തിരുവനന്തപുരം: കേരളത്തിൽ ഇ-വാഹനങ്ങളുടെ എണ്ണം 2030-ൽ 10.3 ലക്ഷംവരെ ഉയരാമെന്ന് കെഎസ്ഇബിയുടെ പഠനം. അങ്ങനെയെങ്കിൽ അന്ന് ഇ-വാഹനങ്ങൾ ചാർജുചെയ്യാൻ വർഷം 110.9 കോടി യൂണിറ്റ് വൈദ്യുതി വേണ്ടിവരും. ഇന്നത്തെനിലയ്ക്ക് ഏകദേശം 12 ദിവസം കേരളമാകെ ഉപയോഗിക്കുന്ന വൈദ്യുതിക്കു തുല്യം.

To advertise here,

കെഎസ്ഇബിയുടെ ഇവി ആക്സിലറേറ്റർ സെല്ലും വേൾഡ് റിസോ ഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ കേരളത്തിലെ ഇ-വാഹന വ്യാപനത്തിന്റെ മൂന്ന് സാഹചര്യങ്ങളാണ് വിലയിരുത്തുന്നത്. ഇ-വാഹനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് ഉത്പാദനവും കൂടുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം.

2015-നുശേഷം കേരളത്തിൽ രജിസ്റ്റർചെയ്ത ഇരുചക്രവാഹനങ്ങളിൽ 13 ശതമാനവും കാറുകളിൽ ആറുശതമാനവും ഓട്ടോറിക്ഷകളിൽ 15 ശതമാനവും ഇ-വാഹനങ്ങളാണ്. എന്നാൽ, ഇ-ബസുകൾ 190 എണ്ണം മാത്രമേയുള്ളൂ. ഇ-ഓട്ടോറിക്ഷകൾ 11,297.

ഇപ്പോഴത്തെ നില തുടർന്നാൽ

മാർച്ച് 31 വരെ കേരളത്തിൽ രജിസ്റ്റർചെയ്ത ഇ-വാഹനങ്ങൾ 2.53 ലക്ഷം. ഇവയിൽ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങൾക്കുള്ള ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. ഇ-റിക്ഷകളും വാണിജ്യാവശ്യത്തിനുള്ള ഇ-വാഹനങ്ങളും കേരളത്തിൽ താരതമ്യേന കുറവാണ്.

വിപണിയുടെ സ്വഭാവം ഇങ്ങനെ തുടരുകയും ഇ-വാഹനപ്പെരുപ്പം ഇന്നത്തെ തോതിലായിരിക്കുകയും ചെയ്താൽ 2030-ൽ ആകെ വാഹനങ്ങളുടെ എണ്ണം 6.2 ലക്ഷമാകാൻ സാധ്യത. ആവശ്യമായിവരുന്നത് വർഷം 43 കോടി യൂണിറ്റ്.

ബസ്-ചരക്കുവാഹനങ്ങൾ വൈദ്യുതിയിലാവുമ്പോൾ

സ്വകാര്യവാഹനങ്ങൾക്കുപുറമേ, ഇ-ഓട്ടോറിക്ഷകളുടെ എണ്ണവും ഗണ്യമായി ഉയരണം. ബസുകൾ, പൊതുഗതാഗത വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവയും മിതമായതോതിൽ വൈദ്യുതിയിലേക്കു മാറണം. അങ്ങനെയെങ്കിൽ 2030-ൽ ഇ-വാഹനങ്ങളുടെ എണ്ണം 7.6 ലക്ഷമായി ഉയരാം. വേണ്ടിവരുന്ന വൈദ്യുതി 66.2 കോടി യൂണിറ്റ്.

മാറ്റം പൂർത്തിയായാൽ

പൊതുഗതാഗതമേഖലയിലും ചരക്കുഗതാഗതത്തിലും ഉൾപ്പെടെ എല്ലാ മേഖലയിലും വലിയതോതിൽ ഇ-വാഹനങ്ങൾ വ്യാപിക്കുന്ന സാഹചര്യം.ഇതിനുപുറമേ, അംബുലൻസുകൾ, ട്രാക്ടറുകൾ എന്നിവയിലും ഇ-വാഹനങ്ങൾ കൂടിയാൽ 2030-ൽ എണ്ണം 10.3 ലക്ഷവും വൈദ്യുതി ആവശ്യകത 110.9 കോടി യൂണിറ്റായും ഉയരാം.