
കോഴിക്കോട്: ഫെബ്രുവരി ഒന്നുമുതൽ ആദ്യ എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടി ഓടിത്തുടങ്ങിയതോടെ പാലക്കാട് ഡിവിഷന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസാണ് ഒന്നാംതീയതിമുതൽ പുതിയ റേക്ക് ഉപയോഗിച്ചുള്ള സർവീസ് ആരംഭിച്ചത്. മൂന്നിന് പുലർച്ചെയോടെ കേരളത്തിലെത്തിയ ചെന്നൈ-മംഗളൂരു മെയിലിനും ഇതോടെ എൽ.എച്ച്.ബി. റേക്ക് ലഭിച്ചു. തിരിച്ചുള്ള മംഗളൂരു-ചെന്നൈ മെയിലിനും മൂന്നാംതീയതിമുതൽ പുതിയ കോച്ചുകൾ അനുവദിച്ചു. 158 വർഷമായി സർവീസ് നടത്തുന്ന വണ്ടിയാണ് ചെന്നൈ മെയിൽ.
ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് നാലുമുതലായിരിക്കും പുതിയ കോച്ചുകൾ കിട്ടുക. ഇതോടെ മലബാറിൽനിന്ന് എഗ്മോർ എക്‌സ്പ്രസ് ഒഴികെയുള്ള ചെന്നൈ വണ്ടികളെല്ലാം എൽ.എച്ച്.ബി. റേക്കിലേക്ക് മാറും.
വെസ്റ്റ് കോസ്റ്റ്, മെയിൽ വണ്ടികളോടൊപ്പം തിരുവനന്തപുരം ഡിവിഷന്റെ രണ്ട് ചെന്നൈ വണ്ടികൾക്കും പുതിയ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ആലപ്പുഴ, തിരുവനന്തപുരം സൂപ്പർഫാസ്റ്റ് വണ്ടികൾക്കാണ് പുതിയ കോച്ചുകൾ പ്രഖ്യാപിച്ചത്. ജനുവരിമുതൽ കോച്ചുകൾ മാറുമെന്നാണ് അറിയിച്ചതെങ്കിലും തീയതി നീട്ടിയിട്ടുണ്ട്. മാർച്ച് ഒന്ന്, മൂന്ന് തീയതികളിലായിരിക്കും പുതിയ കോച്ചുകളുമായി വണ്ടികൾ സർവീസ് തുടങ്ങുക. മലബാർ, മാവേലി, ഏറനാട്, പരശുറാം, ഇന്റർസിറ്റി തുടങ്ങിയ പാലക്കാട് ഡിവിഷന്റെ മറ്റു വണ്ടികളും കോഴിക്കോട് ജനശതാബ്ദിയും ഇനി പുതിയ കോച്ചുകളിലേക്ക് മാറാനുണ്ട്.
എൽ.എച്ച്.ബി. കോച്ച്
ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികസൗകര്യങ്ങളോടെ നിർമിച്ചവയാണ് എൽ.എച്ച്.ബി. കോച്ചുകൾ. കൂടുതൽ സുരക്ഷിതമായ കോച്ചുകളാണിവ. പരമ്പരാഗത കോച്ചുകളെക്കാൾ നീളം കൂടുതലായതിനാൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനാകും. യാത്രയ്ക്കിടയിലുള്ള കുലുക്കവും കുറയും.
Content Highlights: palakkad division in a historic moment first lhb train service started
Published: 04 Feb 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented