തിരുവനന്തപുരം: 'കടുകുമണി വ്യത്യാസത്തിൽ സ്റ്റിയറിങ് ഒന്ന്, ഒന്നങ്ങോട്ടോ.... ഇങ്ങോട്ടോ...മാറിയാൽ മതി....' വെള്ളാനകളുടെ നാട് സിനിമയിൽ കുതിരവട്ടം പപ്പു താമരശ്ശേരി ചുരത്തിലൂടെ റോഡ് റോളർ ഓടിക്കുന്നതിനെപ്പറ്റി പറയുന്ന ഡയലോഗാണിത്. ചുരവും പുഴയും കായലുമൊക്കെ കടന്ന് വാഹന രജിസ്ട്രേഷൻ എണ്ണത്തിന്റെ സ്റ്റിയറിങ് ഒടുവിൽ ഇങ്ങോട്ട് തലസ്ഥാനത്തേക്ക് തന്നെ തിരിഞ്ഞു. ഏറെക്കാലം മുന്നിൽനിന്ന എറണാകുളം ആർ.ടി.ഒ.യെ പിന്തള്ളി തിരുവനന്തപുരം ഒന്നാമതായി.

To advertise here,

വാഹനപ്രേമികളും തലസ്ഥാനത്തെ സാമൂഹിക മാധ്യമ കൂട്ടായ്മകളുമെല്ലാം നേട്ടത്തെ വമ്പൻ ഹൈപ്പോടേയാണ് ആഘോഷിക്കുന്നത്. നാളുകളായി ആര് മുന്നിലെത്തും എന്നതിൽ ചർച്ചകൾ നടന്നുവരുകയായിരുന്നു. രജിസ്ട്രേഷനിൽ നിലനിന്നിരുന്ന വലിയരീതിയിലുള്ള വ്യത്യാസം കടുകുമണിയോളമായി ശോഷിച്ച് ഒടുവിൽ തിരുവനന്തപുരം ടോപ്പ് ഗിയറിലായി. ഡി.എൽ. സീരീസിലാണ് തിരുവനന്തപുരത്ത് ഇപ്പോൾ രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.

എറണാകുളം ഡി.കെ.യാണ്. 2022 മുതൽതന്നെ രജിസ്ട്രേഷൻ ചെയ്യുന്ന ആകെ വാഹനങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം എറണാകുളത്തെ പിന്നിലാക്കി തുടങ്ങിയിരുന്നു. പിന്നീടിങ്ങോട്ട് ഈ വർഷം വരെ ഇതേ ട്രെൻഡ് തുടർന്നു. എന്നാൽ മുൻകാലങ്ങളിൽ ചെയ്ത രജിസ്ട്രേഷനുകളുടെ പിൻബലത്തിൽ എറണാകുളം മുന്നിൽ ഓടിക്കൊണ്ടിരുന്നു. പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ സെക്കൻഡുകൾ മാത്രമെടുക്കുന്ന സൂപ്പർ കാറുകളുടെ വേഗത്തിലായിരുന്നില്ല തിരുവനന്തപുരത്തിന്റെ മുന്നേറ്റം. ക്രമേണ ക്രമേണ തലസ്ഥാനം മുന്നിലെത്തുകയായിരുന്നു.

അഞ്ചു വർഷമായി തലസ്ഥാനത്ത് ഓരോ വർഷവും നിശ്ചിത ശതമാനത്തിന്റെ വളർച്ച രജിസ്ട്രേഷനിൽ ഉണ്ടാകുന്നുണ്ടായിരുന്നു. 2025-ൽ മുൻ വർഷത്തേക്കാൾ ഏഴു ശതമാനം വർധനവുണ്ടായി. എറണാകുളത്തും ഇതേ കാലയളവിൽ സമാന വളർച്ചയുണ്ടായെങ്കിലും ആകെ എണ്ണത്തിൽ തിരുവനന്തപുരത്തോളമെത്താനായില്ല. ഇക്കാലങ്ങളിൽ രജിസ്ട്രേഷൻ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ കണക്കും ശ്രദ്ധേയമാണ്. ഇരു ആർ.ടി.ഓഫീസുകളിലുമായി മൂന്ന് വർഷത്തിനിടെ ഇരുപതിനായിരത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തുകളിൽ നിശബ്ദ സാന്നിധ്യമറിയിച്ചത്.

തിരുവനന്തപുത്തെ വർധനയ്ക്ക് പലകാരണങ്ങൾ വിദഗ്ധർ പറയുന്നുണ്ട്. ഐ.ടി. മേഖലയിലടക്കം ഉണ്ടായതും ഉണ്ടാകുന്നതുമായ വളർച്ച, റിയൽ എസ്റ്റേറ്റ് മേഖലയിൽ വരുന്ന നിക്ഷേപം തുടങ്ങിയവയെല്ലാം കാരണമാണ്. എറണാകുളത്ത് സബ് ആർ.ടി.ഒ.കൾ കൂടുതൽ തുറന്നതാണ് രജിസ്ട്രേഷൻ കുറയാൻ കാരണമെന്ന് ഒരു വാദമുണ്ടെങ്കിലും ഇവിടെയും നഗരത്തിന്റെ തന്നെ ഭാഗമായ കഴക്കൂട്ടത്ത് ഉൾപ്പെടെ സബ് ആർ.ടി.ഒ.കൾ ഉണ്ടെന്നു കാട്ടിയാണ് ഇതിനെ എതിർക്കുന്നവരുടെ മറുപടി.

തലസ്ഥാനമായതിനാൽ പോലീസ്, എക്‌സൈസ് ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ വാങ്ങുന്ന വകുപ്പുകളും മറ്റ് സർക്കാർ വാഹനങ്ങളും കൂടുതലും ഇവിടെയാണ് രജിസ്റ്റർ ചെയ്യാറുള്ളത്. ഇവയും നേട്ടത്തിന് ഇന്ധനം പകർന്നു. വിഴിഞ്ഞം തുറമുഖ അനുബന്ധ വികസനം, വിവിധ സർക്കാർ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവയെല്ലാം രജിസ്ട്രേഷൻ വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

കെ.എൽ.01 രജിസ്ട്രേഷൻ ലഭിക്കുക എന്നത് പലർക്കും അഭിമാനമാണിന്നും. തലസ്ഥാനത്ത് നഗരത്തിന് പുറത്ത് താമസിക്കുന്നവർ വരെ ഓഫീസുകളിലെ താത്കാലിക വിലാസത്തിൽ മുൻപ് തിരുവനന്തപുരം രജിസ്ട്രേഷൻ സംഘടിപ്പിക്കുമായിരുന്നു. ഇപ്പോൾ തിരുവനന്തപുരം മുന്നിലെത്തിയെങ്കിലും ഓഡോമീറ്ററിൽ വേഗതമാറുംപോലെ ഭാവിയിലിത് ഏറിയും കുറഞ്ഞുമിരിക്കാം. എങ്കിലും മുൻവർഷങ്ങളിലെ കണക്കുകൾ പ്രകാരം തലസ്ഥാനം രജിസ്ട്രേഷനിൽ '01' ആയി തന്നെ തുടരുമെന്നാണ് വിദഗ്ധാഭിപ്രായം. തലസ്ഥാനവാസികളും നേട്ടത്തെ കുറിച്ച് പറയുന്നു ഇത് ചെറുത്....