2020 സെപ്തംബര്‍ 16-ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഡോ. എം. ലീലാവതി 93ാം വയസ്സിലേക്ക് കടക്കുകയാണ്. സാഹിത്യ നിരൂപണം, അധ്യാപനം, ജീവചരിത്ര രചന, വിവര്‍ത്തനം, കവിത തുടങ്ങിയ എല്ലാ മേഖലകളിലും ടീച്ചര്‍ ഇക്കാലം വരെ സജീവമായിരുന്നു. പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണ ശൈലിയെ പരിപോഷിക്കുകയായിരുന്നു ടീച്ചര്‍ ചെയ്തത്.

ജി. ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ച കുട്ടികൃഷ്ണ മാരാരെ വിമര്‍ശിച്ചുകൊണ്ടാണ് (നിമിഷമെന്ന കവിത) ലീലാവതി ടീച്ചര്‍ നാല്‍പതുകളില്‍ മലയാള സാഹിത്യത്തില്‍ പ്രവേശിക്കുന്നത്. ഈ ലേഖനം എഴുതിയത് സ്ത്രീയല്ലെന്നും സ്ത്രീയുടെ പേരില്‍ ഏതോ ഒരു പുരുഷനെഴുതിയതാണെന്നും വിശ്വസിച്ചിരുന്നവര്‍ അക്കാലത്ത് ഉണ്ടായിരുന്നത്രേ. സാഹിത്യ ഗവേഷണങ്ങളിലും മനഃശാസ്ത്ര പഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷ ചിന്തകള്‍ ഇണക്കിച്ചേര്‍ത്തുകൊണ്ട് സംവദിക്കുന്ന രീതി ടീച്ചറുടെ പ്രത്യേകതകളിലൊന്നാണ്. കവിതയായിരുന്നു ടീച്ചര്‍ക്ക് എന്നും പ്രിയപ്പെട്ട സാഹിത്യ രൂപം. മലയാള സാഹിത്യത്തിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ വായനക്കാരിലേക്ക് കൂടുതല്‍ അടുപ്പിച്ചതില്‍ ടീച്ചര്‍ക്ക് വലിയ പങ്കുണ്ട്.

പൗരാണികമായ കൃതികളുടെ പുനര്‍വായനകളിലും ആ കൃതികളെ സ്ത്രീപക്ഷ വായനകള്‍ക്ക് ഡോ എം. ലീലാവതി പ്രധാന്യം നല്‍കി. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍, വ്യക്തി എന്ന നിലയിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലിയും അവരുടെ പ്രത്യേകതയാണ്. ഇത് ഒരേസമയം ലാവണ്യശാസ്ത്രപരവും സൈദ്ധാന്തികവുമായ സവിശേഷതകളെ ഇണക്കിച്ചേര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. 

ഡോ. എം. ലീലാവതിയുടെ സാഹിത്യ നിരൂപണം വ്യക്തിഹത്യയിലധിഷ്ഠിതമായിരുന്നില്ല. അതുകൊണ്ടുതന്നെ പഠന, ഗവേഷണ രംഗങ്ങളില്‍ സ്വീകാര്യമായ ശൈലിയായി അവരുടെ നിരൂപണരീതി വിലയിരുത്തപ്പെടുന്നു. കാവ്യനിരൂപണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ അവര്‍ കവിത, നോവല്‍, ചെറുകഥ, വേദാന്തം, ഇതര സാഹിത്യശാഖകള്‍ എന്നിവയെ മുന്‍നിര്‍ത്തിയും വേറിട്ട നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട്. 

മലയാള സാഹിത്യനിരൂപണമേഖലയിലെ എടുത്തുപറയാവുന്ന സ്ത്രീസാന്നിധ്യം ഡോ. എം. ലീലാവതിയുടേതാണ്. അവരോളം ശക്തമായ മറ്റൊരു സ്ത്രീ സ്വരം ഈ മേഖലയില്‍ കണ്ടെത്തുകതന്നെ പ്രയാസമാണ്. എന്നാല്‍ സ്ത്രീപക്ഷ നിരൂപക എന്ന നിലയില്‍ മാത്രമല്ല; അധ്യാപക, പഠന, ഗവേഷണങ്ങളിലൂടെയും സാംസ്‌കാരിക സംവാദങ്ങളിലൂടെയും സ്ത്രീപക്ഷ വീക്ഷണങ്ങളിലൂടെയും തനതായ രചനാശൈലി രൂപീകരിച്ച വ്യക്തി എന്നീ നിലകളില്‍കൂടിയാണ് അവരെ അടയാളപ്പെടുത്തുന്നത്.

Content Highlights: Malayalam writer Dr M Leelavathi 93rd birthday