കൊടുമൺ: ഐക്കാട് സി.ജി. മോഹനന്റെ 'എന്റെ ചോന്ന വണ്ടിയുടെ പാട്ട്' കെ.എസ്.ആർ.ടി.സി.യുടെ YouTube-ൽ സ്ഥാനംപിടിച്ചു. കൊടുമൺ ചന്ദ്രകാന്തത്തിൽ റിട്ട. കെ.എസ്.ഇ.ബി. സബ് എൻജിനിയറും കവിയുമായ സി.ജി. മോഹനന്റെ കവിതാസമാഹാരമായ ജീവിതക്കാഴ്ചകളിലാണ് കെ.എസ്.ആർ.ടി.സി.യുടെ സേവനങ്ങളെ പ്രകീർത്തിക്കുന്ന കവിത പ്രസിദ്ധീകരിച്ചത്.

To advertise here,

ഇക്കഴിഞ്ഞ മാർച്ചിൽ അടൂരിൽ നടന്ന കെ.എസ്.ആർ.ടി.സി. കുടുംബസംഗമത്തിൽ സി.ജി. മോഹനൻ അതിഥിയായി പങ്കെടുക്കുകയും തന്റെ കവിത പാടി അവതരിപ്പിക്കുകയുംചെയ്തു. ഇതുകണ്ട് ഇഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി. അധികൃതർ തിരുവനന്തപുരത്ത് ആസ്ഥാനത്ത് വിവരമറിയിച്ചു. കെ.എസ്.ആർ.ടി.സി. സോഷ്യൽ മീഡിയ അദ്ദേഹവുമായി ബന്ധപ്പെടുകയും, തിരുവനന്തപുരത്ത് സ്റ്റുഡിയോയിൽ അദ്ദേഹത്തെക്കൊണ്ട് കവിത അവതരിപ്പിച്ച് റെക്കോഡ് ചെയ്യുകയും ചെയ്തു.

തുടർന്ന്, പാട്ടിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. ബസുകൾ വിഭിന്നമായ ഭൂപ്രദേശങ്ങളിൽക്കൂടി ഓടുന്ന ദൃശ്യങ്ങൾ ഔദ്യോഗിക യുറ്റിയൂബ് ചാനലിൽ കഴിഞ്ഞദിവസം അപ്‌ലോഡ് ചെയ്യുകയുംചെയ്തു. എന്തെല്ലാം കുറ്റങ്ങളും കുറവുകളും പറയുകയാണെങ്കിലും, മലയാളിയുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇഴുകിച്ചേർന്ന ഒന്നാണ് കെ.എസ്.ആർ.ടി.സി. ബസുകൾ എന്ന് സി.ജി. മോഹനൻ പറഞ്ഞു. ഇതാണ് തന്നെ കവിതയെഴുതാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.