തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടച്ചശേഷവും കേസ് കോടതിക്ക് കൈമാറിയതും വീണ്ടും പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതും സോഫ്റ്റ്വേറിന്റെ പിഴവാണെന്ന് കണ്ടെത്തി. പിഴത്തുക സ്വീകരിക്കുന്ന 'ഇ-ചെല്ലാന്‍', കോടതിയുടെ 'വെര്‍ച്വല്‍കോര്‍ട്ട്', മോട്ടോര്‍ വാഹനവകുപ്പിന്റെ 'വാഹന്‍' എന്നീ സോഫ്റ്റ്വേറുകള്‍ തമ്മില്‍ ഏകോപനത്തിലുണ്ടായ പാളിച്ചയാണ് പിഴത്തുക ഇരട്ടിപ്പിച്ചത്.

To advertise here,

'വാഹന്‍' സോഫ്റ്റ്വേറിന്റെ മറവിലുള്ള സൈബര്‍ തട്ടിപ്പ് പുറത്തുവന്നതോടെ അടച്ച തുക അപ്രത്യക്ഷമായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. അടച്ച തുക നഷ്ടമാകില്ലെന്നും തുടര്‍നടപടികള്‍ ഒഴിവാക്കിക്കൊടുക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചക്കിലം പറഞ്ഞു. 

പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, എഐ ക്യാമറകള്‍ എന്നിവ ചുമത്തുന്ന പിഴകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈനില്‍ അടച്ചില്ലെങ്കില്‍ കോടതിക്ക് കൈമാറാറുണ്ട്. പിഴ അടച്ച വിവരം 'വെര്‍ച്ച്വല്‍ കോര്‍ട്ട്' സോഫ്റ്റ്വേറിന് ലഭിക്കാത്തതാണ് വീണ്ടും ഫൈന്‍ ആവശ്യപ്പെടാന്‍ കാരണം. കേസ് തീര്‍പ്പാക്കാത്തതിനാല്‍ വാഹനങ്ങള്‍ക്കുള്ള സേവനം 'വാഹന്‍' നിഷേധിക്കുകയും ചെയ്തു. 

സാങ്കേതികപ്പിഴവാണെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ പിഴ അടച്ച രസീത് ഹാജരാക്കുന്നവര്‍ക്ക് സേവന വിലക്ക് പിന്‍വലിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. പിഴ അടച്ചിട്ടും വിലക്ക് മാറാത്തത് വാഹന ഉടമകളെ കുഴക്കിയിരുന്നു. 

ഫിറ്റ്നസ്, പെര്‍മിറ്റ് എന്നിവ പുതുക്കുന്നതിനുമുന്‍പാണ് ഭൂരിഭാഗം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും പിഴ കുടിശ്ശിക തീര്‍ക്കാറ്. പിഴ അടച്ചിട്ടും സേവനവിലക്ക് മാറിക്കിട്ടാത്തതിനാല്‍ ഒട്ടേറെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് മുടങ്ങിയിരുന്നു. 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സാങ്കേതികപ്പിഴവ് കണ്ടെത്തിയത്.