
വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ എണ്ണവും ഈടാക്കിയ പിഴയും കുറഞ്ഞതിന്റെ പേരില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. സംസ്ഥാനത്തെ 26 ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പ് നല്കിയ നോട്ടീസില്‍ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
വാഹന പരിശോധനയ്ക്കു വേണ്ട സൗകര്യങ്ങളൊരുക്കാത്തതാണ് കേസും പിഴത്തുകയും കുറയാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്കുന്ന ആര്.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്.
പല വാഹനങ്ങളുടെയും ബാറ്ററികള്‍ ഉള്‍പ്പെടെ തകരാറിലാണ്. ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ജറ്റിന്റെ പേരില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ പലരെയും സ്ഥലം മാറ്റുന്നതിനെതിരേയും പ്രതിഷേധമുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്പെക്ടറും മാസം ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് പിഴത്തുകയായി ഈടാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നത്.
മാര്‍ച്ചില്‍ പിഴത്തുക പകുതിയായി കുറഞ്ഞ ഇന്‍സ്പെക്ടര്‍മാരോടാണ് വിശദീകരണം ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ പമ്പില്‍ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഡീസലടിക്കാനാവാതെ എറണാകുളം ആര്.ടി. ഓഫീസില്‍ തന്നെ നാല് വാഹനങ്ങളാണ് ഓടാതെ കിടക്കുന്നത്. കാക്കനാട്ടെ പെട്രോള്‍ പമ്പ് ഉടമയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്.
പമ്പ് ഉടമകള്‍ ഇന്ധനം കടം നല്‍കില്ലെന്ന് കടുത്ത നിലപാട് എടുത്തതോടെയാണ് എറണാകുളത്ത് ഔദ്യോഗിക വാഹന പരിശോധന പൂര്‍ണമായും നിലച്ചത്. പല ആര്.ടി. ഓഫീസുകളിലും സമാന സ്ഥിതിയാണ്. ഉദ്യോഗസ്ഥരില്‍ ചിലര്‍ നടപടി ഭയന്ന് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുംവഴി സ്വന്തം വാഹനത്തിലാണ് നിയമ ലംഘനങ്ങള്‍ക്ക് കേസെഴുതുന്നത്. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത് തര്‍ക്കത്തിന് കാരണമാകുന്നുണ്ട്.
Content Highlights: Traffic rule violation; Show cause notice to vehicle inspector, assistant motor vehicle inspector
Published: 27 Apr 2023, 09:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented