പീരുമേട്: മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച സൗരോര്‍ജ വാഹനം കോളേജിന് കൈമാറി. സോളാര്‍ പാനല്‍ ഉപയോഗിച്ച് ഓടിക്കാവുന്ന സെല്‍ഫ് ചാര്‍ജിങ് ഇലക്ട്രിക്ക് വാഹനമാണിത്. മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് വാഹനം രൂപകല്‍പ്പന ചെയ്തത്.

To advertise here,

ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന തരത്തിലാണ് വാഹനം തയ്യാറാക്കിയിട്ടുളളത്. അന്‍പതു കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാവുന്ന വാഹനം പകല്‍സമയം സൗരോര്‍ജ്ജത്താല്‍ ചാര്‍ജുചെയ്യാന്‍ കഴിയും. വണ്ടിയുടെ ഡിഫറന്‍ഷ്യല്‍ ഷാഫ്ട് റൊട്ടേഷന്‍ ആള്‍ട്ടര്‍നേറ്റര്‍ ഉപയോഗിച്ച് കറണ്ടുചാര്‍ജാക്കി മാറ്റി ബാറ്ററി ചാര്‍ജുചെയ്യാനുള്ള സാങ്കേതിക വിദ്യയും നല്‍കിയിട്ടുണ്ട്. ഇതുമൂലം വണ്ടി ഓടുമ്പോള്‍ സ്വയം ചാര്‍ജാകുകയും വീടുകളില്‍ കുത്തിയിട്ട് ചാര്‍ജ് ചെയ്യാനും കഴിയും.

ഏകദേശം രണ്ടുലക്ഷം രൂപയാണ് വാഹനം നിര്‍മിക്കാന്‍ ചെലവായത്. പോള്‍ ഷെയ്‌സ്, ജിന്റോ കെ.അജി, അലന്‍ കെ. ജോസഫ്, ഡെല്‍വിന്‍ ഷിബു എന്നീ വിദ്യാര്‍ഥികളും പ്രൊഫസര്‍മാരായ ആര്‍.ഗിരീഷ്, വെണ്‍മാ പ്രഭാഷ് എന്നിവര്‍ ചേര്‍ന്നാണ് സൗരോര്‍ജ വാഹനം നിര്‍മിച്ചത്. വാഹനം കോളേജിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് എസ്.റസ്മാര അധ്യക്ഷത വഹിച്ചു. 

കോളേജ് ഡയറക്ടര്‍ ഡോ. പ്രിന്‍സ് വര്‍ഗീസ് വാഹനം ഏറ്റുവാങ്ങി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ഐ.ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എലിയാസ് ജാന്‍സണ്‍, ഓഫീസ് മാനേജര്‍ ഫാ. ജോണ്‍ സാമുവല്‍, സ്റ്റുഡന്റ്സ് അഡൈ്വസര്‍ ഫാ. സാജിന്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.