എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ വിനോദ് കോവൂരിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് വിനോദ യാത്ര. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് ഈ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
സൂര്യ ടിവിയില്‍ 'കായംകുളം കൊച്ചുണ്ണി' എന്ന പ്രോഗ്രാം ജനപ്രീതി നേടി ഓടുന്ന കാലം. ആ സീരിയലിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ അനില്‍ ജി.എസ്. എന്റെ സുഹൃത്തായിരുന്നു. കോഴിക്കോട്ടെ മിമിക്രി, നാടകസുഹൃത്തുക്കളായ ശശി എരഞ്ഞിക്കലും ഹരീഷ് പേരടിയും കായംകുളം കൊച്ചുണ്ണിയില്‍ തിളങ്ങിനില്‍ക്കുന്ന സമയം. അങ്ങനെ ഒരുദിവസം എനിക്കും വന്നു, കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍നിന്ന് ഒരു വിളി. 'സ്‌ക്രിപ്റ്റ് റൈറ്റര്‍ അനില്‍ ജി.എസ്. പറഞ്ഞിട്ട് വിളിക്കുകയാണ്. നാളെത്തന്നെ പുറപ്പെടണം. പതിനഞ്ചു ദിവസം തുടര്‍ച്ചയായി ഷൂട്ടിങ് ഉണ്ടാകും.'
സന്തോഷായി. മിമിക്രിയും നാടകവും നാടാകെ കളിച്ചോണ്ടിരിക്കുന്ന സമയത്താണ് ടിവിയിലേക്കുള്ള ക്ഷണം. അതും സൂപ്പര്‍ഹിറ്റായി നില്‍ക്കുന്ന സീരിയലിലേക്ക്. രാത്രിതന്നെ പോകാനുള്ള ഒരുക്കങ്ങളൊക്കെ നടത്തി. അമ്മ പറഞ്ഞു, മോനേ മറ്റു സീരിയലുകള്‍പോലെയല്ല കായംകുളം കൊച്ചുണ്ണി. കാട്ടിലും മലയിലും പുഴയിലും മറ്റുമാണ് അതിന്റെ ഷൂട്ടിങ് നടക്കുന്നത്. നിനക്കു പരിചയമില്ലാത്ത മേഖലയാണ്. നീന്താനും നിനക്കറിയില്ല. സൂക്ഷിക്കണം. അമ്മയെ ഞാന്‍ സമാധാനിപ്പിച്ചു. പിറ്റേന്ന് കാലത്ത് പുറപ്പെട്ടു.
അതിരപ്പിള്ളിക്കടുത്ത് ഒരു കാട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ലൊക്കേഷനില്‍ ചെന്ന്, അനില്‍ ജി.എസിനെ കണ്ടു. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതന്നു. ശനിയന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു രസികന്‍ കഥാപാത്രമാണ്. സീരിയല്‍ നടന്‍ കിഷോര്‍ ചെയ്യുന്ന വില്ലന്‍വേഷം നാരായന്‍ എന്ന കഥാപാത്രത്തിന്റെ ശിങ്കിടി. ഒരുപാട് അബദ്ധങ്ങള്‍ കാണിക്കും, ഒരുപാട് തല്ല് കിട്ടും. മുടികെട്ടിവെക്കുന്നതൊക്കെ ഒരു പ്രത്യേക സ്‌റ്റൈലിലാണ്. സംവിധായകന്‍ വേണുസാറിന് എന്നെ പരിചയപ്പെടുത്തി. 'നാളെ രാവിലെയാണ് ഷൂട്ട് തുടങ്ങുക. ഇപ്പോള്‍ ഹോട്ടലിലേക്കു പോകാം.' കുറച്ചുനേരം ഷൂട്ടിങ് നടക്കുന്നതു കണ്ടു. പ്രകൃതിമനോഹരമായ വാഴച്ചാലിന്റെ ഓരങ്ങളിലാണ് ഷൂട്ട്. കുറേപ്പേര്‍ പുഴയില്‍ ചൂണ്ടയിട്ട് മീന്‍പിടിക്കുന്നു. അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചു, ഷൂട്ടില്ലാത്ത താരങ്ങള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ചൂണ്ടല്‍ കൊടുക്കും. മീന്‍ പിടിച്ചോളണം. രാത്രി ഭക്ഷണത്തിന്. പൊരിച്ചും കറിവെച്ചും തിന്നാം! കേട്ടപ്പോള്‍ സന്തോഷം തോന്നി. നാളെമുതല്‍ ഞാനും ഈ സെറ്റിലെ ഒരംഗമാകും എന്ന പ്രതീക്ഷയോടെ ഹോട്ടലിലേക്ക്.
റിസപ്ഷനിസ്റ്റ് പറഞ്ഞു, 'റൂമില്‍ രണ്ടുപേരാണ്. ഇപ്പോ റൂമില്‍ ആരുമില്ല. രാത്രി വൈകി ഒരാളുകൂടി ഉണ്ടാകും.' ഞാന്‍ റൂമിലേക്കു ചെന്നു. നാളത്തെ ഷൂട്ടിങ്ങും എന്റെ കഥാപാത്രത്തെക്കുറിച്ചുമെല്ലാം ചിന്തിച്ച് ഉറങ്ങാന്‍ കിടന്നു. റൂമിലേക്ക് ഒരാളുകൂടെ വരാനുണ്ട്. മനസ്സിനിഷ്ടപ്പെടുന്ന ഒരാളായാല്‍ മതിയായിരുന്നു എന്നു പ്രാര്‍ത്ഥിച്ച് ഉറങ്ങാന്‍ കിടന്നു. ഉറക്കം പിടിച്ചുവരുമ്പോള്‍ കോളിങ് ബെല്‍ ശബ്ദിച്ചു. ലൈറ്റിട്ടു. സമയം 2.30 കഴിഞ്ഞിരിക്കുന്നു. വാതില്‍ തുറന്നു. എന്റെ മുമ്പില്‍ നില്‍ക്കുന്ന ആളെക്കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. സ്വപ്നമാണോ എന്നു തെറ്റിദ്ധരിച്ചു. അല്ല, സ്വപ്നമല്ല. പുഞ്ചിരിക്കുന്ന മുഖവുമായി അയാള്‍ എന്നോടു നമസ്‌കാരം പറഞ്ഞു. ഞാന്‍ ഒരുപാട് ആരാധിക്കുന്ന, എണ്‍പതുകളിലെ യുവതീയുവാക്കളുടെ ഹരമായ കവി. സാക്ഷാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
അദ്ദേഹം റൂമിനകത്തേക്കു കയറി. വാതിലടച്ചു. ബാഗ് മേശമേല്‍ വെച്ച് കട്ടിലില്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തിന് അഭിമുഖമായും ഇരുന്നു. പിന്നെ സാറെന്റെ വിശേഷങ്ങള്‍ ചോദിച്ചു.
സാറിന്റെ 'ആനന്ദധാര', 'ഓര്‍മ്മകളിലെ ഓണം' എന്നീ കവിതകള്‍ പാടി കോളേജില്‍ എനിക്കു സമ്മാനം കിട്ടിയ കഥകള്‍ പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ ആ റൂമിലിരുന്ന് ഞാന്‍ ഏറെ ആരാധിച്ചിരുന്ന കവിയുടെ മുമ്പിലിരുന്ന് ആ കവിതകള്‍ ഒരിക്കല്‍ക്കൂടി പാടി. സാറ് അതാസ്വദിച്ചു. 'ഓര്‍മ്മകളിലെ ഓണ'വും 'ആനന്ദധാര'യുമെല്ലാം എഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം സംസാരിച്ചു. വളരെ പെട്ടെന്ന്, ഞങ്ങള്‍ നേരത്തേ പരിചയമുള്ളവരെപ്പോലെയായി. സംസാരിച്ചും വിശേഷങ്ങള്‍ പങ്കിട്ടും നേരം പോയതറിഞ്ഞില്ല. എനിക്കു രാവിലെ ഷൂട്ട് ഉള്ളതാണ്. പരസ്പരം ശുഭരാത്രി പറഞ്ഞ് ഉറങ്ങാന്‍ കിടന്നു. സത്യത്തില്‍ കിടന്നിട്ടും ഉറക്കം വന്നില്ല. വലിയ അദ്ഭുതമായി തോന്നി, കഴിഞ്ഞ നിമിഷങ്ങള്‍. അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രശസ്തനായ കവിയുടെ കൂടെ ഒരു റൂമില്‍ കിടന്നുറങ്ങാനുള്ള ഭാഗ്യം. നാളെ നേരം വെളുത്തിട്ടുവേണം കൂട്ടുകാരോടും വീട്ടുകാരോടുമെല്ലാം ഈ വിവരം വിളിച്ചുപറയാന്‍.
ചുള്ളിക്കാടിന്റെ കവിതകളോടൊക്കെ എനിക്കു ഭ്രമം തോന്നാന്‍ കാരണം സഹോദരന്‍ മനോജേട്ടനാണ്. ഏട്ടനോട് ഈ കാര്യം പറഞ്ഞാല്‍ ഏട്ടനും ഒത്തിരി സന്തോഷമാവും. അങ്ങനെയങ്ങനെ പല ചിന്തകളിലൂടെ സഞ്ചരിച്ച് ഒടുവില്‍ എപ്പഴോ ഉറങ്ങി. കാലത്ത് നേരത്തേ എഴുന്നേറ്റ് റെഡിയായി. സാറ് ഉറങ്ങുകയാണ്. ഉണര്‍ത്തണോ വേണ്ടയോ എന്ന ചിന്തയായി. ഉണര്‍ന്നാല്‍ സാറിന്റെ അരികില്‍നിന്ന് അനുഗ്രഹം വാങ്ങി പോകാം. ഞാന്‍ വിളിച്ചു, സാര്‍ ഉണര്‍ന്നു. പോവുകയാണെന്നു പറഞ്ഞ എന്നെ സാറ് അനുഗ്രഹിച്ചു. സാറിന് ഉച്ചയാവുമ്പോഴേ സീന്‍ ഉള്ളൂ എന്നു പറഞ്ഞു. ഞാന്‍ ലൊക്കേഷനിലേക്ക്.
സ്‌ക്രിപ്റ്റ് റൈറ്റര്‍ അനില്‍ മേക്കപ്പ്മാനോട് എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. മേക്കപ്പ്മാനു മുന്നില്‍ ഞാന്‍ ഒരു അരമണിക്കൂര്‍ ഇരുന്നു. ഒടുവില്‍ കണ്ണാടി കാണിച്ചപ്പോള്‍ ഞാന്‍തന്നെ ഞെട്ടിപ്പോയി. അത്രയ്ക്ക് വ്യത്യസ്തമായിരുന്നു മുഖവും രൂപവും. വേഷംകൂടി ആയപ്പോള്‍ എന്നെ കാണുന്നവരൊക്കെ ചിരിക്കാന്‍ തുടങ്ങി. കണ്ടാല്‍ നല്ല കോമഡി ലുക്ക്. അതാണ് കഥാപാത്രം. അനില്‍ ജി.എസ്. കൂടെ അഭിനയിക്കുന്നവരെയൊക്കെ പരിചയപ്പെടുത്തി. വില്ലന്‍ കഥാപാത്രം ചെയ്യുന്നത്, ഇന്ന് സിനിമയിലെല്ലാം സ്ഥിരസാന്നിദ്ധ്യമായ കിഷോര്‍ ആണ്. നാരായണ്‍ എന്ന കഥാപാത്രം. പരിചയപ്പെട്ടു. നല്ല ആരോഗ്യവാനായ സുന്ദരനായ ചെറുപ്പക്കാരന്‍ - ഏകദേശം മോഹന്‍ലാലിനെപ്പോലെയൊക്കെ തോന്നും. ഇയാള്‍ടെ കൈയില്‍നിന്നാണല്ലോ ഒരുപാട് അടിയും തൊഴിയും എനിക്കു കിേട്ടണ്ടതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു.
ഡയറക്ടര്‍ വന്ന് കഥാകൃത്തിനോടു പറഞ്ഞു, 'ഇനി നമുക്കു വിനോദിന്റെയും കിഷോറിന്റെയും സീനെടുക്കാം.' സീന്‍ കഥാകൃത്ത് സംവിധായകന്‍ വേണുസാറിനു കൊടുക്കുന്നു. സാറ് ശ്രദ്ധയോടെ വായിക്കുന്നു. ഞാനും കിഷോറും ആകാംക്ഷയോടെ നോക്കിനില്‍ക്കുന്നു. സ്‌ക്രിപ്റ്റില്‍നിന്നു മുഖമെടുത്ത് സംവിധായകന്‍ കഥാകൃത്തിനോടു ചോദിക്കുന്നു, 'വിനോദിനെ നമ്മള്‍ ഏതു കയത്തിലേക്ക് തള്ളിയിടും?'
ഇതു കേട്ടതും എന്റെ ഉള്ളില്‍ പെരുമ്പറ മുഴങ്ങി. വിയര്‍ക്കാന്‍ തുടങ്ങി. ഞാന്‍ മാറി മാറി സംവിധായകനെയും കഥാകൃത്തിനെയും നോക്കി. പക്ഷേ, അവരുടെ ശ്രദ്ധ തൊട്ടടുത്തുള്ള കയങ്ങളിലേക്കായിരുന്നു.
കസേരയില്‍ ഇരിക്കുന്ന കഥാകൃത്തിനോട് ഞാന്‍ ചോദിച്ചു: 'അല്ല, അനിലേട്ടാ എന്താപ്പം ഫസ്റ്റ് സീന്‍.'
'ങ്ഹാ... ഫസ്റ്റ് സീന്‍ നിന്നെ ഒരു പാറയുടെ മുകളില്‍നിന്ന് നാരായന്‍ എന്ന വില്ലന്‍ ചവിട്ടി ഒരു കയത്തിലേക്കു തള്ളിയിടുന്നതാണ്.'
ഞാന്‍ അനിലേട്ടന്റെ കാലുപിടിച്ച് പറഞ്ഞു: 'അനിലേട്ടാ, എനിക്ക് നീന്തല്‍ അറിയില്ലാട്ടോ.'
എന്റെ മുഖഭാവം കണ്ട് അദ്ഭുതത്തോടെ മൂപ്പരെന്നോടു തിരിച്ച് ചോദിച്ചു.
'ശരിക്കും അറിയില്ല?'
ഇല്ല എന്ന് ഞാന്‍ തലയാട്ടി.
'ശ്ശെ! ആകെ പ്രശ്‌നമാവുമല്ലോ. എന്താണ് വിനോദേ നീന്തലൊന്നും പഠിക്കാഞ്ഞേ. എന്താ പ്രശ്‌നംന്നറിയോ? വേണുസാറ് ഭയങ്കര ചൂടനാ. നിനക്കു നീന്തല്‍ അറിയില്ലെന്നു പറഞ്ഞാല്‍ എന്തൊക്കെയാ മൂപ്പര് പറയാന്നറിയില്ല.'
എനിക്കു ടെന്‍ഷന്‍ കൂടി; ഹൃദയമിടിപ്പും. വീട്ടീന്ന് യാത്രയാകുമ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു. 'അനിലേട്ടാ ഇങ്ങളൊന്ന് ചെന്ന് ഡയറക്ടറോട് മയത്തില് പറഞ്ഞുനോക്കി...'
'ന്നാ വാന്ന്' പറഞ്ഞ് എന്നെയും കൂട്ടി ഡയറക്ടറുടെ അടുത്തേക്ക്. അപ്പോഴേക്കും ഡയറക്ടറും സംഘവും എന്നെ തള്ളിയിടാനുള്ള കയം കണ്ടെത്തിക്കഴിഞ്ഞിരുന്നു.
ഡയറക്ടര്‍ പറയുന്നു, ക്യാമറ മുന്നോട്ടെടുത്തോളൂന്ന്. അനിലേട്ടന്‍ ഡയറക്ടറെ മാറ്റിനിര്‍ത്തി കാര്യം അവതരിപ്പിച്ചു. ഇതിനിടെ ഞാന്‍ കയത്തിലേക്ക് ഒന്നു നോക്കി. ഇതിലേക്ക് എന്നെ തള്ളിയിട്ടാല്‍ അതോടെ തീരും എന്റെ ജീവിതം. ഡയറക്ടറുടെ അടുത്ത് പറയലും ഡയറക്ടര്‍ എന്റെ മുഖത്തേക്ക് ഒരു നോട്ടം നോക്കി. ശരിക്കും ഞാന്‍ ദഹിച്ചുപോയി. പിന്നെ എന്റെ നേര്‍ക്ക് സാറ് ഒരു വരവ് വന്നു. ഓടി രക്ഷപ്പെട്ടാലോന്ന് തോന്നിപ്പോയി. ഒരു അറിയപ്പെടുന്ന തെറിവാക്ക് ഉപയോഗിച്ചായിരുന്നു സാറ് എന്നോട് പ്രതികരിച്ചത്. 'ഈ അഭിനയിക്കാനൊക്കെ വരുമ്പം നീന്തലും ഡ്രൈവിങ്ങുമൊക്കെ പഠിച്ചിരിക്കണം. മനസ്സിലായോ?'
ഞാന്‍ ഒന്നും മിണ്ടിയില്ല. അച്ചടക്കമുള്ള കുട്ടിയെപ്പോലെ നിന്നു. ഉടനെ ഡയറക്ടര്‍ അസോസിയേറ്റിനോടും ആര്‍ട്ട് ഡയറക്ടറോടും ആഴം കുറഞ്ഞ ഒരു കയം നോക്കാന്‍ ആജ്ഞ കൊടുത്തു. കേട്ടതും അവര്‍ ഓടി. ഡയറക്ടര്‍ സ്‌ക്രിപ്റ്റും പിടിച്ച് ദേഷ്യത്തില്‍ ഉലാത്തിക്കൊണ്ടിരുന്നു. 'എന്തായാലും വെള്ളത്തില്‍ തള്ളിയിടാതിരിക്കാന്‍ പറ്റില്ല. ആഴക്കുറവുള്ള കയം കണ്ടുപിടിക്കട്ടെ. ദാ ഇനി ഡയലോഗ് പഠിക്ക്. ഇനി അതും തെറ്റിക്കണ്ടാ' അതും പറഞ്ഞ് ഡയറക്ടര്‍ പോയി.
അനിലേട്ടനോട് ഞാന്‍ ചോദിച്ചു, 'എന്തൊക്കെയൊ ഡയലോഗ്?'
'ഏയ് ഡയലോഗ് ഒന്നൂല്യ. കയത്തില്‍ വീണാല്‍ അയ്യോ എന്നെ രക്ഷിക്കണേന്നും പറഞ്ഞ് കരയ്യാ. പാറമുകളില്‍നിന്ന് നാരായന്‍ ചിരിക്കും.'
ആ ഡയലോഗ് പിന്നെ പഠിക്കേണ്ട കാര്യമില്ല. ഞാന്‍ എന്തായാലും പറയും. അടുത്ത നിമിഷം ആഴക്കുറവുള്ള കയം കണ്ടെത്താന്‍ പോയവര്‍ എത്തി. ക്യാമറയും സന്നാഹവും അങ്ങോട്ട്.
'ന്നാ ചെല്ല്' എന്ന് അനിലേട്ടന്‍.
'അനിലേട്ടാ നിങ്ങളും കൂടെ വരി ഒരു ധൈര്യത്തിന്. ഇവിടെ ഇപ്പം എനിക്ക് ഇങ്ങളെ മാത്രേ പരിചയമുള്ളൂ. അതോണ്ടാ.' എന്റെ ദയനീയാവസ്ഥ കണ്ട് അനിലേട്ടനും വന്നു. സ്ഥലത്തെത്തി. ഉയരമുള്ള ഒരു പാറയുടെ പുറകില്‍ ഒരു കയം.
ഡയറക്ടര്‍ ആര്‍ട്ട് ഡയറക്ടറോട് ചോദിക്കുന്നതു കേട്ടു. 'ആഴമില്ലല്ലോ.'
'ഇല്ല സാര്‍,' എന്നു പറഞ്ഞ് ആര്‍ട്ട് ഡയറക്ടര്‍ കയത്തിലേക്കു ചാടി. കഴുത്തുവരെ വെള്ളത്തില്‍ നിന്ന് പറഞ്ഞു. 'ഇത്രയേ ആഴമുള്ളൂ.'
ആ അത് കൊഴപ്പമില്ല്യാന്ന് ഡയറക്ടര്‍. എന്റെ മനസ്സു പറഞ്ഞു: എനിക്കതും കുഴപ്പാ. ചാടിയ ആള്‍ എന്നെക്കാള്‍ ഉയരമുള്ള ആളാ. അയാള്‍ക്ക് കഴുത്തിനുവരെ വെള്ളംന്ന് പറയുമ്പോള്‍ ഞാന്‍ മുങ്ങും ഉറപ്പ്.
പിന്നെ ഒന്നും പറഞ്ഞില്ല. സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു. ഒപ്പം ഇങ്ങനെ ഒരവസ്ഥയെക്കുറിച്ച് പറഞ്ഞ അമ്മയെയും. ഞാന്‍ പാറയുടെ അറ്റത്ത് വില്ലന്‍ നാരായന്‍ എന്ന കിഷോറിനെ നോക്കിനിന്നു. ആക്ഷന്‍ പറഞ്ഞാല്‍ ചവിട്ടിക്കൊള്ളണം എന്ന് ഡയറക്ടര്‍. കിഷോറിന്റെ കൈപിടിച്ച് അനുഗ്രഹം വാങ്ങി സ്വകാര്യത്തില്‍ പറഞ്ഞു. 'ഒരു മയത്തിലൊക്കെ ചവിട്ടണേ.'
കിഷോര്‍ ധൈര്യം തന്നു. ആക്ഷന്‍ പറയുന്നതിനുമുമ്പ് സാറ് പറഞ്ഞു: 'വിനോദേ വീണ ഉടനെ വെള്ളത്തില്‍ കിടന്ന് പിടഞ്ഞ് രക്ഷിക്കണേ രക്ഷിക്കണേന്ന് പറഞ്ഞേക്കണേ.'
ഫുള്‍ ക്രൂ ആ രംഗത്തിന്റെ കാഴ്ചക്കാരായി നില്‍ക്കുന്നു. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞു. നാരായന്‍ ചവിട്ടി. ഞാന്‍ കയത്തില്‍ വെള്ളത്തില്‍ കിടന്നു പറയേണ്ട ഡയലോഗ് ഒക്കെ വളരെ തന്മയത്വത്തോടെ പറഞ്ഞു. വീണവീഴ്ചയില്‍ മുങ്ങി. മൂക്കിലും ചെവിയിലും ഒക്കെ വെള്ളം കേറി. കുറേ വെള്ളം കുടിക്കുകയും ചെയ്തു. ഡയലോഗ് പറഞ്ഞതിനുശേഷം നിലകിട്ടാതെ ഞാന്‍ വെപ്രാളം കാണിക്കുന്നതു കണ്ടപ്പോള്‍ ഡയറക്ടര്‍ ആര്‍ട്ട് ഡയറക്ടറോടു പറഞ്ഞു, 'ഡോ ചാടി അവനെ കരയ്ക്കു കയറ്റ്.' രക്ഷകനെപ്പോലെ ആര്‍ട്ട് ഡയറക്ടര്‍ ചാടിവന്ന് എന്നെ പിടിച്ച് കരകയറ്റി. ഒരു ചെറിയ പാറയില്‍ ചാരിയിരിക്കുന്ന എന്നെ കണ്ട് എല്ലാവരും ചിരിച്ചു. എനിക്കുമാത്രം ചിരിവന്നില്ല. കൂട്ടുകാരനും കഥാകൃത്തുമായ അനിലേട്ടന്‍ വന്ന് മുട്ടുകുത്തി ഇരുന്ന് എന്നോടു ചോദിച്ചു: 'എങ്ങനെണ്ട്?'
ഞാന്‍ ചിരിച്ചുകൊണ്ട് കുഴപ്പല്ല്യാന്നു പറഞ്ഞു.
ചിരിച്ചുകൊണ്ട് അനിലേട്ടന്‍ പറഞ്ഞു: 'ഇതു തുടക്കം മാത്രം. സാമ്പിള്‍ വെടിക്കെട്ട്. ഇനി എന്തൊക്കെ വരാനിരിക്കുന്നു, ശനിയന്‍ എന്ന കഥാപാത്രത്തിന്.'
അനിലേട്ടന്‍ പറഞ്ഞത് സത്യമായിരുന്നു. രണ്ടുമാസംകൊണ്ട് എന്റെ കഥാപാത്രത്തിനു കിട്ടിയ തല്ലും വീണ വീഴ്ചയും ഒന്നും മറക്കാന്‍ പറ്റില്ല. എന്നാലും ഒരു രസമായിരുന്നു ആ കൊച്ചുണ്ണിക്കാലം.
Content Highlights: vinod kovoor memories mathrubhumi books excerpts
Published: 06 Nov 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented