തിരുവനന്തപുരം: വാഹനം ഓടിക്കാന്‍ മാത്രമല്ല മറ്റുള്ളവര്‍ക്ക് തടസ്സമില്ലാതെ നിര്‍ത്തിയിടാനും പഠിച്ചാലേ ഇനി ഡ്രൈവിങ് ലൈസന്‍സ് കിട്ടുകയുള്ളൂ. പാര്‍ക്കിങ് മികവുകൂടി വിലയിരുത്തി ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കടുപ്പിക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍വാഹന വകുപ്പ്. റോഡ് ടെസ്റ്റില്‍ പാര്‍ക്കിങ് മികവുകൂടി പരിശോധിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

To advertise here,

ടെസ്റ്റിനിടെ വളവുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, സീബ്രാലൈന്‍, ഫുട്പാത്ത് തുടങ്ങി പാര്‍ക്കിങ് നിരോധിച്ച സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍ പരാജയപ്പെടും.

നിരത്തിലെ മറ്റുവാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ സിഗ്‌നല്‍നല്‍കി വാഹനം ഒതുക്കിയില്ലെങ്കിലും പരാജയപ്പെടും. നിലവില്‍ 50 ശതമാനം പേരാണ് ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നത്. ഇത് കുറഞ്ഞേക്കും. ഫുട്പാത്ത് കൈയേറിയുള്ള അനധികൃത പാര്‍ക്കിങ് കാല്‍നടയാത്രികരെ അപകടത്തിലാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി മോട്ടോര്‍വാഹനവകുപ്പിനോട് വിശദീകരണം തേടിയിരുന്നു. ഡ്രൈവിങ് സ്‌കൂളുകളിലെ പരിശോധന കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ചില കണക്കുകള്‍

  •  2018-22-ല്‍ സംസ്ഥാനത്ത് അപകടങ്ങളില്‍ മരിച്ചത് 5100 കാല്‍നടയാത്രികര്‍
  •  സംസ്ഥാനത്ത് നടന്നുപോകാന്‍ സുരക്ഷിതമല്ലാത്ത 400 റോഡ് ഇടനാഴികള്‍ ഉള്ളതായി നാറ്റ്പാക്ക് പഠനം
  • സംസ്ഥാനത്തെ വാഹനാപകടമരണങ്ങളില്‍ 26.5 ശതമാനവും കാല്‍നടയാത്രികര്‍
  • ഇരുചക്രവാഹന യാത്രികരെയും കാല്‍നടയാത്രികരെയും പരിഗണിക്കാതെ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു