
പെട്രോളിയം ഉത്പന്നങ്ങള്‍, പാചകവാതകം, രാസപദാര്‍ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പരിശീലനത്തിന് ബയോമെട്രിക് ഹാജര്‍ നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരുന്നത് ക്രമക്കേടിന് വഴിയിട്ട സാഹചര്യത്തിലാണ് നടപടി. പരിശീലനത്തിന് ഹാജരാകാത്തവര്‍ക്കും ചില സ്ഥാപനങ്ങള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയിരുന്നു.
ഇനിമുതല്‍ ഡ്രൈവര്‍ക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കും. അഭിമുഖവും കര്‍ശനമാക്കും. അപകടകരമായ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകാനുമതി (ഹസാഡസ് ലൈസന്‍സ്) നല്‍കാന്‍ മൂന്നുദിവസത്തെ പരിശീലനം നിര്‍ബന്ധമാണ്.
സംസ്ഥാന സര്‍ക്കാരിനു കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.), ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്ക്) എന്നിവയ്ക്കുപുറമേ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കോഴ്സ് നടത്തുന്നുണ്ട്.
പെട്രോളിയം, പാചകവാതകം ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഇന്ധനച്ചോര്‍ച്ച, വാഹനാപകടം ഉണ്ടായാല്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ എന്നിവയിലാണ് പരിശീലനം.ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കൊച്ചി ഇരുമ്പനത്തെ രണ്ട് സ്ഥാപനങ്ങള്‍ പരിശീലനം നല്‍കാതെ സാക്ഷ്യപത്രം നല്‍കുന്നതായി കണ്ടെത്തിയത്. ഇതിലൊന്ന് മുന്‍മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റേതായിരുന്നു.
മോട്ടോര്‍ വാഹനവകുപ്പിന്റെ പരാതിയില്‍ രണ്ടു സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരുടെപേരില്‍ ജാമ്യമില്ലാവകുപ്പുകള്‍പ്രകാരം കേസെടുത്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ നല്‍കുന്ന സാക്ഷ്യപത്രം പരിഗണിച്ചാണ് മോട്ടോര്‍വാഹനവകുപ്പ് ഹസാഡസ് ലൈസന്‍സ് നല്‍കിയിരുന്നത്.
Content Highlights: Makes biometric attendance mandatory for hazardous driving training
Published: 09 Jul 2024, 09:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented