പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇന്ത്യ വിടുകയാണെന്ന വാർത്തകൾ നിഷേധിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന കമ്പനി പുറത്തിറക്കി. ഊഹാപോഹ വാർത്തകളിൽ കമ്പനി സാധാരണ പ്രതികരിക്കാറില്ലെന്നും പുറത്തുവന്ന റിപ്പോർട്ടുകളൊന്നും നിസ്സാന്റെ ഔദ്യോ​ഗിക അറിയിപ്പുകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ലെന്നും പ്രസ്താവനയിൽ പറയുന്നു. 

To advertise here,

'ഇന്ത്യയിലെ ഡീലർമാരോടും പങ്കാളികളോടും ഉപഭോക്താക്കളോടും നിസ്സാൻ പ്രതിജ്ഞാബദ്ധരാണ്. നിസ്സാന്റെ ഇന്ത്യയിലെ ഉത്പന്നങ്ങൾ സംബന്ധിച്ച പദ്ധതികൾ മാറ്റമില്ലാതെ തുടരുകയാണ്. വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാൻ ആ​ഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പ്രവർത്തനങ്ങളിലും കമ്പനിയുടെ വിജയത്തിന് പിന്നിലെ അർപ്പണബോധമുള്ള തൊഴിലാളികളിലുമാണ് നിസ്സാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്', വാഹനനിർമാതാക്കൾ വ്യക്തമാക്കി.  

ആഗോളതലത്തിൽ ഉത്പാദന പ്ലാൻ്റുകൾ അടച്ചുപൂട്ടാൻ നിസ്സാൻ ഒരുങ്ങുന്നുവെന്ന വിവിധ റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതോടൊപ്പം ഇന്ത്യയിലെ ഉത്പാദന പ്രവർത്തനങ്ങളും നിർത്തിവെക്കാൻ നിസ്സാൻ ആലോചിക്കുന്നതായും ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലേയും അർജൻ്റീനയിലേയും പ്ലാൻ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നവെന്നായിരുന്നു വാർത്തകൾ. 

കൂടാതെ, ജപ്പാനിലേയും മെക്സിക്കോയിലേയും പ്ലാൻ്റുകൾ അടച്ചുപൂട്ടാനും നിസ്സാൻ ആലോചിക്കുന്നതായി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. കമ്പനിയുടെ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമാണിതെന്നായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ മെക്സിക്കോയിലും അർജൻ്റീനയിലും നിർമിക്കുന്ന നിസ്സാൻ ഫ്രോണ്ടിയർ/നിസ്സാൻ നവാര പിക്കപ്പുകളുടെ ഉത്പാദനം, മെക്സിക്കോയിലെ മോറെലോസിലുള്ള സിവാക് പ്ലാന്റ് കേന്ദ്രീകരിച്ച് ഒറ്റ ഉത്പാദന കേന്ദ്രത്തിലേക്ക് ഏകീകരിക്കാനുള്ള പദ്ധതികൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.