പലരുടെയും നൊസ്റ്റാൾജിയയുടെ ഭാ​ഗമാണ് കൈനറ്റിക്ക് സ്കൂട്ടർ. ഇപ്പോഴത്തെ തലമുറയ്ക്ക് ചിലപ്പോൾ പരിചിതമല്ലെങ്കിലും 90-കളിൽ തരം​ഗമായിരുന്നു കൈനറ്റിക്ക്. ഇന്ത്യക്കാർക്ക് സ്കൂട്ടർ എന്നാൽ ​ഹോണ്ടയുടെ ആക്ടീവ ആകുന്നതിന് മുൻപ് തന്നെ കൈനറ്റിക്ക് തീർത്ത ഓളം ചെറുതായിരുന്നില്ല. എന്നാൽ, 2004 ആയപ്പോഴേക്കും ഈ ​ഗിയർലെസ് സ്കൂട്ടർ നിരത്തൊഴിഞ്ഞു. 

To advertise here,

പിന്നീട് ആക്ടീവയും മറ്റു മോഡലുകളും സ്കൂട്ടർ സെ​ഗ്മെന്റ് ഭരിക്കുന്നതാണ് നാം കണ്ടത്. വർഷങ്ങൾക്കുശേഷം ഇപ്പോഴിതാ പഴയ ഐക്കണിക് താരം കൈനറ്റിക്ക് DX തിരിച്ചെത്തിയിരിക്കുകയാണ്, അതും ഇലക്ട്രിക് കരുത്തുമായി. കൈനറ്റിക് DX, DX+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സ്കൂട്ടർ എത്തിയിരിക്കുന്നത്. 

ബാറ്ററിയും പവർട്രെയിനും

2.6 kWh ബാറ്ററി പാക്കാണ് സ്കൂട്ടറിന് കരുത്തേകുന്നത്. ഇന്ത്യയിലെ മറ്റ് എൻഎംസി (നിക്കൽ, മാം​ഗനീസ്, കൊബാൾട്ട്)ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്കൂട്ടറുകളേക്കാൾ നാല് മടങ്ങ് കൂടുതൽ ലൈഫ് നൽകുമെന്ന് അവകാശപ്പെടുന്നു. DX+ മോഡലിൽ ഈ ബാറ്ററി ഏകദേശം 116 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കണക്കാക്കുന്നു. റേഞ്ച്, പവർ, ടർബോ എന്നീ മൂന്ന് റൈഡ് മോഡുകളാണുള്ളത്.

ഡിസൈനും ഫീച്ചറുകളും

ഇന്ത്യൻ വിപണിയിൽ പണ്ട് ഉണ്ടായിരുന്ന കൈനറ്റിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുത്തൻ ഇലക്ട്രിക് മോഡലിന്റെ ചില ഡിസൈൻ ഘടകങ്ങളുള്ളത്. പുതിയ ഡിസൈനും ഫീച്ചറുകളും ഉണ്ടെങ്കിലും എവിടെയൊക്കെയോ പഴയ കൈനറ്റിക് സ്കൂട്ടർ മിന്നിമറയുന്നുണ്ട്.

സ്പോർട്ടി എൽഇഡി ഹെഡ്‌ലൈറ്റുകൾ, കൈനറ്റിക് ലോഗോയുടെ ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവ പുതുമയുള്ള രൂപം നൽകുന്നു. കരുത്തുറ്റ മെറ്റൽ ബോഡിയും വലിയ ഫ്ലോർബോർഡുമുണ്ട്. സെ​ഗ്മെന്റിലെ ഏറ്റവും വലിയ 37 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജും ഇവിയുടെ പ്രത്യേകതയാണ്. 

അഡ്ജസ്റ്റ് ചെയ്യാവുന്ന ടെലിസ്‌കോപ്പിക് റിയർ ഷോക്ക് അബ്സോർബറുകളാണുള്ളത്. കൂടാതെ കോംബി-ബ്രേക്കിങ്ങോടുകൂടിയ 220എംഎം ഫ്രണ്ട് ഡിസ്‌കും 130എംഎം റിയർ ഡ്രം ബ്രേക്കുമാണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. റെഡ്, ബ്ലൂ, വൈറ്റ്, സിൽവർ, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിൽ DX+ സ്വന്തമാക്കാം. അതേസമയം സിൽവർ, ബ്ലാക്ക് നിറങ്ങളിലേ DX ലഭിക്കൂ.

ഫീച്ചറുകൾ

DX-ന് 8.8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരു പ്രത്യേക മൊബൈൽ ആപ്പും ലഭിക്കുന്നു. അതേസമയം DX+ൽ റിയൽ ടൈം റൈഡ് സ്റ്റാറ്റസ്, ജിയോ-ഫെൻസിങ്, ഇൻട്രൂഡർ അലേർട്ട്, ഫൈൻഡ് മൈ കൈനറ്റിക്, ട്രാക്ക് മൈ കൈനറ്റിക് തുടങ്ങിയ നൂതന ടെലികൈനറ്റിക് ഫീച്ചറുകൾ അധികമായി കമ്പനി നൽകുന്നു. രണ്ട് വേരിയന്റുകളിലും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ക്രൂയിസ് കൺട്രോൾ ഫീച്ചറും ഉണ്ട്. DX-ന് 1.11 ലക്ഷവും (എക്സ്-ഷോറൂം) കൈനറ്റിക് DX+ന് 1.17 ലക്ഷം  രൂപയുമാണ് (എക്സ്-ഷോറൂം) വില.