തൃശ്ശൂർ: ദേശീയ സ്‌ക്രാപ്പ് നയത്തെ മറികടന്ന് കേരളത്തിൽ സർക്കാർ വാഹനങ്ങളുടെയും കെ.എസ്.ആർ.ടി.സി.യുടെയും പ്രവർത്തന കാലാവധി നീട്ടിയതിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമർശം. പഴയ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിൽ ഉണ്ടായ താമസത്തെക്കുറിച്ച് ട്രിബ്യൂണൽ സംസ്ഥാന ഗതാഗത കമ്മിഷണറോട് വിശദീകരണം തേടി.
ദേശീയ സ്‌ക്രാപ്പ് നയം പാലിക്കാനായി സംസ്ഥാനം ഇതേവരെ നടത്തിയ കാര്യങ്ങളുടെ സമഗ്ര റിപ്പോർട്ടും ആവശ്യപ്പെട്ടു. കേരള ഗതാഗത കമ്മിഷണറായ നാഗരാജു ചക്കിലം വീഡിയോ കോൺഫറൻസിലൂടെ ഹാജരായപ്പോഴാണ് ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നിർദേശം നൽകിയത്.
2021 ജൂലായ് 14-ന് ട്രിബ്യൂണൽ നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിലും പഴയ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിലും ഉണ്ടായ താമസത്തിന്റെ കാരണം വിശദീകരിക്കാൻ കമ്മിഷണറോട് നേരിട്ട് ഹാജരാകാൻ ട്രിബ്യൂണൽ നിർദേശിക്കുകയായിരുന്നു.
കാലാവധി കഴിഞ്ഞും സർവീസ് നടത്തുന്ന വാഹനങ്ങൾ ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷനുകളിൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുണ്ടെന്ന് ഗതാഗത കമ്മിഷണർ റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ട് പൂർണമല്ലെന്ന് ട്രിബ്യൂണൽ അഭിപ്രായപ്പെട്ടു. പരിശോധ നടത്തിയ വാഹനങ്ങളുടെ വർഷം വ്യക്തമാക്കിയിട്ടില്ല. ഓടാൻ യോഗ്യമല്ലെന്ന് കണ്ടെത്തിയ വാഹനങ്ങളുടെ കൃത്യമായ വിവരങ്ങളുമില്ല. ഇവയെല്ലാം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.
കെ.എസ്.ആർ.ടി.സി. ബസുകളുടെ സേവന കാലാവധി 15-ൽനിന്ന് 22 വർഷമായി നീട്ടിയ നടപടി പരിസ്ഥിതി മലിനീകരണത്തെ ബാധിക്കില്ലെന്ന വാദം സംശയാസ്പദമാണെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. കേന്ദ്രസർക്കാരും സുപ്രീം കോടതിയും പലവട്ടം പഴയ വാഹനങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ വാഹനങ്ങളുടെ സേവന കാലാവധി നീട്ടുന്നത് യുക്തിസഹമല്ല. പൊതുമേഖലാ വാഹനങ്ങൾക്കുമാത്രം ഇളവ് ബാധകമാക്കുന്പോൾ സ്വകാര്യ വാഹനങ്ങളും പരിഗണിക്കേണ്ടതല്ലേയെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.
Content Highlights: The National Green Tribunal (NGT) has strongly criticized the Kerala government., The criticism is for extending the service life of government vehicles, including KSRTC buses, in violation of the National Scrappage Policy., KSRTC bus service life was extended from 15 to 22 years., The NGT has demanded a comprehensive report from the State Transport Commissioner.
Published: 06 Mar 2026, 07:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented