ഇന്ത്യൻ നിർമിത 5 ഡോർ ജിമ്നിക്ക് ഇന്ത്യയിലേക്കാൾ കൂടുതൽ ഡിമാൻഡാണ് വിദേശവിപണികളിൽ. പുറത്തിറങ്ങി രണ്ടുവർഷത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കിയപ്പോൾ ഭൂരിഭാ​ഗം വാഹനങ്ങളും വിറ്റഴിച്ചത് ഇന്ത്യക്ക് പുറത്തായിരുന്നു. ഈ ജൈത്രയാത്ര തുടരുന്നതിനിടെ, ഓസ്ട്രേലിയൻ പോലീസ് സേനയിൽ ചേർന്നിരിക്കുകയാണ് മെയ്ഡ് ഇൻ ഇന്ത്യ ജിമ്നി. "സാർജന്റ് ജിം" എന്ന് വിളിപ്പേരുള്ള ഈ ജിമ്നി  ന്യൂ സൗത്ത് വെയിൽസിലെ മാക്വാരി പോലീസ് ക്രൈം പ്രിവൻഷൻ യൂണിറ്റിലാണ് സേവനമനുഷ്ഠിക്കുക.

To advertise here,

ബിഎംഡബ്ല്യു 5 സീരീസ്, കിയ സ്റ്റിങ്ങർ, ഫോക്സ്‌വാഗൺ പാസാറ്റ് എന്നിവയുൾപ്പെടെയുള്ള ഓസ്ട്രേലിയൻ പോലീസ് സേനയിലെ മറ്റു വാഹനങ്ങളുടെ നിരയിലേക്കാണ് ജിമ്നി എത്തുന്നത്. പോലീസ് വാഹനം ആയതിനാൽ തന്നെ ജിമ്നിയുടെ നിറത്തിലും മാറ്റമുണ്ട്. വെളുപ്പ് നിറത്തിലുള്ള വാഹനത്തിൽ നീല, ചുവപ്പ്, മഞ്ഞ സ്റ്റിക്കറുകളാണുള്ളത്. പോലീസ് വാഹനമായതിനാൽ തന്നെ സൈറണും ചുവപ്പ്, നീല ലൈറ്റുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് ഡ്യൂട്ടിക്കായി വാഹനത്തിന് എന്തെങ്കിലും മെക്കാനിക്കൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. 

ഇന്ത്യയിൽ നിർമിച്ച 5-ഡോർ ജിമ്നി ഓസ്ട്രേലിയയിൽ ജിമ്നി എക്സ്എൽ എന്നാണ് അറിയപ്പെടുന്നത്. ഓസ്ട്രേലിയൻ സ്പെക് സുസുക്കി ജിംനി എക്സ്എല്ലിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണുള്ളത്. ഇത് 99 ബിഎച്ച്പി കരുത്തും 130 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 4സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷനാണുള്ളത്.  

നേരത്തേ, കേന്ദ്ര സായുധ സേനാവിഭാഗമായ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന് (ഐ.ടി.ബി.പി) കരുത്തുപകരാൻ മാരുതി സുസുക്കി ജിംനി എത്തിയിരുന്നു. അറുപത് വാഹനങ്ങളാണ് അന്ന് സേനയ്ക്ക് കൈമാറിയത്. ഓഫ് റോഡ് കരുത്ത്, ചെറിയ വഴികളിലൂടെ യാത്ര ചെയ്യാനുള്ള കാര്യക്ഷമത എന്നിവയാണ് ജിപ്‌സിയുടെ പകരക്കാരനായി എത്തിയ ജിംനിയെ ഐ.ടി.ബി.പി പ​ഗി​ഗണിക്കാൻ കാരണമായത്. മികച്ച ഓഫ്-റോഡറാകാൻ ബോഡി-ഓൺ-ഫ്രെയിം ഡിസൈനും 4x4 സംവിധാനവും വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാന പോലീസ് സേനകളിലും ജിംനിയുടെ സാന്നിധ്യമുണ്ട്. 

മെയ്ഡ് ഇൻ ഇന്ത്യ ജിമ്നി 

ഓഫ്-റോഡ് കരുത്തിൽ കേമനായ ഈ വാഹനം 2023 ജൂണിലാണ് മാരുതി സുസുക്കി ഇന്ത്യൻ നിരത്തിൽ അവതരിപ്പിച്ചത്. വിപണിയിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോൾ, ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയും വാഹനം പിന്നിട്ടു. ലോഞ്ച് ചെയ്തതിനു ശേഷം ജിമ്നി നേടിയ ആകെ വിൽപ്പന 102,024 യൂണിറ്റുകളാണ്. 

ഇതിൽ 26,180 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചതും (പുറത്തിറങ്ങിയത് മുതൽ 2025 ഏപ്രിൽ അവസാനം വരെ), 75,844 യൂണിറ്റുകൾ കയറ്റുമതി ചെയ്തതും (പുറത്തിറങ്ങിയത് മുതൽ 2025 ഏപ്രിൽ അവസാനം വരെ) ആണ്. വിദേശവിപണിയിൽ വാഹനത്തിനുള്ള ഉയർന്ന ആവശ്യ​കതയാണ് കയറ്റുമതി തെളിയിക്കുന്നത്. 

ആഗോള വിപണിയിൽ ത്രീ-ഡോർ പതിപ്പിൽ മാത്രം ലഭ്യമായിരുന്ന ജിമ്നിക്ക് വലിയ ജനപ്രീതിയാണുള്ളത്. എന്നാൽ ത്രീ-ഡോർ മോഡലിന് പകരമായി, കൂടുതൽ പ്രായോ​ഗികമാക്കി 5-ഡോർ പതിപ്പാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 

ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, മെക്‌സികോ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്കു പുറമെ സുസുക്കിയുടെ സ്വന്തം നാടായ ജപ്പാനിലേക്കും ഫൈവ് ഡോര്‍ ജിമ്‌നി കയറ്റുമതി ചെയ്യുന്നുണ്ട്. ഹരിയാണയിലെ ഗുരുഗ്രാം പ്ലാന്റിൽ നിർമിക്കുന്ന ജിമ്നി, ജപ്പാൻ പോലുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.