വേഗമത്സരങ്ങളുടെ ഒരധ്യായംകൂടി അവസാനിക്കുന്നു. ഒരു വർഷം 24 റേസ് ട്രാക്കുകൾ. അവയിൽ വേഗത്തിന്റെ പുതിയ ചരിത്രം എഴുതപ്പെട്ടു. ചാമ്പ്യൻ ആരാകും എന്നറിയാനുള്ള ആകാംക്ഷ ദോഹയോടെ അവസാനിച്ചു. റെഡ്‌ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പൻ നാലാംതവണയും ജേതാവായി.ഫോർമുല വൺ കാറോട്ടത്തിൽ ഞായറാഴ്ച അബുദാബിയിൽനടക്കുന്ന അവസാന ഗ്രാൻപ്രീ ഇനി പേരിനുമാത്രം.

To advertise here,

ഫോർമുല വണ്ണിലെ ഈ സീസൺ സംഭവബഹുലമായിരുന്നു. വിവാദങ്ങളും തെറിവിളിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. അതിനൊപ്പം, കാറോട്ട ചരിത്രത്തിൽ ഇടംനേടിയ നീണ്ടബന്ധം ഈവർഷത്തോടെ അവസാനിക്കുകയാണ്. ലൂയി ഹാമിൽട്ടനും ജർമൻ വാഹനനിർമാതാക്കളായ മെഴ്‌സിഡസും തമ്മിലുള്ള കരാർ അവസാനിച്ചു. അടുത്തസീസണിൽ ഫെരാരിയുടെ സ്റ്റിയറിങ്ങായിരിക്കും ഹാമിൽട്ടന്റെ കൈയിൽ. അപ്പോൾ മെഴ്‌സിഡസ് പ്രധാന എതിരാളിയായിരിക്കും.

അസ്വാരസ്യം

മെഴ്‌സിഡസ് തലവൻ ടൊടോ വോൾഫും ഹാമിൽട്ടനുമായുള്ള ഭിന്നത കഴിഞ്ഞ സീസണിൽത്തന്നെ തുടങ്ങിയിരുന്നു. കരാർ നീട്ടുന്നതിനെച്ചൊല്ലിയായിരുന്നു തുടക്കം. മെഴ്‌സിഡസിന്റെ ഭാഗത്തുനിന്ന് ശുഭപ്രതികരണമുണ്ടാവാത്തതിനെത്തുടർന്നാണ് ഹാമിൽട്ടൺ ഫെരാരിയുമായി കരാറുണ്ടാക്കിയത്. ഇതോടെ ഹാമിൽട്ടന്റെ വിജയഗാഥയും അവസാനിച്ചു.

ടോടോയുമായുള്ള അഭിപ്രായവ്യത്യാസം പലപ്പോഴും വാഗ്വാദത്തിലെത്തി. പുതിയ സീസണിലെ കാറിന് സാങ്കേതികപ്രശ്നങ്ങളുണ്ടെന്ന് ഹാമിൽട്ടൺ തുറന്നടിച്ചു. അതേസമയം മെഴ്സിഡസിന്റെ മറ്റൊരു ഡ്രൈവറായ ജോർജ് റസ്സൽ വിജയങ്ങൾ നേടുന്നുണ്ടായിരുന്നു. ഹാമിൽട്ടൺ സീസണിൽ നേടിയത് രണ്ടു ജയംമാത്രം, ബ്രിട്ടണിലും ബെൽജിയത്തിലും.

ദോഹയിൽ രണ്ട് പെനാൽട്ടിയടക്കം പന്ത്രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അബുദാബിയിലെ അവസാന മത്സരത്തിലും വിജയപ്രതീക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു. സീസണിൽ 211 പോയിന്റോടെ ഏഴാമനാണ് ഹാമിൽട്ടൺ.

ചരിത്രംരചിച്ച ബന്ധം

ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വിജയകരവുമായ ബന്ധമാണ് പിരിയുന്നത്. കാറോട്ടത്തിലെ ഇതിഹാസമായ മൈക്കിൾ ഷൂമാക്കറിനൊപ്പം ഏഴ് ലോകചാമ്പ്യൻപട്ടം നേടി. മക്‌ലാറനിൽനിന്ന് 2013-ലാണ് ഹാമിൽട്ടൺ മെഴ്‌സിഡസിലെത്തിയത്. ആദ്യവർഷംതന്നെ ചാമ്പ്യൻഷിപ്പ് നേടി. അതോടെ ടീമിന്റെ നല്ലകാലംവന്നു. എട്ടുതവണ മെഴ്‌സിഡസ് മികച്ച കൺസ്ട്രക്ടർ പട്ടം നേടി.

ഏഴുതവണ മികച്ച ഡ്രൈവറായി. ഇതിൽ ആറുതവണയും ഹാമിൽട്ടണായിരുന്നു ഡ്രൈവർ. ഹാമിൽട്ടന്റെ കരിയറിലെ മിന്നും ദിനങ്ങളായിരുന്നു അത്. 105 വിജയങ്ങളിൽ 84 എണ്ണവും 104 പോൾ പൊസിഷനുകളിൽ 78 എണ്ണവും മെഴ്‌സിഡസിനൊപ്പമായിരുന്നു. നാലുവർഷംമുൻപ്‌ മാക്‌സ് വെസ്റ്റപ്പൻ ട്രാക്കിൽ പടർന്നുകയറിയതോടെ ഹാമിൽട്ടൺ പിന്തള്ളപ്പെട്ടു. ഇനി ഫെരാരിക്കൊപ്പം പുതിയ തുടക്കം.

മെഴ്സിഡസിനൊപ്പം ഹാമിൽട്ടൺ

  • 105 ഗ്രാൻ പ്രീ വിജയം
  • 202 പോഡിയം
  • 104 പോൾ പൊസിഷൻ
  • 84 ഒരേ ടീമിനൊപ്പം കൂടുതൽ ജയം