ആധുനിക മലയാളസാഹിത്യനിരൂപണത്തിന് അടിത്തറപാകിയ എഴുത്തുകാരന് കെ.പി. അപ്പന്റെ സമഗ്രമായ ജീവചരിത്രമാണ് പ്രസന്നരാജന് തയ്യാറാക്കി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കെ.പി. അപ്പന് നിഷേധിയും മഹര്ഷിയും.' പുസ്തകത്തില് നിന്നൊരു ഭാഗം വായിക്കാം...
ചേര്ത്തല എസ്.എന്. കോളേജില് ജോലിചെയ്യുമ്പോള് മഴക്കാലത്ത് കോളേജിനടുത്തുള്ള വാടകവീട്ടിലും അതുകഴിഞ്ഞ് സ്വന്തം വീട്ടിലുമാണ് താമസം. ശാന്തമായ ജീവിതമായിരുന്നു അപ്പന്റേത്. കോളേജില് പോയി പഠിപ്പിക്കുക, വീട്ടില് വന്നു വായിക്കുക. ഇതല്ലാതെ വേറൊരു ലോകമില്ല. സംഘടനാപ്രവര്ത്തനമോ യാത്രകളോ ഒന്നുമില്ല. വീട്ടില് വായനതന്നെ. വീട്ടില് അച്ഛനും അമ്മയും ഇളയ സഹോദരനും സഹോദരിയും ഉണ്ട്. മൂത്ത സഹോദരി വിവാഹം കഴിഞ്ഞ് ഭര്ത്താവിന്റെ വീട്ടിലാണ്. അച്ഛന് അക്കാലത്ത് ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ്. അപ്പന്തന്നെ പറഞ്ഞിട്ടുള്ളതുപോലെ അച്ഛനു മദ്യപാനവും പുകവലിയും വളരെ കൂടിയ കാലമാണത്. സ്വാഭാവികമായും ചില പ്രശ്നങ്ങള് ഉണ്ടായിക്കാണണം. അപ്പന് ഒരു അഭിമുഖത്തില് അച്ഛനെക്കുറിച്ചു ചോദിച്ചപ്പോള് ഇപ്രകാരം പറഞ്ഞു: '... അവസാനം നിരന്തരമായ പുകവലിയും മദ്യപാനവും അച്ഛനെ പെട്ടെന്നു ശാരീരികമായ യാതനകളിലെത്തിച്ചു. പെട്ടെന്നായിരുന്നു എല്ലാം. എല്ലാറ്റിനെയും കീഴടക്കുന്ന മരണത്തിന്റെയും കരച്ചിലിന്റെയും അപ്രത്യക്ഷമാകലിന്റെയും അന്തരീക്ഷം. ഇല്ല... ഞാന് അതിലേക്കൊന്നും കടക്കുന്നില്ല...'
അദ്ദേഹത്തിന്റെ മുറിഞ്ഞുപോയ വാക്കുകള് അദ്ദേഹം സ്വകാര്യജീവിതത്തില് അക്കാലത്ത് അനുഭവിച്ച ഒരുപാടു പ്രയാസങ്ങളിലേക്ക് വിരല്ചൂണ്ടുന്നു. വീട്ടില് സാമ്പത്തികം ഉള്പ്പെടെ പല പ്രശ്നങ്ങളും ഉയര്ന്നുവന്നു. അച്ഛന്റെ ബിസിനസ് പല പ്രശ്നങ്ങളും നേരിട്ടിരിക്കും. 'ഞാന് അതിലേക്കൊന്നും കടക്കുന്നില്ല...' എന്ന വാക്കുകളില് അതെല്ലാമുണ്ട്. അച്ഛന്റെ ബിസിനസ് തകര്ന്നിരുന്നു. ഇളയ സഹോദരി അവിവാഹിതയായി വീട്ടിലുണ്ട്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അപ്പന് ഉണര്ന്നു പ്രവര്ത്തിക്കുകതന്നെ ചെയ്തു. ഇളയ സഹോദരിയെ വിവാഹം കഴിപ്പിച്ചുവിടാന് വേണ്ടതെല്ലാം ചെയ്തു. പ്രായോഗികജീവിതത്തില് അപ്പന് ഏറെ പിന്നിലായിരുന്നുവെങ്കിലും അപ്പന് മൂത്തമകന് എന്ന നിലയില് വീട്ടിലെ പ്രശ്നങ്ങള് ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്തു. ഇരുചെവിയറിയാതെ എല്ലാം ഭംഗിയായി നിര്വ്വഹിച്ചു. കടമ നിര്വ്വഹിച്ചശേഷം അപ്പന് വായനയിലേക്കും ഏകാന്തതയിലേക്കും മടങ്ങിപ്പോയി. അച്ഛനമ്മമാരോടും സഹോദരങ്ങളോടും സ്നേഹവും വാത്സല്യവുമാണെങ്കിലും ഒന്നും പുറത്തു കാണിക്കാറില്ല. വീട്ടിലും വലിയ വര്ത്തമാനം ആരോടുമില്ല. എപ്പോഴും മൗനം മാത്രം.
അപ്പന് വളരെ അന്തര്മുഖനാണ്. മനസ്സ് ആരുടെ മുമ്പിലും തുറന്നിടുകയില്ല. ശ്രീകുമാരന് തമ്പി തന്റെ ആത്മകഥയില് സുഹൃത്തും സഹപാഠിയുമായ അപ്പനെ ഓര്ത്തപ്പോഴെല്ലാം ഇക്കാര്യം പറയുന്നുണ്ട്. ചേര്ത്തല എസ്.എന്. കോളേജില് ജോലി ലഭിച്ച് വായനയുടെയും എഴുത്തിന്റെയും ലോകത്ത് മുഴുകിക്കഴിയുമ്പോള് കൂട്ടുകാരായി കുറച്ചുപേരുണ്ടായിരുന്നു. അപ്പന് എന്നും വളരെ കുറച്ചുപേര് മാത്രമേ കൂട്ടുകാരായി ഉണ്ടാകൂ. അവരുമായി നല്ല സൗഹൃദവുമായിരിക്കും. കളിയും കളിയാക്കലും ചിരിയുമൊക്കെ ഉണ്ടാകും. സ്നേഹബന്ധത്തില് ആത്മാര്ത്ഥതയൊക്കെയുണ്ടാകും. പക്ഷേ, ബന്ധത്തിന് കൃത്യമായ അതിരുകളുണ്ടാകും. ആ അതിര്ത്തികള് ലംഘിക്കപ്പെടാതെ കിടക്കുകയും ചെയ്യും. ഒരു സ്ഥലം വിട്ടാല് അവിടെയുള്ള കൂട്ടുകാരെയും വിടുകയാണ് പതിവ്. ബോധപൂര്വമൊന്നുമല്ല. അതാണ് അപ്പന്റെ രീതി. വ്യക്തിപരമായ കാര്യങ്ങള് കൂട്ടുകാരുമായി ചര്ച്ചചെയ്യാറില്ല. സാഹിത്യവുമായി ബന്ധമുള്ളവരുമായി സാഹിത്യത്തെ സംബന്ധിക്കുന്ന കാര്യം സംസാരിക്കുന്നത് ഇഷ്ടമാണ്. സാഹിത്യവുമായി ബന്ധമില്ലാത്തവരും കൂട്ടുകാരായുണ്ട്. അവരോട് അവര്ക്കിഷ്ടമുള്ള കാര്യങ്ങള് സംസാരിക്കും. എന്നാല് ആര്ക്കും അങ്ങനെ പെട്ടെന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരായി മാറാന് കഴിയില്ല. തനിക്കു താത്പര്യം തോന്നാത്തവരെ അടുപ്പിക്കുന്ന രീതിയില്ല. തുറന്നുപറഞ്ഞാല് അപ്പനുമായി സൗഹൃദം സ്ഥാപിക്കുവാന് ചില 'മിനിമം' യോഗ്യതകള് വേണം. അക്കാര്യത്തില് അല്പ്പം കാര്ക്കശ്യം അപ്പനുണ്ട്. ഇഷ്ടപ്പെട്ടുവെങ്കില് കൂടെ കൂട്ടും. പിന്നെ എന്തും പറയാം.
സാമാന്യം വെളുത്ത് നീണ്ടുമെലിഞ്ഞ രൂപം. ആറടിക്ക് അടുത്ത് പൊക്കമുണ്ട്. വിടര്ന്ന കണ്ണുകള്. എപ്പാഴും വെള്ളമുണ്ടും ഷര്ട്ടുമാണ് വേഷം. മുഖത്ത് കനത്ത മീശയുണ്ട്. അത് ചെത്തിമിനുക്കി സുന്ദരമാക്കുന്നതില് ശ്രദ്ധയുണ്ട്. അമ്മയുടെ ഭാഷയില് പറഞ്ഞാല് 'കറിച്ചട്ടിപോലെയുള്ള കണ്ണുകള്.' ഗൗരവമേറിയ പ്രകാശപൂര്ണമായ മുഖം. മധുരമായ പുഞ്ചിരി. ധ്യാനത്തില്നിന്നും ഉണര്ന്ന ഭാവമാണ് മുഖത്ത്. മാന്ത്രികമായ ഒരംശം ആ രൂപത്തിനുണ്ട്. ശ്രദ്ധിച്ചാണ് ഓരോ ചലനവും നോട്ടവും ഭാവവുമെല്ലാം. നല്ല ഉയരവും നല്ല രൂപവും ഉള്ളതുകൊണ്ട് അപ്പന് നടന്നുപോകുമ്പോള് ആരും ഒന്ന് ശ്രദ്ധിച്ചുപോകും. മെല്ലെയാണ് സംസാരിക്കുന്നത്. ഓരോ വാക്കും 'നോക്കും' അര്ത്ഥവത്തായിരിക്കും. വെറുതേ ഒരു വാക്കോ നോട്ടമോയില്ല. പരിചയപ്പെടുന്ന ആരും ഇതെല്ലാം ശരിയാണെന്ന് സമ്മതിക്കുമെന്ന കാര്യത്തില് ഒരു സംശയവും വേണ്ട.
ഒരു പ്രണയബന്ധത്തിന്റെ ഓര്മകള്
ചെറുപ്പമായിരുന്ന കാലത്ത് അപ്പന് ആരെയെങ്കിലും പ്രേമിച്ചിരുന്നുവോ? ഇത്രയും സുമുഖനും ശാന്തനും മിതഭാഷിയും എഴുത്തുകാരനുമായ ഒരാള് യുവത്വത്തില് പ്രേമിക്കപ്പെടാതെ പോകുമോ? തീര്ച്ചയായുമില്ല. പക്ഷേ, അതിനെക്കുറിച്ച് സൂചനകളൊന്നും അപ്പന് തന്നിട്ടില്ല. മനസ്സിന്റെ അകത്തളങ്ങള് തുറന്നിടുന്ന ആളല്ലല്ലോ അപ്പന്. എങ്കിലും ചില കൂട്ടുകാര് അങ്ങനെ ബലമായി സംശയിക്കുന്നുണ്ട്, വിശ്വസിക്കുന്നുണ്ട്. ചേര്ത്തല എസ്.എന്. കോളേജില് പഠിപ്പിക്കുമ്പോള് ആലപ്പുഴ എസ്.ഡി. കോളേജില് ജോലിചെയ്തിരുന്ന ചില അധ്യാപകര് അപ്പന്റെ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു.

ആലപ്പുഴയിലെ വൈകുന്നേരങ്ങളില് നടക്കാനിറങ്ങുമ്പോള് ഈ കൂട്ടുകാരും അപ്പനോടൊപ്പം ഉണ്ടാകും. അമ്പലപ്പുഴ ഗോപകുമാര്, എസ്. ഗോപിനാഥന് നായര്, ഹരിഹര മണി എന്നിവരായിരുന്നു ആ കൂട്ടുകാര്. എസ്.ഡി. കോളേജില് പിന്നീട് അധ്യാപകനായി മാറിയ ജി. ബാലചന്ദ്രനുമായും അപ്പന് സൗഹൃദമുണ്ടായിരുന്നു. ഇതില് കവിയായ ഗോപകുമാര് എസ്.ഡി. കോളേജില് അപ്പന് ജൂനിയറായി പഠിച്ചിരുന്നയാളാണ്. കവിയും പ്രഭാഷകനുമാണ് ഗോപകുമാര്. ഗോപകുമാറിന്റെ ഒരു കവിതാസമാഹാരത്തിന് അപ്പന് അവതാരിക എഴുതിയിട്ടുണ്ട്. ഗോപിനാഥന് നായരും ഹരിഹര മണിയും ഗോപകുമാറും മിക്ക ദിവസവും അപ്പനോടൊപ്പം നടന്ന് ഇന്ത്യന് കോഫി ഹൗസില് സമ്മേളിച്ച് ഭക്ഷണം കഴിക്കാറുണ്ട്. നല്ല സുഹൃത്തും സ്നേഹസമ്പന്നനും നര്മബോധമുള്ളവനുമായ അപ്പനെ അവര് ഇന്നും ഓര്ക്കുന്നു. അന്ന് അപ്പന്റെ ഉള്ളില് നഷ്ടപ്പെട്ടുപോയ ഒരു പ്രണയബന്ധത്തിന്റെ ഓര്മകള് നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് എന്ന് ഗോപിനാഥന് നായരും അമ്പലപ്പുഴ ഗോപകുമാറും പറഞ്ഞു. പക്ഷേ, അക്കാര്യമൊന്നും അപ്പനോടു സംസാരിക്കുവാന് പറ്റില്ല. ഇക്കാലത്ത് അപ്പന് പൊതുവേ ഉല്ലാസവാനാണെങ്കിലും നീറിപ്പിടിക്കുന്ന പ്രണയദുഃഖം മനസ്സില് നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടുവെന്ന് അവര് തീര്ത്തുപറഞ്ഞു.
അപ്പന് ജോലിചെയ്തിരുന്ന സ്ഥാപനത്തില്ത്തന്നെ ജോലിചെയ്തിരുന്ന വെള്ള സാരിയും വെള്ള ബ്ലൗസും ധരിച്ച അതിസുന്ദരിയായ ഒരു യുവതിയായിരുന്നു അതെന്ന് ചില കൂട്ടുകാര് വിശ്വസിക്കുന്നു. അപ്പന്റെയും വേഷം വെള്ളയും വെള്ളയുമാണല്ലോ. ശാലീനമായ സൗന്ദര്യത്തിന്റെ പ്രതിരൂപമായിരുന്നു ആരെയും പെട്ടെന്നാകര്ഷിക്കുന്ന ആ യുവതി. 'മെയ്ക്കപ്പ്' ഒട്ടുമുണ്ടായിരുന്നില്ല. വെള്ളവസ്ത്രത്തിലും അനാഡംബരതയിലും ആ ശാലീനത നിറഞ്ഞുതുളുമ്പിയിരുന്നു. ചുണ്ടില് എപ്പോഴും മന്ദസ്മിതത്തിന്റെ നിലാവ് പരന്നിരിക്കും. നന്നായി പാടും. കോളേജ് ഡേയ്ക്ക് അക്കാലത്ത് പ്രചാരത്തിലിരുന്ന ഹിന്ദി പാട്ടുകള് മനോഹരമായി പാടിയിട്ടുമുണ്ട്. ആരെയും ആകര്ഷിക്കുന്ന രൂപം. പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളും ആ ശാലീനചാരുത നോക്കിനില്ക്കുമായിരുന്നു എന്ന് ആ സൗന്ദര്യം ആസ്വദിച്ച സ്ത്രീതന്നെ പറഞ്ഞിട്ടുണ്ട്. അപ്പന് ലജ്ജാലുവാണ്. മനസ്സില് മൗനമായി അങ്കുരിച്ച ശുദ്ധമായ അനുരാഗം അപ്പനറിയാതെതന്നെ ശക്തിപ്പെടുകയായിരുന്നു.
അപ്പനെപ്പോലെ യുവത്വത്തില് ജ്വലിച്ചുനില്ക്കുന്ന ഒരു ചെറുപ്പക്കാരന് ആ ആകര്ഷകമായ രൂപവും മധുരമായ ഭാവവും കാണാതിരിക്കുവാനാകില്ലായിരുന്നു. അവര് തമ്മിലുള്ള അടുപ്പം സ്ഥാപനത്തില് പലരും അറിഞ്ഞു. സ്ത്രീയുടെ വീട്ടിലും ആ വാര്ത്തയെത്തി. വ്യത്യസ്ത ജാതിയിലുള്ള ആ സ്ത്രീയുടെ മാതാപിതാക്കള്ക്ക് ആ ബന്ധത്തില് താത്പര്യമില്ലായിരുന്നു. ചില പ്രശ്നങ്ങള് ഉണ്ടാവുകയും ചെയ്തു. ഒടുവില് ആ യുവതി അവിടത്തെ ജോലി ഉപേക്ഷിച്ചു പോയെന്നും ചിലര് കരുതുന്നു. ഒരുപക്ഷേ ഉറച്ച ഒരു നിലപാട് എടുക്കുവാന് അപ്പനു കഴിയാതെപോയതുമാകാം. ഭൗതികമായ സാഹചര്യങ്ങള് ഇല്ലായിരുന്നിരിക്കാം. എന്തുകൊണ്ടോ സാഫല്യമടയാതെപോയ ആ പ്രേമബന്ധത്തെക്കുറിച്ച് അപ്പന് ഒന്നും എഴുതിയിട്ടില്ല. ഒരു സൂചനയും തന്നിട്ടുമില്ല. ആരോടും പങ്കുവെച്ചിട്ടുമുണ്ടാവില്ല.
വൈകുന്നേരം എല്ലാ ദിവസവും നടക്കാനിറങ്ങുന്ന ശീലം അപ്പന് എന്നുമുണ്ടായിരുന്നു. എന്നാല് വീട്ടിനടുത്തുള്ള അയല്വാസികളായ ആരും കൂടെയുണ്ടാവില്ല. ഒറ്റയ്ക്കാണ് നടന്നുനീങ്ങുന്നത്. ടൗണില് ചെന്നാകും കൂട്ടുകാരെ കാണുന്നത്. അപ്പനുമായി നല്ല പ്രായവ്യത്യാസമുള്ള അയല്വാസിയും മുന് നക്സലൈറ്റുമായ ഭാസുരേന്ദ്രബാബു അപ്പന്റെ അക്കാലത്തെ വൈകുന്നേരങ്ങളിലുള്ള നടത്തയെപ്പറ്റി ഇപ്രകാരം എഴുതുന്നു: '... ആലപ്പുഴയില് അദ്ദേഹം ജീവിച്ചിരുന്ന 1960കളില് ആശ്രമത്ത് ത്രിവേണി ജങ്ഷന് വഴി തോണ്ടന്കുളങ്ങര ക്ഷേത്രത്തിന് മുന്നിലൂടെ മുല്ലയ്ക്കല്വരെ അപ്പന്സാര് ഒരു സായാഹ്നസഞ്ചാരം നടത്തുമായിരുന്നു. ഞങ്ങള്ക്ക് സ്ഥിരം പരിചിതമായ ഈ സഞ്ചാരത്തില് ഒരൊറ്റത്തവണപോലും അപ്പന്സാറിനൊപ്പം മറ്റൊരാള് സഞ്ചരിക്കുന്നത് കണ്ടില്ല. മുല്ലയ്ക്കലുള്ള കോഫി ഹൗസില് കുറെ സമയം ചെലവഴിച്ച് സന്ധ്യയോടെ അപ്പന്സാര് തിരിച്ചുനടക്കുമായിരുന്നു. ശ്രദ്ധിച്ചാല് മാത്രം കാണാവുന്ന മൗനത്തിലൂടെയായിരുന്നു ഈ സ്ഥിരസഞ്ചാരം.'
നാട്ടില് അധികം കൂട്ടുകാരില്ലായിരുന്നു. എന്നാല്, കലയിലും സാഹിത്യത്തിലും സംഗീതത്തിലുമൊക്കെ താത്പര്യമുള്ളവരുമായി അടുപ്പം പുലര്ത്തിയിരുന്നു. അതിലൊരാളാണ് മധു ആലപ്പുഴ. മധുവിന്റെ വീട് അപ്പന്റെ വീടിന്റെ സമീപത്താണ്. പ്രായത്തില് മധു, അപ്പനെക്കാള് വളരെ ചെറുപ്പം. മധു കവിതയും ഗാനങ്ങളും എഴുതും. ആദ്ധ്യാത്മികകാര്യങ്ങളില് സാമാന്യം അറിവുണ്ട്. മധു പിന്നീട് നിരവധി സിനിമകള്ക്ക് പാട്ടെഴുതുകയും ചെയ്തു. മധുവിനെ അപ്പന് ഇഷ്ടമായിരുന്നു. മധുവുമായി സിനിമാപ്പാട്ടുകളെപ്പറ്റി സംസാരിച്ചിട്ടുണ്ട്. അപ്പന് ഒരാളുമായി സംസാരിക്കുമ്പോള് ആ ആളിന്റെ വാസനയും അഭിരുചിയും മനസ്സിലാക്കിയാവും സംസാരിക്കുക. വയലാറിന്റെയും ഭാസ്കരന്റെയും സിനിമാപ്പാട്ടുകളെക്കുറിച്ചും ദേവരാജന്റെ സംഗീതത്തെക്കുറിച്ചും മധുവുമായി ചര്ച്ചചെയ്തിട്ടുണ്ട്. പാട്ടിലും സംഗീതത്തിലും അപ്പന് അതീവതാത്പര്യമുണ്ടായിരുന്നു. കുട്ടിക്കാലത്ത് കുടുംബങ്ങള് ഒന്നിച്ചുചേര്ന്ന് പ്രാര്ത്ഥനാഗീതങ്ങള് പാടുമ്പോള് അപ്പനും ചേരും. കുടുംബാംഗങ്ങള് ഒന്നിച്ചു പാടുമ്പോള് അപ്പന് ഗഞ്ചിറ വായിക്കും. ഗഞ്ചിറയുടെ താളം അപ്പന് ഇഷ്ടമായിരുന്നു. പാട്ടിന്റെ താളവും സംഗീതവും എന്നും അപ്പന് ലഹരിയായിരുന്നു.
വയലാറും തകഴിയും ടി.വി. തോമസുമൊത്ത് പ്രസംഗവേദികളില്
അപ്പന് നാട്ടില് ഏകാന്തജീവിയായിരുന്നു. എന്നാല് അന്ന് ചില അവസരങ്ങളില് പൊതുവേദികളില് പ്രസംഗിക്കാറുണ്ട്. അക്കാലത്ത് കോളേജധ്യാപകനും യുവനിരൂപകനുമായാല് പ്രസംഗിക്കാതെ തരമില്ല. അദ്ദേഹം വായനാശാലാ വാര്ഷികങ്ങളിലും സ്കൂള്, കോളേജ് ദിനാഘോഷങ്ങളിലും പങ്കെടുത്ത് സംസാരിച്ചു. അന്ന് ആലപ്പുഴയില് അപ്പനോടൊപ്പം സ്ഥിരമായി വായനശാലാ വാര്ഷികങ്ങളില് സഹപ്രസംഗകനായി പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര് രാമവര്മയാണ്. വയലാറുമായി അപ്പന് നിരവധി പ്രാവശ്യം നിരവധി മീറ്റിങ്ങുകളില് പങ്കെടുത്തിട്ടുണ്ട്. അവര് തമ്മില് സൗഹൃദവുമുണ്ടായിരുന്നു. സാഹിത്യത്തിലെ ഭാവുകത്വത്തിന്റെ കാര്യത്തിലും ജീവിതവീക്ഷണത്തിന്റെ കാര്യത്തിലും അവര് രണ്ടു തട്ടുകളിലായിരുന്നു. വയലാറിന്റെ പാട്ടുകള് ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളോട് ഇഷ്ടക്കുറവുണ്ടായിരുന്നു.
വയലാര്ക്കവിതകളിലെ അതിവാചാലതയും ഉപരിപ്ലവമായ വിപ്ലവബോധവും ദുര്ബലമായ കാല്പ്പനികതയും അപ്പന്റെ രുചിക്ക് ഇണങ്ങുന്നതായിരുന്നില്ല. എങ്കിലും അവര് അടുപ്പമായിരുന്നു. ഗാഢബന്ധങ്ങളൊന്നുമില്ല. അപ്പന്റെ പില്ക്കാലസംഭാഷണങ്ങളില് വയലാര് കടന്നുവരില്ലായിരുന്നു. തേവര കോളേജില് വയലാറുമൊത്ത് പ്രസംഗിക്കാന് പോയതിനെക്കുറിച്ച് അപ്പന് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്. യോഗം ഉദ്ഘാടനം ചെയ്ത വയലാര് പ്രസംഗത്തില് ഷെയ്ക്സ്പിയര്, യേറ്റ്സ്, എസ്റാ പൗണ്ട്, ജോയ്സ് എന്നിങ്ങനെയുള്ള പേരുകള് വീശിയെറിഞ്ഞു. അപ്പന് പ്രസംഗം ഇങ്ങനെ തുടങ്ങി: 'നമ്മുടെ കവികള് പ്രസംഗിക്കുമ്പോള് പല പാശ്ചാത്യരുടെയും പേരുകള് പറയും. പക്ഷേ, ഇതില് ആണെത്ര, പെണ്ണെത്ര എന്ന് അവര്ക്കു നിശ്ചയം കാണില്ല.' തിരിച്ച് കാറില് വരുമ്പോള് വയലാര് പുറത്തേക്കും നോക്കി പ്രകൃതിഭംഗി ആസ്വദിച്ചുവെന്ന് അപ്പന് നര്മബോധത്തോടെ ഓര്ക്കുന്നുണ്ട്.
വയലാറും അപ്പനും വായനശാലയുടെ വാര്ഷികത്തില് സംസാരിച്ചത് ഭാസുരേന്ദ്രബാബു കേട്ടിട്ടുണ്ട്. രണ്ടു പ്രസംഗത്തെയും താരതമ്യപ്പെടുത്തി അദ്ദേഹം ഇങ്ങനെ എഴുതി: '... വയലാര് രാമവര്മയുടെ അനര്ഗ്ഗള വാഗ്വിലാസത്തിനുശേഷം ചുരുക്കെഴുത്തിന്റെ അനന്യപാടവത്തോടെ അപ്പന്സാറിന്റെ ഹ്രസ്വസംസാരം ഒരു ശരറാന്തല്വെളിച്ചം ഞങ്ങളുടെ ജീവിതത്തിനു നല്കിയിരുന്നു.' പ്രസംഗത്തില് ചുരുക്കം വാക്കുകളില് വലിയ ആശയലോകം സൃഷ്ടിക്കുവാന് അപ്പനു കഴിഞ്ഞിരുന്നു. 'മൗനത്തിന്റെ തീവ്രവാദി'യായ അപ്പന്റെ വേദിയില് മുഴങ്ങിയ വാക്കുകള് ചെറുപ്പക്കാര് ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഭാസുരേന്ദ്രബാബുവിന്റെ വാക്കുകള് വ്യക്തമാക്കുന്നത്.
തകഴിയുമൊത്തും സാഹിത്യസമ്മേളനങ്ങളില് പങ്കെടുത്തിട്ടുണ്ട്. ചേര്ത്തല എസ്.എന്. കോളേജില്വെച്ചായിരുന്നു ഒന്ന്. ജീവിതം സുന്ദരമാണ് പക്ഷേ... എന്ന നോവല് മോശം കൃതിയാണെന്ന് അപ്പന് എഴുതിയ കാലമായിരുന്നു അത്. പ്രസംഗം കഴിഞ്ഞ് തകഴി ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. കൗമുദി ആഴ്ചപ്പതിപ്പില് ഏണിപ്പടികള് എന്ന നോവലിനെപ്പറ്റി നല്ലതു പറഞ്ഞപ്പോള് തകഴിക്കു സന്തോഷമായി. അപ്പനെ കണ്ടപ്പോള് മുഖം തെളിഞ്ഞു. സന്തോഷത്തോടെ തകഴി പറഞ്ഞു: 'നന്നായിരുന്നു.' നിരൂപകനെ അഭിനന്ദിക്കുകയും ചെയ്തു. മാത്രമല്ല, വിചിത്രമായ ഒരു കാര്യം ചെയ്യാന് ആവശ്യപ്പെടുകയും ചെയ്തു.
എം. കൃഷ്ണന് നായര്ക്ക് എതിരേ എന്തെങ്കിലും എഴുതണമെന്നാണ് അപ്പനോട് തകഴി ആവശ്യപ്പെട്ടത്. 'ചെമ്മീനില് കറുത്തമ്മയെ മുട്ടോളം മുണ്ടുടുപ്പിച്ച് കടല്ത്തീരത്തിലൂടെ നടത്തിച്ചത് ശരിയായില്ല' എന്നു പറഞ്ഞ് കൃഷ്ണന് നായര് തകഴിയെ വിമര്ശിച്ച കാലമായിരുന്നു. അപ്പന് തകഴിയുടെ വാക്കുകള് ഇഷ്ടപ്പെട്ടില്ല. 'അത് നിങ്ങള് തമ്മില് തീര്ക്കുന്നതാണ് നല്ലതെന്ന്' അപ്പന് മറുപടി പറഞ്ഞു. തകഴി എന്തുകൊണ്ട് എം. കൃഷ്ണന് നായര്ക്കു മറുപടി പറയുന്നില്ല എന്ന് അപ്പന് തിരിച്ചു ചോദിക്കുകയും ചെയ്തു. 'അങ്ങനെ അയാള് വലിയ ആളാകേണ്ട' എന്നാണ് തകഴി ഉത്തരം പറഞ്ഞത്! തകഴി എന്തെങ്കിലും പറഞ്ഞാല് അത് വാര്ത്തയാകും. അതിന്റെ ഗുണം കൃഷ്ണന് നായര്ക്ക് കിട്ടേണ്ട! ഇതാണ് തകഴിയുടെ നിലപാട്. വര്ഷങ്ങള്ക്കുശേഷം കൊല്ലത്ത് നീലാ ഹോട്ടലില്വെച്ചും അപ്പന് തകഴിയെ കണ്ടു. കുറച്ചു കുട്ടുകാരുമായി ഊണു കഴിക്കുകയായിരുന്നു അപ്പന്. അപ്പോള് അവിടേക്ക് തകഴിയും മലയാളനാട് പത്രാധിപര് എസ്.കെ. നായരുമെത്തി. ആരോ തീപ്പെട്ടി ഉരച്ചപ്പോള് ഒരു തീപ്പൊരി അപ്പന്റെ വിരലില് വീണു. ചെറിയൊരു ഉത്കണ്ഠയായി ചുറ്റും. ആരോ തേനെടുക്കുവാന് പോയി. തകഴിക്ക് ഒരു കുലുക്കവുമുണ്ടായില്ല. എല്ലാം ശാന്തമായപ്പോള് തകഴി പറഞ്ഞു: 'ഖണ്ഡനവിമര്ശനമെഴുതുന്ന വിരലാണത്.'
ആ കാലത്ത് സാംസ്കാരികസമ്മേളനങ്ങളില് പ്രസംഗകനായി പങ്കെടുത്ത അപ്പന് തന്റെ അഭിപ്രായങ്ങള് വെട്ടിത്തുറന്നു പറയുമായിരുന്നു. സ്വന്തമായ രീതിയിലായിരുന്നു പ്രസംഗം. ആലപ്പുഴയില് അന്ന് കമ്യൂണിസ്റ്റ് നേതാവായ ടി.വി. തോമസുണ്ട്. ടി.വി. തോമസ് എന്ന സാഹസികനായ രാഷ്ട്രീയനേതാവ് ആലപ്പുഴക്കാരുടെ വികാരമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള വീരകഥകള് ആലപ്പുഴയില് എവിടെയും കേള്ക്കാം. അദ്ദേഹവും ആലപ്പുഴയിലെ സാംസ്കാരികസദസ്സുകളില് പ്രസംഗിക്കാറുണ്ട്. കെ.പി. അപ്പനുമൊത്തും പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗവേദികളില്വെച്ച് അവര് പരിചയപ്പെടുകയും ചെയ്തു. അപ്പന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് അടിസ്ഥാനപരമായി വിയോജിപ്പുണ്ടെങ്കിലും ത്യാഗത്തിന്റെയും ആത്മാര്ത്ഥതയുടെയും പ്രതീകങ്ങളായ കമ്യൂണിസ്റ്റ് നേതാക്കന്മാരോട് എന്നും ബഹുമാനവും ആദരവുമായിരുന്നു. എന്നാല് അവരുമായി അടുത്തിടപെടുവാന് താത്പര്യമില്ലായിരുന്നു. പ്രസംഗവേദികളില്വെച്ച് പരിചയപ്പെട്ട ടി.വി. തോമസിനെ അപ്പന് ഇഷ്ടപ്പെട്ടു.
അദ്ദേഹത്തിന്റെ രൂപവും വ്യക്തിത്വവും ആത്മാര്ത്ഥതയും തുറന്നുപറച്ചിലുകളും അപ്പനെ ആകര്ഷിച്ചു. അപ്പന്കൂടി പങ്കെടുത്ത ഒരു സമ്മേളനത്തില് ടി.വി. കാളിദാസനെ താഴ്ത്തിക്കെട്ടി, ബൈറണ് എന്ന കവിയെ ഉയര്ത്തിപ്പിടിച്ചു. ഇങ്ങനെയൊക്കെ ഭിന്നാഭിപ്രായങ്ങള് ടി.വി. വെട്ടിത്തുറന്ന് പറയും. അത് അപ്പനിഷ്ടമാണ്. 'ഞങ്ങള് ഭരിച്ചാല് ഭരുമോ എന്നു നോക്കട്ടെ' എന്ന് ഒരിക്കല് ടി.വി. നിയമസഭയില് പറഞ്ഞു. അതുപോലെ ബൈബിളില്നിന്നും സോളമനെ ഉദ്ധരിച്ചു സംസാരിച്ചു. 'ഭരിച്ചാല് ഭരുമോ' എന്നത് സി.വി. രാമന്പിള്ളയുടെ പ്രയോഗമാണ്. സി.വിയുടെ കൃതികളും ബൈബിളും വായിച്ചിട്ടുണ്ടോ എന്ന് ഒരിക്കല് കെ.പി. അപ്പന് ടി.വിയോട് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഇതൊക്കെ ജയിലില് കിടക്കുമ്പോള് വിവരമുള്ളവര് പറഞ്ഞതുകേട്ട് പഠിച്ചതാണെന്നും അതൊക്കെ തക്കസമയത്ത് നാവില് വരുമെന്നുമുള്ള ടി.വിയുടെ മറുപടി അപ്പന് ശരിക്കും ആസ്വദിച്ചു. മാത്രമല്ല, ടി.വി. തോമസിനെ അപ്പന് സാര്ത്രിന്റെ ക്രൈം പാഷണല് (Crime passionnel ) എന്ന നാടകത്തിലെ നായകനായ ഹൊയ്ദേറുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് നേതാവാണ് ഹൊയ്ദേര്. പാര്ട്ടിയെ തന്റെ വഴിക്ക് കൊണ്ടുപോകുവാന് കഴിഞ്ഞ കരുത്തനായ ബുദ്ധിമാനായിരുന്നു ആ നായകന്. ടി.വിയുടെ വ്യക്തിത്വത്തില് ഹൊയ്ദേറിനെ കണ്ടെത്തുകയാണ് സാഹിത്യവിമര്ശകനായ കെ.പി. അപ്പന്.

രണ്ടു സ്നേഹിതരുമൊത്ത് ടി.വി. തോമസിനെ കണ്ട അനുഭവങ്ങള് അപ്പന് വിവരിച്ചിട്ടുണ്ട്. ഒരു അത്താഴവിരുന്നായിരുന്നു അത്. ടി.വി. അന്ന് മന്ത്രിയാണ്. ഇ.എം.എസ്സിന്റെ രണ്ടാമത്തെ മന്ത്രിസഭയില് ടി.വി. തോമസ് അംഗമായിരുന്ന കാലമാണ്. വിശ്രമത്തിന് ആലപ്പുഴയില് വന്നതാണ്. ഓമനപ്പിള്ള, വെങ്കിടി എന്നീ കൂട്ടുകാരോടൊപ്പം ടി.വിയെ കാണുകയാണ്. അപ്പന് എഴുതുന്നു: '... ധനുമാസരാത്രി. മഞ്ഞിന്റെ മൃദുലമായ തൂവല് ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു. നല്ല രസമുള്ള സംഭാഷണമായിരുന്നു ടി.വിയുടേത്. ഈ ലോകത്തെ പ്രത്യയശാസ്ത്രപരമായി നോക്കിക്കാണാന് അദ്ദേഹം താത്പര്യം കാണിച്ചില്ല. കമ്യൂണിസത്തെക്കുറിച്ച് എന്തോ സംശയം ഒരാള് ചോദിച്ചപ്പോള് അതൊക്കെ സി. ഉണ്ണിരാജയും കെ. ദാമോദരനും പറഞ്ഞുതരുമെന്ന് അദ്ദേഹം തമാശ പറഞ്ഞു. സിദ്ധാന്തങ്ങള് ശ്രദ്ധിക്കാറില്ല. എന്നാല് മനുഷ്യനെ അവഗണിക്കുവാന് എനിക്കു കഴിയുകയില്ല. അത്രത്തോളം വിലപ്പെട്ടതാണ് അവരുടെ ജീവിതം- എന്നിങ്ങനെ ടി.വി. പറഞ്ഞത് ഞാനോര്ക്കുന്നു.' ഈ വാക്കുകളില് അപ്പന്റെ മനസ്സ് തെളിഞ്ഞുകിടപ്പുണ്ട്. അദ്ദേഹം കമ്യൂണിസ്റ്റല്ല. പക്ഷേ, മനുഷ്യനുവേണ്ടി പൊരുതുന്ന മനുഷ്യരോട് ആദരവാണ്.
രാഷ്ട്രീയബുദ്ധനും അപ്പനും
അക്കാലത്ത് ആലപ്പുഴയില് ജീവിച്ചവര്ക്ക് ഒരിക്കലും മറക്കുവാന് കഴിയാത്ത മറ്റൊരു കമ്യൂണിസ്റ്റ് നേതാവ് അന്ന് അവിടെയുണ്ടായിരുന്നു; ആര്. സുഗതന്. ആദര്ശത്തിന്റെ ആള്രൂപം. ലാളിത്യത്തിന്റെ പ്രതീകം. മനുഷ്യസ്നേഹി. വിപ്ലവത്തിന്റെ തീ മനസ്സില് സൂക്ഷിക്കുന്നവന്. എത്ര വിശേഷണങ്ങള് പറഞ്ഞാലും ആ വ്യക്തിത്വത്തിന്റെ പൂര്ണ്ണത പ്രകാശിപ്പിക്കുവാനാകില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള് അപ്പന് ധാരാളം കേട്ടിട്ടുണ്ട്. 'ഒരു യഥാര്ത്ഥ ജനാധിപത്യവാദിയുടെ ഇടമുറിയാത്ത സ്വരം അതിലുണ്ടായിരുന്നു' എന്ന് അപ്പന് എഴുതി. എല്ലാത്തിനെയും ചോദ്യംചെയ്യുക എന്ന കമ്യൂണിസ്റ്റുകാരന്റെ ശീലം സുഗതനുണ്ടായിരുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ചന്ദനത്തോപ്പില് വെടിവെപ്പ് നടന്നപ്പോള് സുഗതന്സാര് അതിനെതിരേ ശബ്ദിച്ചു. പിന്നീട് മൗനംപാലിച്ചു. പാര്ട്ടിയില്നിന്നും താക്കീത് കിട്ടിക്കാണുമെന്ന് അപ്പനൂഹിക്കുന്നു. 'രാഷ്ട്രീയബുദ്ധന്' എന്നാണ് സഖാവ് സുഗതനെ അപ്പന് വിശേഷിപ്പിക്കുന്നത്. അപ്പന്റെ കുട്ടിക്കാലത്ത് വീട്ടില് സുഗതന്സാര് അച്ഛനെ കാണാന് വരുമായിരുന്നു. പക്ഷേ, അപ്പന് അകത്തിരിക്കും. മുമ്പില് പ്രത്യക്ഷപ്പെടുകയില്ല.
സഖാവ് സുഗതനെ ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹം എഴുതിയ കവിതകള് അപ്പന് ഇഷ്ടപ്പെട്ടില്ല. ചൈനീസ് ആക്രമണകാലത്ത് പാഞ്ചജന്യം എന്ന പേരില് കൊല്ലത്തുനിന്നും ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. അതില് സഖാവിന്റെ കവിതയുമുണ്ടായിരുന്നു. യുദ്ധവിരുദ്ധകവിതകളുടെ ഒരു സ്വഭാവവും ആ സമാഹാരത്തിലെ കവിതകള്ക്ക് ഉണ്ടായിരുന്നില്ല. കൗമുദി വാരികയില് എഴുതിയ നിരൂപണത്തില് ആ കാര്യം പറഞ്ഞ് അപ്പന് വിമര്ശനമുന്നയിച്ചു. സുഗതന് സഖാവിനെയും വിട്ടില്ല. കുറച്ചു ദിവസങ്ങള് കഴിഞ്ഞ് ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപംവെച്ച് സഖാവ് അപ്പനെ കണ്ടു. സഖാവ് അപ്പനോട് പറഞ്ഞു: 'ലേഖനം വായിച്ചു. നല്ല പരിഹാസം. എന്നാല്, ആ സായിപ്പിനെ കൊണ്ടുവരണ്ട കാര്യമില്ലായിരുന്നു.'
അപ്പനു കിട്ടിയ ഒരു ഖണ്ഡനവിമര്ശനമായിരുന്നു അത്. ഡബ്ള്യൂ.ബി. യേറ്റ്സിന്റെ ഈസ്റ്റര് 1916 എന്ന രാഷ്ട്രീയകവിതയെപ്പറ്റി വിമര്ശനത്തില് പറഞ്ഞതിനെയാണ് സുഗതന് സാര് വിമര്ശിച്ചത്. അക്കാലത്ത് അപ്പന് പരിചയപ്പെട്ട ഒരു പ്രശസ്ത സാഹിത്യകാരനാണ് പ്രൊഫ. ജി. കുമാരപിള്ള. ഒരു വേനല്ക്കാലവൈകുന്നേരത്ത് അലപ്പുഴയിലെ മുല്ലയ്ക്കല് റോഡിലൂടെ നടന്നുവരുമ്പോഴാണ് അപ്പന് കുമാരപിള്ളസാറിനെ കണ്ടത്. കുമാരപിള്ളയുടെ എഴുത്തും കവിതയുമൊക്കെ അപ്പനിഷ്ടമാണ്. ആ വ്യക്തിത്വം അദ്ദേഹത്തെ ആകര്ഷിച്ചു. ആദ്യം ചെറിയ പരിചയപ്പെടല്. പിന്നെ കാണുമ്പോള് ചിരി മാത്രം. താമസിയാതെ അടുപ്പമായി. പിന്നീട് അപ്പന്റെ ഭാഷയില് പറഞ്ഞാല് 'അടുപ്പമെന്നു പറഞ്ഞാല് വലിയ അടുപ്പം.' സാഹിത്യത്തെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചും സംസാരമായി. അടുപ്പമുള്ളവരുമായി ഇത്തരം കാര്യങ്ങള് സംസാരിക്കുന്നത് അപ്പന് ഇഷ്ടമാണ്.
മിക്ക എഴുത്തുകാരെയും കുമാരപിള്ളസാറിന് അറിയാം. എല്ലാവരുമായും അടുപ്പമാണ്. സുകുമാര് അഴീക്കോട്, എസ്. ഗുപ്തന് നായര്, എം. കൃഷ്ണന് നായര്, ഒ.എന്.വി., അയ്യപ്പപ്പണിക്കര്, എന്. ഗോപാലപിള്ള , ഡോ. കെ. ഭാസ്കരന് നായര് തുടങ്ങിയവരെക്കുറിച്ച് അവര് സംസാരിച്ചു. കുമാരപിള്ളസാര് സംസാരിക്കും, അപ്പന് കേട്ടിരിക്കും. എഴുത്തുകാരുടെ ബുദ്ധിപരമായ തലങ്ങളും അവരുടെ പൊങ്ങച്ചങ്ങളും കാപട്യങ്ങളുമെല്ലാം സംസാരത്തില് വരും. പരദൂഷണത്തിന്റെ തലങ്ങളിലേക്കും ഈ സംസാരം നീങ്ങാറുണ്ട്. എഴുത്തുകാരോടുള്ള സ്നേഹംകൊണ്ടാകാം ഇത്തരം സംഭാഷണങ്ങള് അപ്പന് ഹരമായിരുന്നു. ഓരോ എഴുത്തുകാരെയും, അവരെക്കുറിച്ച് എഴുതിയിട്ടില്ലെങ്കില്പ്പോലും അവരെ ഏറ്റവും സൂക്ഷ്മമായി അപ്പന് മനസ്സിലാക്കിയിരുന്നു.
അന്നൊക്കെ അപ്പന് സാഹിത്യസമ്മേളനങ്ങളില് പങ്കെടുക്കുമായിരുന്നു. ആലപ്പുഴയിലെ തുറവൂര് എന്ന സ്ഥലത്ത് നടന്ന സമ്മേളനത്തില് അദ്ദേഹം പങ്കെടുത്തു. എല്ലാ വര്ഷവും തുറവൂരില് സാഹിത്യസമ്മേളനം നടക്കാറുണ്ട്. ഒരു പുസ്തകപ്രസാധകസംഘമാണ് അത് സംഘടിപ്പിച്ചിരുന്നത്. അക്കൊല്ലം സാഹിത്യനിരൂപണമായിരുന്നു വിഷയം. സമകാലികനിരൂപണത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുവാന് അപ്പനെയാണ് ക്ഷണിച്ചത്. സുകുമാര് അഴീക്കോട് അദ്ധ്യക്ഷനും ജോസഫ് മുണ്ടശ്ശേരി ഉദ്ഘാടകനും. മുണ്ടശ്ശേരി വന്നില്ല. അപ്പന് അവതരിപ്പിച്ച പ്രബന്ധത്തില് ഒരു തെറ്റു കടന്നുകൂടി. ടി.എന്. ജയചന്ദ്രനെതിരായി അപ്പന് ശരിയല്ലാത്ത ആരോപണം ഉന്നയിച്ചു. ടി.എന്. ജയദേവന് എന്ന കഥാകാരന് ജയചന്ദ്രന്റെ സ്വന്തം സഹോദരനായതുകൊണ്ട് ആ കഥാകാരന്റെ കഥകളെ ടി.എന്. ജയചന്ദ്രന് എഴുതിയ വിമര്ശനലേഖനത്തില് പ്രശംസിച്ചു എന്നായിരുന്നു ആ തെറ്റായ ആരോപണം. കൂടപ്പിറപ്പിനോടുള്ള സ്നേഹമാണ് വിമര്ശനത്തിന്റെ പിന്നില് എന്നായിരുന്നു അപ്പന്റെ ആരോപണം.
എന്നാല്, ഇനിഷ്യല് ഒന്നായിരുന്നെങ്കിലും അവര് സഹോദരന്മാരായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയചന്ദ്രന് ജനയുഗം വാരികയില് അപ്പനെ ആക്രമിച്ചു. തെറ്റുപറ്റിയതില് ഖേദിച്ചും ജയചന്ദ്രനോട് ക്ഷമ ചോദിച്ചും അപ്പന് ജനയുഗത്തില് മറുപടി എഴുതുകയും ചെയ്തു. ആ സാഹിത്യസമ്മേളനത്തില് വേറൊരു സംഭവമുണ്ടായതായി പറയപ്പെടുന്നു. ആ സമ്മേളനത്തില്വെച്ച് സുകുമാര് അഴീക്കോടുമായി അപ്പന് ചെറുതായി ഉരസി. അപ്പന് അന്ന് മലയാളവിമര്ശനത്തില് തന്റെ സാന്നിധ്യം അറിയിച്ചുതുടങ്ങുന്നതേയുള്ളൂ; അഴീക്കോട് അതിപ്രശസ്തനും. അഴീക്കോട് രൂക്ഷമായ മറുപടി കൊടുത്തു എന്നും ചിലര് പറയുന്നുണ്ട്. പില്ക്കാലത്ത് അപ്പന് സുകുമാര് അഴീക്കോടിനു നേരേ വലിയ ആക്രമണങ്ങള് അഴിച്ചുവിട്ടതിന്റെ പിന്നില് ഈ ഉരസല്കൂടിയുണ്ട് എന്നു കരുതുന്നവരുമുണ്ട്.
Content Highlights: K.P. Appan renowned literary critic's biography excerpt from Mathrubhumi books
Published: 07 Jun 2024, 02:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented