
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വിനോദ് കോവൂരിന്റെ 'വിനോദയാത്ര' എന്ന പുസ്തകത്തിൽനിന്ന്;
ഒന്നാംക്ലാസ് മുതല്‍ നാലാംക്ലാസ് വരെ കോവൂരിലെ ഗവ. ക്യാമ്പസ് സ്‌കൂളിലാണ് പഠിച്ചത്. 5-ാം ക്ലാസ് മുതല്‍ അച്ഛന്‍ എന്നെ ടൗണിലെ സെന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂളില്‍ കൊണ്ടാക്കി. കൂടുതലും സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളായിരുന്നു അത്. കൂട്ടത്തില്‍ ഞാനടക്കം കുറച്ചുപേര്‍ സാധാരണക്കാരുടെ മക്കളും. എല്ലാവരുമായി ഇഴുകിച്ചേരാന്‍ കുറച്ചു സമയമെടുത്തു. പഠനകാര്യത്തില്‍ ഞാന്‍ ഇത്തിരി പിന്നാക്കമായിരുന്നു. അതുകൊണ്ടുതന്നെ മുന്‍ബെഞ്ചുകളില്‍ ഇരുന്ന് പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നില്ല.
എന്നാല്‍ യൂത്ത്ഫെസ്റ്റിവല്‍ വന്നതോടെ കുട്ടികള്‍ക്കും ടീച്ചേഴ്സിനുമെല്ലാം എന്നോട് ഇഷ്ടം കൂടിത്തുടങ്ങി. ലളിതഗാനത്തിലും മിമിക്രിയിലും മോണോആക്ടിലും സമ്മാനങ്ങള്‍ എന്നെ തേടിവന്നു. ക്ലാസ്സില്‍ ടീച്ചേഴ്സ് ഇടയ്ക്കിടെ പാട്ടു പാടിപ്പിക്കാന്‍ തുടങ്ങി. എന്നിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞത് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായിരുന്നു. കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോട് മാഷ്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ സാറിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ കോഴിക്കോട്ടെ പ്രശസ്തരായ നാടകനടന്മാരും നടിമാരും അഭിനയിച്ച നാടകങ്ങളില്‍ ബാലതാരമായി വേഷമിട്ടു. മോഹന്‍ലാല്‍ നായകനായ ഉയരും ഞാന്‍ നാടാകെ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ കുട്ടികളെ തിരഞ്ഞപ്പോള്‍ ആ സെലക്ഷനില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയതും പോള്‍ സാറായിരുന്നു. പക്ഷേ, നിര്‍ഭാഗ്യം കൂടപ്പിറപ്പ് ആയതുകൊണ്ട് ആ അവസരം കിട്ടിയില്ല. സ്‌കൂളുകളില്‍ അഭിനയവാസനയുള്ള കുട്ടികളെ കണ്ടെത്തി, സ്‌കൂള്‍ ലൈബ്രറിയില്‍നിന്ന് ബാലനാടകപുസ്തകങ്ങള്‍ എടുത്ത്, അതിലെ നാടകങ്ങള്‍ എന്റെ സംവിധാനത്തില്‍ത്തന്നെ അരങ്ങേറിയിട്ടുണ്ട്.
ഒരിക്കല്‍ പോള്‍ മാഷ് ഡ്രോയിങ് പീരിയഡ് ക്ലാസ്സില്‍ വന്നപ്പോള്‍ 'നിങ്ങള്‍ക്കൊക്കെ ഭാവിയില്‍ ആരാകണം' എന്നു ചോദിച്ചു. നന്നായ് പഠിക്കുന്ന മുന്‍ബെഞ്ചിലിരിക്കുന്ന കുട്ടികളെല്ലാം എഴുന്നേറ്റ് തികഞ്ഞ ആത്മവിശ്വാസത്തോടെ ഡോക്ടര്‍, എന്‍ജിനീയര്‍, വക്കീല്‍, കലക്ടര്‍ എന്നൊക്കെ ഉറക്കെ പറയാന്‍ തുടങ്ങി. നാലാമത്തെ ബെഞ്ചിലിരിക്കുന്ന എന്റെ അവസരമായി. എന്തു പറയും എന്ന ആശയക്കുഴപ്പത്തിലായിരുന്നു. കുട്ടികളെല്ലാം ആവേശത്തോടെ എന്നെ നോക്കിനിന്നു. കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു: 'സാര്‍, എനിക്ക് നടനാകണം.' പറഞ്ഞുകഴിഞ്ഞതും കുട്ടികളെല്ലാം ചിരിക്കാന്‍ തുടങ്ങി. പരിഹാസം കലര്‍ന്ന ചിരി.
എന്റെ കുഞ്ഞുമനസ്സ് വല്ലാതെ വേദനിച്ചു. പറയേണ്ടിയിരുന്നില്ല നടന്‍ എന്ന്. ഡോക്ടര്‍, എന്‍ജിനീയര്‍ പോലെ ഒരു വിലയുള്ള ജോലിയല്ലല്ലോ അത് എന്നു ഞാന്‍ മനസ്സിലാക്കി. കണ്ണു നിറഞ്ഞു, ഏതു നേരവും കരയും എന്ന ഘട്ടത്തിലെത്തി. അപ്പോള്‍ മാഷ് എല്ലാവരെയും നിശ്ശബ്ദരാക്കിക്കൊണ്ടു പറഞ്ഞു: 'വെരിഗുഡ് വിനോദ്, ഒരാളെങ്കിലും വ്യത്യസ്തമായ ഒരു ആഗ്രഹം പറഞ്ഞല്ലോ.' അതു കേട്ടതും, ക്ലാസ്സിലെ കുട്ടികളെല്ലാം ഒരുമിച്ച് ക്ലാപ്പ് ചെയ്തു. ആ കൈയടി എനിക്ക് ഒരുപാടു സന്തോഷം തന്നു. ആത്മവിശ്വാസത്തോടെ ഞാന്‍ ഇരുന്നു. കണ്ണില്‍നിന്ന് ഉതിര്‍ന്നുവീഴാന്‍നിന്ന കണ്ണീരെല്ലാം എവിടെയോ പോയ്മറഞ്ഞു. ഇപ്പോള്‍ വര്‍ഷങ്ങള്‍ നാല്‍പ്പതു കഴിഞ്ഞിരിക്കുന്നു. നടനായിട്ടാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്. അന്ന് ക്ലാസ്സില്‍ ഡോക്ടറാവും എന്‍ജിനീയറാവും വക്കീലാവും എന്നു പറഞ്ഞ പലരും അതൊന്നും ആയില്ല. പക്ഷേ, എല്ലാവരും നല്ല ജോലിയിലായി പലയിടത്തും ഉണ്ട്.
സെന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സിലേക്ക് എത്തിയ കാലം. അരക്കൊല്ലപ്പരീക്ഷ കഴിയുമ്പോള്‍ എക്സാം പേപ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ പ്രോഗ്രസ് കാര്‍ഡ് തരാന്‍ ഹെഡ്മാസ്റ്റര്‍ ആണ് വരിക. അന്നത്തെ ഹെഡ്മാസ്റ്റര്‍ ഒരു പള്ളീലച്ചനാണ്. ആന്ത്രപ്പേര്‍ അച്ചന്‍. അച്ചനെ കണ്ടാല്‍ത്തന്നെ പേടിയാകും. നല്ല ഉയരവും തടിയും ഉള്ള അച്ചന്‍. ളോഹയുമിട്ട് വരാന്തയിലൂടെ നടക്കുമ്പോള്‍ കുട്ടികളൊക്കെ ശ്വാസം അടക്കിപ്പിടിച്ചിരിക്കും. ആന്ത്രപ്പേര്‍ അച്ചന്‍ പ്രോഗ്രസ് കാര്‍ഡുമായി ക്ലാസ്സില്‍ എത്തി. ഞങ്ങളെല്ലാം എഴുന്നേറ്റുനിന്ന് വിഷ് ചെയ്തു. ഗൗരവശബ്ദത്തില്‍ എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു. അച്ചന്‍ മേശയില്‍ ചാരിനിന്നു. എന്റെ ശ്രദ്ധ മുഴുവന്‍ അച്ചന്റെ കൈയിലെ ചൂരലിലായിരുന്നു. ആ ചൂരല്‍ ഞാനടക്കമുള്ള ക്ലാസ്സിലെ വിരലില്‍ എണ്ണാവുന്നവര്‍ക്കു മാത്രമുള്ളതാണ്. എട്ടിലും ഒമ്പതിലുമെല്ലാം പഠിക്കുമ്പോള്‍ പല വിഷയങ്ങളിലും ഞാന്‍ തോല്‍ക്കാറുണ്ടായിരുന്നു. എന്നിലെ കലാകാരനെ ഇഷ്ടപ്പെടുന്ന ടീച്ചേഴ്സൊക്കെ പലപ്പോഴും പറയാറുണ്ട്, കലയോടൊപ്പം പഠനത്തിലും കേമനാകണമെന്ന്.
എത്ര ശ്രമിച്ചിട്ടും അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ മൂന്നു വിഷയങ്ങളില്‍ തോറ്റിട്ടുണ്ട്. മറ്റു വിഷയങ്ങളിലെല്ലാം മാര്‍ക്കും കുറവാണ്. പേരു വിളിച്ച് പ്രോഗ്രസ്‌കാര്‍ഡ് തരുമ്പോള്‍ ഹെഡ്മാസ്റ്ററുടെ മുഖത്തെ ഭാവമാറ്റം എനിക്ക് കാണാന്‍ സാധിക്കും. പിന്നെ ചന്തിക്കും കൈക്കും ആയി ഒരു നാലടിയുണ്ട്. കണ്ണില്‍നിന്ന് പൊന്നീച്ച പാറും. അന്ന് ക്ലാസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞവന്‍ ഞാനായിരുന്നു. മറ്റുള്ള കുട്ടികളെല്ലാം പാന്റ്സ് ഇട്ട് വരുമ്പോള്‍ ഞാന്‍ ട്രൗസര്‍ ധരിച്ചാണ് വരിക. അതുകൊണ്ടുതന്നെ ചന്തിക്ക് കിട്ടുന്ന അടിയില്‍ ചൂരലിന്റെ നീളംകൊണ്ട് തുടയിലേക്കൊക്കെ അടിയുടെ പാടു വീഴും. തൃശ്ശൂര്‍പൂരം കഴിഞ്ഞപോലെയാ ആന്ത്രപ്പേര്‍ അച്ചന്‍ ക്ലാസ്സില്‍നിന്ന് പോയാല്‍. അടുത്ത പിരീഡ് ക്ലാസ് നടക്കുമ്പോള്‍ പ്യൂണ്‍ ബാലേട്ടന്‍ ഒരു നോട്ടീസുമായി വന്നു. അദ്ധ്യാപകന്റെ കൈയില്‍ കൊടുത്തു. അദ്ധ്യാപകന്‍ വായിച്ചു: 'എം.സി. വിനോദ് ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് ചെല്ലുക.'
ക്ലാസ്സിലെ കുട്ടികള്‍ മുഴുവന്‍ അകത്തേക്ക് ശ്വാസംവലിച്ച് ഒരു ഭയാനകശബ്ദം ഉണ്ടാക്കി. ഇനി അവിടെ കൊണ്ടുപോയും തല്ലാനായിരിക്കും. വലിയ വിഷമത്തോടെ ഞാന്‍ ഹെഡ്മാസ്റ്ററുടെ റൂമില്‍ ചെന്നു. കറങ്ങുന്ന കസേരയില്‍ ആന്ത്രപ്പേര്‍ സാര്‍ ഇിക്കുന്നു. ഞാന്‍ അകത്തേക്ക് ചെന്നു. ചിരിച്ചുകൊണ്ട് സാര്‍ ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് എന്റെ അരികിലേക്ക് എഴുന്നേറ്റുവന്ന് എന്റെ ഷോള്‍ഡറില്‍ കൈ വെച്ചു ചോദിച്ചു: 'അടിച്ചപ്പോള്‍ വേദനിച്ചോ?' ഞാന്‍ ഒന്നും മിണ്ടിയില്ല. 'പഠിക്കാത്തതുകൊണ്ടും വിഷയങ്ങളില്‍ തോറ്റതുകൊണ്ടുമല്ലേ ഞാന്‍ അടിച്ചത്. കലാരംഗത്തു മാത്രം ശോഭിച്ചാല്‍ പോര, കൂടെ നന്നായി പഠിക്കുകയും വേണം.' ഇത്രയും സാറ് പറഞ്ഞത് പുഞ്ചിരിക്കുന്ന മുഖവുമായാണ്.
അപൂര്‍വ്വമായേ സാറിനെ അങ്ങനെ കാണൂ. സാറ് എന്റെ തൊട്ടടുത്ത സീറ്റിലിരുന്നു. എന്റെ രണ്ടു കൈകളും ചേര്‍ത്തുപിടിച്ചു. ഞാന്‍ ദയനീയമായി ആ കണ്ണിലേക്ക് നോക്കി. സാറ് തുടര്‍ന്നു, 'കുറേ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സിക്ക് നൂറു ശതമാനം വിജയം നേടുന്ന സ്‌കൂളാണിത്. ഇത്തവണ ആ നൂറു ശതമാനം നഷ്ടപ്പെടുമോ എന്നെനിക്കൊരു സംശയമുണ്ട്. അതിനു കാരണം ആരായിരിക്കും, വിനോദ് പറയൂ.'
ഞാന്‍ ഒന്നും പറഞ്ഞില്ല. സങ്കടംകൊണ്ട് കണ്ണു നിറയാന്‍ തുടങ്ങി.
'ഞാന്‍ പറഞ്ഞുവരുന്നത്, വിനോദ് ഈ വര്‍ഷം പരീക്ഷ എഴുതണ്ട. ഒരു വര്‍ഷംകൂടി നന്നായി പഠിച്ച് പ്രൈവറ്റായി പരീക്ഷ എഴുതിയാല്‍ മതി.'
ഞാന്‍ സാറിന്റെ കൈയില്‍ പിടിച്ചു പറഞ്ഞു: 'സാര്‍, അങ്ങനെ പറയരുത്. ഞാന്‍ ഇനിയങ്ങോട്ട് നന്നായി പഠിച്ചോളാം. ജയിച്ചോളാം.'
സാറിന്റെ മുഖത്ത് പ്രതീക്ഷക്കുറവ് ഞാന്‍ കണ്ടു.
'ഇല്ല വിനോദ്, എനിക്ക് വിശ്വാസമില്ല. ഞാന്‍ പറഞ്ഞതാ നല്ലത്. വിനോദ് നാളെ അച്ഛനോട് ഒന്നു വരാന്‍ പറയൂ. ഞാന്‍ അച്ഛനോടു സംസാരിക്കാം' എന്നു പറഞ്ഞ് എന്നോട് ക്ലാസ്സിലേക്ക് പൊയ്ക്കോളാന്‍ പറഞ്ഞു.
തിരിച്ച് ക്ലാസ്സില്‍ എത്തിയപ്പോള്‍ കൂട്ടുകാര്‍ക്കൊക്കെ അറിയണം, എന്തിനാണ് ഹെഡ്മാഷ് വിളിപ്പിച്ചതെന്ന്. എന്നോടു 'നന്നായി പഠിക്കണം, ജയിക്കണം' എന്നു പറയാനാ വിളിപ്പിച്ചതെന്ന് ഞാന്‍ കള്ളം പറഞ്ഞു.
വീട്ടില്‍ എത്തി അച്ഛനോടു പറഞ്ഞു: 'എങ്ങനെയെങ്കിലും ഹെഡ്മാഷിനെ അച്ഛന്‍ പറഞ്ഞു മമസ്സിലാക്കണം. ഞാന്‍ പഠിച്ച് ജയിച്ചോളാം. ഇല്ലെങ്കില്‍ കുട്ടികളുടെ മുമ്പില്‍ ഞാന്‍ നാണംകെടും അച്ഛാ.'
എന്റെ സങ്കടം അച്ഛന് മനസ്സിലായി. ഇനി ആന്ത്രപ്പേര്‍ അച്ചനുകൂടി മനസ്സിലാകണം, മനസ്സ് പറഞ്ഞു. പിറ്റേന്ന് അച്ഛന്‍ വന്നു. ഞങ്ങള്‍ രണ്ടുപേരും ആന്ത്രപ്പേര്‍ അച്ചന്റെ മുമ്പിലിരുന്നു. അച്ചന്‍ പറഞ്ഞുതുടങ്ങി, 'സ്‌കൂളിന്റെ പേര് നഷ്ടപ്പെടുന്നതില്‍ എനിക്ക് വിഷമമുണ്ട്. അതുകൊണ്ട് വിനോദ് അടുത്തവര്‍ഷം പരീക്ഷ എഴുതിയാല്‍ മതി.' അച്ഛന്‍ എനിക്കു വേണ്ടി വാദിച്ചു. അവന് സ്പെഷല്‍ ട്യൂഷന്‍ കൊടുത്തോളാം. അവന്‍ എനിക്ക് വാക്ക് തന്നിട്ടുണ്ട്. ജയിച്ചോളാം എന്ന്. എന്റെയും അച്ഛന്റെയും സങ്കടം കണ്ടിട്ടാവാം അച്ചന്‍ ഒടുവില്‍ സമ്മതിച്ചു. രണ്ടു നിബന്ധനകളോടെ. നാളെ മുതല്‍ വിനോദിനെ 8.30ന് സ്‌കൂളില്‍ എത്തിക്കണം. ഇവിടുത്തെ കണക്കിന്റെ അദ്ധ്യാപകന്‍ വിനോദിന് സ്പെഷല്‍ കോച്ചിങ് തരും. പത്തുമണിവരെ അതുപോലെ ക്ലാസ് വിട്ടാല്‍ വിനോദ് പോകരുത്. 5.30 വരെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ വിനോദിന് കോച്ചിങ് തരും. അച്ഛന്‍ സമ്മതം മൂളി. എനിക്ക് സന്തോഷമായി.
പിറ്റേന്നു മുതല്‍ വീട്ടീന്ന് 7.30 ന് പുറപ്പെടാന്‍ തുടങ്ങി. സാധാരണ സ്‌കൂള്‍ ബസ്സിലാണ് പോകുന്നത്. അത് സ്‌കൂള്‍ ടൈമിലേ സ്‌കൂളില്‍ എത്തൂ. പിന്നീട് പ്രൈവറ്റ് ബസ്സില്‍ പോകാന്‍ തുടങ്ങി. രാവിലെയും വൈകീട്ടും നല്ല ശിക്ഷണം കിട്ടി. പോരാത്തതിന് വീട്ടിനടുത്തെ ശാന്തിനികേതന്‍ ട്യൂട്ടോറിയല്‍ കോളേജിലെ ലത്തീഫ് സാറിന്റെ പരിശീലനം വേറെയും.
അങ്ങനെ കൊല്ലപ്പരീക്ഷ വന്നു. ഓരോ പരീക്ഷ കഴിഞ്ഞപ്പോഴും മനസ്സ് പറഞ്ഞു, നന്നായി എഴുതീട്ടുണ്ട് ജയിക്കും എന്ന്. കണക്കുപരീക്ഷ അവസാന ദിവസമാണ്. സ്‌കൂളില്‍ നേരത്തേ എത്തി. പല കൂട്ടുകാരം കോപ്പിയടിക്കാന്‍ കൊച്ചുപേപ്പറില്‍ പല സൂത്രവാക്യങ്ങളും മറ്റും എഴുതിവെക്കുന്നു. ഏറ്റവും പ്രയാസമുള്ള വിഷയമാണ്. മിനിമം മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ ഞാന്‍ തോല്‍ക്കും. ആന്ത്രപ്പേര്‍ അച്ചനും സ്വന്തം അച്ഛനും കൊടുത്ത വാക്ക് തെറ്റും. സ്‌കൂളിന്റെ നൂറു ശതമാനം നഷ്ടപ്പെടും. ചിന്തകള്‍ക്ക് ഭ്രാന്തുപിടിച്ചപ്പോള്‍ കോപ്പിയടിക്കാം എന്ന തീരുമാനത്തിലെത്തി. നോട്ട്ബുക്കില്‍നിന്നും കടലാസ് പറിച്ചെടുത്ത് ഞാനും ചില സൂത്രവാക്യങ്ങള്‍ ചെറുതായി എഴുതിവെച്ച് പോക്കറ്റില്‍ ഇട്ടു. പരീക്ഷ തുടങ്ങി. ക്ലാസ്സില്‍ പലരും കോപ്പിയടിക്കുന്നതു ഞാന്‍ കണ്ടു. ചോദ്യപ്പേപ്പര്‍ വായിച്ചപ്പോള്‍ ശരിക്കും പ്രയാസപ്പെട്ടു.
അത്രയും പ്രയാസ ചോദ്യങ്ങളായിരുന്നു. നാലോ അഞ്ചോ ചോദ്യത്തിനു മാത്രമേ എനിക്ക് ശരിയായ ഉത്തരം എഴുതാന്‍ കഴിഞ്ഞുള്ളൂ. പിന്നെ ഒന്നും നോക്കിയില്ല. പോക്കറ്റില്‍ കരുതിയ പേപ്പര്‍ പുറത്തെടുത്തു. നിവര്‍ത്തി തുടയുടെ അടിയില്‍ വെച്ചു. മറ്റു പലരും അങ്ങനെയാണ് കോപ്പി അടിക്കുന്നത്. അവരെല്ലാം കോപ്പിയടയില്‍ നല്ല പരിശീലനമുള്ളവര്‍. ഞാന്‍ ആദ്യമായിട്ട് കോപ്പി അടിക്കുകയാണ്. അതിന്റെ പരിഭ്രാന്തി എന്റെ മുഖത്തുണ്ട്. ടീച്ചര്‍ ക്ലാസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. തിരിച്ചു നടക്കുമ്പോഴാണ് പലരും കോപ്പിയടിക്കുന്നത്. അങ്ങനെ ഞാനും നോക്കിയെഴുതാന്‍ തുടങ്ങി. ഇതിനിടയില്‍ പുറകില്‍നിന്ന് ഒരു പഠിപ്പിസ്റ്റ് ചെക്കന്‍ ടീച്ചറേ എന്നൊരു വിളി. അവന്‍ എക്സ്ട്രാ ഷീറ്റ് പേപ്പറിനു വിളിച്ചതാണ്.
തിരിഞ്ഞ ടീച്ചര്‍ കാണുന്നത് ഞാന്‍ കോപ്പി അടിക്കുന്നതാണ്. ടീച്ചര്‍ എന്റെ അരികിലേക്ക് നടന്നുവരുമ്പോള്‍ കോപ്പിയടി പേപ്പര്‍ കൈകൊണ്ടു ചുരുട്ടി ഡെസ്‌ക്കിന്റെ അകത്തേക്ക് എറിഞ്ഞു. എന്റെ സമയദോഷം എന്നു പറഞ്ഞാല്‍ മതിയല്ലോ, ഡസ്‌ക്കിനു പുറകില്‍ പലകയില്ലായിരുന്നു. ചുരുട്ടിയെറിഞ്ഞ പേപ്പര്‍ ടീച്ചറുടെ സാരിയില്‍ തട്ടി വീണു. ടീച്ചര്‍ അത് കുനിഞ്ഞെടുത്തു. കുട്ടിക ളെല്ലാവരും ഉള്ളിലേക്ക് ശ്വാസമെടുത്ത് ഭയനകമായ ശബ്ദം ഉണ്ടാക്കി. ഞാന്‍ എഴുന്നേറ്റു നിന്നു. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് കോപ്പിയടിച്ചു പിടിച്ചാല്‍ ഡീബാര്‍ ചെയ്യും എന്നൊക്കെ ചേട്ടന്‍ പറഞ്ഞത് ഓര്‍മ്മവന്നു. ഞാന്‍ ഭൂമിയിലേക്ക് താഴ്ന്നുപോകുന്നപോലെ തോന്നി. ടീച്ചര്‍ പേപ്പര്‍ ചോദിച്ച കുട്ടിക്ക് പേപ്പര്‍ കൊടുത്തിട്ട് എന്നോട് ക്ലാസ്സിനു പുറത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചു. എന്റെ ഉള്ള് കെടന്ന് പിടച്ചു. സത്യത്തില്‍ ഒന്നു കക്കൂസില്‍ പോകാനുള്ള ആഗ്രഹം തോന്നി. കണ്ണു നിറഞ്ഞ് ഞാന്‍ പുറത്തെത്തി. ടീച്ചര്‍ സൗമ്യമായി എന്നെ ശകാരിച്ചു.
കോപ്പിയടിച്ചത് പിടിച്ചാലുള്ള ഭവിഷ്യത്ത് എന്താന്നറിയോന്നൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ ടീച്ചറുടെ കാല്‍ക്കല്‍ വീണ് കരഞ്ഞു. ടീച്ചര്‍ എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ഞാന്‍ എന്റെ സങ്കടം കരഞ്ഞു പറഞ്ഞു, 'ഞാനീ പരീക്ഷയില്‍ തോറ്റാല്‍ സ്‌കൂളിന്റെ നൂറു ശതമാനം നഷ്ടപ്പെടും. ഞാന്‍ ഹെഡ്മാഷിന് കൊടുത്ത വാക്കാണ്. ഞാന്‍ ആദ്യമായിട്ടാണ് കോപ്പിയടിക്കുന്നത്. ക്ലാസ്സില്‍ പല കുട്ടികളും കോപ്പി അടിക്കുന്നുണ്ട്. പക്ഷേ, ടീച്ചര്‍ എന്നെ മാത്രമേ കണ്ടുള്ളൂ.' എന്റെ കണ്ണീരിലും സങ്കടത്തിലും ടീച്ചറുടെ മനസ്സലിഞ്ഞു. സാരിത്തലപ്പുകൊണ്ട് എന്റെ കണ്ണീര് തുടച്ചു. 'തല്‍ക്കാലം ഞാന്‍ ആക്ഷന്‍ ഒന്നും എടുക്കുന്നില്ല. പോയിരുന്ന് എഴുത്. അറിയാവുന്നത് മാത്രം എഴുതിയാല്‍ മതി.'
സകല ദൈവങ്ങളേയും മനസ്സില്‍ വിളിച്ചു. ടീച്ചറോട് താങ്ക്സ് പറഞ്ഞ് ക്ലാസ്സിലേക്ക് ചെന്നു. അത്രയും നേരം കൂട്ടുകാര്‍ കോപ്പിയടിക്കാര്‍ നന്നായി ആ സമയം വിനിയോഗിച്ചു. പിന്നീട് അറിയാവുന്ന ഉത്തരം മാത്രം എഴുതിവെച്ചു. അപ്പോഴും പല കൂട്ടുകാരും കോപ്പയടിക്കുന്നത് ഞാന്‍ കണ്ടു. ടീച്ചര്‍ കാണുന്നുമില്ല. എനിക്ക് എക്സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ടാണെന്ന് എനിക്കു മനസ്സിലായി.
പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം പേപ്പര്‍ കൊടുത്തു മടങ്ങി. ഞാന്‍ ഏറ്റവും അവസാനമാണ് പേപ്പര്‍ കൊടുത്തത്. ഒരിക്കല്‍ക്കൂടി ടീച്ചറോട് ചിരിച്ചുകൊണ്ടു നന്ദി പറഞ്ഞു. സ്‌കൂള്‍ പൂട്ടി. പത്താം ക്ലാസ് കഴിഞ്ഞു. സന്തോഷത്തോടെ സ്‌കൂളില്‍നിന്ന് യാത്രയായി. കോപ്പിയടിച്ചു പിടിച്ച വിവരം വീട്ടിലൊന്നും പറഞ്ഞില്ല. എസ്.എസ്.എല്‍.സി. റിസള്‍ട്ട് അറിയുന്ന ദിവസത്തിന്റെ തലേന്ന് നല്ല ടെന്‍ഷനിലായിരുന്നു. തോറ്റുപോയാല്‍ എന്തിനു പറ്റും. അച്ഛന്‍ എനിക്കു തന്ന ഓഫര്‍, ജയിച്ചാല്‍ ഒരു ഹോക്കിസ്റ്റിക്ക് വാങ്ങിത്തരാമെന്നായിരുന്നു. അന്നൊക്കെ കൂട്ടുകാരുടെ കൂടെ ഹോക്കി കളിച്ചിരുന്നത് കാഞ്ഞിരമരത്തിന്റെ വളഞ്ഞ കൊമ്പുകൊണ്ടായിരുന്നു. റിസള്‍ട്ട് അറിയുന്ന ദിവസം അച്ഛനാണ് റിസള്‍ട്ട് നോക്കാന്‍ പോയത്. ഞാന്‍ പേടിച്ച് വീട്ടില്‍ത്തന്നെ കിടപ്പായിരുന്നു.
അച്ഛന്‍ വന്നു. അമ്മയോടു ചോദിക്കുന്നതു കേട്ടു: 'അവനെവിടെ?' അമ്മ പറഞ്ഞു: 'ദാ അകത്ത് കിടക്കുന്നു. എന്താ അവന്‍ ജയിച്ചില്ലേ?' അച്ഛന്‍ തുടര്‍ന്നു: 'ഹും, അവനെ പഠിപ്പിക്കുന്ന നേരംകൊണ്ട് എനിക്ക് വാഴ വെച്ചാല്‍ മതിയായിരുന്നു. ആ ഹെഡ്മാഷോട് ഞാന്‍ എന്തു പറയും?'
കട്ടിലില്‍ കമിഴ്ന്നു കിടന്നു ഞാന്‍ കരഞ്ഞു. അച്ഛന്‍ റൂമിലെത്തി. 'എടാ എഴുന്നേല്‍ക്കെടാ, എടാ എഴുന്നേല്‍ക്കാന്‍.'
ഞാന്‍ എണീറ്റില്ല. കമിഴ്ന്നു കിടന്ന് തേങ്ങിക്കരഞ്ഞു. പിന്നെ അച്ഛന്‍ ചിരിച്ചുകൊണ്ട്, 'എടാ അച്ഛന്റെ കൈയില്‍ എന്താന്ന് നോക്കടാ.'
ഞാന്‍ തലപൊക്കി നോക്കി. അച്ഛന്റെ കൈയില്‍ ഒരു പുതിയ ഭംഗിയുള്ള ഹോക്കിസ്റ്റിക്ക്. ചാടിയെഴുന്നേറ്റു, 'ഞാന്‍ ജയിച്ചോ?'
'ജയിച്ചെടാ'ന്ന് പറഞ്ഞ് അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു. സന്തോഷനിമിഷം. വാക്കുപാലിച്ചതിന്റെ സന്തോഷം. 'അച്ഛന്‍ കുറച്ച് ലഡ്ഡു വാങ്ങിത്തരാം. നീ വേഗം സ്‌കൂളില്‍ ചെന്ന് ഹെഡ്മാഷിന് കൊടുക്കണം.'
എത്രയും പെട്ടെന്ന് സ്‌കൂളിലെത്തി. ഹെഡ്മാഷുടെ റൂമില്‍ ചെന്നതും ആന്ത്രപ്പേര്‍ അച്ചന്‍ എന്നെ ളോഹകൊണ്ടു പൊതിഞ്ഞ് ചേര്‍ത്തുപിടിച്ചു. ഏറെ സന്തോഷിച്ചു. ഞാന്‍ കൊടുത്ത കവറില്‍നിന്നും ഒരു ലഡ്ഡു എടുത്ത് എനിക്ക് തന്നു. അച്ചനും ഒരു ലഡ്ഡു എടുത്തു. പിന്നെ കവര്‍ എനിക്കു തന്ന് സ്പെഷ്യല്‍ ട്യൂഷനെടുത്ത ടീച്ചേഴ്സിനും കൊടുക്കാന്‍ പറഞ്ഞു. അവര്‍ക്കും ഏറെ സന്തോഷം. അച്ചന്‍ പറഞ്ഞു: 'കലാകാരനാകണം, ഒപ്പം നല്ല വിദ്യാഭ്യാസവും നേടണം, അപ്പോഴേ മിടുക്കനാകൂ.'
ശേഷം പരീക്ഷ എഴുതിയ ആ ക്ലാസ് റൂമില്‍ ഒന്നു ചെന്നു. കോപ്പിയടിച്ചപ്പോള്‍ പിടിച്ച നിമിഷവും ആ ടീച്ചറേയും ഒന്നോര്‍ത്തു. പിറ്റേന്ന് പത്രങ്ങളില്‍ സെന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂളിന് ഇത്തവണയും നൂറു ശതമാനം വിജയം എന്ന വാര്‍ത്ത കണ്ടപ്പോള്‍ അഭിമാനംകൊണ്ടു.
Content Highlights: Excerpt from Vinodayathra book
Published: 12 Jul 2025, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented