ഓച്ചിറ (കൊല്ലം): ക്ലാപ്പന എസ്‌വിഎച്ച്എസ്എസിലെ വിദ്യാർഥികൾക്ക് കെഎസ്ആർടിസിയുടെ 50 ട്രാവൽ കാർഡ് സ്പോൺസർ ചെയ്ത്‌ സി.ആർ. മഹേഷ് എംഎൽഎ. സ്കൂൾ സമയത്ത് ഒരു കെഎസ്ആർടിസി ബസ്‌ മാത്രമാണ് അതുവഴി സർവീസ് നടത്തുന്നത്.

To advertise here,

ഒരു റൂട്ടിൽ ഒറ്റ ബസ്‌ മാത്രമേ സർവീസ് നടത്തുന്നുള്ളൂവെങ്കിൽ ആ ബസിൽ കൺസെഷൻ അനുവദിക്കേണ്ടെന്നാണ് കെഎസ്ആർടിസിയുടെ നയം. ഇത്‌ യാത്രാ ചെലവ് താങ്ങാൻപറ്റാത്ത സാഹചര്യമുണ്ടാക്കി. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഇക്കാര്യം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പരിഹാരമുണ്ടായത്.

യാത്രക്കാർക്ക് കെഎസ്ആർടിസി ട്രാവൽ കാർഡ് അനുവദിക്കാറുണ്ടെങ്കിലും ഒരുസ്കൂളിലെ വിദ്യാർഥികൾക്കു മാത്രമായി കാർഡ് അനുവദിക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമാണ്. കാർഡിന്റെ വില നൂറു രൂപയാണ്. യാത്ര ചെയ്യാൻ മുൻകൂട്ടി പണം ചാർജ് ചെയ്യണം. ഇപ്പോൾ ഓരോ കാർഡിനും 400 രൂപയ്ക്കുവീതം ചാർജ് ചെയ്തിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

ചലോ ആപ്പ് വഴി ട്രാവൽ കാർഡും രക്ഷിതാക്കളുടെ മൊബൈൽ നമ്പരും ബന്ധിപ്പിച്ചാൽ കുട്ടികൾ ഏതെല്ലാം സമയത്ത് എവിടെനിന്ന് എവിടേക്ക് ഏത് ബസിൽ യാത്രപോകുന്നു എന്ന്‌ രക്ഷാകർത്താക്കൾക്കറിയാൻ കഴിയും. ട്രാവൽ കാർഡ് വിവരണത്തിന്റെ ഉദ്ഘാടനം സ്കൂളിൽ സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ, സ്കൂൾ പ്രിൻസിപ്പൽ എസ്. ഷീജ, പിടിഎ പ്രസിഡന്റ് എബിമോൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു, കെ. മോനിഷ്‌കുമാർ, ആർ. രതീഷ്, എടിഒ അബ്ദുൽ നിസാർ, സി.ജി. വിനീത്, ബിജുകുമാർ എന്നിവർ പങ്കെടുത്തു.