കോട്ടയം: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിൽ പൊതുജനങ്ങൾ ബന്ധപ്പെട്ടിരുന്ന ലാൻഡ് ഫോണുകൾ ജൂലായ് ഒന്നുമുതൽ പിൻവലിക്കും. പകരം എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഈ ആവശ്യത്തിനായി മൊബൈൽ ഫോണും ഔദ്യോഗിക സിമ്മും നൽകും.
ഈ മൊബൈൽ നമ്പർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണമെന്നും കെഎസ്ആർടിസിയുടെ ഉത്തരവിൽ പറയുന്നു. അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും പൊതുജനങ്ങൾ പുതിയ മൊബൈൽ നമ്പരിൽ വിളിക്കണം. പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്ക് സ്റ്റേഷൻ മാസ്റ്റർ മറുപടിനൽകണം.
എൻക്വയറി കൗണ്ടറിലേക്ക് വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കുന്നില്ലെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് മൊബൈൽ ഫോൺ അനുവദിക്കുന്നത്. ഷെഡ്യൂളുകളുടെ ക്രമീകരണവും ജീവനക്കാരുടെ വിന്യാസവും നടത്തേണ്ട സ്റ്റേഷൻ മാസ്റ്റർക്ക് എൻക്വയറിക്ക് മറുപടിപറയാനുംകൂടി സമയം കിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
എൻക്വയറി കൗണ്ടർ ഇനി എല്ലായിടത്തുമില്ല
ലാൻഡ് നമ്പർ ഒഴിവാക്കുന്നതിനുപുറമേ പല ഡിപ്പോകളിലും എൻക്വയറി കൗണ്ടർ നിർത്തിയിട്ടുമുണ്ട്. ഒരു സ്റ്റേഷൻ മാസ്റ്റർമാത്രമുള്ള ഡിപ്പോകളിലാണ് കൗണ്ടർ പ്രവർത്തനം നിർത്തിയത്. ഇത്തരം ഡിപ്പോകളിൽ കണ്ടക്ടർമാരാണ് എൻക്വയറി കൗണ്ടറുകളിൽ ഇരുന്നത്. അനുമതിയില്ലാതെയുള്ള ജീവനക്കാരുടെ ’അദർഡ്യൂട്ടി’ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ചീഫ് ഓഫീസിൽനിന്ന് കർശന നിർദേശം വന്നു. കോട്ടയം, കൊല്ലം, പുനലൂർ തുടങ്ങിയ പല ഡിപ്പോകളിലും ഇതോടെ എൻക്വയറി കൗണ്ടർ പ്രവർത്തനം നിലച്ചു. ഇതിൽ ജീവനക്കാർക്കും യാത്രക്കാർക്കും പ്രതിഷേധമുണ്ട്. അദർഡ്യൂട്ടി ഒഴിവാക്കുകയാണെങ്കിൽ പകരം സംവിധാനമൊരുക്കണമെന്നും ജീവനക്കാർ പറയുന്നു.
എൻക്വയറി കൗണ്ടർ പുനഃസ്ഥാപിക്കണം
ഡിപ്പോകളിലെത്തുന്ന യാത്രക്കാർക്ക് ബസുകളുടെ വിവരം അറിയാനാണ് എൻക്വയറി കൗണ്ടറുകൾ. അത് കെഎസ്ആർടിസിയുടെ മുഖമാണ്. അത് നിർത്തുന്നതിനോട് യോജിപ്പില്ല. എൻക്വയറി കൗണ്ടറുകൾ പുനഃസ്ഥാപിക്കണമെന്ന് സിഎംഡിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തദിവസം മന്ത്രിക്ക് കത്തുനൽകും.
-ഹണി ബാലചന്ദ്രൻ, ജനറൽ സെക്രട്ടറി, കെഎസ്ആർടിഇഎ
Content Highlights: Only mobile phones are now allowed at KSRTC counters
Published: 23 Jun 2025, 07:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented