ബെംഗളൂരു: കാഴ്ചപരിമിതർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി). ഓൺബോർഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്റ്റോപ്പിലേക്കുവരുന്ന ബസ് ഏതുറൂട്ടിൽ സർവീസ് നടത്തുന്നതാണെന്ന് അറിയാൻ സാധിക്കുന്നതിനൊപ്പം നിർത്താനുള്ള സന്ദേശം ഡ്രൈവർക്ക് കൈമാറാനും കഴിയും.
ബസിന്റെ മുൻവശത്തെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും ഓൺബോർഡ് ഉപകരണവും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ ഉപകരണത്തിലെ ബട്ടൺ അമർത്തിയാൽ ബസിന്റെ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും.
ബസിൽ കയറണമെങ്കിൽ അതിനും ബട്ടൺ അമർത്താം. അപ്പോൾ കാഴ്ചപരിമിതിയുള്ള ഒരാൾ കയറാനുണ്ടെന്ന സന്ദേശം ബസിൽ ലഭിക്കും. അതിനാൽ, ഈ യാത്രക്കാരന് സാവകാശം കയറാൻവേണ്ടി ബസ് കൂടുതൽ സമയം നിർത്തിയിടാനും സാധിക്കും. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിന് തൊട്ടുമുൻപ് ഈ വിവരവും ഉപകരണത്തിന്റെ സ്പീക്കറിലൂടെ അറിയാം.
നിലവിൽ 25 ബിഎംടിസി ബസുകളിലാണ് സംവിധാനം പരീക്ഷണാർഥം ഏർപ്പെടുത്തിയിട്ടുള്ളത്. കാഴ്ചപരിമിതരായ 25 പേർക്ക് ഉപകരണം നൽകിയിട്ടുമുണ്ട്. പരീക്ഷണം വിജയിച്ചാൽ നഗരത്തിൽ പരമാവധി കാഴ്ചപരിമിതർക്ക് ഇത് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഡൽഹി ഐഐടിയുമായി ചേർന്നാണ് ഓൺബോർഡ് ഉപകരണം വികസിപ്പിച്ചത്. പുതിയ ഉപകരണം ഉപയോഗിക്കുന്നതിന് 500 കാഴ്ചപരിമിതർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഈ മാസം അവസാനം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും.
Content Highlights: Visually impaired can identify buses without assistance
Published: 17 Jun 2025, 04:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented