ഡൽഹി എൻസിആറിൽ (നാഷണൽ ക്യാപിറ്റൽ റീജിയൺ) 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ഉടമകൾക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. ടി.എൻ. ഗോദവർമൻ കേസിലെ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല നിർദേശം നൽകിയത്.
ഡൽഹി സർക്കാർ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജിയിൽ ബെഞ്ച് നോട്ടീസ് അയയ്ക്കുകയും ചെയ്തു. വാഹന ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വസം നൽകുന്ന നടപടിയാണ് സുപ്രീംകോടതിയിൽനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ദേശീയ തലസ്ഥാന മേഖലയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ചുകൊണ്ടുള്ള 2018-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരുന്നത്. 2018-ന് ശേഷം, മലിനീകരണ വാതകങ്ങൾ നിരീക്ഷിക്കുന്നതിന് കർശനമായ മാനദണ്ഡങ്ങളും കൂടുതൽ വിപുലമായ പുക പരിശോധനാ സംവിധാനങ്ങളും നിലവിൽവന്നതിനാൽ വാഹനങ്ങൾക്കുള്ള ഇത്തരം നിരോധനം ആവശ്യമില്ലെന്ന് ഹർജിയിൽ പറയുന്നു.
കാലപ്പഴക്കം അടിസ്ഥാനമാക്കിയുള്ള നിരോധനത്തിന്റെ യഥാർഥ പാരിസ്ഥിതിക നേട്ടങ്ങൾ വിലയിരുത്തുന്നതിന് സമഗ്രമായ ഒരു ശാസ്ത്രീയ പഠനം നടത്താൻ കേന്ദ്ര സർക്കാരിനോടും എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷനോടും നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2015-ൽ, മലിനീകരണം തടയുന്നതിന്റെ ഭാഗമായി 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹി എൻസിആറിൽ ഓടാൻ അനുവദിക്കരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. ഹരിത ട്രിബ്യൂണലിൻ്റെ ഈ നിർദേശം 2018-ൽ സുപ്രീം കോടതി ശരിവെച്ചു.
2024-ൽ, ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ ഡൽഹി സർക്കാർ പുറത്തിറക്കി. 2025 ജൂലായ് ഒന്നു മുതൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നൽകരുതെന്ന് അടുത്തിടെ ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, പൊതുജനങ്ങളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ നിർദേശം പിന്നീട് മരവിപ്പിച്ചു.
Content Highlights: Supreme Court halts action against 10-yr-old diesel & 15-yr-old petrol vehicles in Delhi-NCR.
Published: 12 Aug 2025, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented