റാന്നി: സ്‌കൂള്‍ പ്രവൃത്തി സമയത്ത് മൈതാനത്ത് അമിതശബ്ദമുള്ള കാറുമായി പ്രകടനം. കാറോടിച്ചിരുന്നത് 'കുട്ടി ഡ്രൈവര്‍' ആണോയെന്ന് പോലീസ് സംശയിക്കുന്നു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ഇപ്പോള്‍ മറ്റൊരു സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ സമീപസ്ഥലവാസിയാണെന്നാണ് സംശയം.
സ്‌കൂളധികൃതരുടെ പരാതിയില്‍ വാഹന ഉടമയുടെയും ഓടിച്ച ആളിന്റെയും പേരില്‍ കേസെടുത്തതായി മലയാലപ്പുഴ എസ്ഐ ബി.എസ്. ശ്രീജിത്ത് പറഞ്ഞു. വാഹനമോടിച്ചയാളെ പരാതിക്കാര്‍ തിരിച്ചറിഞ്ഞിട്ടില്ല.
വ്യാഴാഴ്ച രാവിലെ 10.30-ന് കുമ്പളാംപൊയ്ക സിഎംഎസ് സ്‌കൂള്‍ മൈതാനത്തായിരുന്നു സംഭവം. സൈലന്‍സറില്‍ മാറ്റം വരുത്തിയുണ്ടാക്കുന്ന അമിതശബ്ദത്തില്‍ കാര്‍ കുമ്പളാംപൊയ്ക ജങ്ഷന് സമീപമുള്ള സ്‌കൂളിന്റെ മൈതാനത്ത് ഏതാനുംതവണ വട്ടംകറങ്ങി മടങ്ങി. മഴ സമയത്തായിരുന്നു സംഭവം. ക്ലാസ് സമയമായതിനാല്‍ കുട്ടികളാരും പുറത്തുണ്ടായിരുന്നില്ല.
ഇത് കണ്ടവര്‍ സംഭവം ക്യാമറകളില്‍ പകര്‍ത്തി. എന്നാല്‍, കാറോടിച്ചയാളെ വ്യക്തമായിരുന്നില്ല. മലയാലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനമോടിച്ചത് കുട്ടി ഡ്രൈവര്‍ ആണെന്ന് സംശയമുണ്ടായത്. പിന്നീടാണ് സ്‌കൂളധികൃതരുടെ പരാതി ലഭിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
Content Highlights: Minor Suspected of Driving Modified Car Recklessly on School Grounds During School Hours
Published: 01 Aug 2025, 12:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented