ചാലക്കുടി/കൊരട്ടി: ദേശീയപാതയില്‍ അടിപ്പാതനിര്‍മാണം നടക്കുന്ന ചിറങ്ങരയിലും മുരിങ്ങൂരിലും ബുധനാഴ്ച വലിയ ഗതാഗതക്കുരുക്ക്. വൈകീട്ട് നാലുമണി മുതലാണ് തടസ്സമുണ്ടായത്. തൃശ്ശൂര്‍-എറണാകുളം പാതയില്‍ മേല്‍പ്പാലം കടന്നുവരുന്ന ഭാഗം മുതല്‍ എല്ലാ വാഹനങ്ങളും സര്‍വീസ്റോഡിലൂടെ കടത്തിവിടാന്‍ തുടങ്ങിയതാണ് കാരണമെന്നാണ് പറയുന്നത്. 

To advertise here,

നേരത്തേ, ഈ ഭാഗം ടാറിട്ടിരുന്നില്ല. ഏതാനും ദിവസം മുന്‍പ് ഗതാഗതം സുഗമമാക്കുന്നതിന് സര്‍വീസ്റോഡുകള്‍ ടാറിട്ടിരുന്നു. ഇതിനിടയില്‍ ജില്ലാ കളക്ടര്‍ പരിശോധനക്കായി മുന്നറിയിപ്പില്ലാതെ എത്തി. സംഘത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പണ്ഡ്യനു പുറമേ, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, റൂറല്‍ ജില്ലാ പോലിസ് മേധാവി ബി. കൃഷ്ണകുമാര്‍, മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍, ദേശീയപാതാ അതോറിറ്റി പ്രതിനിധികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരുമുണ്ടായിരുന്നു. 

ആദ്യം മുരിങ്ങൂരിലെത്തിയ സംഘം പിന്നീടാണ് ചിറങ്ങരയിലേക്ക് പോയത്. അവിടെ അര മണിക്കൂറാണ് പരിശോധന നടത്തിയത്. ജനപ്രതിനിധികളെ അറിയിക്കാതെയായിരുന്നു കളക്ടറുടെ സന്ദര്‍ശനം. ഇതിനിടിയില്‍ കളക്ടറുടെ വാഹനവും തിരക്കില്‍പ്പെട്ടു. ഉടന്‍ പ്രധാന റോഡിലൂടെയും സര്‍വീസ് റോഡിലൂടെയും ഒരുപോലെ വാഹനങ്ങള്‍ കടത്തിവിട്ട് തിരക്ക് കുറച്ചു. 

എറണാകുളം-തൃശ്ശൂര്‍ പാതയിലും അപ്രതീക്ഷിതമായി ഗതാഗതക്കുരക്കുണ്ടായി. കോട്ടമുറി കഴിഞ്ഞെത്തുന്ന ഭാഗത്ത് പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പതുക്കെപ്പോകേണ്ടിവന്നതും മഴ പെയ്തതുമാണ് മുരിങ്ങൂരില്‍ ഗതാഗതതടസ്സത്തിന് കാരണമായത്. രാത്രിയും കോട്ടമുറി വരെ ഗതാഗതതടസ്സമുണ്ട്.