
അതിരപ്പിള്ളി വെറ്റിലപ്പാറ പാലത്തില്‍ ആഡംബര ബൈക്കുകളില്‍ അഭ്യാസങ്ങള്‍ നടത്തിയ ആറ് യുവാക്കളെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കിടങ്ങൂര്‍ സ്വദേശികളായ അറക്കമൂത്താട്ട് ശ്രീജിത്ത് (20), കൊട്ടാരപ്പാട്ടില്‍ അഭിഷേക് (21), ഇടപ്പിള്ളി സ്വദേശി കണ്ണിക്കണ്ടത്തില്‍ റസല്‍ (20), ആലുവ പൂക്കാട്ട്പടി സ്വദേശി കോളാട്ടില്‍ അന്‍ഷാദ് (20), അങ്കമാലി സ്വദേശി കുരിശുപറമ്പില്‍ ആഗ്വിന്‍ (20), ആലുവ സ്വദേശി മേലോത്ത്കുഴി മനു (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഭ്യാസം നടത്തിയ മൂന്ന് ആഡംബരബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. അപകടകരമായ രീതിയില്‍, യുവാക്കള്‍ പേടിപ്പെടുത്തുന്ന അഭ്യാസങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പോലീസെത്തി ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് അതിവേഗത്തില്‍ ഓടിച്ചുപോയ ഒരു ബൈക്ക് പിന്തുടര്‍ന്നാണ് പിടിച്ചത്.
അഭ്യാസം പതിവ്
വെറ്റിലപ്പാറ പാലം കേന്ദ്രീകരിച്ചാണ് അഭ്യാസങ്ങള്‍ കൂടുതലും. ഒട്ടു മിക്ക ദിവസങ്ങളിലും ഇത്തരം അഭ്യാസപ്രകടനം നടക്കുന്നുണ്ട്. അവധിദിവസങ്ങളില്‍ ഇത് കൂടും. ബൈക്കുകളുടെ മുന്‍വശം പൊക്കല്‍, പിറകുവശം പൊക്കല്‍, വീശി ഓടിക്കല്‍, മത്സരഓട്ടം, വളവുകളില്‍ വീശിവളയ്ക്കല്‍, അതിവേഗത്തില്‍ വന്ന് ബ്രേക്ക് ചെയ്യല്‍ തുടങ്ങി നിരവധി അപകടകരമായ അഭ്യാസങ്ങളാണ് നടക്കുന്നത്. റോഡിലെ മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാണ് ഇത്തരം അഭ്യാസപ്രകടനങ്ങള്‍.
അപകടപ്രിയരുടെ അതിക്രമങ്ങള്‍...
ഒരു കമ്പനി നിര്‍മിച്ച് വിപണിയിലിറക്കുന്ന ബൈക്കിന്റെ രൂപം മാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. പുതിയ മോട്ടോര്‍ വാഹനനിയമപ്രകാരം ഓരോ മാറ്റത്തിനും 5000 രൂപയാണ് പിഴത്തുക. ബൈക്കിന്റെ മാത്രമല്ല, ഇരു ചക്രവാഹനങ്ങളുടെയെല്ലാം മെക്കാനിക്കല്‍ സംബന്ധിയായ കാര്യങ്ങള്‍ക്ക് മാറ്റം പാടില്ല. മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ നിറം മാറ്റാവുന്നതാണ്. എന്നാല്‍, വണ്ടിക്ക് എല്ലാ നിറങ്ങളും അടിക്കാന്‍ നിയമം അനുവദിക്കുന്നുമില്ല.
മെക്കാനിക്കല്‍ ഭാഗങ്ങളില്‍ മാറ്റം വരുത്തിയാല്‍ അപകടം ഉറപ്പിച്ചു എന്നുതന്നെ പറയാം. കാരണം ഒരു വണ്ടി എന്തൊക്കെ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണോ സുരക്ഷിതയാത്രയ്ക്ക് ഉചിതമാക്കുന്നത്, അതിന്റെയൊക്കെ ലംഘനമാണ് മാറ്റംവരുത്തുന്നതിലൂടെ ഉണ്ടാവുന്നത്.
ഇപ്പോള്‍ കാണപ്പെടുന്നപ്രധാന രൂപമാറ്റങ്ങള്‍ ഇവ
എന്‍ജിന്‍ മാറ്റം
250 സി.സിയുള്ള ബൈക്കാണെങ്കിലും പവര്‍ പോരെന്ന കാഴ്ചപ്പാടാണ് എന്‍ജിന്‍മാറ്റത്തിലേക്ക് നയിക്കുന്നത്. എന്‍ജിന്റെ ട്യൂണിങ് നടത്തി കൂടുതല്‍ ശക്തിയുണ്ടാക്കാനുള്ള ശ്രമവും നടക്കാറുണ്ട്. എന്നാല്‍, എന്‍ജിന്‍ തന്നെ മാറ്റുന്ന രീതിയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 350 സി.സി. വരെയുള്ള എന്‍ജിന്‍ 200 സിസി ബൈക്കില്‍ ഘടിപ്പിക്കുന്നതായി ആര്‍.ടി.ഒ. അധികൃതര്‍ പറയുന്നു. സാങ്കേതികമായി ആ ബൈക്കിനുള്ള എല്ലാ സ്ഥിരതയും കൂടുതല്‍ പവറുള്ള എന്‍ജിന്‍ ഘടിപ്പിക്കുന്നതിലൂടെ ഇല്ലാതാവും. വിദേശത്തുനിന്ന് കൊണ്ടുവരുന്ന ബൈക്കുകളുടെ എന്‍ജിന്‍ വരെ ഇന്ത്യന്‍ വണ്ടികളില്‍ ഘടിപ്പിച്ച് അപകടം ക്ഷണിച്ചുവരുത്തുന്ന ശൈലിയുമുണ്ട്.
ഹാന്‍ഡില്‍ മാറ്റം
വണ്ടിയുടെ സെന്റര്‍ ഓഫ് ഗ്രാവിറ്റി കണക്കാക്കിയാണ് ഹാന്‍ഡില്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ വരുത്തുന്ന മാറ്റം അതിഗുരുതരമാണ്. ഹാന്‍ഡില്‍ ഉയര്‍ത്തുക, താഴ്ത്തുക, വളയ്ക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്. വളവ് തിരിയുമ്പോള്‍ ചെറിയ വേഗത്തിലാണെങ്കില്‍പോലും മറിയും. എന്നാല്‍ ചെറിയ വേഗത്തില്‍ ഓടിക്കാനല്ലല്ലോ ഇതൊക്കെ ചെയ്യുന്നത്. അപ്പോള്‍ മറിഞ്ഞുണ്ടാവുന്ന അപകടത്തിന്റെ രൂക്ഷതയും കൂടും.
വെടിപൊട്ടിക്കും സൈലന്‍സര്‍
80 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാനാണ് ബൈക്കുകളില്‍ സൈലന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, 150 വരെ എത്തിക്കാനാണ് ഈ 'അപകടപ്രിയ'രുടെ ശ്രമം. സൈലന്‍സറിനുള്ളിലെ ബാഫിള്‍സ് പ്ലേറ്റുകളിലാണ് ശബ്ദം കൂട്ടാനുള്ള മാറ്റം വരുത്തുന്നത്.
Content Highlights: Police Arrested 6 Youngsters And Seized 3 Luxury Bike For Illegal Stunting
Published: 19 Sept 2020, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented