കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ രണ്ട് ദിവസം ടോൾ പിരിച്ചത് 23,200-ലധികം വാഹനങ്ങളിൽനിന്ന്. ഉദ്ഘാടനദിവസമായ 11-ന് 13,200 വാഹനങ്ങളിൽനിന്ന് ടോൾ പിരിച്ചപ്പോൾ, 12-ന് 10,000-ത്തിലധികം വാഹനങ്ങളിൽനിന്ന് മാത്രമാണ് ടോൾ പിരിച്ചത്.
മാഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബൈപ്പാസ് തിരഞ്ഞെടുത്തവർക്ക് ഉദ്ഘാടനദിവസം ടോൾ പ്ലാസയിലെ തിരക്കുകാരണം ഗതാഗതതടസ്സവും സമയനഷ്ടവും ഉണ്ടായി. ഇതായിരിക്കാം രണ്ടാം ദിവസം ബൈപ്പാസിൽ യാത്രക്കാർ കുറയാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. നാലുചക്രവാഹനങ്ങളാണ് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലും ബൈപ്പാസിലെത്തുന്നത്.
ആംബുലൻസുകൾക്ക് വഴിയൊരുക്കാൻ മറ്റ് വാഹനങ്ങൾക്ക് സൗജന്യ എൻട്രിയും എക്‌സിറ്റും
എൻ.എച്ച്.എ.ഐ.യുടെ നിർദേശമനുസരിച്ച് ആറുവരിപ്പാതയ്ക്ക് 24 ലൈൻ (12+12) ലൈനുകളാണ് വേണ്ടത്. ഇതിൽ ഒന്ന് എമർജൻസി ലൈനായിരിക്കും. ഏറ്റവും ചുരുങ്ങിയത് ആറ് ടോൾബൂത്തെങ്കിലും ബൈപ്പാസിൽ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
ആറുവരിയുള്ള ബൈപ്പാസിൽ നിലവിലുള്ളത് നാല് ടോൾബൂത്തുകൾ മാത്രം. താത്കാലിക സംവിധാനമായതിനാലാകാം ഇത്. എമർജൻസി ലൈനിനുള്ള സൗകര്യം ഇവിടെയില്ലാത്തതിനാൽ ആംബുലൻസുകൾ വരുമ്പോൾ മുന്നിലുള്ള വഹനങ്ങൾ കടത്തിവിടാൻ അധികൃതർ നിർബന്ധിതരാകുന്നു.
ദിനംപ്രതി ഏകദേശം 25-ലധികം ആംബുലൻസുകൾ ബൈപ്പാസിലൂടെ കടന്നുപോകുന്നുണ്ടെന്ന്് ഓപ്പറേഷൻസ് മാനേജർ സുനീഷ് സുരേന്ദ്രൻ പറഞ്ഞു.
ഒരു ആംബുലൻസ് കടത്തിവിടുന്നതിന് 20-25 വാഹനങ്ങളെ വരെ ടോൾ ഈടാക്കാതെ കടത്തിവിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ ദിവസവും ചുരുങ്ങിയത് 625 വാഹനങ്ങളെ ടോൾ ഇല്ലാതെ കടത്തിവിടേണ്ടിവരും.
അശാസ്ത്രീയ ടോൾ പ്ലാസ പൂട്ടണം-യൂത്ത് കോൺഗ്രസ്
തലശ്ശേരി-മാഹി ബൈപ്പാസിലെ അശാസ്ത്രീയ ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ടോൾപിരിവ് കാരണം യാത്രക്കാർ മണിക്കൂറുകളോളം ബ്ലോക്കിൽപ്പെടുകയാണ്. ആംബുലൻസുകൾ പോലും കുരുക്കിൽനിന്ന് മുന്നോട്ടെടുക്കാൻ പ്രയാസമാവുന്ന രീതിയിലാണ് ടോൾ പ്ലാസ ഒരുക്കിയിട്ടുള്ളത്. ഇത് മൂലം സാധാരണ വാഹനങ്ങൾ മണിക്കൂറുകളോളം ടോൾ പ്ലാസയിൽ കുരുങ്ങിക്കിടക്കുന്നു.
കൂടാതെ ശൗചാലയം, എമർജൻസി വാഹനം തുടങ്ങിയവയൊന്നും ലഭ്യമാക്കിയിട്ടില്ല. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക്കിയില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങളുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് എന്നിവർ പറഞ്ഞു.
Content Highlights: Thalassery- Mahe Bypass Toll Collection
Published: 15 Mar 2024, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented