ഈരാറ്റുപേട്ട: വാഗമണ്‍ വഴിക്കടവിലെ ചാര്‍ജിങ് സ്റ്റേഷനിലെ കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിങ് ആണെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. എംവിഐ ബി. ആശാകുമാര്‍, എഎംവിഐ ജോര്‍ജ് വര്‍ഗീസ് എന്നിവടങ്ങുന്ന സംഘമാണ് അപകടസ്ഥലം പരിശോധിച്ചശേഷം ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

To advertise here,

ചാര്‍ജിങ് സ്റ്റേഷനിലേക്ക് കയറുന്ന ചെറിയ ഒരു കയറ്റമുണ്ട്. അപകടത്തിനിടയാക്കിയ ജയകൃഷ്ണന്റെ കാറിന്റെ ആക്സിലറേറ്റര്‍ കൊടുത്തത് കൂടി പോയതാകാം. അമ്മയെയും കുഞ്ഞിനെയും ഇടിച്ചശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയതും ആക്സിലറേറ്ററില്‍ തന്നെ ആകാനാണ് സാധ്യത. ചാര്‍ജിങ് സ്റ്റേഷനിലേക്ക് കയറുന്നിടത്ത് പാകിയ മിനുസമുള്ള തറയോടില്‍ കാറിന്റെ ടയര്‍ സ്ലിപ് ആയപ്പോള്‍ ആക്സിലറേറ്റര്‍ പിന്നെയും കൊടുത്തിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടമുണ്ടായശേഷം ഡ്രൈവര്‍ക്കുണ്ടായ വെപ്രാളവും പരിക്കിന്റെ ആഴം വര്‍ധിക്കാന്‍ കാരണമായി. ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള വാഹനമായതിനാല്‍ റിവേഴ്സ് ഗിയറിനുള്ള നോമ്പ് ഇട്ടാല്‍ പോലും രണ്ട് മൂന്ന് സെക്കന്‍ഡിന് ശേഷം മാത്രമേ വാഹനം പുറകോട്ട് മാറൂ. ഈ സമയം അമ്മയും കുഞ്ഞും വാഹനവും ഭിത്തിയുമായി ഞെരുങ്ങിയിരിക്കുകയായിരുന്നു. ഇത് പരിക്കിന്റെ ആഴം വര്‍ധിപ്പിച്ചു.

മുന്‍കരുതല്‍

വാഹനം പാര്‍ക്ക് ചെയ്യുന്നത് സ്ഥലം നിരപ്പായ സ്ഥലത്ത് ആയിരിക്കണം. ചാര്‍ജ് ചെയ്യുന്ന സമയത്ത് വാഹനം നനയാതിരിക്കാന്‍ ഉള്ള സൗകര്യം വേണം. ചാര്‍ജിങ് സ്റ്റേഷനില്‍ വാഹനത്തിന്റെ ടയറിന് ഗ്രിപ്പ് കിട്ടുന്ന വിധത്തിലുള്ള പ്രതലമായിരിക്കണം. വാഹനം ചാര്‍ജ് ചെയ്യുന്ന സമയത്ത് വാഹനത്തിലുള്ളവര്‍ക്ക് സുരക്ഷിതമായി ഇരിക്കാനുള്ള സ്ഥലം ഒരുക്കണം.

മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍

  • ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതാണ്. പരിചയക്കുറവുമൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്.
  • ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് വാഹനങ്ങള്‍ കയറ്റുമ്പോള്‍ വാഹനത്തെക്കുറിച്ച് പരിചയമുള്ളവര്‍ ഓടിക്കാന്‍ ശ്രമിക്കുക. ആക്‌സിലറേറ്റര്‍ പതുക്കെവേണം നല്‍കാന്‍.
  • ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് വാഹനങ്ങള്‍ കയറ്റുമ്പോള്‍ മുന്‍പിലും പിന്നിലും ആളില്ലെന്ന് ഉറപ്പുവരുത്തുക.
  • ചാര്‍ജിങ് സ്റ്റേഷനുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാനായി മഞ്ഞ വരകള്‍കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ടാകും. അതിനുള്ളില്‍ വാഹനം പാര്‍ക്കുചെയ്യാന്‍ ശ്രമിക്കുക.