'എംജി സെലക്ട്' എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡും ഡീലര്‍ഷിപ്പ് ശൃംഖലയുമൊരുക്കി ആഡംബര കാര്‍ വിപണിയില്‍കൂടി സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കാര്‍ നിര്‍മാതാക്കളായ 'ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ'. എംജി സെലക്ടിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എംജി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര സംസാരിക്കുന്നു.
എന്തുകൊണ്ട് എംജി സെലക്ട്?
ഇന്ത്യയില്‍ പ്രീമിയം കാറുകളുടെ വിഭാഗത്തില്‍ വലിയ അവസരങ്ങളുണ്ടെന്ന് കമ്പനി മനസ്സിലാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ പ്രതിവര്‍ഷം ഏതാണ്ട് 50,000 യൂണിറ്റുകളാണ് വില്‍ക്കുന്നത്. ഇത് പാസഞ്ചര്‍ വാഹന വിപണിയെക്കാള്‍ വേഗത്തിലാണ് വളരുന്നത്. വാഹന വിപണിയില്‍ മാത്രമല്ല, ഭവന വിപണി ഉള്‍പ്പെടെ ഏത് മേഖല എടുത്താലും ആഡംബരത്തിലേക്ക് ഉപഭോക്താക്കള്‍ നീങ്ങുന്നതാണ് കാണുന്നത്. ഒരു കോടിക്കു മുകളില്‍ വരുമാനമുള്ളവരുടെ എണ്ണം കൂടുന്നതായി ആദായ നികുതി രേഖകള്‍ വെളിപ്പെടുത്തുന്നു. സാധാരണ കാറുകള്‍ വൈദ്യുതിയിലേക്ക് മാറുന്നതിനെക്കാള്‍ രണ്ടുമടങ്ങ് വേഗത്തിലാണ് പ്രീമിയം കാറുകളില്‍ ഇലക്ട്രിഫിക്കേഷന്‍ വരുന്നത്. അതുപോലെ ടെക്നോളജിയുടെ പ്രാധാന്യം ജീവിതത്തിന്റെ സകല മേഖലയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്താണ് എംജി സെലക്ട് നിര വികസിപ്പിച്ചത്. നിരത്തുകളില്‍ ആരും നോക്കിപ്പോകുന്ന വാഹനങ്ങളായിരിക്കണം ഈ ശ്രേണിയില്‍ പുറത്തിറക്കുകയെന്നു നിര്‍ബന്ധമായിരുന്നു. ആദ്യ വാഹനമായ സൈബസ്റ്റര്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ എംജി കാറാണ്. സ്ഥിരമായി ദീര്‍ഘദൂര യാത്രകള്‍ ഉള്ളവരെ ലക്ഷ്യമിട്ടുള്ള എംജി എം9 എന്ന മള്‍ട്ടിപര്‍പ്പസ് വാഹനമാണ് രണ്ടാമത്തേത്.
കേരളത്തിലെ ഇവി സാന്ദ്രത എത്രത്തോളമാണ്?
പുതിയ സാങ്കേതികവിദ്യകള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ സജ്ജരാണ് കേരളീയര്‍. സംസ്ഥാനത്തെ നയങ്ങളും വൈദ്യുതവാഹന (ഇവി) വിപണിക്ക് അനുകൂലമാണ്. ദേശീയ ശരാശരിയെക്കാള്‍ മേലെയാണ് കേരളത്തിലെ ഇവി സാന്ദ്രത. അതുപോലെ എംജിയുടെ കേരളത്തിലെ വിപണിവിഹിതം ദേശീയ ശരാശരിയെക്കാള്‍ മേലെയാണ്. അതിന് ഞങ്ങളുടെ ഡീലര്‍മാരുടെ പങ്കും വളരെ വലുതാണ്.
എംജി സെലക്ടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍?
13 നഗരങ്ങളിലായി 14 ഔട്ട്ലെറ്റുകളാകുകയാണ് എംജി സെലക്ടിന്. വിപണിയില്‍നിന്നുള്ള പ്രതികരണം വിലയിരുത്തിയാവും വിപുലീകരണ പദ്ധതികള്‍.
Content Highlights: MG Motor India expands into the luxury car market with MG Select and dealership network
Published: 22 Aug 2025, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented