പുതുതായി വാങ്ങിയ ആഡംബര വാഹനവും എട്ട് ടിപ്പറുകളും നാട്ടുക്കാരെ കാണിക്കാന്‍ റോഡ്‌ഷോ നടത്തിയ വിവാദ വ്യവസായി റോയി കുര്യന്‍ കുടുങ്ങി. ഒരു കോടി രൂപയോളം വിലയുള്ള പുതിയ ബെന്‍സ് കാറിന് മുകളില്‍ ഇരുന്ന് ആറ് പുതിയ ഭാരത് ബെന്‍സ് ടോറസുകളുടെ അകമ്പടിയോടെയാണ് ചൊവ്വാഴ്ച റോയി കുര്യന്‍ റോഡ്‌ഷോ നടത്തിയത്. 

ഭൂതത്താന്‍കെട്ട് ഭാഗത്ത് നിന്ന് തുടങ്ങിയ റോഡ്‌ഷോ കോതമംഗലം ടൗണിലെത്തിയതോടെയാണ് പോലീസ് തടഞ്ഞത്. തുടര്‍ന്ന് വാഹന ഉടമയായ ചേലാട് സ്വദേശി റോയി കുര്യന്‍ തണ്ണിക്കോട്ടിനും വാഹന ഡ്രൈവര്‍മാര്‍ക്കുമെതിരേ പോലീസ് കേസെടുക്കുകയും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സിനിമകളെ വെല്ലുന്ന പ്രകടനം കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. കാറിന്റെ മുന്‍ സീറ്റിനു മുകളിലെ എയര്‍ വിന്‍ഡോയോടു ചേര്‍ന്നിരുന്നായിരുന്നു യാത്ര. രാവിലെ മുതല്‍ റോഡ് ഷോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പോലീസ് ജീപ്പ് മുമ്പിലെത്തിയതിന്റെ ചിത്രവും പുറത്തുവന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും അപകടകരവും അലക്ഷ്യവുമായി വാഹനം ഓടിച്ചതിനുമാണ് കേസ്. കഴിഞ്ഞ മാസം 28ന് ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയിലെ ക്വാറി ഉദ്ഘാടനത്തോടനുബന്ധിച്ച് രാജാപ്പാറയിലെ റിസോര്‍ട്ടില്‍ റോയി കുര്യന്‍ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയത് വിവാദത്തിലായിരുന്നു. 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനായിരുന്നു കേസ്. റോയിയും കോതമംഗലം സ്വദേശികളുള്‍പ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരും കേസില്‍ പ്രതികളാണ്. കോതമംഗലത്തെ കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Road Show Using Benz and Six Tipper In Kothamangalam