തിരുവനന്തപുരം: മുന്നില്‍ വരുന്ന ഫയലുകള്‍ അഞ്ചുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിര്‍ദേശത്തിന് വിലകല്പിക്കാതെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും കടുപ്പിച്ചിട്ടും മെല്ലെപ്പോക്കില്‍ മാറ്റമില്ല.

To advertise here,

അപേക്ഷര്‍ നേരിട്ട് എത്തേണ്ടാത്ത ഫേസ്ലെസ് അപേക്ഷകളില്‍ തീരുമാനമെടുക്കാതെ കൂട്ടിവെക്കുന്നത് കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരും ഇടപെടുന്നില്ല. ആര്‍ടിഒമുതല്‍ ജോ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പലതട്ടിലായി ഫയല്‍നീക്കത്തിന്റെ നിരീക്ഷണച്ചുമതല നല്‍കിയതും ഫലംകണ്ടില്ല. 

തിരക്കുള്ള ഓഫീസുകളിലെ ജോലിഭാരം കുറയ്ക്കുന്നതിനുവേണ്ടി മറ്റ് സ്ഥലങ്ങളിലേക്ക് ഫയല്‍ കൈമാറാനുള്ള നീക്കവും അപേക്ഷകര്‍ക്ക് ഗുണകരമല്ല. കൊല്ലം ഓഫീസില്‍നിന്ന് ജൂണ്‍ ഒന്‍പതിന് തളിപ്പറമ്പിലേക്ക് കൈമാറിയ അപേക്ഷ 30 ദിവസത്തിനുശേഷമാണ് പരിഗണിച്ചത്. 

ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫയല്‍ കഴിഞ്ഞദിവസം തളിപ്പറമ്പിലെ ഉദ്യോഗസ്ഥര്‍ എടുത്തതല്ലാതെ തീരുമാനമായിട്ടില്ല. ഇത്തരത്തില്‍ നിരവധി അപേക്ഷകള്‍ വിവിധ ഓഫീസുകളിലായി കെട്ടിക്കിടപ്പുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാന്‍ കൊണ്ടുവന്ന ആധാര്‍ അധിഷ്ഠിത ഫേസ്ലെസ് സംവിധാനം അട്ടിമറിക്കാന്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.

ഇടനിലക്കാര്‍ക്ക് പ്രത്യേക പരിഗണന

ഇടനിലക്കാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വാഹന ഉടമയുടെ അനുമതിപത്രം ഉള്‍പ്പെട്ട അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാകും. ഏജന്റിന്റെ സാന്നിധ്യം ഇതുവഴിയാണ് തിരിച്ചറിയുന്നത്. ഒരോ വിഭാഗത്തിലെ അപേക്ഷയ്ക്കും നിശ്ചിത തുക കൈക്കൂലി നിശ്ചയിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരുണ്ടെങ്കിലും അവര്‍ക്ക് മേലുദ്യോഗസ്ഥരില്‍നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.