പാലക്കാട്: ജീവിതയാത്രയിൽ ഇരുൾമൂടിയവർക്ക് പുസ്തകം വഴികാട്ടിയാകുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അന്നംകുട്ടി ജോസ്. ജീവിതം വഴിമുട്ടിനിൽക്കുമ്പോൾ ഏതെങ്കിലുമൊരു പുസ്തകത്തിലെ ഏതെങ്കിലുമൊരു വരി കൈത്താങ്ങായി ഉയർന്നുവരും. വഴി തുറന്നുകിട്ടാൻ വാതിലുകൾ മുട്ടുന്നതുപോലെ, പുസ്തകങ്ങളുടെയെല്ലാം താളുകൾ മറിച്ചുകൊണ്ടേയിരിക്കണമെന്നും മാതൃഭൂമി മെഗാ ബുക് ഫെയർ ഉദ്ഘാടനംചെയ്യവേ അദ്ദേഹം പറഞ്ഞു. 

To advertise here,

മൂല്യങ്ങൾ പറഞ്ഞുപഠിപ്പിക്കേണ്ടതല്ല, കണ്ടുപഠിക്കേണ്ടതാണെന്ന് തുടർന്നുനടന്ന മുഖാമുഖത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചുകൊണ്ട് ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു. മധുരംപുരട്ടിയ വാക്കുകൾ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരേക്കാൾ, മണ്ണിൽ ചവിട്ടിനിൽക്കാൻ പ്രേരിപ്പിക്കുന്നവരാണ് ശരിയെന്ന് ജീവിതം പഠിപ്പിച്ചു. ഓരോ കേൾവിയിലും ഓരോ കഥയുണ്ടാകും. അത് നമ്മുടെ ജിവിതത്തിലും പുതിയ അധ്യായങ്ങൾ തുറക്കും. അതുകൊണ്ട് മറ്റുള്ളവരെ കേൾക്കുന്നതിൽ കൂടുതൽ താത്പര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

ജെൻസികാലത്തെ പ്രണയത്തകർച്ചയെക്കുറിച്ച് സദസ്സിൽനിന്നുള്ള ചോദ്യത്തിന്, പുതിയ തലമുറയുടെ പരിസരംമാറിയതാണ് കാരണമെന്നായിരുന്നു മറുപടി. ആഗോളതലത്തിലുള്ള ചിന്തകൾ അവരെ സ്വാധീനിക്കുന്നുണ്ട്. കഥയിലേക്കും കവിതയിലേക്കും കടന്നാണ് പണ്ടുള്ളവർ പ്രണയത്തകർച്ച മറികടന്നത്. അതുകൊണ്ടുതന്നെ പ്രണയപ്പകയുണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു.

തസ്മീം അബ്ദുള്ള, ദീപിക, ബിന്ദു, ഗോപിനാഥൻ തുടങ്ങിയവർ ചോദ്യങ്ങളുമായി സംവാദത്തെ സജീവമാക്കി.

ആർക്കും പ്രവേശനമില്ലാത്ത ലോകത്ത് പുതുതലമുറ ജീവിക്കുമ്പോൾ, എല്ലാവർക്കും പ്രവേശനമുള്ള പുസ്തകലോകത്തേക്ക് കടക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് മോഡറേറ്റർ ഡോ. കലാ സജീവൻ മുഖാമുഖം അവസാനിപ്പിച്ചത്.

പുസ്തകോത്സവം 16 വരെ
ജില്ലയിലെ ഏറ്റവും വലിയ പുസ്തകോത്സവമായ മാതൃഭൂമി മെഗാ ബുക്‌ഫെയർ തുടങ്ങി. നൂറടിറോഡിൽ പുത്തൂരിലെ മാതൃഭൂമി ഓഫീസ് അങ്കണത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അന്നംകുട്ടി ജോസാണ് ഉദ്ഘാടനം നിർവഹിച്ചത്.

മാതൃഭൂമി യൂണിറ്റ് മാനേജർ ആർ.പി. മോഹൻദാസ് അധ്യക്ഷനായി. ന്യൂസ് എഡിറ്റർ എൻ. സുസ്മിത, പ്രത്യേക ലേഖകൻ വി. ഹരിഗോവിന്ദൻ, മീഡിയ സൊലൂഷൻസ് പ്രിന്റ് സീനിയർ മാനേജർ സുഹാസ് സത്യൻ എന്നിവർ സംസാരിച്ചു.

നൂറോളം പ്രസാധകരുടെ ഒരുലക്ഷത്തോളം പുസ്തകങ്ങളാണ് വായനാപ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് പതിവുപോലെ ആകർഷകമായ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളും മേളയിലുണ്ടാകും.

16 വരെയാണ് പുസ്തകോത്സവം. വായനയുടെ രാത്രിവൈബ് കൂടി അനുഭവിച്ചറിയാനായി, രാവിലെ 11-ന് തുടങ്ങുന്ന പുസ്തകോത്സവം രാത്രി 11 വരെ നീണ്ടുനിൽക്കും. വിവിധ ദിവസങ്ങളിൽ എഴുത്തുകാരുമായി സംവാദമുണ്ടാകും.

ബിഗ്ബോസ് താരം ടി.എ. അനീഷ്, റാം c/o ആനന്ദിയുടെ രചയിതാവ് അഖിൽ പി. ധർമജൻ, 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എഴുതിയ നിമ്‌ന വിജയ് എന്നിവർ വരുംദിവസങ്ങളിൽ മുഖാമുഖത്തിനെത്തും.