ഇന്ദിരാ ഗാരന്റി കേരളത്തിന്റെ പൊതുഗതാഗതമേഖലയിലെ വിപ്ലവകരമായ മാറ്റമാണ്. ബാധ്യതയല്ല, കൂടുതൽ സാധ്യതയാണ് സർക്കാർ ഇതിലൂടെ തേടുന്നത്. പൊതുഗതാഗതത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതിനൊപ്പം സാമ്പത്തിക ആനുകൂല്യവും നൽകുന്നു. സ്വന്തം വാഹനങ്ങളിലേക്ക് തിരിഞ്ഞവർ പൊതുഗതാഗതത്തിലേക്ക് തിരിച്ചെത്തും.

To advertise here,

സൗജന്യയാത്രയിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തികനേട്ടം നേരിട്ട് വീടുകളിലേക്കെത്തും. സ്വകാര്യവാഹനങ്ങൾ നിരത്തിലെത്തുന്നത് കുറയുന്നതോടെ ഗതാഗതക്കുരുക്ക് അഴിയും. വിജയകരമായ ഒട്ടേറെ മാതൃകകൾ മുന്നിലുണ്ട്. ഇങ്ങനെ സൗജന്യം നൽകുന്ന സർക്കാരിനെ സഹായിക്കാൻ ഒട്ടേറെപ്പേർ സന്നദ്ധതയറിയിച്ചിട്ടുണ്ട്. പരസ്യം പതിക്കാൻ അനുവദിച്ചാൽ സൗജന്യമായി ബസ് വാങ്ങിത്തരാൻ ഒട്ടേറെ സ്ഥാപനങ്ങൾ തയ്യാറാണ്.

ഇ-ബസുകളോട് സർക്കാരിന് വിരോധമില്ല. അവ നഗരപാതകൾക്ക് ചേർന്നതാണ്. അതേസമയം ദീർഘദൂര പാതകൾക്ക് ഡീസൽ ബസുകളാണ് അനുയോജ്യം. കേന്ദ്രപദ്ധതിയിൽ ഇ-ബസുകൾ വാങ്ങുന്നത് പരിഗണനയിലാണ്. പുതിയ ബസുകൾ വാങ്ങുന്നതിന് മറ്റുപല വഴികളുമുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. പ്രാഥമികനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാരന്റിയിൽ ആശങ്കവേണ്ട. സൗജന്യയാത്ര വഴിയുണ്ടാകുന്ന ബാധ്യത കെ.എസ്.ആർ.ടി.സി.യെ ബാധിക്കില്ല. അധികസാമ്പത്തികബാധ്യത സർക്കാർ വഹിക്കും. ശമ്പളവും പെൻഷനും മുടങ്ങില്ല. ഒരുവർഷത്തിനുള്ളിൽ ശുഭകരമായ മാറ്റമുണ്ടാകും.

രക്ഷപ്പെടാനുള്ള വഴിയുണ്ട്

കൃത്യമായ സാമ്പത്തിക മാനേജ്മെന്റിലൂടെ കെ.എസ്.ആർ.ടി.സി.യെ ഉയർത്തിയെടുക്കാനാകും. 2600 കോടി രൂപയുടെ മുൻകാലവായ്പയുണ്ട്. 10.4 ശതമാനമാണ് പലിശ. പലിശനിരക്കിൽ ഒന്നരശതമാനം കുറയ്ക്കാൻ കഴിഞ്ഞാൽ വലിയ മാറ്റമുണ്ടാക്കാനാകും. കോഴിക്കോട് ഉൾപ്പെടെയുള്ള വാണിജ്യസമുച്ചയങ്ങളിൽ വാടകയ്ക്ക് നൽകാതെ ഇനിയും സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി.യുടെ വസ്തുവകകളിൽനിന്ന് ഇനിയും വരുമാനമുണ്ടാക്കാനാകും. വിറ്റഴിക്കുകയല്ല, അവയിൽനിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാമെന്നാണ് പരിശോധിക്കേണ്ടത്. സാധ്യതകളിൽ പകുതിപോലും വിനിയോഗിച്ചിട്ടില്ല. ടിക്കറ്റ് ഇതര വരുമാനം ഇനിയും വർധിപ്പിക്കാനാകും. അതിലൂടെ സാമ്പത്തികപ്രതിസന്ധി മറികടക്കാനാകും.

തൊഴിൽചൂഷണം ഉണ്ടാകില്ല

മാന്യനായ തൊഴിൽദാതാവായി പൊതുമേഖല മാറണം. സ്വിഫ്റ്റിലേത് ചീത്ത മാതൃകയാണ്. പൊതുമേഖല ലാഭത്തിലാക്കാൻ അതിന്റെ എല്ലാ സ്വഭാവവും കളഞ്ഞുകുളിച്ചിട്ട് എന്തുകാര്യം. കെ.എസ്.ആർ.ടി.സി.യിലെ നിയമനനിരോധനം മാറും. മാന്യമായ ശമ്പളവും പെൻഷനും വേതനവ്യവസ്ഥകളും വേണം. സ്ഥിരം ജോലിയും മാന്യമായ ശമ്പളവും പെൻഷനും പൊതുമേഖലയിൽ നൽകണം.

കെ.ടി.ഡി.എഫ്.സി. പുനരുജ്ജീവിപ്പിക്കും

മികച്ച ധനകാര്യസ്ഥാപനമായി മാറാനുള്ള എല്ലാ സാധ്യകളും കെ.ടി.ഡി.എഫ്.സി.ക്കുണ്ട്. സ്വർണവായ്പ നൽകുന്ന എത്രസ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. കെ.ടി.ഡി.എഫ്.സി.ക്ക് എന്തുകൊണ്ട് ആ വഴിക്ക് ചിന്തിച്ചുകൂടാ. വൈവിധ്യവത്കരണം ഏർപ്പെടുത്തേണ്ട കാലം കഴിഞ്ഞു. നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കണം. 1000 കോടി രൂപയുടെ ബിസിനസുള്ള ധനകാര്യസ്ഥാപനമായി മാറ്റാനാകും. പുതിയ പ്രോജക്ടുകൾ ഉടൻ പ്രഖ്യാപിക്കും.