച് പെന്‍ ഉപയോഗിച്ച് നല്ല നിറത്തില്‍ അധ്യാപകരുടെ പേരുകള്‍ എഴുതിയിടണം. നാളെ വീണ്ടുമൊരു എം.ടി.യും അക്കത്തവുമുണ്ടാകുമ്പോള്‍ അവരുടെ പേരിനൊപ്പം നമ്മുടെ പേരും കാണുന്നത് ഒരു സുഖമല്ലേ..!'' അത് ശരിയെന്ന് ചെറുപുഞ്ചിരിയോടെ മറ്റ് അധ്യാപകരും.

1943-'44 വര്‍ഷത്തെ അഞ്ചാം ഫോറം ക്ലാസില്‍ നാലാം നമ്പറില്‍ ഇന്നത്തെ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ പേരുണ്ട്. 2536-അതായിരുന്നു അദ്ദേഹത്തിന്റെ അഡ്മിഷന്‍ നമ്പര്‍. ആ വര്‍ഷത്തെ 182 അധ്യയന ദിവസങ്ങളില്‍ നൂറ്റിയമ്പത്തഞ്ചോളം ക്ലാസുകളിലാണ് അദ്ദേഹം ഹാജരായിരുന്നതെന്ന് പട്ടികയിലുണ്ട്.

1944-1945 കാലത്തെ മൂന്നാം ഫോറം ക്ലാസിലാണ് വാസുദേവന്‍ എം.ടി. എന്ന ഇന്നത്തെ എം.ടി. വാസുദേവന്‍ നായരുടെ പേരുള്ളത്. ആ വര്‍ഷം നടന്ന 189 ക്ലാസുകളില്‍ 162 ക്ലാസുകളിലും എം.ടി. ഹാജര്‍. 32 എന്ന ക്ലാസ് നമ്പര്‍ മാസങ്ങളില്‍ മാറിക്കൊണ്ടേയിരുന്നു. 19, 17, 15 അങ്ങനെ അദ്ദേഹത്തിന്റെ ക്ലാസ് നമ്പറുകള്‍ മാറി. അവര്‍ നടന്ന വരാന്തകളും കെട്ടിടങ്ങളും അങ്കണവുമെല്ലാം ഇന്ന് മാറി. ഏഴ് ദശകങ്ങള്‍ക്കുശേഷം അവര്‍ സ്‌കൂളിലെത്തുമ്പോള്‍ രാജ്യത്തെ പരമോന്നത സാഹിത്യബഹുമതിയായ ജ്ഞാനപീഠത്തിന്റെ യശസ്സ് അവര്‍ക്കൊപ്പമുണ്ടായിരുന്നു.

മടങ്ങുംമുമ്പേ സ്‌കൂളിലെ സന്ദര്‍ശകപുസ്തകത്തില്‍ എം.ടി. ഇങ്ങനെ കുറിച്ചിട്ടു: ''എന്റെ പഴയ വിദ്യാലയം വീണ്ടും സന്ദര്‍ശിക്കാനിടവന്നപ്പോള്‍ ആ കാലഘട്ടത്തെയും അധ്യാപകരെയും എല്ലാം ഓര്‍ത്തു. വിദ്യാലയം വലുതായിരിക്കുന്നു. കണ്ടപ്പോള്‍ സന്തോഷം. ഈ വിദ്യാലയത്തോടുള്ള കടപ്പാടുകള്‍ ഓര്‍മിച്ചുകൊണ്ട്...'' -എം.ടി. വാസുദേവന്‍ നായര്‍.

Content Highlights: MT Vasudevan Nair, Akkitham Jnanpith honour for Kumaranellur school