കൊച്ചി: കൊച്ചിയിൽ നമ്പർപ്ലേറ്റ് പോലുമില്ലാത്ത കരാർ ബസുകളുടെ സർവീസ്. താത്‌കാലിക രജിസ്‌ട്രേഷൻ നമ്പർപോലും നമ്പർപ്ലേറ്റിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന നിർദേശം നിലനിൽക്കെയാണ്‌ ഇത്.

To advertise here,

കൊച്ചി റിഫൈനറിയിൽ ജീവനക്കാരെ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്യുന്ന കരാറുകാരന്റെ ഏഴ് ബസുകളാണ് നിയമം മറികടന്ന് സർവീസ് നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആർടിഒ അധികൃതരെ വിവരമറിയിച്ചു. ആർടിഒ എൻഫോഴ്‌സ്‌മെന്റ് സംഘം റിഫൈനറി ഗേറ്റിലെത്തി ഈ ബസുകളുടെ സർവീസ് നിർത്തിവെപ്പിച്ചു.

അതിസുരക്ഷാ മേഖലയായ റിഫൈനറിയുടെ ഉള്ളിൽ ഈ വാഹനങ്ങൾ പ്രവേശിച്ച് ജീവനക്കാരെ കൊണ്ടുവരുകയും കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി.

ബസുകൾക്ക് പെർമിറ്റ് ഉൾപ്പെടെ ഉണ്ടോയെന്നതിൽ സംശയമുണ്ടെന്നും വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വാഹനങ്ങളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി. രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.

റിഫൈനറി ജീവനക്കാരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി അടുത്തയിടെ കരാറെടുത്ത കമ്പനിയുടെ ബസുകളുടെ സർവീസാണ് തടഞ്ഞത്. നമ്പർപ്ലേറ്റില്ലാതെ വാഹനം റോഡിലിറക്കുന്നത് മോട്ടോർവാഹന നിയമപ്രകാരം കുറ്റകരമാണ്.